മേമനാണെങ്കിലും കൊല്ലരുത്

**Mohanan Sreedharan | 19 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

(എന്റെ കഴിഞ്ഞ പോസ്റ്റ് സുപ്രീം കോടതിയെ അനുമോദിച്ചുകൊണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് നേരെ തിരിച്ചാണ് , കോടതിയെ വിമര്‍ശിച്ചുകൊണ്ട്.സത്യം പറഞ്ഞാല്‍ കോടതിയെ അല്ല കോടതിയുടെ ഒരു നടപടിയെ.കഴിഞ്ഞ ലക്കം (ആഗസ്റ്റ് 2, 2015) ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം പുന:പ്രസിദ്ധീകരിക്കുകയാണ് ഇവിടെ.)

                        ധശിക്ഷയില്‍ സംതൃപ്തിയടയുന്ന സമൂഹത്തിന് എന്തോ പ്രശ്നമുണ്ട്.ശിക്ഷയുടെ കാഠിന്യം കുറ്റത്തെ ഇല്ലാതാക്കുന്നില്ലെന്നത് ഡ്രാക്കോയുടെ കാലം മുതലുള്ള പാഠമാണ്.എന്നിട്ടും തൂക്കുമരങ്ങള്‍ ഒഴിവാകുന്നില്ല.1980 - ലെ ബച്ചന്‍ സിങ്ങ് കേസില്‍ വധശിക്ഷ കഴിയുന്നതും അസാധ്യമാക്കുന്നതിന് അത്യപൂര്‍‌വസാഹചര്യമെന്ന തത്വം ആവിഷ്കരികുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്.അപൂര്‍‌വങ്ങളില്‍ അപൂര്‍‌വമായ കേസുകളില്‍ മാത്രം വധശിക്ഷയെന്ന നിയന്ത്രണം ഉണ്ടായിട്ടും വധശിക്ഷയുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.കഴിഞ്ഞ വര്‍ഷം രാജ്യത്തെ സെഷന്‍സ് കോടതികള്‍ 1,800 പേരെ വധശിക്ഷയ്ക്ക് വിധിച്ചതായി ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടു.കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ മാസം പത്തെന്ന നിരക്കിലാണ് സെഷന്‍സ് ജഡ്ജിമാര്‍ പേനയുടെ തുമ്പൊടിക്കുന്നത്.സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നു എന്നത് ശരിയാണ്.വധശിക്ഷയുടെ സ്ഥിരീകരണം വളരെ കുറവാണ്.വധശിക്ഷ ജീവപര്യന്തമാക്കുകയൊ അപൂര്‍‌വം കേസുകളില്‍ പ്രതികള്‍ വിട്ടയക്കപ്പെടുകയോ ചെയ്യുന്നു.വിധികളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ വധശിക്ഷയെക്കുറിച്ച് ചര്‍ച്ചകളും നടക്കുന്നു.മരണശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ നിയമപരമായ അവകാശങ്ങളേക്കുറിച്ച് കഴിഞ്ഞ വര്‍ഷത്തെ ശത്രുഘ്നന്‍ ചൗഹാന്‍ കേസില്‍ സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടുണ്ട്.ഹൈക്കൊടതിയോ സുപ്രീം കോടതിയോ ഇടപെടുമെന്ന വിശ്വാസത്തിലാണോ സെഷന്‍സ് കോടതികള്‍ വലിയതോതില്‍ വധശിക്ഷ വിധിക്കുന്നത്. അത് അപകടകരമായ വിശ്വാസമാണ്. തെറ്റായ വിധികള്‍ അനവധാനതയോടെ ശരി വയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്.തങ്ങള്‍ ശരിവച്ച വധശിക്ഷകളില്‍ പതിമൂന്നെണ്ണം തെറ്റായിരുന്നുവെന്ന് പതിന്നാല് മുന്‍‌ന്യായാധിപന്മാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെഴുതിയ അസാധാരണസാഹചര്യമുണ്ടായി.ആ പതിമൂന്നില്‍ രണ്ടുപേരെ തൂക്കിലേറ്റിക്കഴിഞ്ഞിരുന്നു.വൈകിയെത്തുന്ന വീണ്ടുവിചാരംകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം?തെറ്റായി വിധിക്കപ്പെടുന്നതിന്നുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യമുണ്ടാകുന്നത്.വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യത്തിന് കുറേക്കൂടി ആഴത്തിലുള്ള ന്യായീകരണങ്ങളുണ്ട്.തടവറയിലെ ഏകാന്തതയില്‍ മരണത്തിലേയ്ക്കുള്ള ചുവടുകള്‍ എണ്ണിക്കഴിയേണ്ടി വരുന്ന ഹതഭാഗ്യരുടെ അവസ്ഥ അവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റത്തെ അടിസ്ഥാനമാക്കി ന്യായീകരിക്കാന്‍ കഴിയില്ല.തിരുത്താന്‍ കഴിയാതെ പോയ ഒരു തെറ്റിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടനില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്.
രാജ്യത്ത് ഇന്ന് വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്‍നം 385 ആണ്. അവരില്‍ 25% പേര്‍ ആദ്യമായി കൊലപാതകം നടത്തിയവരൊ ഒറ്റക്കൊലപാതകം നടത്തിയവരൊ ആണ്.സെഷന്‍സ് കോടതികളില്‍ വധശിക്ഷയുടെ തോത് വര്‍ദ്ധിക്കുന്നത് ഗൗരവത്തോടെ കാണണം.ഒരു പക്ഷെ സംഭവത്തിന്റെ സാമീപ്യവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും സമൂഹത്തിന്റെ സ്വാധീനവും വിധിയാളനെ സ്വാധീനിക്കുന്നുണ്ടാകാം.തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണത്തിലല്ലാതെ ഗുണത്തിലോ നിലവാരത്തിലോ ഹൈക്കോടതികള്‍ താല്‍പ്പര്യം കാണിക്കാറില്ല.സബോര്‍ഡിനേറ്റ് കോടതികളുടെ മേല്‍‌നോട്ടത്തിന് ഹൈക്കൊടതികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അധികാരംകണക്കെടുപ്പ് മാത്രമായി പരിമിതപ്പെടുന്നു.സെഷന്‍സ് കോടതിയിലെ തെറ്റ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തിരുത്തപ്പെടാതെ പോകുന്നതിനുള്ള സാധ്യതയാണ് പതിനാല് മുന്‍‌ജഡ്ജിമാരുടെ കുമ്പസാരത്തിലൂടെ തെളിയുന്നത്.പോലീസും പ്രോസിക്യൂഷനും കണ്ടെടുക്കുന്ന വിശ്വസനീയമായ തെളിവുകള്‍ക്കപ്പുറം സത്യം മറഞ്ഞിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണകഥകള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാകും.സോളമന്റെ ജ്ഞാനവും വിവേകവും ഉള്ളവരല്ലല്ലൊ നമ്മുടെ ന്യായാധിപന്മാര്‍ ഏറെയും.

                   വധശിക്ഷയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ കൂടുതലായി കേട്ട ആഴ്ചയാണിത്.മുംബേ സ്ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകനായ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന്ന് സുപ്രീം കോടതിയുടെ അനുമതിയായി.( ഈ ലേഖനം എഴുതുമ്പോള്‍ വധശിക്ഷ നടപ്പാക്കിയിരുന്നില്ല.എന്നാല്‍ പിന്നീട് ആ വധശിക്ഷ നടപ്പായി - അഡ്മിന്‍) മേമനെ കൊല്ലണമോ വേണ്ടയോ എന്നതല്ല വിഷയം.സാധാരണജീവപര്യന്തത്തെക്കാള്‍ കൂടിയ കാലം ജയിലില്‍ ഇട്ടതിനുശേഷം ഒരാളെ തൂക്കിക്കൊല്ലുമ്പോള്‍ ഒരേ കുറ്റത്തിനു രണ്ട് ശിക്ഷയാകുന്നു.ഇരട്ട ശിക്ഷ ഭരണഘടന അനുവദിക്കുന്നില്ല.ആലുവ കൂട്ടക്കൊലകേസിലെ പ്രതി ആന്റണിയ്ക്കും തൂക്കുമരം ഒരുങ്ങുന്നു.കാസറഗോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കെ സി ഹംസയ്ക്കും ലഭിച്ചത് വധശിക്ഷയാണ്. വധശിക്ഷയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം.ഓരോ വധശിക്ഷയും നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കണം.സുപ്രീംകോടതിയുടെ അപൂര്‍‌വങ്ങളില്‍ അപൂര്‍‌വം എന്ന തത്വം പാലിക്കപ്പെടുന്നുണ്ടോ എന്ന്‍ കോടതികള്‍ മാത്രം പരിശോധിച്ചാല്‍ പോര.വധശിക്ഷ ഒരു മനുഷ്യാവകാശപ്രശ്നമാണ്.മനുഷ്യാവകാശങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിഷയമാകണം.നിഥാരിയിലെ സുരേന്ദ്രര്‍ കോലിയുടെ കാര്യത്തിലെന്നപോലെ ആലുവായിലെ ആന്റണിയുടെ കാര്യത്തിലും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.സംശയങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ആരേയും തൂക്കിലേറ്റാന്‍ പാടില്ല.
                  യാക്കൂബ് മേമന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ പോലും ജീവപര്യന്തമാക്കിയ സാഹചര്യത്തില്‍ മേമന്റെ വധശിക്ഷയും ജീവപര്യന്തമാക്കണ്മെന്നാണ് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടത്.വധശിക്ഷ സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന തത്വാധിഷ്ഠിതമായി നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി പി ഐ എം.മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുറ്റെ ഇക്കാര്യത്തിലുള്ള നിലപാടിനു വ്യക്തതയില്ല.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിലപാട് വേണം.വധശിക്ഷക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പത്രമാണ് "ദ ഹിന്ദു ".വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം അടുപ്പിച്ച് രണ്ട് വിഷയങ്ങളെ അടിസ്ഥാനമാക്കി 'ദ ഹിന്ദു' മുഖപ്രസംഗമെഴുതി.
                   1983 ലെ മുംബെ സ്ഫോടനക്കേസില്‍ ശിക്ഷിക്കാന്‍ നമുക്ക് കിട്ടിയ ഏകപ്രതിയാണ് യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍.മുഖ്യപ്രതികളായ ദാവൂദ് ഇബ്രാഹിമും യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനും നമ്മൂറ്റെ പിടിയിലായിട്ടില്ല.കിട്ടെണ്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തൂക്കുകയെന്നത് അത്ര നല്ല നിലപാടല്ല.കേസില്‍ യാക്കുബിനൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്തുപേരുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി മാറ്റിയപ്പോഴും മേമന്റെ ശിക്ഷയ്ക്ക് മാറ്റമുണ്ടായില്ല.അയാളുടെ തെറ്റിനെക്കുറിച്ചും സ്ഫോടനപരമ്പരയില്‍ അയാള്‍ക്കുള്ള പങ്കിനെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാവില്ല.സംഭവം നടന്ന് 22വര്‍ഷത്തിനുശേഷം നടപ്പാക്കാന്‍ പോകുന്ന വധശിക്ഷ ന്യായീകരിക്കത്തക്കതാണോ എന്നതാണ് പ്രശ്നം.
രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയുടെ ബലത്തില്‍ ജൂലൈ 30 എന്ന ശിക്ഷാദിനം നീണ്ടുപോകും (പോയില്ല, അന്നുതന്നെ തൂക്കിക്കൊന്നു - അഡ്മിന്‍).ദയാഹര്‍ജി പരിഗണിക്കുമ്പോഴോ നിരസിച്ചതിനുശേഷം പതിനാലുദിവസത്തിനകമോ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന് ശത്രുഘ്നന്‍ ചൗഹാന്റെ കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.യാക്കൂബിനുവേണ്ടി സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയെങ്കിലും ഇപ്പോള്‍ യാക്കൂബ് നേരിട്ടു നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രത്യേകമായി പരിഗണിക്കേണ്ടതായുണ്ട്.രാഷ്റ്റ്രപതിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമായി മാറ്റാം.അതാണ് സിപി ഐ എം ആവശ്യപ്പെടുന്നത്.ഇരുനൂറ്റി അന്‍പത്തിയേഴ് പേരുടെ മരണത്തിനും എഴുനൂറ്റി പതിമൂന്ന് പേരുടെ ഗുരുതരമായ പരിക്കിനും കാരണമായ സംഭവത്തില്‍ പ്രധാനപങ്കാളിയായ ആളുടെ കാര്യത്തിലാകുമ്പോള്‍ തീരുമാനം പ്രയാസകരമായിരിക്കും.സംഭവത്തെ അടിസ്ഥാനമാക്കിയും നിലപാടിനെ അടിസ്ഥാനമാക്കിയും വാദിക്കാവുന്ന കേസാണിത്.സെന്‍സര്‍ഷിപ്പിന്റെ ദോഷങ്ങള്‍ ഒഴിവാക്കുന്നതിന്ന് സെന്‍സര്‍ഷിപ്പ് തന്നെ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന് മാര്‍ക്സ് പറഞ്ഞു.വധശിക്ഷയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്ന് വധശിക്ഷ തന്നെ വേണ്ടന്ന് വയ്ക്കുന്നതാണ് നല്ലത്.കൊടും‌പാതകികളുടേതാണെങ്കിലും ജീവന്‍ മൂല്യമുള്ളതാണ്.കുറ്റവാളി പരാജിതനാണ്. ഏതു പരാജിതനും രണ്ടാമൂഴത്തിനു അവകാശമുണ്ട്.ഒന്നു പിഴച്ചാലും ഏഴുവരെയാകാമെന്ന പാഠമല്ലെ ബ്രൂസിനെ ചിലന്തി പഠിപ്പിച്ചത്.
Post a Comment