ഒരു പരാതി പിന്‍‌വലിക്കലിനും അതിനു മുന്‍പും അതിനു ശേഷവും!

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                           സംഭവം പിടികിട്ടിയല്ലോ അല്ലേ!അതേ അതു തന്നെ. പ്രമാദമായ ശ്വേതാകേസ് തന്നെ. ഇനിയും അത് വലിച്ചു നീട്ടി എഴുതി വീണ്ടും ചളമാക്കാന്‍ ഞാനില്ല. രണ്ടാമതായി ഇപ്പൊ കഴിഞ്ഞ സംഭവമായതിനാല്‍ എല്ലാവരുടേയും മനസ്സില്‍ സജീവമായത് ഇപ്പോഴും ഉണ്ട് താനും.അതുകൊണ്ടു തന്നെ ആ സംഭവവുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ ആണ് ഞാന്‍ പറയാന്‍ പോകുന്നത്.
                         കൊല്ലത്തേ വള്ളം കളിയുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറി.ഒഴിവാക്കാമായിരുന്ന അല്ലെങ്കില്‍ ഒഴിവാക്കേണ്ടിയിരുന്ന സംഭവങ്ങള്‍ . അവരത് അപ്പോള്‍ തന്നെ കളക്ടരോട് പരാതിപ്പെടുന്നു.പ്രതി ഒരു ഭരണകക്ഷി എം പി ആയതിനാല്‍ കളക്ടറും അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല.പിന്നെ അവര്‍ പത്രസമ്മേളനം നടത്തി ആ അരോപണം പൊതുവേദിയില്‍ പ്രഖ്യാപിക്കുന്നു.അതോടെ കേരളത്തിലങ്ങോളമിങ്ങോളം അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നു.പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്ന് പോലീസും പോലീസ് ഭരണാധികാരികളും.ഇവര്‍ക്കുവേണ്ടി കൊല്ലത്തെ ഡി വൈ എഫ് ഐ ഭാരവാഹികള്‍ പരാതി നല്‍കുന്നു, വനിതാ പോലീസ് ഈ പരാതി കിട്ടിയ വഴി എറണാകുളത്തുള്ള ശ്വേതയെ കാണാന്‍ വച്ചു പിടിക്കുന്നു. കിട്ടിയ ഇത്രയും വിവരങ്ങള്‍ വച്ച് സ്വാഭാവികമായും പ്രതിപക്ഷം പണി തുടങ്ങിക്കഴിഞ്ഞിരുന്നു. സംഭവം ഇത്രയുമൊക്കെ ആയിക്കഴിഞ്ഞപ്പോഴേക്കും എം പി പത്രസമ്മേളനം വിളിച്ചുകൂട്ടി ഒരു മാപ്പപേക്ഷ വച്ചു, അതിന്റെ ബലത്തില്‍ ശ്വേത പരാതി പിന്‍‌വലിച്ചു.ശ്രദ്ധിക്കുക, ശ്വേത പരാതി പിന്‍‌വലിച്ചിട്ടേ ഉള്ളൂ, ആരോപണം, കുറ്റാരോപണം നിലനില്‍ക്കുന്നു എന്നു തന്നെയാണര്‍ത്ഥം.
                          ഇതിനിടേ ഈ സംഭവം ഏറ്റവും പോപുലര്‍ സൊഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയ ഫേസ്‌ബുക്കില്‍ കമന്റുകളുടെ ബഹളമായി. എന്നാല്‍ ഏറ്റവും ദു:ഖത്തോടെ തന്നെ പറയട്ടെ, ഈ കമന്റുകള്‍ വായിച്ചാല്‍ നമുക്ക് മനസ്സിലാകും എന്തുകൊണ്ടാണ് ഈ കൊച്ചുകേരളത്തില്‍ സ്ത്രീ പീഡനങ്ങളുടെ എണ്ണവും രക്തബന്ധത്തിലുള്ളവരെ പീഡിപ്പിക്കുന്നവരുടെ എണ്ണവും  പ്രായമായവരേയും കൊച്ചുകുട്ടികളേയും പീഡിപ്പിക്കുന്നവരുടെ എണ്ണവും ഇത്രയേറെ വര്‍ദ്ധിച്ചിരിക്കുന്നതെന്ന്. അത്രയേറെ വൃത്തികെട്ട രീതിയിലാണ് ഫേസ്ബുക്കിലൂടെ ഒരു മലയാളി, സ്ത്രീയെ നോക്കി കാണുന്നത്.ആലങ്കാരികമായി അവന്‍ പറയും ഏതൊരു സ്ത്രീയേയും അമ്മയേ പൊലെ വേണം കാണാനെന്ന്.ഒരു തരത്തിലത് സത്യമാണ്, ആ തരത്തിലാണവര്‍ സ്വന്തം അമ്മയോട് പോലും പെരുമാറുന്നത്.
                           സോഷ്യല്‍ സൈറ്റുകളില്‍ വന്ന കമന്റുകളുടെ ഒരു പ്രധാന ലൈന്‍ ഇങ്ങനെയായിരുന്നു:‌ അവര്‍ സിനിമയില്‍ സെക്സിയായി അഭിനയിക്കുന്നു, കാശ് കിട്ടാന്‍ സ്വന്തം പ്രസവം പോലും ഷൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന പിഴച്ചവളാണവള്‍!.അപ്പോള്‍ ഒന്ന് തട്ടിയാലും മുട്ടിയാലും വലിയ പ്രശ്നമൊന്നുമില്ല.                       
                                            എന്തായാലും ഞാനവരുടേ ഒരേ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ, അതിലവര്‍ അത്ര സെക്സിയായി അഭിനയിച്ചു കണ്ടില്ല, അല്ലെങ്കില്‍ സിനിമയുടെ കഥ ആവശ്യപ്പെടുന്നത്ര സെക്സ് മാത്രമേ അവര്‍ കാണിക്കാന്‍ തയ്യാറായുള്ളൂ.( ഒരു പാതിരാകൊലപാതകം എന്ന സിനിമ, പ്രസവം കാണിച്ചെന്നു പറയുന്ന മറ്റേ സിനിമ ഞാന്‍ കണ്ടിട്ടില്ല തന്നെയുമല്ല ശ്വേതയുടെ പ്രസവം കാണാന്‍ ടിക്കറ്റെടുത്ത് കയറിയവരൊക്കെ ഇളിഭ്യരായി എന്ന രീതിയിലുള്ള രണ്ടോ മൂന്നോ ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ വായിക്കുകയും ചെയ്തു.) ഇന്നത്തെ കാലത്ത് ടിക്കറ്റെടുത്ത് പ്രസവം കാണാന്‍ തീയറ്ററില്‍ ആള് ഇടിച്ചുകയറുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. കാരണം  യുട്യ്യൂബില്‍ പോയി ചുമ്മാ ഡെലിവറി എന്ന് അടിച്ചുകൊടുത്താല്‍ മാത്രം മതി ആയിരക്കണക്കിനുള്ള തരാതരം സ്ത്രീകള്‍ പ്രസവിക്കുന്നത് നല്ല നീറ്റായി അവര്‍ കാണിച്ചു തരും.അതുകൊണ്ടാണെന്ന് തോന്നുന്നു ഈ പ്രസവ സിനിമ അത്രയ്ക്കധികം പണം വാരാതെ പോയ് മറഞ്ഞതും.അതുകൊണ്ടുതന്നെ യുറ്റ്യൂബില്‍ പ്രസവം പോസ്റ്റ് ചെയ്ത സ്ത്രീകള്‍ ചെയ്തതിലും വലിയ തെറ്റൊന്നും ഈ സ്ത്രീ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
                      വിദേശരാജ്യങ്ങളില്‍ “പോര്‍ണോ” വിഭാഗത്തില്‍ പെടുന്ന ആയിരക്കണക്കിനു സിനിമകള്‍ തന്നെയുണ്ട്.ആണും പെണ്ണും അടഞ്ഞ മുറികളില്‍ രഹസ്യമായി നമ്മുടെ നാട്ടില്‍ നടത്തുന്ന കൃത്യങ്ങള്‍ പരസ്യമായി കാമറയ്ക്കു മുന്നില്‍ ചെയ്യുകയും അതിനു മിനുട്ടുകള്‍ എണ്ണി പണം വാങ്ങുകയും ചെയ്യുന്ന അഭിനേതാക്കളുമുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ( നമ്മുടെ നാട്ടിലും ആ കലാപരിപാടി പതിയെ പതിയെ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്.) ഈ സ്ത്രീകളിലൊരാളെ പൊതു സ്ഥലത്തുവച്ച് കണ്ടാല്‍ ഉടനെ കാമം നുരഞ്ഞു പൊങ്ങുന്ന പൂവന്‍‌കോഴികളാകുമോ നമ്മുടെ പുരുഷന്മാര്‍ ?.അങ്ങനെയാണെങ്കില്‍ അവര്‍ക്ക് വേണ്ടത് മനോരോഗചികിത്സയ്ക്കുള്ള മരുന്നുകളാണ്. ( സത്യത്തില്‍ ഇന്‍ഡ്യയിലുല്‍പ്പാദിപ്പിക്കുന്ന മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകളുടെ 25% ചിലവാകുന്നത് കേരളത്തില്‍ മാത്രമാണെന്ന് കണക്കുകള്‍ പറയുന്നത് ചുമ്മാതല്ല.)
                            അപ്പോള്‍ അതാണ്, ഒരു സ്ത്രീ അല്‍പ്പം സ്വത്തു സമ്പാദനത്തിനായി അല്‍പ്പം സെക്സിയായി അഭിനയിക്കുന്നു എന്നു വിചാരിക്കുക. അഭിനയവും കഴിഞ്ഞ് മാന്യമായി വസ്ത്രവും ധരിച്ച് അവള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ നമ്മള്‍ ആണുങ്ങളുടെ ധാരണ എന്താണ്? - അവള്‍ പിഴയാണ്, അല്ലെങ്കില്‍ അവളങ്ങനെ അഭിനയിക്കുമോ? അങ്ങനെ അഭിനയിച്ചെങ്കില്‍ അതിലൊരല്‍പ്പം നമുക്ക് കൂടി അവള്‍ നല്‍കണം - ഒന്നും വേണ്ട, ചുമ്മാ ഒന്ന് തട്ടാനും മുട്ടാനും പറ്റിയാല്‍ മതി - ഹാ നമ്മള്‍ സ്വര്‍ഗത്തിലെത്തൂം. എവിടെന്നു കിട്ടി നമുക്കീ ധാരണ? ഒരു സ്ത്രീ അഭിനേത്രിയായി അവള്‍ അല്‍പ്പം തുറന്നഭിനയിക്കുകയും ചെയ്യുന്നു. എന്നാല്‍ അത് അവള്‍ക്ക് മറ്റേത് കൂടിയതുകൊണ്ടല്ല പിന്നയോ അവള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണ് എന്ന് തിരിച്ചറിയാന്‍ നാം സൌകര്യപൂര്‍വം മറക്കുന്നു.ഇനി അവള്‍ എത്ര പെഴയാണെങ്കില്‍ കൂടിയും ചോദിക്കുന്നവര്‍ക്ക് ചോദിക്കുന്ന സ്ഥലത്തുവച്ച് തുറന്നു തരാന്‍ അവള്‍ ബാധ്യസ്ഥയാണോ ? നിങ്ങള്‍ പറ്റുന്നിടത്തോക്കെ മുട്ടാനും തട്ടാനും പോകുമെങ്കിലും തട്ടാനു മുട്ടാനും നിങ്ങളുപയോഗിക്കുന്ന ശരീരം നിങ്ങളുടെ സ്വകാര്യസ്വത്താവുന്നതു പോലെ - അതുകൊണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം ആരെ മുട്ടണം അല്ലെങ്കില്‍ ആരെ തട്ടണം എന്ന് - അവളുടെ ശരീരം - അതെത്രപേര്‍ കയറി ഇറങ്ങിയതാണെങ്കിലും ശരി - അവള്‍ക്ക് തീരുമാനിക്കാം ആര്‍ക്കൊക്കെ തട്ടാനും മുട്ടാനും നിന്നു കൊടുക്കണമെന്ന്. ഇതല്ലെ അതിന്റെ ഒരു ശരി? 
                               ഇതാണു ശരിയെങ്കില്‍ മേല്‍‌പറഞ്ഞ കമന്റിട്ട പുരുഷകേസരികളെ തട്ടാനും മുട്ടാനും നിന്ന ആ വൃദ്ധ എം പി യെക്കാളും മ്ലേഛന്‍ എന്നു തന്നെ വിളിക്കേണ്ടി വരും. കാരണം അവരാണ് പെങ്ങള്‍ തുണി മാറുന്നത് യാദൃശ്ചികമായി കണ്ണില്‍‌പെട്ടാല്‍ അതൊരു ക്ഷണമായി കണക്കാക്കി ചെല്ലുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നവര്‍ . ഇവര്‍ തന്നെയാണ് ആറുമാസം പ്രായമുള്ള പെണ്‍കൊച്ച് മലന്ന് കിടക്കുന്നത് കാണുമ്പോള്‍ അതൊരു ക്ഷണമായിക്കണ്ട് മേലേ കേറുന്നതും.ഇനി അങ്ങനെയൊരു ഉദ്ദേശത്തിലല്ല ചുമ്മാ ഒന്ന് ഷൈനിക്കാനാണാ കമന്റിട്ടതെങ്കില്‍  സുഹൃത്തുക്കളെ,  നിങ്ങള്‍ പ്രേരണാകുറ്റം ചെയ്യുന്നവരാണ്.കാരണം നിങ്ങളേ പോലുള്ളവരുടെ കമന്റുകള്‍ വായിച്ച് അതാണ് ശരിയെന്നു കരുതി മേല്‍‌പറഞ്ഞ കുറ്റം ചെയ്യുന്നവര്‍ ഇന്നാട്ടില്‍ കൂടിവരികയാണ്.
                        ഇത്തരം കമന്റുകാര്‍ക്കെതിരെ ഒരു പാട് മറുപടികള്‍ കണ്ടെങ്കിലും പറ്റിയ ഒരു മറുപടി ഇതായിരുന്നു, “ജോസ്‌പ്രകാശ് എന്ന വില്ലന്‍ നടന്‍ ഒരു കാലത്ത് മലയാളത്തിലെ ഒട്ടുമിക്ക നായികമാരേയും ബലാല്‍‌സംഗം ചെയ്തിട്ടുണ്ട്, അതിനാല്‍ അയാള്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയുമോ കേസ് എടുക്കണമെന്ന് പറയാന്‍ കഴിയുമോ“ എന്നാണ്.
                             അപ്പോള്‍ സുഹൃത്തുക്കളെ, ഒരു വേദി കിട്ടി എന്നുവച്ച് എന്തും പറയാമെന്ന ധാരണമാറ്റി ഒരല്‍പ്പം മിതത്വം നാം കാട്ടുന്നത് നല്ലതല്ലേ?
                             

3 comments :

  1. അവരാണ് പെങ്ങള്‍ തുണി മാറുന്നത് യാദൃശ്ചികമായി കണ്ണില്‍‌പെട്ടാല്‍ അതൊരു ക്ഷണമായി കണക്കാക്കി ചെല്ലുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നവര്‍ . ഇവര്‍ തന്നെയാണ് ആറുമാസം പ്രായമുള്ള പെണ്‍കൊച്ച് മലന്ന് കിടക്കുന്നത് കാണുമ്പോള്‍ അതൊരു ക്ഷണമായിക്കണ്ട് മേലേ കേറുന്നതും

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വ്യാപകമായ മനോരോഗികള്‍

    ReplyDelete