സന്ധ്യയുടെ പ്രകടനം.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സി പി എം സമരവേദിയില്‍ സന്ധ്യയുടെ പ്രതിഷേധം.
                     സി പി എമ്മിന്റെ ക്ലിഫ് ഹൌസ് ഉപരോധം കാരണം സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതിന് സന്ധ്യ എന്ന വീട്ടമ്മയുടെ ദേഷ്യപ്രകടനവും അതിന്റെ അലയൊലികളുമായിരുന്നു കഴിഞ്ഞ ഒന്നു രണ്ടു ദിവസത്തെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. സത്യത്തില്‍ തലസ്ഥാനത്തെ പോലീസിന്റെ ഒരു അഭ്യാസപ്രകടനമായിരുന്നു ഈ ക്ലിഫ്ഹൌസ് ഉപരോധവുമായി ബന്ധപ്പെടുത്തി സമീപറോഡുകളെല്ലാം ബ്ലോക്ക് ചെയ്യുക എന്നത് . അത്രയെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിഞ്ഞാല്‍ എല്‍ ഡി എഫിനെതിരെ അത്രത്തോളം ജനരോഷം തിരിച്ചുവിടാന്‍ കഴിയും എന്ന ചിന്ത അത്ര തന്നെ. സന്ധ്യ എന്ന വീട്ടമ്മ ക്ലീനായി ആ കുഴിയില്‍ വന്നു വീഴുകയും ചെയ്തു, പത്രങ്ങള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും അത് വലിയൊരു ചാകരയാവുകയും ചെയ്തു.പക്ഷെ  എന്തു പറ്റിയെന്നു വച്ചാല്‍ ഈ സംഭവത്തിനെ എല്‍ ഡി എഫ് വിരുദ്ധമായി ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മികച്ച മാര്‍ക്സിസ്റ്റ് വിരുദ്ധരൊഴിച്ച് ബാക്കിയെല്ലാവരും മൊത്തം രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുകയാണുണ്ടായത്. എല്‍ ഡി എഫ് ആയാലും യു ഡി എഫ് ആയാളും എന്ന പൊതു വിമര്‍ശത്തിലേയ്ക്ക് ജനങ്ങള്‍ എത്തിയതോടെ മാധ്യമങ്ങള്‍ക്ക് അവരാശിച്ചത് കിട്ടാതെ വരികയാണുണ്ടായത്.
                        ഇതിനിടെ സി പീമ്മിനെ ആക്ഷേപിച്ച വീട്ടമ്മയ്ക് കുപ്രസിദ്ധനായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി കയ്യോടെ അഞ്ച് ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചതും ജനങ്ങളുടെ ഇടയില്‍ വെറുപ്പുണ്ടാക്കുകയാണ് ചെയ്തത്. അപ്പോള്‍ ശ്രീമതി. സന്ധ്യ പൊട്ടിത്തെറിച്ചതു പോലെ അത്ര മഹത്തരമാണോ ഈ സഞ്ചാരസ്വാതന്ത്ര്യം എന്ന് പറയുന്നത്? മറ്റൊരു മുരത്ത കമ്യൂണിസ്റ്റ് വിരോധി ശ്രീ അഞ്ചരക്കണ്ടി കെ പി സുകുമാരന്‍ അവകാശപ്പെടുന്നതു പോലെ “സഞ്ചാരസ്വാതന്ത്ര്യം എന്നത് ഏതൊരു വ്യക്തിക്കും വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെട്ടതും കൂടിയാണു. ഒരാളുടെ സഞ്ചരിക്കാനുള്ള അവകാശം തടയപ്പെടുക എന്നതാണു ഏറ്റവും കടുത്ത മനുഷ്യാവകാശലംഘനം. ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇത് അടിക്കടി നടക്കുന്നു. സ്വാതന്ത്ര്യം കിട്ടി 65 വർഷം പിന്നിട്ടിട്ടും നമ്മുടെ സ്വദേശികളായ ആളുകളിൽ നിന്ന് തന്നെ നമുക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതേണ്ട അവസ്ഥയാണുള്ളത്. എപ്പോഴാണു തന്റെ വഴി തനിക്ക് മുന്നിൽ തടയപ്പെടുക എന്ന് ആർക്കും നിശ്ചയമില്ല. യാത്രയുടെ പകുതിവഴിയിൽ ആയിരിക്കും പൊടുന്നനെ ഹർത്താൽ പ്രഖ്യാപിക്കപ്പെടുക.“ (ശിധിലചിന്തകള്‍: സന്ധ്യക്കൊരു തുറന്ന കത്ത്, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി)
                അപ്പോള്‍ ഇവരുടെ ഒക്കെ അഭിപ്രായത്തില്‍ സഞ്ചാരസ്വാതന്ത്ര്യമാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യം.അപ്പോള്‍ മാര്‍ക്സിസ്റ്റുകാരല്ലാത്ത ഇവര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഭരണാധികാരികള്‍ ഭാരതത്തിലെ ജയിലുകളില്‍ പിടിച്ചിട്ടിരിക്കുന്ന ആയിരക്കണക്കിനു നിരപരാധികളുണ്ട് വിചാരനത്തടവുകാരായിട്ട്.പത്തു വര്‍ഷവും പതിനഞ്ചുവര്‍ഷവും ഒക്കെ ഇങ്ങനെ അവര്‍ ജയിലുകളില്‍ കഴിച്ചു കൂട്ടുന്നു, തങ്ങള്‍ ചെയ്ത കുറ്റമെന്താ, അറിയില്ല, വിചാരണ എന്നു തുടങ്ങും , ആ അറിയില്ല. പ്രിയ സഹോദരീ സഹോദരന്മാരെ , സഞ്ചാരസ്വാതന്ത്ര്യമടക്കം സര്‍വസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരെ , മേല്പറഞ്ഞ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുമോ? ഇതിനെന്താണൊരു മറുപടി നിങ്ങള്‍ക്കുള്ളത്? അതു പോട്ടെ, അത് ജയിലിലെ വല്യവല്യ കാര്യങ്ങള്‍ എന്നു പറയാം നമുക്ക്.എന്നാലോ , തിരുവനന്തപുരത്തു തന്നെ പൊങ്കാലയിടുന്നതിന്റെ പേരില്‍ നടക്കുന്ന സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുന്നതില്‍ നമ്മുടെ സന്ധ്യാമാഡത്തിനു വലിയ പ്രതിഷേധമൊന്നും ഇല്ലെന്നുവേണം വിചാരിക്കാന്‍ , കാരണം ആ സിംഹഗര്‍ജ്ജനമൊന്നും അത്തരം വേദികളില്‍ ഒരിക്കലും മുഴങ്ങിക്കേള്‍ക്കാറില്ല. അതോ അവിടെ പ്രതിഷെധിക്കാന്‍ ഒരറ്റത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയല്ലാത്തതാണോ കാരണം?ചെറുതും വലുതുമായ എത്രയോ സമരങ്ങള്‍ തിരുവനന്തപുരത്ത് ദിനേന അരങ്ങേറുന്നു, സ്കൂട്ടറില്ലാത്തതിനാലാണോ സന്ധ്യാമാഡം ഇവിടെയെങ്ങും ഇതിനു മുന്‍പ് പ്രത്യക്ഷപ്പെടാതിരുന്നത്?
                     അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് ചിറ്റിലപ്പിള്ളി പറഞ്ഞത്  സി പി എമ്മുകാരോട് തട്ടിക്കയറാന്‍ തനിക്ക് ഭയമാണ്, തനിക്ക് ഭയമുള്ള കാര്യം മറ്റൊരാള്‍ ചെയ്തതിന്റെ അഭിനന്ദനസൂചകമാണീ പാരിതോഷികം എന്നാണ്.ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയും പ്രഖ്യാപിച്ചു അന്‍പതിനായിരം രൂപ.പക്ഷെ എനിക്ക് തോന്നുന്നത് പഴയ പഞ്ചതന്ത്രം കഥയാണ്. കൊച്ച് വഴിയേ പോകുന്നവരെ കല്ലെറിഞ്ഞു കളിക്കുന്നു, ഒരേറ് അതിലേ വന്ന സന്യാസിക്കും കിട്ടി.സന്യാസി അവനെ അടുത്തു വിളിച്ച് ഒരു നാണയം സമ്മാനമായി നല്‍കിയിട്ട് പറഞ്ഞു, മിടുക്കന്‍, ഇനിയും എറിയണം കെട്ടോ എന്ന്. ഇത് കേട്ട വഴിപോക്കന്‍ ചോദിച്ചപ്പോള്‍ സന്യാസി പറഞ്ഞു എനിക്കവനു രണ്ടു പൊട്ടീരു കൊടുത്താല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ അവന്‍ പിന്നെയും എന്നെ എരിഞ്ഞാലോ? അതുകൊണ്ട് അടുത്ത ആരോഗ്യമുള്ളയാള്‍ വരുന്നുണ്ട്, പയ്യന്‍ അയ്യാളെ എറിയും അയാല്‍ പെരുമാറുകയും ചെയ്യും.കൃത്യം അതു തന്നെ സംഭവിച്ചു.അതുപോലെ, പ്[രിയ സോദരീ, സി പി എമ്മിനെ തെറി പറഞ്ഞാല്‍ അവര്‍ മാന്യന്മാരായതിനാല്‍ തിരിച്ചു പറയില്ല, എന്നാല്‍ അഞ്ചുലക്ഷത്തിന്റെ പച്ചയില്‍ അടുത്തയാളെ തെറി പറഞ്ഞാല്‍ അവര്‍ നിങ്ങളെ എടുത്തിട്ടിടിക്കും അതുകൊണ്ട് സൂക്ഷിക്കുക സോദരി.
                      പിന്നെ ഒരു സമൂഹത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കായി വ്യക്തികള്‍ ഒരു പാട് സ്വാതന്ത്ര്യങ്ങളെ ബലികൊടുക്കുന്നുണ്ട് സോദരീ.അല്ലാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല, നമ്മുടെ സഞ്ചാരസ്വാതന്ത്ര്യം, നമ്മുടെ സംസാരസ്വാതന്ത്ര്യം, എന്തിനേറെ ചിറ്റിലപ്പിള്ളിസാറിന്റെ കച്ചവടം നടത്തി കൊള്ളലാഭം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, ടാക്സ് വെട്ടിക്കാനുള്ള സ്വാതന്ത്ര്യം, കൂടുതല്‍ കറന്റുപയോഗിച്ചതിനുശേഷം കാശു കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഒക്കെ പലരീതിയില്‍ പലതരത്തില്‍ തടയപ്പെടുന്നുണ്ട്. അതുകൊണ്ടൊക്കെയാണ് ഈ സമൂഹം മുന്നോട്ട് പോകുന്നത്.ഇപ്പോഴത്തെ ക്ലിഫ് ഹൌസ് ഉപരോധം തന്നെയൊന്നാലോചിച്ചു നോക്കൂ !, സോദരി പറയുന്നു ഉമ്മഞ്ചാണ്ടിയെ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ടതാണ് അഞ്ചുകൊല്ലം ഭരിക്കാനയാള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന്. ജനങ്ങള്‍ ജയിപ്പിച്ചു വിട്ടത് ശരി,ആതിന്റെ അര്‍ത്ഥം അങ്ങേര്‍ക്ക് അങ്ങേര്‍ക്ക് ഇഷ്ടപ്പെട്ടതുപോലെ ഭരിക്കാമെന്നാണോ? അതോ ഇവിടെ നിലനില്‍ക്കുന്ന ഭരണഘടനയനുസരിച്ച് വേണം ഭരിയ്ക്കാനെന്നോ?തന്നിഷ്ടം കാട്ടുന്ന ഭരണാധികാരിയെ തിരിച്ചുവിളിക്കാനുതകുന്ന അവകാശം ഭരണഘടന വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടില്ല.അങ്ങനെ വരുമ്പോഴാണ് ഉപരോധം പോലുള്ള സമരമുറകള്‍ ഇവിടെ നടക്കുന്നത്.ഈ സമരത്തെ പേടിച്ച് മുഖ്യമന്ത്രി വീട്ടില്‍കയറാതെ ഒളിച്ചു നടക്കുന്നതും നാം കാണുന്നു, ഇടതു പക്ഷം മാന്യതയുള്ളവരായതിനാല്‍ ഉമ്മന്റെ ഒളിസങ്കേതങ്ങള്‍ ഉപരോധിക്കാന്‍ തുടങ്ങിയിട്ടില്ല എന്നു മാത്രം.
                         പിന്നെ സോദരിയെ സി പി എം വേദിയിലേയ്ക്ക് തള്ളിവിട്ട ആ മുഖ്യനും അദ്ദേഹത്തിന്റെ താങ്കളടക്കമുള്ള അണികള്‍ക്കും നേരത്തെയൊരു നേതാവുണ്ടായിരുന്നു, പേര് മോഹന്ദാസ് കരം ചന്ദ് ഗാന്ധി .അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലക്ഷോപലക്ഷം പേര്‍ തങ്ങളുടേയും മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യവും മറ്റും തടഞ്ഞതിന്റെ ബാക്കി പത്രമാണ് ഇന്ന് സോദരി താങ്കളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ഉയര്‍ത്തിയ ശബ്ദം.ഇന്ന് സോദരിക്കൊപ്പം ആത്മാര്‍ഥമായി നിലകൊണ്ടിരിക്കുന്ന പലരും അന്ന് എവിടെയായിരുന്നു എന്ന് പ്ിശോധിക്കുന്നത് നാളെ ആ സ്കൂട്ടറില്‍ ഹെല്‍‌മെറ്റ് പോലും വയ്ക്കാതെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന വഴികള്‍ നോക്കി കുതിയ്ക്കുമ്പോള്‍ , ആര്‍ത്തട്ടഹസിക്കുമ്പോള്‍ , ഒരു സംരക്ഷണത്തിനുതകും.
Post a Comment