ആടുകളും ചെന്നായും അഥവാ നിഷ്കളങ്കന്മാരുടെ കഥ

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി ജീവിക്കാൻ പോകുന്നവരുമായോ യാതൊരു ബന്ധവുമില്ലെന്ന് മുൻ‌കൂർ ജാമ്യം എടുത്തുകൊള്ളുന്നു.)

                പണ്ട് പണ്ടൊരു രാജ്യത്ത് കുറേ ആടുകളും അവയെ മേയ്ക്കാനായി ഒരാട്ടിടയനുമുണ്ടായിരുന്നു.ആടുകളും ആട്ടിടയനും നാട്ടിലെ സമ്പന്ന കുടുബത്തിലേതായിരുന്നു.രാവിലെ ആടുകളുമായി ആട്ടിടയൻ മേയ്ക്കാനിറങ്ങും വൈകീട്ട് അവയെ അവയുടെ കൂട്ടിൽ മുളച്ചാൽ ആട്ടിടയനു പോകാം. ഇതായിരുന്നു കണ്ടീഷൻ.
                              ആട്ടിടയനു ദിവസക്കൂലിയായിരുന്നെങ്കിലും അതെത്രയാണെന്ന് ആടുകൾക്ക്  അറിവുണ്ടായിരുന്നില്ല. തന്നെയുമല്ല ഇതിലേറ്റവും തമാശയുള്ള കാര്യം പുല്ലു തിന്നുന്നതിനിടയിൽ തന്നെ ആടുകൾ ഒന്നും രണ്ടും സാധിക്കുമെന്ന കാര്യം നിങ്ങൾക്കെല്ലാമറിവുള്ളതാണല്ലോ. അത് തന്റെ സ്വന്തം പറംബിൽ വീഴട്ടെ എന്നു കരുതി ഒരു പ്രോത്സാഹനമായി സമ്പന്ന വീട്ടുകാർ ആടുകൾക്ക് ദിവസവും ഒരു പ്രത്യേക സംഖ്യ നൽകുമായിരുന്നു.ഈ പൈസ കൂട്ടി വച്ച് ആടുകൾക്ക്ചന്ത ദിവസം ചെലവാക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടുതാനും.പുള്ളിയുടുപ്പുകളും തങ്ങളുടെ ദേഹം അലങ്കരിക്കാനുള്ള റിബണുകളും ഒക്കെ അവരീ പൈസയ്ക്ക് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു.
                              കാലം മുന്നോട്ട് പോകപ്പോകെ അവർക്ക് ദിനേന ഇനാമായി കിട്ടിക്കൊണ്ടിരുന്ന പൈസ വല്ലാതെ കുറയാൻ തുടങ്ങി.കാരണം ചോദിച്ചപ്പോൾ ആട്ടിടയൻ പറഞ്ഞത് വേനൽക്കാലമാണെന്നും മുതലാളി കഷ്ടത്തിലാണെന്നും അതുകൊണ്ട് പൈസ കുറച്ചാണ് കിട്ടുന്നതെന്നുമാണവൻ പറഞ്ഞത്.അതോടൊപ്പം തന്നെ ഉച്ചസമയങ്ങളിൽ മുതലാളി കൊടുക്കുന്ന പണം കൊണ്ട് ഇടയൻ ആടുകൾക്ക് നല്കാറുള്ള വെള്ളത്തിന്റെ അളവും കുറയാൻ തുടങ്ങി.ഇതിനും കാരണമായി ഇടയൻ മുകളിൽ പറഞ്ഞ സമാധാനം തന്നെയാണ് ആവർത്തിച്ചത്.എന്നാൽ ദിവസവും പതിവില്ലാത്ത രീതിയിൽ ഇടയൻ വൈകീട്ട് വീട്ടിൽ പോകുമ്പോൾ ഒരു വലിയ പൊതി കൊണ്ടു പോകുന്നത് ആടുകൾ കാണാൻ തുടങ്ങി എന്നു തന്നെയുമല്ല അതിനു പ്രത്യേക വിശദീകരനമൊന്നും ഇടയൻ നൽകിയതുമില്ല.
                                തങ്ങളുടെ ഭക്ഷണക്കുറവും ആട്ടിടയൻ കൊണ്ടുപോകുന്ന പൊതിയും തമ്മിലുള്ള ബന്ധം ആടുകൾ പെട്ടെന്നു തന്നെ മനസ്സിലാക്കി.(ആടുകൾ അത്ര ബുദ്ധി കെട്ട മൃഗമല്ല എന്നോർക്കണം.) അങ്ങനെ ആടുകളും ആട്ടിടയനും തമ്മിലുള്ള ബന്ധം കാണെക്കാണെ വഷളായി വരാൻ തുടങ്ങി.ഈ സമയത്ത് ഇവരുടെ കൂട്ടത്തിൽ പെടാത്ത ഒരു മുഴുത്ത ആട് അവിടെ ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങിയത് മറ്റാടുകളുടെ ശ്രദ്ധയിൽ പെട്ടു.തന്നെയുമല്ല ആ ആട് സമയം പോലെ വന്ന് ഇടയന്റെ ആടുകളെ ഉപദേശിക്കാൻ തുടങ്ങി. താൻ ഹിമാലയപാർശ്വങ്ങളിൽ ആടുകളെ മേച്ച് പരിചയം നേടിയ ഒരാടാണെന്നും, ഒന്നുമല്ലെങ്കിൽ ഞാൻ നിങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളാണെന്നും ഇപ്പോഴത്തെ ഇടയൻ ചതിക്കുന്നതു പോലെ താൻ ആരേയും ചതിക്കില്ലെന്നും ആ മുഴുത്ത ആട് പറയാൻ തുടങ്ങി.ആദ്യമൊന്നും ഇതൊന്നും ശ്രദ്ധിക്കാതിരുന്ന ആടുകൾ തങ്ങളുടെ ഇടയൻ ചെയ്യുന്ന ചതിയെപ്പറ്റി കേട്ടപ്പോൾ പുതിയ ആടിനെചുറ്റി നടക്കാനും ശ്രദ്ധിക്കാനും തുടങ്ങി.
എന്നാൽ പുതിയ ഇടയനാടിന്റെ സ്വരം ശരിക്കും ആടിന്റേതുപോലെയല്ലെന്നും അവൻ ചതിയനാണെന്നും കൂട്ടത്തിലെ പ്രായവും ബുദ്ധിയും വിവേകവും ഒക്കെയുള്ള ആടുകൾ മന്ത്രിച്ചെങ്കിലും മറ്റാടുകൾ അത് കേൾക്കാത്ത മട്ടിൽ ഇരുന്നു.
                         എന്തിനേറേ ഒരുനാൾ പഴയ ആട്ടിടയനെ മറ്റാടുകൾ തള്ളിപ്പറയുകയും തൽക്കാലം അവനോട് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ സമ്പന്ന വീട്ടുകാർ പറഞ്ഞതു പ്രകാരം അവൻ ഇടയൻ പണിയിൽ നിന്ന് മാറി.എല്ലാവരും പ്രതീക്ഷിച്ചതുപോലെ  ഹിമാലയത്തിൽ നിന്നെത്തിയ മുഴുത്ത ആ ആടുതന്നെ പുതിയ ഇടയനായി സ്ഥാനമേറ്റു.
                          ആടുകൾക്കെല്ലാം പെരുത്ത് സന്തോഷമായി. തങ്ങളിലൊരാൾ തങ്ങളിൽ നിന്നുതന്നെ ഒരാൾ തങ്ങളുടെ കാര്യങ്ങൾ നോക്കാനായി നിയമിതനായല്ലോ.ആടുകൾക്ക് സന്തോഷം സഹിക്കാൻ കഴിയാതായി.
                            നമ്മുടെ ഹാപ്പി അച്ചാറുകാർ പറയുന്നതു പോലെ ആടുകൾ ഞാനിപ്പൊ മാനത്തു പിടിച്ചുകേറും എന്ന് പറഞ്ഞ് അടുത്തുകണ്ട മരങ്ങളിൽ വലിഞ്ഞുകയറാൻ തുടങ്ങി.പുതുതായി സ്ഥാനമേറ്റ ഇടയനാട് മരത്തിൽ കയറാൻ ശ്രമിക്കുന്ന ഒരോ ആടുകളേയായി പിടിച്ചിറക്കാൻ തുടങ്ങി.അപ്പോഴാണാ അൽഭുതം സംഭവിച്ചത്.പുതിയ ഇടയനാടിന്റെ ശരീരത്തിൽ ചുറ്റിയിരുന്ന ആ ആട്ടിൻ തോൽ അഴിഞ്ഞു വീണു പകരം അവിടെ ചോരയൊലിക്കുന്ന നാവുനീട്ടി ഒരു ചെന്നായ് നിൽക്കുന്നു.
                                                                           ശുഭം

3 comments :

  1. ആടുകളുടെ നല്ല ഇടയന്‍ എവിടെ? അത് ഏട്ടില്‍ മാത്രമേയുള്ളോ? സ്വപ്നങ്ങളില്‍ മാത്രമേ അവന്‍ വരികയുള്ളോ?

    ReplyDelete
    Replies
    1. അജിത്തേ ആടുകളുടെ നല്ലിടയൻ ആടുകൾ തന്നെയാണ്.അത് സ്വപ്നങ്ങളിലോ ഏട്ടിലോ അല്ല താൻ തന്നെയാണ് നല്ലിടയൻ എന്ന് ആടുകൾ എന്ന് മനസ്സിലാക്കുന്നുവോ അന്നേ ആടുകളുടെ പ്രശ്നം തീരൂ.

      Delete
  2. ഈ കഥയ്ക്ക്‌ പലരുമായും ഒരുപാട് സാമ്യമുണ്ട്‌. ജാമ്യം കിട്ടില്ല.

    ReplyDelete