എന്തുകൊണ്ട് അരുവിക്കരയില്‍ വിജയകുമാര്‍ വിജയിക്കണം

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                    ടകള്‍ ക്ലീന്‍ ചെയ്യാന്‍ കഴുത്തോളം മുങ്ങിനില്‍ക്കുന്ന പണിക്കാരെ കണ്ടിട്ടുണ്ടോ? പൊതുവേ മലയാളികളാ പണിക്കിറങ്ങാറില്ല, ബംഗാളികളും ഒറീസ്സക്കാരും ഉത്തര്‍‌പ്രദേശത്തുകാരും ഇറങ്ങാറില്ല. സാധാരണ ഈ പണിക്കിറങ്ങുന്നത് തമിഴരാണ്. അവരാകട്ടെ കഴുത്തുവരെ ഈ അഴുക്കുചാലില്‍ മുങ്ങിയാലും ,അല്ലെങ്കില്‍ അതിനുമുകളില്‍ മുങ്ങിയാലും വിരോധമില്ല ഇറങ്ങി പണിയൊക്കെ തീര്‍ത്ത് പുറത്തുവരും.എന്നിട്ട് കുളിച്ച് കുട്ടപ്പനായി സെന്റും പൂശി മറ്റുള്ളവരോടൊപ്പം ഇടപഴകി നടക്കുകയും ചെയ്യും ഇവര്‍.അതുപോലെ തന്നെയാണ് കക്കൂസ് കുഴി വൃത്തിയാക്കുന്നവരുടേയും കാര്യം. ഒരു ജോലി എന്ന നിലയ്ക്ക് ആ പണികളുറ്റെ ഏതറ്റം വരേയും പോകാന്‍ അവര്‍ തയ്യാറാകും.പണികഴിഞ്ഞാലോ മാന്യന്മാരായി നടക്കുകയും ചെയ്യും.എന്നാല്‍ അതില്‍ തന്നെ ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ?ഓടകളില്‍ കഴുത്തോളം അഴുക്കില്‍ , അല്ലെങ്കില്‍ കക്കൂസ് കുഴിയില്‍ മുങ്ങി ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ?

                          നമ്മുടെ കേരള ഗവണ്മെന്റ് ഇപ്പോള്‍ വന്ന് വന്ന് ആ കക്കൂസ് കുഴിയില്‍ അല്ലെങ്കില്‍ അഴുക്കുചാലില്‍ ഇരുപത്തിനാല് മണിക്കൂറും ജീവിക്കുകയും അതിലഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു വൃത്തികെട്ട രൂപം ആര്‍ജിക്കുകയും ചെയ്തുകഴിഞ്ഞു.എന്തൊക്കെ വൃത്തികേടുകള്‍ ആ മന്ത്രിസഭയിലെ മാന്യന്മാരായ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കുനേരെ ആരോപിക്കപ്പെട്ടാലും "തെളിവുണ്ടോ " എന്ന് ചോദിക്കുന്ന ഒരു തെളിവില്ലാ സര്‍ക്കാറായിക്കഴിഞ്ഞു ഈ സര്‍ക്കാര്‍.അഴിമതി ആരോപണങ്ങള്‍ മഹാമാരിപോലെ ആരോപിക്കപ്പെട്ട ഗവണ്മെന്റുകള്‍ ഇതിനുമുന്‍പ് വേറേയും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ അമേദ്യം പോലെ വെറുക്കുന്ന പെണ്‍‌കേസുകള്‍ ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കുമെതിരെ നിരന്തരം ഉണ്ടാകുന്നു.നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു, നിരവധി സ്വകാര്യസംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ പുറത്തുവരുന്നു.എന്നിട്ടും അതില്‍ പറയുന്ന മന്ത്രിമാരും എം എല്‍ എ മാരും വെളുക്കെ ചിരിച്ചുകൊണ്ട് തൊഴുകൈകളുമായി ജനങ്ങളുടെ മുന്നില്‍ പ്രത്യ്കഷപ്പെടുന്നു എന്നതാണ് വിചിത്രമായ കാര്യം.അതിന്നവര്‍ക്ക് യാതോരു വിധചളിപ്പും ഉണ്ടാകുന്നില്ല.കേരളത്തിലെ ജനങ്ങളെ ഇത്ര നാണംകെട്ട , ഇത്ര അപമാനക്കുഴിയിലേയ്ക്ക് ചവിട്ടിതാഴ്ത്തിയ മറ്റൊരു മുഖ്യമന്ത്രിയും മന്ത്രിസഭയും ഈ കൊച്ചുകേരളത്തിലുണ്ടായിട്ടില്ല.നിരക്ഷരര്‍ തിങ്ങിപ്പാര്‍ക്കുന്ന വിവരദോഷികളുടെ കൂടാരമെന്ന് നാം വിചാരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല എന്ന് നാം കാണണം.എന്നിട്ടും വിവരമുള്ളവരുടെ അക്ഷരാഭ്യാസമുള്ളവരുടെ വിദ്യാഭ്യാസമുള്ളവരുടെ നാടായ ഈ കേരളം ഇന്നുവരെ ഇതിനെതിരെ പ്രതികരിച്ചുകണ്ടിട്ടില്ല.
 
                 "നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ / നാണക്കേടാ പണം മാറ്റിക്കൊള്ളും " എന്ന് പാടിയ കുഞ്ചന്‍ നമ്പ്യാരുടെ നാടാണ് കേരളം. നമ്പ്യാരുടെ ഈ വരികള്‍ നാം ഒരു പുഞ്ചിരിയോടെ കാലങ്ങളായി വായിക്കുകയും ചെയ്തുപോരുന്നുണ്ട്.എന്നാല്‍ ഈ വരികള്‍ പോളിസിയാക്കി മാറ്റിയ ഒരു മന്ത്രിസഭ ഇവിടം ഭരിക്കുമെന്ന് അന്ന് കുഞ്ചന്‍ നമ്പ്യാര്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ( ഇതിനാണോ ദീര്‍ഘദര്‍ശിത്വം എന്ന് പറയുന്നത്.)ആദ്യം സരിതക്കേസ് വന്നു.ആ കേസ് എത്രത്തോളം ലോകത്തിനുമുന്നില്‍ മലയാളികളുടെ തൊലിയുരിഞ്ഞു എന്ന് നമുക്കറിയാം. ഇന്നും അതിന്റെ സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു.അതൊന്നും കൂടുതല്‍ ഇനിയും പറഞ്ഞ് നിങ്ങളെ ഞാന്‍ നാറ്റിക്കുന്നില്ല, കാരണം ഞാനും നാണവും മാനവുമുള്ള ഒരു മനുഷ്യനല്ലേ?ആ കേസില്‍ സരിത നടന്നുപിരിച്ച പണം എവിടെപ്പോയി എന്നതിന്ന് ഒരു അറിവുമില്ല.എന്നാല്‍ അതിനൊത്താശ ചെയ്ത മന്ത്രിമാര്‍ക്ക് സരിതയുടെ വായടയ്കാനായി വെള്ളം പോലെ പണം നല്‍കി എന്നാണ് വെളിപ്പെടുത്തല്‍. ആ പണമെവിടുന്നാ? അതിനായി പുതിയ അഴിമതികള്‍.

                അങ്ങനെ നടത്തിയ അഴിമതികള്‍ മറയ്ക്കാന്‍ വീണ്ടും വീണ്ടും പുതിയ അഴിമതികള്‍ നടത്തി പണമുണ്ടാക്കല്‍.അങ്ങനെ നാണം കെട്ട് പണമുണ്ടാക്കി ആ നാണക്കേട് മാറ്റാനുള്ള പണത്തിനായി പുതിയ അഴിമതികള്‍. അങ്ങനെ അഴിമതിയുടെ ചരിത്രത്തില്‍ പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തി മുന്നേറുന്ന ഈ ഗവണ്മെന്റിനെ എന്തുചെയ്യണമെന്നാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായം? വീണ്ടും കുഞ്ചന്‍ നമ്പ്യാരെതന്നെ കൂട്ടുപിടിക്കാം." എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും " എന്നുകൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഴിമതി നടത്തുകയും അത് മറയ്ക്കാന്‍ കൂടുതല്‍ കൂടുതല്‍ വലിയ അഴിമതികള്‍ മന്ത്രിമാര്‍ നടത്തുകയും ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥരോ? " കൂടുതല്‍ ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ എനിക്കും ചിലത് തുറന്നുപറയേണ്ടിവരും " എന്ന് പറഞ്ഞത് ഏതെങ്കിലും ഇക്കിളി സീരിയലിലെ നായകനോ നായികയോ അല്ല, ഈ ഗവണ്മെന്റിലെ അത്യുന്നതങ്ങളില്‍ വിഹരിച്ചിരുന്ന ഒരുദ്യോഗസ്ഥനാണ്. ഇത് എന്തിനും ഏതിനും വഴങ്ങിക്കൊടുക്കുന്ന ഒരുദ്യോഗസ്ഥന്റെ കഥ. വഴങ്ങാതെ നീതിയും ന്യായവും നിയമവും കൈമുതലായ ഉദ്യോഗസ്ഥരുടെ കഥയോ? " ചില സമയം ആത്മഹത്യ ചെയ്യണമെന്നുവരെ തോന്നിപ്പോയിട്ടുണ്ട് " ഇത് നട്ടെല്ലുനിവര്‍ത്തി നിന്ന് ജോലിചെയ്യാന്‍ ശ്രമിച്ച ഒരുദ്യോഗസ്ഥനാണ്.

               ഇതിലുമെത്രയോ നാറ്റക്കഥകള്‍ ഇനിയും പൊങ്ങിവരാനുണ്ട്, വന്നതുണ്ട്?അതെല്ലാം വിവരിച്ച് വിശദീകരിച്ച് ഞാന്‍ നിങ്ങളുടെ മനസ്സിനെ മലിനീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. " മാണികുറ്റക്കാരനല്ല " എന്ന് ആദ്യം മുതലേ പറയുന്ന മുഖ്യമന്ത്രി, അവസാനം കേള്‍ക്കുന്ന ന്യൂസ് മാണി കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖയുണ്ട് എന്നതാണ്!അപ്പോഴും മുഖ്യമന്ത്രി ചോദിക്കുന്നു, അതുണ്ട്, ഇതുണ്ട് എന്ന് പറയുന്നതല്ലാതെ അന്വേഷണോദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കുന്നില്ലല്ലോ എന്ന്. ഹാജരാക്കിയാലെന്താ വിശേഷം? ൬൦% തെളിവിണ്ടെന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറയുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കരുതെന്ന നിയമോപദേശം നല്‍കുന്ന കാട്ടുമാക്കാന്മാരുടെ മുന്നില്‍ ഈ തെളിവുകള്‍ ഹാജാരാക്കിയിട്ടെന്തുകാര്യം എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ല 

                     അപ്പോള്‍ ഈ തെളിവുകളും ഇതില്‍ കൂടുതല്‍ തെളിവുകളും ഇതാ മറ്റൊരു കോടതിയ്ക്കുമുന്നില്‍ ഹാജരാക്കുകയാണ്.ഈ ഗവണ്മെന്റ് ചെയ്ത എല്ലാ കാര്യങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ട് ആ കോടതിയെ ശരണം പ്രാപിച്ചിരിക്കുകയാണ് - ജനകീയ കോടതി. വാദിഭാഗം അവിടെ പ്രത്യക്ഷത്തില്‍ എം.വിജയകുമാറും പ്രതിഭാഗത്തിനായി ഹാജരാകുന്നത് ശബരീനാഥുമാണ്. കൂടാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി കുറേയേറെ ആളുകളും ഇതില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.എല്ലാവരുടേയും വാദമുഖങ്ങള്‍ കേട്ട് , സ്വജീവിതത്തില്‍ നിന്ന് സ്വാനുഭവങ്ങളില്‍ നിന്ന് സത്യം തിരിച്ചറിഞ്ഞ് ഒരു പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ ന്യായമായ സത്യസന്ധമായ ഒരു തീരുമാനം എടുക്കേണമേയെന്ന് ഈ ജനകീയക്കൊടതിയോട് അപേക്ഷിക്കുകയാണ്.

                        നാളിതുവരെ നാം നേടിയ നേട്ടങ്ങളൊക്കെ കാറ്റില്‍‌പറത്തി വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി എവിടെനിന്നാണ് സ്വത്ത് അടിച്ചെടുക്കാന്‍ സാധിക്കുക എന്ന്‍ നോക്കുന്ന ഒരു കള്ളക്കൂട്റ്റത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇപ്പോളത് നാം ചെയ്തില്ലെങ്കില്‍ ഇനി ഒരിക്കലും അത് ചെയ്യാന്‍ കഴിയാത്തവിധം കേരളം തന്നെ ഇല്ലാതാകും.ഇത് ഞാന്‍ വെറുതേ പറയുന്നതല്ല. വിഴിഞ്ഞം പ്രീജക്റ്റ് അദാനിയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള കരാറില്‍ ഏക്കര്‍ കണക്കിനുഭൂമി അദാനിയ്ക്കു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ മാന്യനായ മുഖ്യമന്ത്രി അദാനിയുമായിട്ടുണ്ടാക്കിയ കരാറിനേക്കുറിച്ച് ചോദിക്കുമ്പോള്‍ രഹസ്യമാണ് എന്ന് പറയുന്നതിന്റെ കാരണം.

                        കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഞാന്‍ ഇതുവരെ പറയാന്‍ ശ്രമിച്ചത് എന്തുകൊണ്ട് അരുവിക്കരയില്‍ എം.വിജയകുമാര്‍ ജയിക്കണം എന്നാണ്. അരുവിക്കരയീലെ വിജയകുമാറിന്റെ വിജയം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളുടെ വിജയം തന്നെയാണ്.ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള അവസരം ഈ വിജയം നമുക്ക് സമ്മാനിക്കും.അതിലുമുപരി അഴിമതിയുടെ അമേദ്യക്കുഴിയില്‍ നിന്ന് ഈ കൊച്ചുകേരളത്തെ അതിലെ ജനങ്ങളെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സമാരംഭം കുറിക്കലാകും.അതിന് അരുവിക്കരക്കാര്‍ തയ്യാറാകുമെന്ന പൂര്‍ണ്ണവിശ്വാസത്തോടെ അവസാനിപ്പിക്കുന്നു.

2 comments :


  1. നമ്മുടെ കേരള ഗവണ്മെന്റ് ഇപ്പോള്‍ വന്ന് വന്ന് ആ കക്കൂസ് കുഴിയില്‍ അല്ലെങ്കില്‍ അഴുക്കുചാലില്‍ ഇരുപത്തിനാല് മണിക്കൂറും ജീവിക്കുകയും അതിലഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു വൃത്തികെട്ട രൂപം ആര്‍ജിക്കുകയും ചെയ്തുകഴിഞ്ഞു.എന്തൊക്കെ വൃത്തികേടുകള്‍ ആ മന്ത്രിസഭയിലെ മാന്യന്മാരായ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കുനേരെ ആരോപിക്കപ്പെട്ടാലും "തെളിവുണ്ടോ " എന്ന് ചോദിക്കുന്ന ഒരു തെളിവില്ലാ സര്‍ക്കാറായിക്കഴിഞ്ഞു ഈ സര്‍ക്കാര്‍

    ReplyDelete
  2. തെളിവില്ല
    ആര്‍ക്കും, ഒന്നിനും തെളിവില്ല

    ReplyDelete