മലയാളിയുടെ സദാചാരവിരുദ്ധതയ്ക്കു പിന്നിൽ

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                               ഈയൊരു സമൂഹം മാത്രമല്ല ഏതൊരു സമൂഹവും ഇന്നും എന്നും  നില നിൽക്കുന്നത് ആ സമൂഹത്തിനു ബാധകമായിട്ടുള്ള നിയമങ്ങൾക്കു പുറത്താണ്.ഈ നിയമങ്ങൾ ലിഖിതമോ അല്ലെങ്കിൽ അലിഖിതമോ ആകാം.ഒരു പക്ഷെ എഴുതിവച്ച നിയമങ്ങളേക്ക്ക്കാൾ എഴുതിവൈക്കാത്ത നിയമങ്ങളായിരിക്കും കൂടുതൽ സ്വാധീനിക്കുക സമൂഹത്തെ.                                                                                                                          പണ്ടൊരിക്കൽ റോഡ് ട്രാഫിക്കിനേക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ വിക്കിപീഡിയ എന്നോട് പറഞ്ഞത് “കടുകട്ടി ഭാഷയിൽ വോള്യങ്ങളായി രചിച്ചുവച്ചിരിക്കുന്ന റോഡ് നിയമങ്ങളേക്കാളുപരി റോഡിൽ സമാധാനവും മാന്യതയും കാത്തു സൂക്ഷിക്കുന്നത് കാലാകാലങ്ങളായി റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർ അവരുടെ നിത്യജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും എത്തിച്ചേരുന്ന ചില നിഗമനങ്ങളാണ്“ എന്നാണ്. പുസ്തകത്തിൽ എഴുതി വച്ചതിനെ “ Law of the Road  “ എന്ന് വിളിക്കുന്ന വിക്കി അനുഭവങ്ങളിലൂടെ പാലിക്കുന്നതിനെ “ Rule of the Road “ എന്നുമാണ് വിളിക്കുന്നത്. 
                      നമ്മുടെ സമൂഹത്തിലും ഇതു പോലുള്ള പ്രതിഭാസങ്ങൾ കാണാം.ഉദാഹരണത്തിന് “പ്രായമായവരെ ബഹുമാനിക്കണമെന്ന് “ഏതെങ്കിലും ഒരു പീനൽ കോഡിൽ എഴുതി വച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.എന്നാൽ  കാലാകാലങ്ങളായുണ്ടായ നിത്യജീവിതാനുഭവങ്ങളിൽ നിന്നും ആർജിച്ചെടുത്ത ഒന്നാണിത് താനും.ഇതു പോലെ തന്നെ നൂറു നൂറായിരം അനുഭവങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടാകും.ഈ അലിഖിതമായ നിയമങ്ങൾ ഒരു പക്ഷെ ആവശ്യമെങ്കിൽ ലിഖിതമാക്കി മാറ്റുകയും ചെയ്യും സമൂഹം ആവശ്യപ്പെടുന്നുവെങ്കിൽ.                                                                                                            ലിഖിതമായിട്ടുള്ള നിയമങ്ങൾ കേരളത്തിൽ ലംഘിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്.ഒരു പക്ഷെ, കേരളത്തിൽ നിയമങ്ങൾ ഉണ്ടാക്കുന്നത് ലംഘിക്കാനായിട്ടാണെന്ന് തമാശയല്ല ഗൗരവത്തിൽ തന്നെ പറയാൻ തുടങ്ങിയിടത്തെത്തി കാര്യങ്ങൾ.അങ്ങനെ വന്ന് വന്ന് നിയമലംഘനം ഒരു മനസാക്ഷിക്കുത്തുമില്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നായി മാറി ഇവ. തനിക്ക് ചുവപ്പ് ലൈറ്റാണെന്നറിഞ്ഞാലും പച ലൈറ്റ് കിട്ടിയവൻ കയറി വരുന്നുണ്ടാകുമെങ്കിലും ചുവപ്പ് ലൈറ്റിലേയ്ക്ക് വാഹനമ്മോടിച്ച് വരാൻ യാതൊരു വിഷമവും ഒരു മലയാളിക്കില്ല.ഈ റോഡ് തനിക്കുള്ളതല്ലെന്നറിഞ്ഞാലും അതിലെ റോങ്ങ് ദിശയിൽ വാഹനമോടിച്ച് വരാൻ അവന് യാതൊരു ലജ്ജയുമില്ല.ആളുകൾ മരിക്കുമെന്നറിഞ്ഞാലും വിഷസ്പിരിറ്റ് കലക്കിക്കൊടുക്കാൻ അവന് യാതൊരു മടിയുമില്ല.അന്നേരം കിട്ടിയേക്കാവുന്ന ഏതാനും ലക്ഷങ്ങളാണ് അവന് പത്തോ ഇരുപതോ നിരപരാധികളുടെ ജീവനേക്കാൾ വലുത്.                                                                                                    അങ്ങനെ ജനത്തിന്റെ ഭക്ഷണത്തിൽ,കുടിവെള്ളത്തിൽ,അവന്റെ ജീവിതത്തിൽ,അവന്റെ ജീവിതഭൂമികയിൽ ഒക്കെ നിയമലംഘനം നടത്തി അവനെ ബുദ്ധിമുട്ടിക്കാനും കഴിയുമെങ്കിൽ അവനെ ഉന്മൂലനം ചെയ്യാനും മലയാളിക്കൊരു മടിയുമില്ലാത്ത അവസ്ഥയായി. അതവന്റെ സാധാരണ ദിനചര്യയായി, അങ്ങനെ ചെയ്തില്ലെങ്കിലാണ് അവന് അസ്വസ്ഥത എന്നായി.                        എന്താണിതിന്റെ അടുത്ത ഘട്ടം?അല്ലെങ്കിൽ ഈ സ്വഭാവം അവനെ എവിടെക്കൊണ്ടെത്തിക്കും?എനിക്കു തോന്നുന്നത് ഈ നിയമലംഘകർക്ക് - ആദ്യംഅ വർ ലംഘിക്കുന്നത് ലിഖിത നിയമങ്ങളായിരിക്കും - പതിയെ പതിയെ അവർക്ക്, നാം പാവനമെന്ന് കരുതുന്ന അലിഖിത നിയമങ്ങൾ ലംഘിക്കുന്നതിനും വലിയ കുത്തില്ലാതാകും.കാരണം  സദാ ജാഗ്രതയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിച്ചിട്ടും   ലിഖിത നിയമം ഇങ്ങനെ പുഷ്പം പോലെ വ്യാപകമായി ലംഘിക്കപ്പെടുകയും എന്നിട്ടും ഒന്നും സംഭവിക്കുന്നില്ലെന്ന കണ്ടുപിടുത്തം - താനും ഈ ലോകവും യാതൊന്നും സംഭവിക്കാതെ തന്നെ പിന്നെയും നിലനിൽക്കുന്നു എന്ന കണ്ടെത്തൽ - ലംഘകനുണ്ടാക്കുന്ന മാറ്റം ചില്ലറയല്ല.                                                                                                        പരിപാവനമെന്ന് വിവക്ഷിക്കപ്പെടുന്ന നിയമങ്ങൾ ലംഘിച്ചിട്ടും തനിക്കും തനിക്കു ചുറ്റുമുള്ള ഈ ലോകത്തിനും ഒന്നും സംഭവിക്കുന്നില്ലെന്നുള്ള തിരിച്ചറിവ് സ്വാഭാവികമായി അലിഖിതമായ , സമൂഹത്തിന്റെ കെട്ടുറപ്പിനത്ത്യന്താപേക്ഷികമായ അലിഖിത നിയമങ്ങൾ ലംഘിക്കാനുള്ള ഒരു തോന്നൽ മലയാളിക്കുണ്ടാക്കുന്നു.ഇന്നുവരെ തലയിൽ മുണ്ടിട്ട് കയറിയിരുന്ന ഷാപ്പിൽ/ബാറിൽ അങ്ങനെയല്ലാതെ കയറിയാൽ എന്താ കുഴപ്പം?ഭാര്യയറിയാതെ മറ്റൊരു പെൺകുട്ടിയോട് അടുത്താലെന്താ കുഴപ്പം? അല്ല, ഇനി ഭാര്യ അറിഞ്ഞു എന്നു തന്നെ വിചാരിക്കുക, എന്നാലെന്താ പ്രശ്നം?അവൾ ഇനി വഴങ്ങിത്തന്നില്ലെങ്കിൽ ബലം പ്രയോഗിച്ചാലെന്താ കുഴപ്പം?അഥവാ കുഴപ്പമായാൽ ലിഖിതനിയമങ്ങൾ ലംഘിച്ചപ്പോൾ പ്രയോഗിച്ച അടവുകൾ ഉണ്ടല്ലോ!                                                                                                                                           അപ്പോൾ ആ പെൺകുട്ടിയ്ക്ക് അല്‍പ്പൊ പ്രായം കുറയുകയോ കൂടുകയോ ചെയ്താലെന്താ പ്രശ്നം?എന്നിട്ടും ലോകം നിലനിൽക്കുന്നില്ലേ പഴയതുപോലെ തന്നെ? എന്നാൽ പിന്നെ ആ പെൺകുട്ടി സ്വന്തം സഹോദരിയോ അമ്മയോ ആയാലെന്താ കുഴപ്പം?                                                                                  സുഹ്രൂത്തുക്കളെ ഇന്ന് ഇവിടെ എത്തി നിൽക്കുന്നു നമ്മുടെ മലയാളി.ഒരു ട്രാഫിക്ക് സിഗ്നൽ ലംഘിക്കുന്നതിൽ തുടങ്ങിയ അവന്റെ ആത്മരതി ഇന്നെവിടെ എത്തിനിൽക്കുന്നു എന്നു നോക്കൂ! ഇനി ഇവിടുന്നൊരു തിരിച്ചുപോക്ക് സാധ്യമാണോ? സാധ്യമാണ് എന്നു തന്നെയാണ് എന്റെ വിനീതമായ അഭിപ്രായം.ഇനി ചെയ്യാനുള്ള ഒരേ ഒരു വഴി ലിഖിതമായ അല്ലെങ്കിൽ ബാഹ്യമായിട്ടുള്ള നിയമലംഘനങ്ങളെ കയ്യോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുക എന്നതു തന്നെയാണ്.അവിടെ കൃത്യമായി പിടികൂടപ്പെടും ശിക്ഷിക്കപ്പെടും എന്നൊരു ശക്തമായ സന്ദേശം മലയാളിക്കു കിട്ടിക്കഴിഞ്ഞാൽ അവൻ ഒതുങ്ങും.പിന്നെ ആ‍ദ്യം അലിഖിതമായ ലംഘനങ്ങൾ നിൽക്കാൻ തുടങ്ങും അതോടൊപ്പം എല്ലാ തലത്തിലുമുള്ള നിയമലംഘനങ്ങളും ഇല്ലാതാകും.                                                                                                                     ഗൾഫ് നാടുകളിലെത്തുന്ന നമ്മുടെ സഹോദരന്മാർ വളരെ നല്ലവരായി നിയമം അനുസരിക്കുന്നവരായി ജീവിക്കുന്നതു കണ്ടോ. നിത്യജീവിതത്തിലല്ല സ്വപ്നത്തിൽ പോലും അവിടെ അവർ നിയമം ലംഘിക്കാൻ തയ്യാറാവുന്നില്ല എന്നതിന്റെ കാരണം മറ്റൊന്നുമല്ല നിയമം ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണെന്ന സന്ദേശംഅവർക്ക് ലഭിക്കുന്നു വളരെപ്പെട്ടെന്നു തന്നെ.

2 comments :

  1. അങ്ങനെ ജനത്തിന്റെ ഭക്ഷണത്തിൽ,കുടിവെള്ളത്തിൽ,അവന്റെ ജീവിതത്തിൽ,അവന്റെ ജീവിതഭൂമികയിൽ ഒക്കെ നിയമലംഘനം നടത്തി അവനെ ബുദ്ധിമുട്ടിക്കാനും കഴിയുമെങ്കിൽ അവനെ ഉന്മൂലനം ചെയ്യാനും മലയാളിക്കൊരു മടിയുമില്ലാത്ത അവസ്ഥയായി. അതവന്റെ സാധാരണ ദിനചര്യയായി, അങ്ങനെ ചെയ്തില്ലെങ്കിലാണ് അവന് അസ്വസ്ഥത എന്നായി.

    ReplyDelete
  2. നല്ല ലേഖനം
    മാതൃകാപരമായി ശിക്ഷിക്കാന്‍ അര്‍ഹതയുള്ളവര്‍ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നതാണ് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം!

    ReplyDelete