കേഴുക മമ നാടേ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       
(വിഷയം ഒരല്പം പഴകിപ്പോയി.സുനാമിത്തിരകള്‍ പോലെ സംഭവങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്ന ഈ കേരളനാട്ടില്‍ ഈ വിഷയം ശരിക്കും പഴകുക തന്നെ ചെയ്തു.എന്റെ മെഷീനുണ്ടായ ചില സാങ്കേതികപ്റശ്നങ്ങളാണിതിനു പിന്നില്‍.)

                               ആദ്യം സംഭവിച്ചത് ആകസ്മികം.അന്നതിനെതിരെ നിരവധി മുഖ:പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും വന്നു.നിരവധി തെരുവോരജാഥകള്‍ വന്നു.രണ്ടാമത് സംഭവിച്ചപ്പോഴോ അത് അബദ്ധമാണെന്ന് വിചാരിച്ച് വീണ്ടും മുന്നറിയിപ്പുകളും മറ്റും നടന്നു.എന്നാല്‍ മൂന്നാമതും സംഭവിച്ചപ്പൊഴോ അതൊരു വെല്ലുവിളിയായി മാറുന്നതുപോലെ.ആദ്യം കരുനാഗപ്പള്ളിയില്‍ ജിന്നിനെ ഒഴിപ്പിച്ചതായിരുന്നു, പക്ഷെ ഒഴിഞ്ഞത് ചോരയും നീരുമുള്ള യുവതിയായിരുന്നു.അടുത്തത് കുറ്റിപ്പുറത്ത്.അവിടെ ഗര്‍ഭിണിയായ സ്ത്രീ ആയിരുന്നു ഇര.ഗര്‍ഭാലസ്യം കണ്ട് ജിന്നുബാധയെന്ന് തെറ്റിദ്ധരിച്ചു.മൂന്നാമത്തേത് പത്തനംതിട്ടക്കടുത്ത് വടശ്ശേരിക്കരയില്‍.അവിടെ പിന്നെ സംശയമൊന്നുമില്ല, പ്രേതംകൂടിയ കോളേജ് കുമാരിയെ പൊള്ളലേല്‍ പ്പിച്ച് കൊന്നുകളഞ്ഞു.
                      ഇതെല്ലാം സംഭവിച്ചത് വിദ്യാഭ്യാസത്തില്‍ സാക്ഷരതയില്‍ ഭാരതത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണെന്നതണല്‍ഭുതം.പോര മിക്കവാറും എല്ലാ സല്‍ഗുണങ്ങളുടേയും കാര്യത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ തന്നെ.ഒറീസ്സയിലൊ മധ്യപ്രദേശിലോ ബീഹാറിലോ ഒക്കെയാണെങ്കില്‍ നമുക്ക് സ്വാഭാവികം എന്നു മനസ്സിലാക്കാം.കാരണം അവിടുത്തെ ജനങ്ങള്‍ 18‌-)0 നൂറ്റാണ്ടിലോ 16‌-)0 നൂറ്റാണ്ടിലോ ആണ് ജീവിക്കുന്നതെന്ന് നാം തമാശ പറയാറുണ്ട്.എന്നിട്ടും ഈ കേരളത്തില്‍ ഇതുസംഭവിക്കുക എന്നു പറഞ്ഞാല്‍  അതൊരു ഭീകരമായ സംഭവം തന്നെയാണ്.ഈ സംഭവങ്ങളെക്കുറിച്ചൊരുപാടുപേര്‍ പ്രതികരിച്ചുകഴിഞ്ഞു.എങ്കിലും അത് വായിച്ചിട്ട് എനിക്കൊരു തൃപ്തിയായില്ല.അതുകൊണ്ട് എന്റെ ഒരു ഭാഷ്യം കൂടി ഇരിക്കട്ടെ എന്ന് വച്ചു. അത്ര തന്നെ.
               ഇതിന്റെ വേരുകളന്വേഷിച്ച് നാം പോകേണ്ടത് അത്ര ദൂരെയൊന്നുമല്ല എന്നെനിക്ക് തോന്നുന്നു.1957 ല്‍ ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇ എം എസിന്റെ നേതൃത്വത്തില്‍ എനിക്കുതോന്നുന്നത് 11 അംഗ മന്ത്രിസഭയാണ് അധികാരത്തിലെത്തിയതെന്നാണ്. കേരളം രൂപം കൊണ്ടതിനുശേഷം - സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളം മുഖ്യമായി തിരുവിതാംകൂര്‍, കൊച്ചി ,ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാര്‍ എന്നിങ്ങനെ വിഭജിച്ചു കിടക്കുകയായിരുന്നു - വരുന്ന ആദ്യത്തെ ജനകീയ ഗവണ്മെന്റ്.ഒരു ആധുനീക കേരളം പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം ആ ഗവണ്മെന്റിനായിരുന്നു.ആ ഗവണ്മെന്റ് വരുന്നതിനും ഒരു ചരിത്രമുണ്ട്.കേരളത്തെ കേരളമാക്കിയ ചരിത്രം.
           പഴയ കേരളം നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതി മത ഉള്‍പ്പിരിവുകള്‍ കൊണ്ടും മനുഷ്യനു പാര്‍ക്കാന്‍ പറ്റാത്ത ഇടമായിരുന്നു.ഏറ്റവും പ്രാകൃതരായവര്‍ എന്ന് നാം കരുതുന്നിടത്തുനിന്ന് കേരളത്തില്‍ 1800 കളില്‍ വന്ന ശ്രീ വിവേകാനന്ദന്‍ പറഞ്ഞത് കേരളം ഭ്രാന്താലയമാണെന്നാണ് എന്നോര്‍ത്താല്‍ കേരളത്തിന്റെ അന്നത്തെ സ്ഥിതി എന്തായിരിക്കും?
എന്നാല്‍ പിന്നീട് ഇവിടെ നടന്ന നവോത്ഥാനപ്രസ്ഥനങ്ങളും അവരുടെ ചുവടുപിടിച്ചെത്തിയ പുരോഗമനപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പുതിയൊരു കേരളം സൃഷ്ടിക്കുന്നതില്‍ വിജയിച്ചു.അതിന്റെ തുടര്‍ച്ചകൂടിയായിരുന്നു 1957 ലെ ഇടതുപക്ഷ ഗവണ്മെന്റ്.ജനവികാരം മനസ്സിലാക്കി പുരോഗമനാശയങ്ങളുമായി ഗവണ്മെന്റ് ഒട്ടേറെ നല്ല കാര്യങ്ങള്‍ക്ക് തുടക്കമിട്ടു.വിദ്യാഭ്യാസനിയമം, കുടികിടപ്പ് നിയമം തുടങ്ങി ജനോപകാരപ്രദമായ എത്രയോ നിയമങ്ങള്‍ക്ക് അവര്‍ തുടക്കം കുറിച്ചു.എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടും നെഞ്ചിടിപ്പ് കൂടിയ ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു, കേന്ദ്രവും മിക്കവാറും സംസ്ഥാനങ്ങളും കയ്യില്‍ കിട്ടിയിട്ടും ജനങ്ങള്‍ക്കു വേണ്ടി ഒരു ചുക്കും ചെയ്യാത്ത കോണ്‍ഗ്രസ്സ് പാര്‍ട്ടി.ഈകളി തുടര്‍ന്നാല്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്നവര്‍ കണ്ടു.അവരുടെ ബുദ്ധികേന്ദ്രങ്ങള്‍ ഇതിനെതിരെ ഉണര്‍ന്നു.അതിന്റെ ഫലമായിരുന്നു വിമോചനസമരം.
                        നവോത്ഥാനപ്രസ്ഥാനത്തിന്റെ എരിതീയില്‍ വെന്തെരിഞ്ഞ് മുക്കാലും മൃതിയടഞ്ഞ ഇന്നാട്ടിലെ മുഴുവന്‍ ജാതിമതശക്തികളേയും കോണ്‍ഗ്രസ്സ് അവരുടെ കുടക്കീഴില്‍ അണിനിരത്തുകയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനെ നിയമവിരുദ്ധമായി പുറത്താക്കിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.അങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന് കോണ്‍ഗ്രസ്സ് തീരാക്കളങ്കം വരുത്തിവച്ചു എന്നു തന്നെയുമല്ല ഒരു തുള്ളി വെള്ളം പോലും ആരും കൊടുക്കാനില്ലാതെ മൃതിയടയുമായിരുന്ന എല്ലാ ജാതിമതശക്തികളേയും ജീവന്‍ വയ്പ്പിച്ച് അണിനിരത്തുന്നതിലവര്‍ വിജയിക്കുകയും ചെയ്തു.ഒടുക്കം പറഞ്ഞതായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കേരളത്തോട് ചെയ്ത തീരാക്കളങ്കം.   
 മൃതസഞ്ജീവനി കിട്ടി ഉണര്‍ന്ന ജാതിമതശക്തികള്‍ ഇന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പിടിമുറുക്കിയിരിക്കയാണ്.പതുക്കെ പതുക്കെയായിരുന്നു അവരുടെ ഇടപെടല്‍.വോട്ടുബാങ്കുമായി ആദ്യകാലത്ത് ഭീഷണിയായി തുടങ്ങി പതുക്കെ മറ്റുമേഖലകളിലേയ്ക്ക് പടരാന്‍ തുടങ്ങി. ഒരു മതേതര രാഷ്ട്രത്തില്‍ മതങ്ങള്‍ക്ക് ഒരു പരിധിയുണ്ട്.എന്നാല്‍ പരസ്യമായി ഈ പരിധി ലംഘിച്ച് ലംഘിച്ച് യുവജനസംഘടനകളായി , സ്ത്രീ ശാക്തീകരണശക്തികളായി, ബിസിനസ്സ് പ്രൊവൈഡര്‍മാരായി ,പണം കടം കൊടുക്കുന്ന സ്ഥാപനങ്ങളായി, ബാറുകളുടെ നടത്തിപ്പുകാരായി, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി, ആശുപത്രി നടത്തിപ്പുകാരായി ,സ്വകാര്യഗവണ്മെന്റുകളായി, ഗവണ്മെന്റ് പോളിസി നിര്‍മ്മാതാക്കളായി, മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും നിയന്ത്രിക്കുന്നവരും നിയമിക്കുന്നവരും ആയി ഇവര്‍ നഗ്നമായി അഴിഞ്ഞാടി.ഒരു പരിധിവരെ രണ്ടുപക്ഷവും ഇതിനുകാരണക്കാരാണെങ്കിലും ഇടതുപക്ഷം ഇതിന്റെ വരും വരായ്കകള്‍ കണ്ട് പെട്ടെന്ന് പിന്മാറി.ഇന്നും നമുക്ക് കാണാം കോണ്‍ഗ്രസ്സിനെ വരച്ച വരയില്‍ നിറുത്തി കാര്യം സാധിക്കുന്ന ജാതിമത ശക്തികളെ !.ഇവരോടൊപ്പം ഇന്ന് കമ്പോള ശക്തികളും ചേര്‍ന്നിരിക്കുന്നു.മാര്‍ക്കറ്റ് - അത് മാധ്യമമാകാം ദൃശ്യമാധ്യമമാകാം, മറ്റെന്തെങ്കിലുമാകാം  - ഈ ജാതിമത ശക്തികളുമായി കൂട്ടു ചേര്‍ന്നിരിക്കുന്നു.ഇതിന്റെ ഏറ്റവും വലിയ ദുര്യോഗം കേരളീയന്റെ ജീവിതത്തില്‍ നിന്ന് യുക്തിപരത , ശാസ്ത്രബോധം എടുത്തുകളയുന്നതില്‍ ഈ കൂട്ടുകെട്ട് വിജയിച്ചു എന്നതാണ്. മതമില്ലാത്ത ജീവന്‍ വന്നപ്പോള്‍ പ്രതിഷേധം ഉണ്ടായി കേരളത്തില്‍. അത് ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏതുശരി ഏതു തെറ്റ് എന്ന ഒരഭിപ്രായ രൂപീകരണം നടത്താനവര്‍ തുനിഞ്ഞില്ല.പകരം പ്രതിഷേധക്കാരാണു ശരി എന്ന് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ധാരണയ്ഉണ്ടാക്കും വിധം വാര്‍ത്തകള്‍ കൊടുക്കാനവര്‍ ശ്രദ്ധിച്ചു.രണ്ടു കാര്യങ്ങളാണതില്‍ നടന്നത്.ഒന്ന് ജനങ്ങളില്‍ നിന്ന്  യുക്തിചിന്ത ചോര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു, രണ്ട് ഭൂരിപക്ഷപ്രകാരം ജനങ്ങള്‍ തിരഞ്ഞെടുത്ത ഗവണ്മെന്റാണെങ്കിലും അജണ്ട തീരുമാനിക്കുന്നത് തങ്ങളാണെന്നവര്‍ തെളിയിച്ചു.
            തിരുവനന്തപുരത്തെ ഏതോ ഒരംബലത്തില്‍ വലിയ പ്രചരണമൊന്നും ഇല്ലാതിരുന്ന പൊങ്കാല എന്ന പരിപാടി മാധ്യമങ്ങളും കംബോളശക്തികളും ഏറ്റെടുത്ത് കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതിലവര്‍ വിജയിച്ചില്ലേ? അതിനെ എതിര്‍ക്കാന്‍ പോയാല്‍ അപ്പോള്‍ കാണാം നാവുനുണഞ്ഞുകൊണ്ടെത്തുന്ന ജാതിമതശക്തികളെ! ഉത്തരേന്ത്യയിലെ അക്ഷയതൃതീയ കേരളത്തിലെത്തിച്ച് ഒരാഘോഷമാക്കി മാറ്റിയത് കമ്പോളശക്തികളും മാധ്യമങ്ങളുമാണെങ്കില്‍ ഇന്നവയെ സംരക്ഷിക്കാന്‍ അണിയറയില്‍ മറ്റേ ശക്തികളുമുണ്ട്.ഈ കൂട്ടുകെട്ട് ചെയ്ത മറ്റൊരു കാര്യം ജനങ്ങളുടെ സംഘടിത ശക്തിയെ ഛിന്നഭിന്നമാക്കുക എന്നതാണ്.
                      സംഘടിതശക്തിയെ കൂട്ടം ചേര്‍ന്ന് അപഹസിക്കുക, സംഘടിതസമരങ്ങള്‍ക്കിടയില്‍ നിന്നും വീണുകിട്ടുന്ന പൊട്ടും പൊടിയും ( ആയ കാലത്ത് ഫോട്ടോഷോപ് ട്രിക്കുകളും പോലും) ഉപയോഗിച്ച് ജീവന്മരണസമരങ്ങളെ വിലയിടിച്ചുകാണിക്കുക,അതോടൊപ്പം ജാതിമതശക്തികള്‍ അവരുടേതായ പരിപാടികള്‍ നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുക( മതേതര രാജ്യത്ത് മതപരിപാടികള്‍ ആസൂത്രണം ചെയ്യുകയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആളുകളെ എത്തിക്കുക, ഇതന്താ പാകിസ്ഥാനോ?) അങ്ങനെ പൊതു ആവശ്യങ്ങള്‍ക്കായുള്ള സംഘം ചേരലുകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
       പുരോഗമനകാര്യങ്ങള്‍ക്കായി വിളിച്ചാല്‍ നൂറവധികള്‍ പറയുന്നവര്‍ തങ്ങളുടെ ജാതിപരിപാടികള്‍ക്കായി ആളും അര്‍ത്ഥവും ചൊരിയുന്നത് പതിവ് കാഴ്ചയാകുന്നു.നല്ലത് തന്നെ! നമുക്ക് വേണമെങ്കില്‍ വാദിക്കാം ജനം അവനിഷ്ടമുള്ളിടത്ത് പോകട്ടെ എന്ന്. ശരിയാണ് ഇഷ്ടമുള്ളിടത്ത് പൊക്കോട്ടെ, പക്ഷെ ജനം അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളില്‍ ഒന്നിനെങ്കിലും ഒരല്പ്പം പരിഹാരം കാണാന്‍ ഈ പറയുന്ന ജാതിമതശക്തികള്‍ക്ക് കഴിയുന്നുണ്ടോ ?കഴിഞ്ഞിട്ടുണ്ടോ? എന്തിന് അവരുടെ അജണ്ടയില്‍ പോലും ഇത്തരം കാര്യങ്ങള്‍ വരുന്നെങ്കിലുമുണ്ടോ?അവന്റെ പ്രശ്നങ്ങള്‍ക്ക് കാരണം കണ്ടെത്താനും പ്രതിവിധി നിര്‍ദ്ദേശിക്കാനും ആളെക്കൂട്ടി സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാനും ഭൗതികസംഘടനകള്‍ തന്നെ വേണം താനും.
                    ഇത് ആധുനീക കേരളീയനില്‍ ഒരു സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്.തനിക്കാവശ്യമുള്ളിടത്ത് പോകാന്‍ സ്വാതത്ര്യമില്ല എന്നാല്‍ അല്ലാത്തിടത്തേയ്ക്ക് പോകാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു.ഈ സംഘര്‍ഷം ശമിപ്പിക്കാന്‍ കമ്പോളത്തിന് ചൂണ്ടിക്കാണിക്കാനുള്ളത് ബാറുകളും ആരാധനാലയങ്ങളും ആള്‍ ദൈവങ്ങളുമാണ്.ഇതും ഇന്നത്തെ കേരളം പ്രദാനം ചെയ്തിട്ടുള്ള ഭൗതികസംഘര്‍ഷങ്ങളും മനുഷ്യനെ വല്ലാതെ വലയ്ക്കുന്നു.ചുറ്റുപാടുനിന്നും അവന്റെ കാതിലേയ്ക്ക് കണ്ണിലേയ്ക്ക് അലയടിച്ചെത്തുന്നത് മിഥ്യകളും വ്യാമോഹങ്ങളും മാത്രം.
അവന്‍ ചെന്നടിയുന്നത് കൂടുതല്‍ കൂടുതല്‍ വ്യാമോഹങ്ങളിലേയ്ക്കും ജ്യോല്‍സ്യന്മാരിലേയ്ക്കും തുടര്‍ന്ന് മന്ത്രവാദികളിലേയ്ക്കുമാണ്. അഭ്യസ്ഥവിദ്യരെന്നഭിമാനിക്കുന്നവര്‍ പോലും യുക്തിപരമായി ചിന്തിക്കാനോ ശാസ്ത്രീയബോധം തങ്ങളുടെ ജീവിതത്തില്‍ പുലര്‍ത്താനോ തയ്യാറാവുന്നില്ല.അവര്‍ക്ക് ലഭിച്ചിട്ടുള്ള വിദ്യാഭ്യാസം അവരെ അതിനു കഴിവുള്ളവരാക്കുന്നില്ല എന്നതാണു സത്യം.യുക്തിബോധവും ശാസ്ത്രബോധവും വിദ്യാഭ്യാസത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് എല്ലാ നിക്ഷിപ്തതാല്പര്യക്കാരും കൂടി എതിര്‍ത്ത് തോല്പ്പിച്ചതെങ്ങിനെയെന്ന് ചൂണ്ടിക്കാണിച്ചതോര്‍ക്കുന്നല്ലോ.അതുകൊണ്ടുതന്നെ തികച്ചും ബോധപൂര്‍വമായ കൂട്ടായ ഒരു ശ്രമം തന്നെവേണം ഇതിനെ മുറിച്ചുകടക്കാന്‍.  

1 comment :

  1. നമുക്ക് വേണമെങ്കില്‍ വാദിക്കാം ജനം അവനിഷ്ടമുള്ളിടത്ത് പോകട്ടെ എന്ന്. ശരിയാണ് ഇഷ്ടമുള്ളിടത്ത് പൊക്കോട്ടെ, പക്ഷെ ജനം അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളില്‍ ഒന്നിനെങ്കിലും ഒരല്പ്പം പരിഹാരം കാണാന്‍ ഈ പറയുന്ന ജാതിമതശക്തികള്‍ക്ക് കഴിയുന്നുണ്ടോ ?കഴിഞ്ഞിട്ടുണ്ടോ? എന്തിന് അവരുടെ അജണ്ടയില്‍ പോലും ഇത്തരം കാര്യങ്ങള്‍ വരുന്നെങ്കിലുമുണ്ടോ?അവന്റെ പ്രശ്നങ്ങള്‍ക്ക് കാരണം കണ്ടെത്താനും പ്രതിവിധി നിര്‍ദ്ദേശിക്കാനും ആളെക്കൂട്ടി സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാനും ഭൗതികസംഘടനകള്‍ തന്നെ വേണം താനും.

    ReplyDelete