ജനാധിപത്യം ജനങ്ങളുടെ ആധിപത്യം ആകണമെങ്കിൽ

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                          നാധിപത്യം എന്നാൽ ജനങ്ങളുടേ ആധിപത്യം എന്ന് നാം കേട്ടിട്ടുണ്ട്.ജനങ്ങൾ എന്തിനു മേൽ ആധിപത്യം പുലർത്തുന്നു? അല്ലെങ്കിൽ ആരുടെ മേൽ ആധിപത്യം പുലർത്തുന്നു? മറുപടിയില്ല.അപ്പോൾ അതല്ല ശരി.ശരിയായ കാര്യം ഇതാണ്, ജനങ്ങളുടെ മേലുള്ള ആധിപത്യം.ആരുടെ ആധിപത്യം? ഒരു പാടു പേരുടെ ആധിപത്യം.ഉദാഹരണത്തിന് ഭരണാധികാരികളുടെ ആധിപത്യം, മുതലാളിമാരുടെ ആധിപത്യം,രാഷ്ട്രീയക്കാരന്റെ ആധിപത്യം,പോലീസിന്റെ ആധിപത്യം,പട്ടാളത്തിന്റെ ആധിപത്യം,പുരോഹിതന്മാരുടെ ആധിപത്യം,മതങ്ങളുടെ ആധിപത്യം,ദൈവങ്ങളുടെ ആധിപത്യം.അങ്ങനെ അങ്ങനെ നോക്കിയാൽ റോഡ് സൈഡിൽ കാണുന്ന തെരുവുപട്ടി വരെ ജനങ്ങളുടെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നതായും അവസരമൊത്തു വന്നാൽ ആധിപത്യം പുലർത്തുന്നതായും നമുക്ക് കാണാം.                                                                                                                                                                                                                                               വഴിയരികിൽ കാണുന്ന തെരുവ് പട്ടി പോലും ഒറ്റയ്ക്കൊരാളെ കണ്ടാൽ കുരച്ചുകൊണ്ട് തിരിഞ്ഞു നിൽക്കും.നാമൊരല്‍പ്പം പേടി കാണിച്ചാൽ നമ്മുടെ നേർക്ക് ചാടി വരുകയും ചെയ്യും.അപ്പോൾ എന്തിനേയും ഏതിനേയും പേടിച്ച്, സഹിച്ച്, ക്ഷമിച്ച് ജീവിക്കാനാണ് സാധാരണക്കാരായ പൊതുജനത്തിന്റെ വിധി.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? അതോ ലോകത്തെങ്ങും ഇതു തന്നെയാണോ സാധാരണക്കാരുടെ ഗതി?                                                                                                                                                  വികസിതരാഷ്ട്രങ്ങളിലെ സ്ഥിതിഗതികൾ വീക്ഷിച്ചാൽ ഇന്ത്യയിലേപ്പോലെ പെരുംദുരിതത്തിലല്ല അവിടങ്ങളിൽ ജനാധിപത്യം വാഴുന്നതെന്ന് കാണുവാൻ കഴിയും.വികസിത രാഷ്ട്രങ്ങളിൽ മാത്രമല്ല നമ്മേ പോലുള്ള പല മൂന്നാം ലോകരാഷ്ട്രങ്ങളിലും സ്ഥിതി വ്യത്യസ്ഥമാണെന്നു കാണാം.എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം ഇങ്ങനെ?                                                      2014 ജൂലൈ 31ന്റെ ദേശാഭിമാനി ദിനപ്പത്രത്തിൽ ആർ.പാർവതീദേവി എഴുതിയ ലേഖനത്തിൽ( മാധ്യമങ്ങളുടെ അന്ധവിശ്വാസം) ടിവി ചാനലുകളെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇങ്ങനെ പറയുന്നതായി അവർ പറയുന്നു:- “(അഡ്വർടൈസിങ്ങ് കോഡ് 7(5),പ്രോഗ്രാം കോഡ്6(1) ജെ പ്രകാരം പരസ്യപ്പെടുത്തുന്ന ഉല്‍പ്പന്നത്തിനോ അതിലടങ്ങിയ വസ്തുക്കൾക്കോ തെളിയിക്കപ്പെടാനാവാത്ത അൽഭുത ശക്തിയോ അമാനുഷിക ഗുണങ്ങളോ ഉണ്ടെന്ന് ജനങ്ങൾ അനുമാനിക്കുന്നതിന് ഇട നൽകുന്ന പരാമർശങ്ങൾ പരസ്യത്തിൽ ഉണ്ടാകാൻ പാടില്ല.”നോക്കൂ എത്ര ക്ലിയറായ നിയമം. സാങ്കേതികമായി എന്തെല്ലാം കുറ്റങ്ങൾ ഉണ്ടെന്നെനിക്കറിയാൻ പാടില്ലെങ്കിലും ഈ നിയമത്തിൽ പറയുന്ന കാര്യങ്ങൾ ക്ലിയറാണ്.                                                                                                                                                                                                                                                   എന്നിട്ടും ഈ നിയമങ്ങൾ ഇവിടെ ഉള്ളപ്പോൾ തന്നെയാണ് കുബേർ കുൺജി എന്ന ഉപകരണം ഈ നാട്ടിൽ നിന്ന് നൂറുകോടി രൂപ പിരിച്ചുകൊണ്ടു പോയത്,കുബേർ കുഞ്ചിയെന്ന് കേട്ടിട്ടില്ലേ, മൂവായിരത്തിനു മുകളിൽ വിലയുള്ള ആ സാധനം പോസ്റ്റലിൽ വരുത്തി വീട്ടിൽ വച്ചാൽ മാത്രം മതി നിങ്ങളുടെ കല്യാണപ്രായം കഴിഞ്ഞു നിൽക്കുന്ന മകൾ/സഹോദരി/ബന്ധു വിന്റെ കല്യാണം ഉടനടി നടക്കും.ജോലി കിട്ടാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന നിങ്ങളുടെ മകൻ(ൾ)/സഹോദരൻ(രി)/ബന്ധു വിന് അപ്പോൾത്തന്നെ ജോലി ലഭിക്കും.മാറാരോഗിയായ നിങ്ങൾ/നിങ്ങളുടെ ഉറ്റബന്ധു വിന്റെ മാറാരോഗം ആ മെഷീൻ കൊണ്ടുവച്ച ആ നിമിഷത്തിൽ ഡോക്ടറെ കാണാതെയും മരുന്നോ ഓപറേഷണോ കൂടാതെയും പമ്പ കടക്കും.അവരുടെ പരസ്യമാണിത്.കുറേയേറെ അനുഭവസാക്ഷ്യങ്ങളും അവർ കാണിച്ചിരുന്നു.ഇതെല്ലാം നിരന്തരം നടന്നുകൊണ്ടിരുന്നത് നമ്മുടെ ദേശീയ ടി വി ചാനലുകളിലാണെന്നോർക്കണം. ദിവസവും അരമണിക്കൂർ വീതം എല്ലാ ദിവസവും പരസ്യമായി എല്ലാവർക്കുമായി അവരിത് സമ്പ്രേക്ഷണം ചെയ്തിരുന്നു.അവസാനം കാര്യം നടക്കാതെ വന്നപ്പോൾ ആരോ കേസു കൊടുത്തു.അതുകൊണ്ടു മാത്രം ഖേദപൂർവം അവരാ പരസ്യപ്രക്ഷേപണം ഒഴിവാക്കി.തീർന്നില്ല, ഇന്നാ സ്ഥാനത്ത് വലമ്പിരി ശംഖാണ് വരുന്നതെന്ന് മാത്രം.(കേസ് കുബേർകുഞ്ചിക്കായിരുന്നല്ലോ).                                                                                         മുകളിൽ പറഞ്ഞ നിയമവും ചാനലുകാർക്ക് ആ നിയമത്തോട് ഇപ്പോഴുമുള്ള ബഹുമാനവും നോക്കിക്കേ. അപ്പോൾ നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല ആ നിയമങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ആരും കാണിക്കുന്നില്ല എന്നതാണ് ശരി.അപ്പോൾ എന്തിനാണീ നിയമങ്ങൾ? ലംഘിക്കാൻ വേണ്ടി മാത്രമോ?                                                                                                                                                                                                                                                                                 ഇനി വേറൊരു കഥ നോക്കാം.നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന പൂട്ടാൻ താഴന്വേഷിക്കുന്ന സ്ഥിതിയാണിപ്പോൾ നമ്മുടെ കെ എസ് ആർ ടി സിയ്ക്ക്.ആ കെ എസ് ആർ ടി സിയെ രക്ഷിക്കാനായി പ്രൈവറ്റ് ബസ്സുകളുടെ ദൂരക്കൂടുതലുള്ള സൂപ്പർ പെർമിറ്റുകൾ തീരുന്ന മുറയ്ക്ക് അവയെ ഒഴിവാക്കി പകരം കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തണമെന്നൊരു തീരുമാനം മന്ത്രിസഭ എടുത്തു.തീരുമാനമെടുത്ത് പിരിഞ്ഞ പിറ്റെന്നു തന്നെ അഞ്ചോ ആറോ പ്രൈവറ്റ് ബസ്സുകൾക്ക് പെർമിറ്റ് പുതുക്കി നൽകി മന്ത്രിസഭ തീരുമാനം അട്ടിമറിച്ചു ട്രാൻസ്പോർട്ട് മന്ത്രി.അപ്പോൾ പിന്നെ എന്തിനായിരുന്നു ആ മന്ത്രിസഭ തീരുമാനം? ട്രാൻസ്പോർട്ട് മന്ത്രിയുടെ നടപടിയെ എതിർക്കാൻ മുഖ്യമന്ത്രിയടക്കം ആരുമുണ്ടായില്ല എന്നതു തന്നെ തീരുമാന ലംഘനം മുഴുവൻ മന്ത്രിമാരുടേയും അനുവാദത്തോടെയെന്ന് വ്യക്തം.അപ്പോൾ പിന്നെ എന്തിനായിരുന്നു ആ മന്ത്രിസഭാ തീരുമാനമെന്ന പൊറോട്ടുനാടകം?തീർന്നില്ല +2 സ്കൂളുകളുടെ പ്രശ്നമെടുകുക, അല്ലെങ്കിൽ ഈ നാട്ടിലെ ഏതു പ്രശ്നമെടുത്താലും ഈ ഉദാസീനത നമുക്ക് കാണാൻ കഴിയും.                                                                                                                                                                                                                                                                                                               തങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ച തങ്ങളുടെ യജമാനന്മാരായ പൊതുജനങ്ങളോട് ഈ രീതിയിൽ പെരുമാറാൻ മന്ത്രിമാർക്ക് എന്തുകൊണ്ട് ധൈര്യം വരുന്നു?ജനങ്ങൾ കാണുകയും അങ്ങനെ വ്യൂവർഷിപ്പ് ലഭിച്ച് പരസ്യത്തിന്റെ റേറ്റ് കൂട്ടുകയും ചെയ്യുന്ന ചാനലുകളും മറ്റ് മാധ്യമങ്ങളും തിരിച്ച് ജനങ്ങൾക്ക് നൽകുന്നതെന്താണ്?വീട്ടിൽ അരിമേടിയ്ക്കാൻ വച്ച കാശും രോഗം വന്ന കൊച്ചിനു മരുന്നു മേടിക്കാൻ വച്ചിരുന്ന കാശുമെല്ലാമെടുത്ത് നികുതിയടച്ച് ശംബളം കൊടുത്ത് തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥർ തരം കിട്ടുമ്പോഴെല്ലാം ജനത്തിന്റെ തലയിൽ കയറുന്നതിനുമൊക്കെ എന്താണ് കാരണം?                                                                                                    ഇതിനെല്ലാം ഒരൊറ്റക്കാരണമേയുള്ളൂ, ജനത്തിന്റെ ശ്രദ്ധക്കുറവ്.ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാകണമെങ്കിൽ ജനങ്ങൾ സദാ ജാഗരൂകരായിരിക്കണമെന്ന് ജനാധിപത്യത്തിന്റെ അപ്പോസ്ഥലന്മാരൊക്കെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.ജാഗ്രത  കുറഞ്ഞ ഇടങ്ങളിലെല്ലാം ഒന്നുകിൽ ജനങ്ങളെ മണ്ടന്മാരാക്കുന്ന പൊറോട്ടുനാടകങ്ങൾ  വർദ്ധിച്ചു വരികയോ അല്ലെങ്കിൽ ജനാധിപത്യം സ്വേച്ഛാധിപത്യമോ ഏകാധിപത്യമോ ആയിപ്പോകാറുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ് നമ്മൾ തന്നെയാണ്. 1975 ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ തൂത്തെറിഞ്ഞ അതേ ജനങ്ങൾ തന്നെ ഒന്നൊ രണ്ടോ വർഷങ്ങൾക്കുശേഷം അതേ ടീമിനെത്തന്നെ അധികാരത്തിലേറ്റിയ ചരിത്രവും നമുക്കുണ്ട്.                                                              പക്ഷെ ജനാധിപത്യത്തിന്റെ നടത്തിപ്പിനേക്കുറിച്ച് നിതാന്തജാഗ്രത നമുക്കില്ല എന്ന ഒരൊറ്റക്കാരണം കൊണ്ടാണ് നമ്മെ നമ്മുടെ യജാമാനന്മാർ എന്നു ഭാവിക്കുന്നവർ നിലത്തിട്ടടിക്കുന്നത്.

2 comments :

  1. ജനങ്ങളുടെ മേലുള്ള ആധിപത്യം.ആരുടെ ആധിപത്യം? ഒരു പാടു പേരുടെ ആധിപത്യം.ഉദാഹരണത്തിന് ഭരണാധികാരികളുടെ ആധിപത്യം, മുതലാളിമാരുടെ ആധിപത്യം,രാഷ്ട്രീയക്കാരന്റെ ആധിപത്യം,പോലീസിന്റെ ആധിപത്യം,പട്ടാളത്തിന്റെ ആധിപത്യം,പുരോഹിതന്മാരുടെ ആധിപത്യം,മതങ്ങളുടെ ആധിപത്യം,ദൈവങ്ങളുടെ ആധിപത്യം.അങ്ങനെ അങ്ങനെ നോക്കിയാൽ റോഡ് സൈഡിൽ കാണുന്ന തെരുവുപട്ടി വരെ ജനങ്ങളുടെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നതായും അവസരമൊത്തു വന്നാൽ ആധിപത്യം പുലർത്തുന്നതായും നമുക്ക് കാണാം.

    ReplyDelete
  2. അല്ലെങ്കിൽ ഈ നാട്ടിലെ ഏതു പ്രശ്നമെടുത്താലും ഈ ഉദാസീനത നമുക്ക് കാണാൻ കഴിയും.>>>>>>>>>>> അത് ഉദാസീനതയല്ല. പണം വരുന്ന വഴികളാണ്. ആരെങ്കിലും അടച്ചുകളയുമോ!

    ReplyDelete