ലലാടേ ലിഖിതാ രേഖാ

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


12/05/2015 ലെ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഡിറ്റ് പേജില്‍ ഡോ.ജെ.പ്രസാദ് എഴുതിയ ലേഖനം.

      പ്രില്‍ അവസാനം പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നും മെയ് മാസപ്പുലരിയില്‍ ഖന്ന ജില്ലയില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍ ഹൃദയമുള്ള ആരേയും വേദനിപ്പിക്കും.ഡല്‍ഹിയില്‍ തുടങ്ങിവച്ച "മൊബൈല്‍ പീഢനം" തൊട്ടടുത്ത സംസ്ഥാനങ്ങളിലേയ്ക്കുകൂടി വ്യാപിക്കുന്നു എന്നതിന്റെ സൂചനയായി വേണം പഞ്ചാബിലെ സ്ത്രീ പീഢനങ്ങളേയും കാണാന്‍.ഡല്‍ഹി സംഭവത്തില്‍ ഡല്‍ഹി നിവാസികളാകെ തെരുവിലിറങ്ങി ദിവസങ്ങളോളം പ്രതിഷേധിച്ചപ്പോള്‍ പഞ്ചാബിലെ പ്രതിഷേധത്തിന് ശക്തി കുറവായിരുന്നു എന്ന് വേണം കരുതാന്‍.ഇരയുടെ ഭാഗത്ത് നിലയുറപ്പിക്കാന്‍ ബാധ്യതപ്പെട്ട പോലീസ് ഭരണകൂട സമ്മര്‍ദ്ദത്തിനു വഴങ്ങി ഇരക്കെതിരെ പ്രവര്‍ത്തിക്കുന്ന കാഴ്ചയും നാം കണ്ടു.ക്രൂരമായി കൊല ചെയ്യപ്പെട്ട മകളുടെ മൃതശരീരവുമായി നാലു ദിവസം പ്രതിഷേധം നടത്താനേ ആ രക്ഷിതാക്കള്‍ക്ക് കഴിയുമായിരുന്നുള്ളു.അതിനു മുന്‍പുതന്നെ പ്രതിഷേധക്കാരുടെ ആവേശം കെടുത്താന്‍ ഭരണകൂടത്തിനു സാധിച്ചു.

              എല്ലാം സഹിക്കാം.കുട്ടിയുടെ കൊലപാതകത്തിനു പഞ്ചാബിലെ വിദ്യാഭ്യാസമന്ത്രി കണ്ടെത്തിയ ന്യായീകരണം ഹൃദയശൂന്യര്‍ക്കുപോലും സഹിക്കാന്‍ കഴിയുന്നതല്ല.അദ്ദേഹം പറയുന്നു - പെണ്‍കുട്ടി പീഢിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതുമൊക്കെ ദൈവനിശ്ചയം ആണെന്നാണ്.അതിന്റെ സാധൂകരണത്തിന് ഉപോല്‍ബലകമായി സൃഷ്ടിക്കപ്പെട്ട പ്രമാണവാക്യമിതാ - " അന്യഥാ ചിന്തിതം കാര്യം ദൈവം അന്യത്ര സാധയേല്‍." നാം ഒന്ന് ചിന്തിക്കുന്നു ദൈവം മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു എന്നര്‍ത്ഥം.മോഗയിലെ പെണ്‍കുട്ടി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കാപാലികരുടെ കാമവെറിയ്ക്ക് വിധേയമാകുന്നതിനിടയില്‍ പുറത്തേക്കെറിയപ്പെട്ട് നിഷ്ഠൂരം കൊല്ലപ്പെട്ടതിന് സാക്ഷിയാകേണ്ടി വന്ന പെറ്റമ്മയോട് പഞ്ചാബിലെ വിദ്യാഭ്യാസമന്ത്രി സുര്‍‌ജിത് സിങ്ങ് രഖ്റ പറയുന്നു - ഇത്തരം അപകടങ്ങള്‍ ആര്‍ക്കും തടയാനാവില്ല.ഇത് ദൈവനിശ്ചയമാണ് പ്രകൃതിയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്ന്.ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട മന്ത്രിയുടെ പ്രതികരണം ആരേയും ഞെട്ടിക്കുന്നത് തന്നെ.ഇത്തരം "ദൈവവിധികള്‍" പഞ്ചാബില്‍ ഇനിയും പ്രതീക്ഷിക്കാം.ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയും ഭഗവത് ഗീതയും പ്രമാണമാക്കിയ മോഡിയും കൂട്ടരും നാടുവാഴുമ്പോള്‍ ഇത്തരം "ദൈവഹിതങ്ങള്‍" ഇനിയും ഉണ്ടാകുമെന്നതിന്റെ സൂചനയാണ് വിദ്യഭ്യാസമന്ത്രിയുടെ പ്രഖ്യാപനം.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ്ങ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വച്ച് പീഢിപ്പിക്കപ്പെടണമെന്നും പുറത്തെയ്ക്ക് എറിയപ്പെട്ട് ദാരുണമായി കൊല്ലപ്പെടണമെന്നും ആ പെണ്‍കുട്ടിയുടെ തലയില്‍ സൃഷ്ടിവേളയില്‍ ബൃഹ്മാവ് നാരായം കൊണ്ട് രേഖപ്പെടുത്തിയിരുന്നു!അത് ഉല്ലംഘിക്കാന്‍ ആര്‍ക്കാണ് സാധിക്കുക! ആ കൊടുംക്രൂരതയ്ക്കും ഇതാ നോക്കൂ പ്രമാണം.
" ഹരിണാപി ഹരേണാപി ബൃഹ്മണാപി സുരൈരപി / ലലാടെ ലിഖിതാ രേഖാ പരിമാര്‍ഷ്ട്യം ന ശ കൃതേ"
അര്‍ത്ഥം വളരെ ലളിതം.നെറ്റിത്തടത്തില്‍ എഴുതപ്പെട്ട രേഖ മഹാവിഷ്ണു വിചാരിച്ചാലോ പരമശിവന്‍ വിചാരിച്ചാലോ ബൃഹ്മാവ് വിചാരിച്ചാലോ ദേവന്മാര്‍ തന്നെ വിചാരിച്ചാലോ മായ്ച്ചുകളയാന്‍ കഴിയില്ലത്രെ. ഈ തലേലെഴുത്തിന്റെ കാര്യമാണ് വിദ്യാഭ്യാസമന്ത്രി നമ്മെ ഓര്‍മ്മിപ്പിച്ചത്.ക്ഷേത്രദര്‍ശനത്തിനു പോകുന്ന കുടുംബം ഒന്നടങ്കം അപകടത്തില്‍ കൊല്ലപ്പെടുന്നതും ഇപ്പോള്‍ നേപ്പാളില്‍ ഭൂമികുലുക്കത്താല്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ ഭാഷയില്‍ തലേലെഴുത്തിന്റെ ഫലമാണ്.ഇക്കൂട്ടര്‍ ഒരു കാര്യം മനസ്സിലാക്കണം.സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വിരാജിക്കുമെന്നും അവിടെ ഐശ്വര്യം കുടികൊള്ളുമെന്നുംകൂടി , വിവരമുള്ള പ്രാമാണികര്‍ പറഞ്ഞുവൈച്ചിട്ടുണ്ട്. "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ: തത്ര ലക്ഷ്മീ വിരാജതേ" എന്ന് പാഠഭേദം.ഈ പ്രമാണം അംഗീകരിക്കാന്‍ മേലാളവര്‍ഗം ഒരിക്കലും മുന്നോട്ട് വന്നിട്ടില്ല.ഇക്കൂട്ടര്‍ യുക്തിചിന്തകരായ ചാര്‍‌വാകന്മാരോട് കാട്ടിയതും മറിച്ചായിരുന്നില്ല.ഇപ്പോഴിതാ യോഗാചാര്യന്‍ ബാബാ രാംദേവ് , നല്ല പുത്രോല്പ്പത്തിക്കായി ദിവ്യപുത്രജീവകബീജവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.ആണ്‍‌മക്കള്‍ ഇല്ലാത്ത രക്ഷിതാക്കള്‍ പുത് എന്ന നരകത്തില്‍ പോകുമത്രേ!പിതാവിനെ പുന്നരകത്തില്‍ അയയ്കാതെ രക്ഷിക്കുന്നവനത്രെ പുത്രന്‍.നാം പുത്രകാമേഷ്ടിയേക്കുറിച്ച് കേട്ടിട്ടുണ്ട്; എന്നാല്‍ പുത്രികാമേഷ്ടിയേക്കുറിച്ച് കേട്ടിട്ടില്ല.പുത്രിയ്ക്ക് പിതാവിനെ നരകത്തില്‍ പോകുന്നതില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കില്ലല്ലോ!?അതുകൊണ്ട് ഇഷ്ടമില്ലാത്തവരെയൊക്കെ ദേവദാസികളാക്കിമാറ്റി പുരോഹിതവര്‍ഗം അവരെ ഉപഭോഗവസ്തുവാക്കി മാറ്റുകയായിരുന്നു.ഇന്നും സ്ത്രീകളെ പൊതുവേ സുഖഭോഗവസ്തുവായാണ് ഇക്കൂട്ടര്‍ കരുതുന്നത്.
             നെഹൃവില്‍നിന്ന് മോഡിയിലേക്കെത്തുമ്പോള്‍ നമ്മുടെ രാജ്യം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടേയും കലവറയായി മാറുകയാണോ എന്ന് തോന്നിപ്പോകുന്നു.മരിക്കും‌വരെ അസോസിയേഷന്‍ ഓഫ് സയന്റിഫിക്ക് വര്‍ക്കേഴ്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു പ്രഥമപ്രധാനമന്ത്രി ജവഹര്‍‌ലാല്‍ നെഹ്രൂ ഒരിക്കലും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നില്ല.നവീകരിക്കപ്പെട്ട സോമനാഥക്ഷേത്രം ഉല്‍ഘാടനം ചെയ്യാന്‍ പോയ ഇന്ത്യന്‍ പ്രസിഡണ്ടിനെപ്പോലും തള്ളിപ്പറയാനുള്ള ആര്‍ജവം കാണിച്ചയാളായിരുന്നു അദ്ദേഹം.ജനങ്ങളില്‍ യുക്തിചിന്തയും ശാസ്ത്രബോധവും വളര്‍ത്തുന്നതിന്ന് അദ്ദേഹം അനവരതം പ്രവര്‍ത്തിച്ചു.ഇന്നിപ്പോള്‍ ശാസ്ത്രകോണ്‍ഗ്രസ്സിനെ സംസ്കൃതകോണ്‍ഗ്രസ്സാക്കാന്‍ പാടുപെടുന്ന ഒരു പ്രധാനമന്ത്രിയേയാണ് നാം കാണുന്നത്.അതിനെതിരെ പ്രതികരിക്കാന്‍ കഴിഞ്ഞവര്‍ഷം മുമ്പെയില്‍ ചേര്‍ന്ന സയന്‍സ് കോണ്‍ഗ്രസ്സിലെ ഒരംഗവും തയ്യാറായില്ല.ഇന്ന് രാജ്യം നേടിയതും ഇനി നേടാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രനേട്ടങ്ങളും നമ്മുടെ പൂര്‍‌വികരായ റിഷീവര്യന്മാര്‍ കണ്ടുപിടിച്ചതാണ് എന്ന് പറയാനുള്ള മോഡിയുടെ ചങ്കൂറ്റത്തെ വലിയ വിധ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണജനങ്ങള്‍ പോലും പുശ്ചിച്ചു തള്ളീയപ്പോള്‍ നമ്മുടെ ശാസ്ത്രലോകം കൈയടിച്ച് സ്വാഗതം ചെയ്യുകയായിരുന്നു.സ്വന്തം ബുദ്ധിവൈഭവത്തെക്കുറിച്ച് അഭിമാനിക്കുന്നതിന്നു പകരം റോക്കറ്റുകളുടെ പ്രതിരൂപം ക്ഷേത്രങ്ങളില്‍ പൂജയ്ക്കുവച്ച് പ്രാര്‍ത്ഥിക്കുന്ന ഇക്കൂട്ടര്‍ ഭാരതത്തിനു മാത്രമല്ല ശാസ്ത്രലോകത്തിനാകെ അപമാനമാണ്.നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ ശാസ്ത്രബോധം സാമാന്യബോധത്തിലേയ്ക്ക് ചുരുങ്ങുന്നതിന് സി എന്‍ ആര്‍ റാവു പോലുള്ള ലോകം അറിയുന്ന ശാസ്ത്രജ്ഞര്‍ പരസ്യമായി പ്രതികരിച്ചിട്ടുണ്ട് എന്നത് പ്രത്യാശയ്ക്ക് വക നല്‍കുന്നു.
                                  ഭാരതത്തിലെ പൂര്‍‌വികരായ ഒട്ടുമിക്ക മഹര്‍ഷിമാരും അവരവരുടെ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു.അവരുടെ ദര്‍ശനങ്ങളില്‍ ശരിയും തെറ്റും ഉണ്ടാവുക സ്വാഭാവികം.നിരന്തര ചര്‍ച്ചകളിലൂടെയും സം‌വാദങ്ങളിലൂടേയുമായിരുന്നു അവര്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചത്.പില്‍ക്കാലത്ത് നിക്ഷിപ്ത താല്പ്പര്യക്കാരായ ഒരു വിഭാഗം അവരവരുടെ താല്പ്പര്യാനുസാരം വെട്ടിനിരത്തലുകളും കൂട്ടിച്ചെര്‍ക്കലുകളും നടത്തി സ്വന്തം താല്പ്പര്യങ്ങള്‍ക്ക് ആധികാരികത കല്പ്പിക്കുകയായിരുന്നു. അതുകൊണ്ടാണല്ലോ സ്വാമി വിവേകാനന്ദന്‍ പോലും ഉപനിഷത്‌സാരം ഉള്‍ക്കൊണ്ട് ഭാരതജനതയോട് ഇങ്ങനെ ആഹ്വാനം ചെയ്തത് - "ഉത്തിഷ്ഠത ! ജാഗ്രത ! പ്രാപ്യവരാന്‍ നിബോധത " എന്ന്.ശ്രേഷ്ഠന്മാരായ ഗുരുക്കന്മാരെ മാത്രം പ്രാപിച്ച് വിദ്യാഭ്യാസം നേടാനാണ് സ്വാമി യുവജനങ്ങളെ ഉപദേശിച്ചത്.കാരണം പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാതുര്‍‌വര്‍ണ്യവും അയിത്തവും അനാചാരവും ബ്രാഹ്മണമേധാവിത്വവും അന്ധവിശ്വാസവും ഇവിടം കൈയടക്കിയിരുന്നു.അന്ന് ക്ഷേത്രങ്ങളും വിദ്യാലയങ്ങളും എല്ലാം സവര്‍‌ണ്ണര്‍ക്കുമാത്രം സ്വന്തമായിരുന്നു.അതുകൊണ്ടാണ് ഗോസം‌രക്ഷണത്തിനായി അനുഗ്രഹം തേടി വരുന്നവരോട് സ്വാമി സം‌വാദത്തില്‍ ഏര്‍പ്പെട്ടത്.അവരുടെ കണ്ണില്‍ മനുഷ്യന്‍ പട്ടിണി കിടന്ന് മരിക്കുന്നത് മുജ്ജന്മകര്‍മ്മഫലം മൂലമായിരുന്നു.അത് മൃഗങ്ങളുടെ കാര്യത്തിലും ആയിക്കൂടെ എന്ന സ്വാമിയുടെ മറുചോദ്യം ഗോസം‌രക്ഷകരെ ചൊടിപ്പിക്കുക തന്നെ ചെയ്തു.ഇന്ന് ആ ഗോസം‌രക്ഷകരുടെ വേഷമണിഞ്ഞ് സംഘപരിവാര്‍ വരുന്നു എന്ന വ്യത്യാസമേയുള്ളൂ.
                          നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെ (51 ) പൗരന്‍‌മാര്‍ക്കിടയില്‍ ശാസ്ത്രീയ കാഴ്ചപ്പാടും മാനവീകതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള കര്‍ത്തവ്യപൂരണത്തിനായി ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.മാത്രമല്ല മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിദ്ധ്യങ്ങള്‍ക്കതീതമായി ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദവും പൊതുവായ സാഹോദര്യ മനോഭാവവും പുലര്‍ത്തുന്നതിന്നും സ്ത്രീകളുടെ അന്തസ്സിനു കുറവു വരുത്തുന്ന ആചാരങ്ങള്‍ പരിത്യജിക്കേണ്ടതും ഓരോ പൗരന്റേയും മൗലീക കര്‍ത്തവ്യമാണ്.അത് നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ കര്‍ത്തവ്യ നിര്‍‌വഹണത്തിനു പകരം എല്ലാം ദൈവനിശ്ചയമാണ് എന്ന് പറഞ്ഞ് ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആശാസ്യമല്ല.മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും സ്ത്രീത്വത്തിന് അപമാനം വരുത്തിവച്ച ഈ വിദ്യാഭ്യാസമന്ത്രി ഒരു നിമിഷം പോലും ആ കസേരയില്‍ ഉണ്ടാകുമായിരുന്നില്ല.തന്തയ്ക്ക് പിറന്നവര്‍ ദല്‍ഹി ഭരിയ്ക്കണോ തന്തയ്ക്കു പിറക്കാത്തവര്‍ ഭരിക്കണമോ എന്ന് പ്രഖ്യാപിച്ച മന്ത്രിണിയെ സം‌രക്ഷിച്ചവര്‍ തന്നെ സുര്‍ജിത്ത് സിങ്ങിനേയും സം‌രക്ഷിച്ചുകൊള്ളും എന്നതിന്റെ സൂചനയാണ് മോഡിയുടെ പതിവ് മൗനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.






2 comments :

  1. നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെ (51 എ) പൗരന്‍‌മാര്‍ക്കിടയില്‍ ശാസ്ത്രീയ കാഴ്ചപ്പാടും മാനവീകതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള കര്‍ത്തവ്യപൂരണത്തിനായി ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.മാത്രമല്ല മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിദ്ധ്യങ്ങള്‍ക്കതീതമായി ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദവും പൊതുവായ സാഹോദര്യ മനോഭാവവും പുലര്‍ത്തുന്നതിന്നും സ്ത്രീകളുടെ അന്തസ്സിനു കുറവു വരുത്തുന്ന ആചാരങ്ങള്‍ പരിത്യജിക്കേണ്ടതും ഓരോ പൗരന്റേയും മൗലീക കര്‍ത്തവ്യമാണ്.

    ReplyDelete
  2. ഇവരൊക്കെ നമ്മെ ഭരിക്കുന്നതും തലേലെഴുത്ത്!!!

    ReplyDelete