ദേ വന്നു ദാ പോയി

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                  വാഴ്ത്തിയതും വീഴ്ത്തിയതും കോര്‍പറേറ്റുകള്‍ .
സുജിത് ബേബി
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധസമരത്തിന്റെ ഉപോല്‍പ്പന്നമായ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും വളര്‍ന്നത് രാജ്യത്തെ കോര്‍പറേറ്റുകളുടെ നിര്‍ലോഭ പിന്തുണയിലായിരുന്നു.49 ദിവസത്തെ ആയുസ്സില്‍ ഭരണം അവസാനിപിച്ച് ആം ആദ്മിയെ പടിയിറക്കുന്നതിനും ചരടു വലിച്ചത് കോര്‍പറെറ്റുകള്‍ തന്നെ.
                           ഐ ആര്‍ എസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കെജ്രിവാള്‍ എന്‍ ജി ഒ പ്രവര്‍ത്തനങ്ങളിലായിരുന്നു ആദ്യകാലത്ത് സജീവമായി ഇടപെട്ടത്. ഏറെയൊന്നും അറിയപ്പെടാതിരുന്ന കെജ്രിവാള്‍ 2011ല്‍ അണ്ണ ഹസാരെ ആരംഭിച്ച അഴിമതി വിരുദ്ധസമരത്തിന്റെ മുന്നണിയിലെത്തി. ഈ സമരമാണ് കെജ്രിവാളിനെ ശ്രദ്ധേയനാക്കിയത്. ജനലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഹസാരെയും കെജ്രിവാളും പിണങ്ങി.ഹസാരയെ പിരിഞ്ഞ് 2012 നവംബറില്‍ ആം ആദ്മി പിറന്നു.
                         രാഷ്ട്രീയപാര്‍ട്ടിയായ ശേഷവും കോര്‍പറേറ്റുകളുടെ പൂര്‍ണ്ണ പിന്തുണ കെജ്രിവാള്‍ ഉറപ്പാക്കി.ഡല്‍ഹിയിലെ ഇടത്തരക്കാരുടെ മുഖ്യപ്രശ്നമായിരുന്ന വൈദ്യുതിനിരക്ക് വര്‍ദ്ധനവും കുടിവെള്ളവും വിഷയമാക്കിയുള്ള സമരം ജനകീയമാക്കി.തലസ്ഥാനത്തെ സാധാരണക്കാര്‍ കെജ്രിവാളിനു പിന്നില്‍ അണിനിരന്നു.തെരഞ്ഞെടുപ്പു ചിഹ്നമായ ‘ചൂല്‍‘ പ്രചരണ ആയുധമാക്കിയായിരുന്നു പിന്നത്തെ കുതിപ്പ്.അപ്പോഴും കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്ളറിഞ്ഞ് പിന്തുണയേകി.അഴിമതി തുടച്ചു നീക്കാനുള്ള ചൂലിനെ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടി.കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മിയെ ഡല്‍ഹി ജനത 29 സീറ്റ് നല്‍കി പിന്തുണച്ചു.ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയ്ക്ക് കേവലഭൂരിപക്ഷം കിട്ടാഞ്ഞതോടെ കെജ്രിവാള്‍ മുഖ്യമന്ത്രിക്കസേരയിലെത്തി.
                    അധികാരമേറ്റയുടന്‍ വൈദ്യുതനിരക്ക് 50% വെട്ടിക്കുറച്ച് കെജ്രിവാള്‍ കയ്യടി നേടി.പിന്നാലെ വന്ന 700 ലിറ്റര്‍ സൌജന്യ കുടിവെള്ള പ്രഖ്യാപനം എതിരാളികളേപ്പോലും അംബരിപ്പിച്ചു.അഴിമതി വിളിച്ചറിയിക്കാന്‍ മുഖ്യമന്ത്രി സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയതും ജനപ്രിയനാകാനുള്ള തുറുപ്പുചീട്ടായിരുന്നു.വൈദ്യുതി കമ്പനികളും കോണ്‍ഗ്രസ്സും ചേര്‍ന്ന് നടത്തിയ അഴിമതിയാണ് വൈദ്യുതി നിരക്ക് കൂടാന്‍ കാരണമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ വൈദ്യുതി കമ്പനികളില്‍ ഓഡിറ്റിനും ഉത്തരവിട്ടു.ഇതോടെ ആം ആദ്മി പാര്‍ട്ടികളെ ശക്തമായി പിന്തുണച്ച കോര്‍പറേറ്റുകളുടെ  മുഖം ചുളിഞ്ഞു.ഓഡിറ്റിനു വിധേയമാകില്ലെന്ന് പ്രഖ്യാപിച്ച കമ്പനികളെ നേരിടാന്‍ കോടതിയുടെ സഹായം തേടേണ്ടിവന്നു മുഖ്യമന്ത്രിയ്ക്ക്.
                     അതോടെ മാധ്യമ പിന്തുണയും പൊടുന്നനവേ നഷ്ടമായി.മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതി , ആഫ്രിക്കന്‍ യുവതികള്‍ താമസിക്കുന്നിടത്ത് രാത്രിയിലുണ്ടായ റെയ്ഡ് , മനീഷ് സിസോദയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ , റെയില്‍ ഭവനുമുന്നില്‍ നടത്തിയ സമരം എന്നീ വിഷയങ്ങളിലെല്ലാം മാധ്യമങ്ങള്‍ കെജ്രിവാളിനെതിരെ തിരിഞ്ഞു.തലോടല്‍ കടന്നാക്രമണത്തിലേയ്ക്ക് വഴിമാറി.പാചകവാതകവിലവര്‍ദ്ധനയുമായി ബന്ധപ്പെട്ട് റിലയന്‍സിനെതിരെ ആം ആദ്മി സര്‍ക്കാര്‍ ശബ്ദമുയര്‍ത്തിയതോടെ എതിര്‍പ്പ് പൂര്‍ണമായി. മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിക്കും മുന്‍‌മന്ത്രി മുരളി ദേവ്രയ്ക്കും എതിരെ കേസ് എടുക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.
                            അധികാരമേറ്റ് പത്തുദിവസത്തിനകം ജനലോക്പാല്‍ ബില്ല് പാസാക്കുമെന്നതായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം.വൈകിയാണെങ്കിലും ബില്‍ അവതരിപ്പിക്കാന്‍ കെജ്രിവാള്‍ ശ്രമിച്ചു.എന്നാല്‍ ബി ജെ പിയും കോണ്‍ഗ്രസ്സും കോര്‍പറേറ്റും ചേര്‍ന്നൊരുക്കിയ കെണിയില്‍ ആം ആദ്മി വീഴുകയായിരുന്നു.അപക്വമായ തീരുമാനങ്ങളും ഭരണരംഗത്തെ പരിചയക്കുറവും വീഴ്ച്ചയ്ക്ക് ആക്കം കൂട്ടി.ചട്ടങ്ങള്‍ പാലിക്കാതെ ജനലോക്പാല്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണവുമായി കോണ്‍ഗ്രസ്സും ബി ജെ പിയും കൈകോര്‍ത്ത് ബില്‍ അവതരണം തടഞ്ഞു.അനാവശ്യതിടുക്കം ആം ആദ്മി പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കുകയായിരുന്നു.അഴിമതി വിരുദ്ധ പോരാട്ടത്തില്‍ മുഖ്യമന്ത്രിപദം ബലി നല്‍കിയെന്ന കെജ്രിവാളിന്റെ പ്രചരണത്തിന് എത്രത്തോളം കാറ്റുപിടിക്കുമെന്ന് കണ്ടറിയേണ്ടി വരും.
(ദേശാഭിമാനി ദിനപ്പത്രം 2014 ഫെബ്രുവരി 15 ശനി)
                    ഇതാണ് ആം ആദ്മി പാര്‍ട്ടിയുടേ ഏറ്റവും ചുരുങ്ങിയ ചരിത്രം.പാര്‍ട്ടിക്കും അതിന്റെ നേതാവിനും എവിടെയൊക്കെ തെറ്റു പറ്റി എന്ന് അതിന്റെ പ്രവര്‍ത്തകര്‍ ഈയൊരവസരത്തിലെങ്കിലും പുന്‍:ചിന്തനം നടത്തുമെന്ന പ്രത്യാശ വെറുതെയായി.ഒരു വിഭാഗം മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ തെറി പറയാന്‍ ഈ അവസരം ഉപയോഗിക്കുമ്പോള്‍ കോര്‍പറേറ്റുകളേയും കോണ്‍ഗ്രസ്സ് ബി ജെ പി ആദികളെ തെറി വിളിക്കുന്നു.ചന്ദ്രനെ നോക്കി ആരോ എന്തോ ചെയ്തു എന്ന് പറഞ്ഞു കേട്ടതു പോലെ.
                   യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തിലൂടെ ഉയര്‍ന്നുവന്ന വീരനായകനായിരുന്നു ശ്രീ കെജ്രിവാള്‍ . ഹസാരെയുടെ സമരം എന്തിനായിരുന്നു ? അഴിമതിക്കെതിരെ ലോക്പാല്‍ ബില്ല് കൊണ്ടുവന്ന് പാസാക്കണമെന്ന് മാത്രവും. ഇന്നാട്ടില്‍ അഴിമതി കൊണ്ട് പൊറുതി മുട്ടിയിരുന്ന ഒരു വന്‍ ഭൂരിപക്ഷം ജനങ്ങള്‍ ഹസാരേയ്ക്ക് പിന്തൂണയുമര്‍പ്പിച്ച് റോഡിലിറങ്ങി.സോഷ്യല്‍ മീഡിയാകളിലെല്ലാം ചെറുപ്പക്കാര്‍ ഹസാരെയെയും അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ഡിമാന്റുകളേയും പിന്താങ്ങി.എന്നാല്‍ ഒരു ഗാന്ധിയന്‍ സമരത്തിനുള്ള എല്ലാ ദൌര്‍ബല്യങ്ങളും ആ സമരത്തിനുണ്ടായിരുന്നു.എന്താണവ ?
                തന്റെ പിന്നില്‍ അണിനിരന്ന ജനക്കൂട്ടത്തെ രാഷ്ട്രിയമായി ഉയറ്ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചില്ല.അഴിമതിയുടെ നാരായ വേര് കണ്ടേത്താന്‍ ഒരു ശ്രമവും അദ്ദേഹം നടത്തിയില്ല. മാനത്തു നിന്നും കെട്ടിയിറക്കിയ ഒരു പറ്റം കോണ്‍ഗ്രസ്സ്കാര്‍ നടത്തുന്ന വിശ്രമവേളയിലെ വിനോദമാണഴിമതി എന്ന കാഴ്ചപ്പാടാണദ്ദേഹത്തിനുണ്ടായിരുന്നതെന്ന് തൊന്നുന്നു. അഴിമതിയുടെ ചരിത്രപരമായ പശ്ചാത്തലം അദ്ദേഹം മനസ്സിലാക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും ചെന്നു ചേരേണ്ടിടത്തു തന്നെ അദ്ദേഹം എത്തിപ്പെട്ടു , മമതാ ബാനര്‍ജിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പറ്റിയ വ്യക്തിയെന്നാണദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്.
             ഈ കളരിയില്‍ നിന്ന് ഡിഗ്രിയുമെടുത്ത് അവസാനം ഗുരുശാപവുമേറ്റുവാങ്ങിയാണ് ശ്രീ അരവിന്ദ് കെജ്രിവാളിന്റെ പുറപ്പാട്. ഹസാരെ സമരത്തിനെ കയ്യാളായി നിന്ന് അതിന്റെ അനന്തസാധ്യതകള്‍ കണ്ട് ഹസാരെയുമായി തെറ്റിയാണ് കെജ്രിവാള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.അദ്ദേഹത്തിന്റേയും മുഖ്യ അജണ്ട ഗുരുവിനേപ്പോലെ അഴിമതിവിരുദ്ധം തന്നെയാണു താനും.ശ്രീ മന്‍‌മോഹന്‍ സിങ്ങിന്റെ കാലത്തു നടന്ന ലക്ഷം കോടി രൂപകളുടെ അഴിമതിക്കഥകളില്‍ അന്തം വിട്ടിരുന്ന ഇന്ത്യന്‍ മധ്യവര്‍ഗം വളരെ പെട്ടെന്ന് കെജ്രിവാളിനു പിന്നിലെത്തി.കൂട്ടിയ വൈദ്യുതി ബില്ല് അടക്കരുത് എന്നും മറ്റുമുള്ള സമരമുറകളും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളും വന്‍‌തോതില്‍ ജനങ്ങളെ ആകര്‍ഷിച്ചു.എന്നിട്ടും തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം അദ്ദേഹത്തിനു ലഭീച്ചില്ല . തന്റെ ഏറ്റവും വലിയ രാഷ്ട്രീയക്കാരുമായി ഒന്നിച്ചു ഭരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.
                    കൃത്യമായും കളി കണ്ടു നില്‍ക്കുന്ന ആര്‍ക്കും പറയാന്‍ കഴിയും രണ്ടിലൊരാള്‍ ഉടനെ പുറത്തുവരുമെന്ന്.അതാരാകും എന്നതായിരുന്നു ചോദ്യചിഹ്നം. ഇപ്പോള്‍ അതിനുത്തരമായി കെജ്രിവാള്‍ തന്നെ.എന്നാല്‍ അതിനദ്ദേഹം കണ്ടെത്തിയ മാര്‍ഗം ശരിയായില്ല എന്നതാണ് സത്യം.ഇന്നത്തെ “ ഊഹു ആഹാ” വിളികള്‍ക്കിടയില്‍ പ്രവര്‍ത്തകര്‍ അതു മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.ഭരണഘടനയെ അനുസരിച്ചുകൊള്ളാം , ഭരണഘടനയുടെ അന്തസ്സും പരിപാവനതയും കാത്തുസൂക്ഷിച്ചുകൊള്ളാം എന്ന് പ്രതിജ്ഞചെയ്താണദ്ദേഹം ഭരണത്തിലേറിയത്.അതുപോലെ ചെയ്യാനും അദ്ദേഹം ബാധ്യസ്ഥനായിരുന്നു.എന്നാലതുണ്ടായില്ല. ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നിട്ടും അദ്ദേഹം ജനലോക്പാല്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചു നിയമസഭയില്‍ . കോണ്‍ഗ്രസ്സിനും ബി ജെ പിയ്ക്കും ഒന്നുചേരാനുള്ള കാരണം അദ്ദേഹം തന്നെയുണ്ടാക്കിക്കൊടുത്തു എന്നത് ഖേദകരം തന്നെയാണ്.കാര്യം എത്രമാത്രം ഗുണകരമാണെങ്കിലും അത് നിയമവിധേയമല്ലാതായാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ.അദ്ദേഹത്തിന്റ്റെ സ്പീക്കര്‍ കാണിച്ചതു കണ്ടില്ലേ ? ആദ്യം നിയമസഭയില്‍ ബില്ലവതരിപ്പിച്ചു എന്നു പറഞ്ഞ സ്പീക്കര്‍ പിന്നീട് പുറത്തു പോയി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തിരിച്ചു വന്ന് പറഞ്ഞത് ബില്ല് അവതരിപ്പിച്ചിട്ടില്ല എന്നാണ്. സ്പീക്കര്‍ കാണിച്ച വിവേകം പോലും കെജ്രിവാളില്‍ നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്.
                           ഈ സംഭവത്തില്‍ നിന്ന് നാം പഠിക്കേണ്ട പാഠം ഒരു കെജ്രിവാളോ അല്ലെങ്കില്‍ ഒരു ഹസാരെയോ വിചാരിച്ചാല്‍ അല്ലെങ്കില്‍ ഇവരുടെ അവിയല്‍ പരുവത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയോ വിചാരിച്ചാല്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല എന്നതാണ് സത്യം.ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ജനങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുകൊണ്ടൂള്ള  കമ്യൂണിസ്റ്റ് വിപ്ലവത്തിനു മാത്രമേ കഴിയൂ എന്നതാണ് സത്യം.
Post a Comment