വൈകിയെത്തുന്ന വിഷു ആശംസകള്‍

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                               ന്ന് വിഷു. മലയാളിയ്ക്ക് ആഘോഷിക്കാനുള്ള ഒരു ദിവസം കൂടി.എന്തിനും ഏതിനുമൊക്കെ മലയാളിയ്ക്ക് ആഘോഷമാണല്ലോ, അത് ഓണമായാലും വേണ്ടില്ല വിഷുവുമായാലും വേണ്ടില്ല,ഹര്‍ത്താലായാലും വേണ്ടില്ല ആരെങ്കിലും മരിച്ചിട്ട് ഒഴിവു കിട്ടിയതായാലും വേണ്ടില്ല ഉടനെ ആഘോഷം തുടങ്ങുകയായി.
          നിത്യജീവിതത്തില്‍ ആഘോഷം എന്ന വാക്ക് നിയോലിബറിലസത്തിന്റെ തേര്‍‌വാഴ്ച്ചക്കിടയില്‍ ഞെരിഞ്ഞു പോയതുകൊണ്ടാകാം മലയാളി ഒരവസരം കിട്ടിയാല്‍ ഉടനെ ആഘോഷിക്കാനൊരുങ്ങുന്നത്.
         ഒരാഘൊഷം വരുമ്പോള്‍ അത് സമയത്താണോ , ഇപ്പോള്‍ ആഘോഷിക്കുന്നത് ശരിയാണോ എന്നൊന്നും ഒരു മലയാളിയും ചിന്തീക്കാറില്ല.അങ്ങു ദൂരെ പൊന്നമ്പലമേട്ടില്‍ പണ്ട് ആദിവാസികളും ഇന്ന് കെ എസ് ഇ ബി ജിവനക്കാരും പോലീസും കൂടി കൊളുത്തുന്ന വിളക്ക് കണ്ട് അത് ദൈവവിളക്കാണെന്നും പറഞ്ഞ് തുള്ളിയുറയുന്നവരില്‍ മലയാളിയും പുറകോട്ടല്ല സാക്ഷരതയില്‍ നൂറില്‍ നൂറാണെങ്കിലും.ഇതേ മനോഭാവമാണ് ആഘോഷത്തോട് ഒരു ശരാശരി മലയാളി പുലര്‍ത്തുന്നത്.അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരാഘോഷമാണ് വിഷുവും.
                 വിഷുവം (Equinox) ആണ് വിഷുവാകുന്നത്.മലയാളത്തിന്റെ പുതുവര്‍ഷാരംഭം, അശ്വതി നാളിന്റെ ആരംഭം, കൊയ്ത്തൊക്കെ കഴിഞ്ഞ് പത്തായമൊക്കെ നിറഞ്ഞ കാലം, എങ്ങും എവിടേയും സുഭിക്ഷതയുടെ കാലം, സര്‍വോപരി ഭൂമിയിലെല്ലായിടത്തും പകലും രാത്രിയും സമമായി വരുന്ന ദിവസം ആണ് നമ്മള്‍ വിഷു ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്.അപ്പോള്‍ ആ ദിവസം - പകലും രാത്രിയും തുല്യമാകുന്ന ദിവസം മേടം ഒന്ന് അല്ലെങ്കില്‍ ഏപ്രില്‍ 14 ആണോ എന്ന് ഏതെങ്കിലും ഒരു കലണ്ടറില്‍ നോക്കൂ.മിക്കവാറും എല്ലാ കലണ്ടറിലും ഇന്ന് ഉദയാസ്ഥമനങ്ങളുടെ സമയം കൊടുത്തിട്ടുണ്ടാകും. എന്തായാലും മേടം ഒന്നിനല്ല ഈ പറയുന്ന സമരാത്രദിനം. അതുകൊണ്ടുതന്നെ ഇന്ന് വിഷുവായി ആഘോഷിക്കുന്നത് ശരിയല്ലല്ലോ? ഇനി എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് നോക്കാം.
               ആകാശത്തെ ഭൂമിയെ പൊതിഞ്ഞിരിക്കുന്ന ഒരു ഗോളമായി സങ്കല്‍പ്പിക്കുന്നു.ഈ ഗോളത്തിനാണ് ഖഗോളം എന്ന് പറയുന്നത്.ഈ ഖഗോളത്തില്‍ കിഴക്കു പടിഞ്ഞാറായി ഭൂമധ്യരേഖയ്ക്കു സമാന്തരമായി വരയ്ക്കുന്ന ഒരു രേഖ സങ്കല്‍പ്പിക്കുക.ഈ രേഖയെ ഖഗോളമധ്യരേഖ എന്ന് വിളിയ്ക്കും.ഇനി വേറൊന്നുള്ളത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണ്.ലംബത്തില്‍ നിന്നും 231/2 ഡിഗ്രി ചെരിഞ്ഞതാണ്.അതായത് ഖഗോള മധ്യരേഖയും ഭൂമിയുടെ യഥാര്‍ത്ഥ മധ്യരേഖയും തമ്മില്‍ 231/2 ഡിഗ്രിയുടെ ചെരിവുണ്ട് എന്നര്‍ത്ഥം.അതുകൊണ്ട് ഈ രണ്ടുരേഖകളും രണ്ടിടത്ത് പരസ്പരം മുറിച്ചുകടക്കുന്നു.ഈ പോയിന്റുകളാണ് വിഷുവങ്ങള്‍.ആദ്യത്തേത് പൂര്‍വവിഷുവവും - വസന്തവിഷുവം(Vernal Equinox) എന്നും രണ്ടാമത്തേതിനെ ഉത്തരവിഷുവം ,തുലാവിഷുവം(Autumnal Equinox) എന്നും വിളിക്കും. ചിത്രം നോക്കുക.

ചിത്രത്തില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കുന്ന വസ്തുത പൂര്‍വവിഷുവത്തില്‍ കൃത്യം വിഷുവത്തിലുദിക്കുന്ന സൂര്യന്‍ പിറ്റേന്ന് ഒരല്‍പ്പം വടക്കുമാറി ഉദിക്കും(അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതായി ഭൂമധ്യരേഖയോടടുത്തുനില്‍ക്കുന്ന നമുക്ക് തോന്നും.)പിറ്റേന്ന് ഒരല്‍പ്പം കൂടി വടക്കുമാറി അങ്ങനെ മാറി മാറി 231/2 ഡിഗ്രി എത്തുന്നതുവരെ വടക്കോട്ട് മാറും.നാമതിനെ ഉത്തരായനം എന്ന് വിളിക്കും.231/2 ഡിഗ്രി സൂര്യന്‍ വടക്കോട്ട് മാറിക്കഴിഞ്ഞാല്‍ പിറ്റേന്ന് മുതല്‍ തെക്കോട്ട് നീങ്ങാന്‍ തുടങ്ങും സൂര്യന്‍.ഈ തെക്കോട്ട് നീങ്ങലിനെ നാം ദക്ഷിണായനം എന്നു വിളിക്കും.ഇത് തെക്കോട്ട് നിങ്ങി നീങ്ങി വിഷുവത്തിലെത്തി അത് മുറിച്ച് വീണ്ടും തെക്കോട്ട് നീങ്ങി 231/2 ഡിഗ്രി വരെ ദക്ഷിണായനം തുടരും.മാക്സിമത്തിലെത്തിയാല്‍ വീണ്ടും സൂര്യന്‍ ഉത്തരായനം തുടങ്ങും .അതുകൊണ്ട് വര്‍ഷത്തില്‍ രണ്ടേ രണ്ടു ദിവസം മാത്രമേ സൂര്യന്‍ മധ്യത്തിലുദിച്ച് പകലും രാത്രിയും തുല്യമാക്കുകയുള്ളു എന്നര്‍ത്ഥം.ഉത്തരായനകാലത്ത് സൂര്യന്‍ ഉത്തര അര്‍ത്ഥഗോളത്തിലായതിനാല്‍ അവിടെ ചൂട് കൂടുകയും പകല്‍ കൂടുകയും രാത്രി ചുരുങ്ങുകയും ചെയ്യും.ദക്ഷിണായനകാലത്ത് തിരിച്ചും.
             ഇനി അടുത്ത കാര്യത്തിലേയ്ക്ക് പോകാം.ഭൂമി അതീവവേഗതയോടെ കറങ്ങിക്കൊണ്ടിരിക്കുകയാണ്.മണിക്കൂറില്‍ 1600കിലോമീറ്റര്‍ വേഗതയില്‍ മധ്യരേഖാപ്രദേശം കറങ്ങിക്കൊണ്ടിരിക്കുകയാണ്.കൊച്ചുപിള്ളേരുടെ പമ്പരം കണ്ടിട്ടില്ലേ അതുപോലെ തന്നെ.ആ പമ്പരം കറങ്ങുമ്പോള്‍ അതിന്റെ അച്ചുതണ്ട് നിന്ന് ആടുന്നത് കണ്ടിട്ടില്ലേ?അപ്പോള്‍ അതിലുമെത്രയോ വേഗതയില്‍ കറങ്ങുന്ന ഭുംമയുറ്റെ കാര്യമോ? സത്യത്തില്‍ ഭൂമിയുടെ അച്ചുതണ്ടിനും അതുപോലെ ഒരു ചലനമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടൂണ്ട്.പുരസ്സരണം (Precession) എന്നാണിതിനു  പെര്.ഭൂമിയുടെ അച്ചുതണ്ട് കാലത്തിലൂടെ 26,000 വര്‍ഷം കൊണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കും,അതായത് 72 വര്‍ഷം കൂടുമ്പോള്‍ ഭുമിയുടെ അച്ചുതണ്ട് ഒരു ഡിഗ്രി പിന്നോക്കം നീങ്ങുന്നു.
           അപ്പോള്‍ അതാണ് കാര്യം.മേടമാസം ഒന്നിന് അശ്വതി നക്ഷത്രഗണത്തിന്റെ ആദ്യം വരുന്ന സമരാത്രദിനത്തിന്റന്ന് പുതുവര്‍ഷം ആരംഭിക്കുകയും അതിന്റെ ഓര്‍മ്മയ്ക്കായി വിഷു ആഘോഷം തുടങ്ങിവയ്ക്കുകയും ചെയ്തു പഴയകാല ഭാവനാസമ്പന്നരായ ജ്യോതിഷികള്‍. എന്നാല്‍ പുരസ്സരനത്തിന്റെ ഫലമായി ഈ സമരാത്രദിനം മീനമാസം 7‌)0 തീയതിയിലേയ്ക്ക് മാറിയിരിക്കുന്നു. ഈ വിവരം നമ്മുടെ സമകാലീനജ്യോതിഷികള്‍ക്കരിയാമെങ്കിലും അവരത് സൌകര്യപുര്‍വം മറച്ചുവൈക്കുന്നു.കാരണം ഇതവരംഗീകരിച്ചതായി ഭാവിച്ചാല്‍ വേറെ പലതും അവര്‍ അംഗീകരിക്കേണ്ടിവരും, അത് ജ്യോത്സ്യത്തിന്റെ അടിവെരറുക്കും.ഇതറിയാവുന്നവരായതിനാല്‍ വിഷുവിനു വന്നിരിക്കുന്ന മാറ്റം അവര്‍ മറച്ചുവൈക്കുന്നു. എന്നാല്‍ പ്രകൃതി ഈ മാറ്റം മനസ്സിലാക്കുന്നുവേന്നതിന്റെ തെളിവാണ് നേരത്തേ പൂക്കുന്നു എന്ന് നാം കുറ്റപ്പെടുത്തുന്ന കൊന്നപ്പൂക്കള്‍.
               നോക്കൂ കാലത്തിലും പ്രകൃതിയിലും വരുന്ന മാറ്റത്തെ അംഗീകരിക്കാത്തവരായിപ്പോലും നാം മാറിയിരിക്കുന്നു.കണ്ടാല്‍ പഠിക്കാത്തവരായി നാം മാറിയിരിക്കുന്നു, കൊണ്ടാലും പഠിക്കാന്‍ നാം കൂട്ടാക്കുന്നില്ല എന്നതിനു സാക്ഷിയാണ് പ്രകൃതിയില്‍ വന്ന ഈ മാറ്റം.
        ഒരു കൂട്ടര്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ജനങ്ങളില്‍ നിന്നുംമ്പലതും മറച്ചുവൈക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ കാര്യഗ്രഹണശേഷി ഇക്കാര്യത്തിലല്ല ഒരു കാര്യത്തില്‍ പോലും വ്ഇനിയോഗിക്കുന്നില്ല എന്നത് ഭാവിയില്‍ സര്‍വനാശത്തിനിടയാക്കാനാണ് സാധ്യത.
               
Post a Comment