സ്വാശ്രയം: തമിഴ് നാടിന്റെ കഥ , പിന്നെ കേരളത്തിന്റേയും ................

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

പരസ്യം എത്രയും വലുതാവുന്നുവോ (സ്വാശ്രയ)എഞ്ചിനീയറിങ്ങ് കോളേജിലെ പഠനസൗകര്യങ്ങള്‍ അത്രകണ്ട് കുറവായിരിക്കും.
                     തമിഴ് നാട്ടിലെ ഒരു മുന്‍ വൈസ് ചാന്‍സലര്‍.

രണ്ട് ശ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളെന്നാല്‍ ഒരു ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു തുല്യമായിരിക്കും
                             മുന്‍‌കേരള മുഖ്യമന്ത്രി എ.കെ.ആന്റണി.

പകുതിസീറ്റുകള്‍ സര്‍ക്കാറിനു വിട്ടുതരാമെന്നു പറഞ്ഞ് സ്വാശ്രയ കോളേജ് മാനേജ്മെന്റ് സര്‍ക്കാറിനെ വഞ്ചിച്ചു.
                     മുന്‍‌കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി.

സെപ്തംബര്‍ 4,2015 ലക്കം ഫ്രണ്ട്‌ലൈനില്‍ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളുടെ തമിഴ്‌നാട് അനുഭവം പങ്കുവച്ചുകൊണ്ടൊരു ലേഖനം ടി.എസ്.സുബ്രമണ്യന്‍ എന്നൊരാള്‍ എഴുതിയിരുന്നു.അതിന്റെ ഒരു ഏകദേശതര്‍ജ്ജിമയാണിവിടെ കൊടുക്കുന്നത്,

മിഴ്‌നാട്ടിലെ ബിരുദ എഞ്ചിനീയറിങ്ങ് കോഴ്സുകള്‍ക്ക് അതിന്റെ പ്രൗഢി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ലേഖകന്‍ തുടങ്ങുന്നത്.അതിന്റെ ലക്ഷണമായി അദ്ദേഹം പറയുന്നത് ഈ അക്കാദമിക് വര്‍ഷത്തില്‍ (2015 - 16) ഒരു ലക്ഷത്തിലേറെ സീറ്റുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല്ലാതെ ഒഴിഞ്ഞുകിടക്കുന്നു എന്നാണ്. ഈ സീറ്റുകള്‍ മുഴുവന്‍ സംസ്ഥാനത്തെ 539 സെല്‍ഫ് ഫൈനാന്‍സിങ്ങ് / സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിയായിട്ടാണ് എന്നും പറയുന്നു. എന്നാല്‍ ഇതൊരു പുതിയ ട്രെന്റല്ലത്രെ !. 2011 - 12 കാലഘട്ടത്തില്‍ 45,062 സീറ്റുകളായിരുന്നു അഡ്മിഷനുശേഷം ഒഴിഞ്ഞുകിടന്നിരുന്നത്.2012 - 13 കാലഘട്ടത്തില്‍ ഇത് 50,000 സീറ്റുകളും 2013 - 14 കാലഘട്ടത്തില്‍ 80,700 സീറ്റുകളും 2014 - 15 ല്‍ 1,00,819 സീറ്റുകളുമായി അതുയര്‍ന്നു.അതങ്ങനെ വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഈ അക്കാദമിക് വര്‍ഷം 20 എഞ്ചിനീയറിങ്ങ് കോളേജുകളിലേയ്ക്ക് പുതിയ അഡ്മിഷനുണ്ടായില്ല. 15 എഞ്ചിനീയറിങ്ങ് കോളേജുകളില്‍ മൊത്തം സീറ്റിന്റെ പത്ത് ശതമാനം എണ്ണത്തിലേക്കാണ് അഡ്മിഷന്‍ നടന്നത്.

കുട്ടികളെ കിട്ടാത്ത പ്രശ്നങ്ങളുടെ തുടക്കം ഏതാണ്ട് 10 വര്‍ഷം മുന്‍പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനെന്ന കാരണം പറഞ്ഞ് All India Council for Engineering Education (AICTE) ചോദിക്കുന്നവര്‍ക്കൊക്കെയും എഞ്ചിനീയറിങ്ങ് കോളേജുകള്‍ വാരിക്കൊരി നല്‍കാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. ഇതോടനുബന്ധിച്ച് രാഷ്ട്രിയക്കാരുടെ , റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരുടെ , മതജാതി സംഘടനക്കാരുടെ , പണച്ചാക്കുകളുടെ ഒരു തള്ളിക്കേറ്റം ഇതോടനുബന്ധിച്ചുണ്ടായി എന്നദ്ദേഹം പറയുന്നു.ഇവരെ സംബന്ധിച്ചിടത്തോളം എഞ്ചിനീയറിങ്ങ് കോളേജ് എന്നാല്‍ പണമിറക്കി പണം കൊയ്യാനുള്ള ഒരു മാര്‍ഗം എന്നതിന്നപ്പുറം മറ്റൊന്നുമായിരുന്നില്ല.ഇവിടെ ഒരു നിയന്ത്രണം കൊണ്ടുവരേണ്ട സംസ്ഥാന സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയും ചെയ്തു. ഇന്ന് തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ എഞ്ചിനീയറിങ്ങ് കോളേജുകള്‍ ഉള്ളത്. 571എഞ്ചിനീയറിങ്ങ് കോളേജുകളാണ് എല്ലാ നിലയിലുമായി അവിടെയുള്ളത്. അതില്‍ 32 എണ്ണം മാത്രമാണ് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജുകളെന്നും ഓര്‍ക്കണം. 539 എണ്ണം സ്വാശ്രയ മേഖലയിലും ബാക്കിയെണ്ണം ഗവണ്മെന്റോ ഗവണ്മെന്റ് സഹായം പറ്റുന്നതോ ആണ് .തൊട്ടടുത്ത ആന്ധ്രപ്രദേശില്‍ 364 എഞ്ചിനീയറിങ്ങ് കോളേജുകളിലായി 2.2 ലക്ഷം സീറ്റുകളും അതില്‍ 35,000 എണ്ണം ഈ വര്‍ഷം ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.തെലുങ്കാനയില്‍ 340 കോളേജുകളിലായി 33,000 സീറ്റുകള്‍ കാലിയായി കിടക്കുന്നു.
തമിഴ്‌നാട്ടിലെ എഞ്ചിനീയറിങ്ങ് കോളേജുകളിലെ വിദ്യാഭ്യാസനിലവാരം വളരെ മോശമാണ് . തമിഴ്‌നാട് നശിച്ചുകഴിഞ്ഞു.കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ ഇവിടുത്തെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം എത്രത്തോളം നശിക്കാമോ അത്രത്തോളം നശിച്ചുകഴിഞ്ഞു. ഈ വൈകിയ വേളയിലെങ്കിലും ഗവണ്മെന്റ് കണ്ണുതുറക്കുകയും പത്തുശതമാനത്തില്‍താഴെ സീറ്റുകള്‍ മാത്രം അഡ്മിഷന്‍ നടക്കുന്ന കോളേജുകളെങ്കിലും അടച്ചുപൂട്ടി ഈ രംഗത്തെ രക്ഷിക്കാന്‍ തയ്യാറാകണം.ഈ വാക്കുകള്‍ ശ്രീ ബാലഗുരുസ്വാമിയുടേതാണ് . അണ്ണാ യൂണിവേഴ്സിറ്റിയുടെ മുന്‍‌വൈസ്ചാന്‍സലറും യു പി എസ് സി മുന്‍മെമ്പറുമാണ് ശ്രീ ബാലഗുരുസ്വാമി. ഇതേ സ്ഥിതി തന്നെയാണ് എഞ്ചിനീയറിങ്ങ് മാസ്റ്റര്‍ ഡിഗ്രികള്‍ക്കുമുള്ളത്. ഞങ്ങള്‍ക്കിവിടെ പകുതി വെന്ത ബാച്ചിലര്‍ ഡിഗ്രിക്കാരേയും മാസ്റ്റര്‍ ഡിഗ്രിക്കാരേയും ലഭിക്കാനുണ്ട്.പ്രതിമാസം 18,000 രൂപനിരക്കില്‍ പണി ചെയ്യാന്‍ മാസ്റ്റര്‍ ഡിഗ്രിക്കാര്‍ സന്തോഷവാന്മാരാണ് . പിന്നെന്തിനു ഖേദം എന്നാണ് തമിഴ്‌നാട്ടിലെ ഒരു ടെക്‍നിക്കല്‍ യൂണിവെഴ്സിറ്റിയിലെ മുന്‍ ടെക്‍നിക്കല്‍ അസ്സിസ്റ്റന്റ് പറയുന്നത്. ഒരു പ്രത്യേക വിഭാഗം എഞ്ചിനീയറിങ്ങ് കോഴ്സിന് 18 സീറ്റ് ഒരു ഡീംഡ് കോളേജിനനുവദിച്ചാല്‍ അവരതില്‍ 80 പേരെ അഡ്മിറ്റ് ചെയ്യും എന്നും അദ്ദേഹം വിലപിക്കുന്നു.

ശ്രീ ബാലഗുരുസ്വാമി, എഞ്ചിനീയറിങ്ങ് കോളേജുകളിലെ ഈ അപചയത്തിനു കാരണം സ്കൂള്‍ വിദ്യാഭ്യാസത്തിലുണ്ടായ ഗുണതയുടെ ഇടിവായിട്ടാണ് കാണുന്നത്.അദ്ദേഹം അത് പറയുകയും ചെയ്യുന്നു., തമിഴ്‌നാട്ടിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ മോശമാണ് . ഇവിടുത്തെ കുട്ടികളാരും ദേശീയതലമല്‍സരപരീക്ഷകളില്‍ വിജയിക്കുന്നതായി കാണുന്നില്ല. +൨ വിനു നൂറുശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ പോലും ആവശ്യത്തിനുള്ള അറിവുകള്‍ നേടിയതായിട്ടു കാണുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസത്തിന്റേയും കോളേജ് വിദ്യാഭ്യാസത്തിന്റേയും പൊതുനിലവാരം വളരെ താഴ്ന്നതും മോശവുമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.അത് ഏതുവിധേനെയും തടയണമെന്നും അദ്ദേഹം പറയുന്നു.

ശ്രീ ബാലഗുരുസ്വാമിയും , കോയമ്പത്തൂരിലെ ഒരു ഓട്ടോണമസ് കോളേജിലെ (കുമാരഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്) ജോയിന്റ് കറസ്പോണ്ടന്റും സോഫ്റ്റ് ‌‌വെയര്‍ രംഗത്തെ പ്ലേസ്മെന്റ് ഓഫീസരുമായ ശങ്കര്‍ വാണവരായരും ഉന്നതസാങ്കേതികവിദ്യാഭ്യാസരംഗത്തെ ഈ ഇടിവിന് മൂന്ന് പ്രധാനകാരണങ്ങളാണ് ചുണ്ടിക്കാണിക്കുന്നത്.

ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് മനസാക്ഷിയില്ലാത്ത യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്തരം കോളേജുകളുടെ എണ്ണപ്പെരുപ്പമാണ് . ഐക്‍റ്റെ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങാന്‍ തയ്യാറായി വരുന്ന ആ ടീമിന് (അതൊരു പക്ഷെ ട്രസ്റ്റാകാം , വ്യക്തിയാകാം) പട്ടണപ്രദേശത്ത് രണ്ടര ഏക്കറും ഗ്രാമപ്രദേശത്ത് പത്ത് ഏക്കറും സ്ഥലമുണ്ടോ എന്നുമാത്രമേ നോക്കാറുള്ളു.അതുപോലെ തന്നെ കെട്ടിടങ്ങളുടെ അളവുകളും അവര്‍ കൂലങ്കുഷമായി പരിശോധിക്കും.പിന്നെ നോക്കുക കൊളേജ് തുടങ്ങാന്‍ വരുന്ന പാര്‍ട്ടിയ്ക്ക് ഒരു കോടി രൂപ പ്രവര്‍ത്തനത്തിനായി നീക്കിയിരിപ്പുണ്ടോ എന്നും.അത്രതന്നെ. അല്ലാതെ നിശ്ചിത അളവുകളുള്ള കെട്ടിടങ്ങളില്‍ വേണ്ടത്ര ഉപകരണങ്ങളുണ്ടോ ശരിയായ അറിവും അനുഭവവുമുള്ള ഒരു ഫാക്കല്‍റ്റിയുണ്ടോ എന്നതൊന്നും അവരുടെ വിഷയങ്ങളല്ല തന്നെ.

രണ്ടാമത്തെ കാര്യം അദ്ധ്യാപനനിലവാരമാണ് . ഫാക്കല്‍റ്റി ശരിയായ യോഗ്യതയുള്ളവരാണോ അവര്‍ക്ക് അദ്ധ്യാപനരംഗത്ത് ശരിയായ പരിശീലനമുണ്ടോ അവര്‍ക്ക് ശരിയായി പഠിപ്പിക്കാനറിയാമോ എന്നതൊന്നും ആര്‍ക്കും വിഷയമല്ല. "ഇന്നലെ വിദ്യാര്‍ത്ഥി ഇന്ന് പ്രൊഫസ്സര്‍ " എന്ന് ശങ്കര്‍ വാണവരായര്‍ പരിഹാസപൂര്‍‌വം പറയുന്നു. ഇതാണ് തമിഴ്നാട്ടിലെ കോളെജുകളിലെ പൊതുസ്ഥിതി. പുതുതായി അദ്ധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ക്ക് അധ്യാപനകഴിവുണ്ടോ എന്ന് ആരും ചോദിക്കുന്നില്ല.തന്നെയുമല്ല പഠനത്തിന്റെ ഭാഗമായി എങ്ങനെ പഠിപ്പിക്കാം എന്ന് എവിടേയും പഠിപ്പിക്കുന്നുമില്ല. അതുകൊണ്ടുതന്നെ പല കോളേജുകളിലും പഠിപ്പിക്കല്‍ "ചോ ഉ " സ്റ്റൈലിലായിപ്പോകുന്നു. സ്കൂളുകളില്‍ പഠിപ്പിക്കാന്‍ ബാച്ചിലര്‍ ഓഫ് എഡൂക്കേഷന്‍ പാസ്സായിരിക്കണം , കോളേജില്‍ പഠിപ്പിക്കാന്‍ മാസ്റ്റര്‍ ഓഫ് ഫിലോസഫി ( എം ഫില്‍) പാസ്സായിരിക്കണം.എന്നാല്‍ എഞ്ചിനീയറിങ്ങ് കോളേജിലോ , ശങ്കര്‍ ചോദിക്കുന്നു.

മൂന്നാമത്തേയും അവസാനത്തേയുമായ കാര്യം എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്മിഷന്‍ തേടിച്ചെല്ലുന്ന കുട്ടികളാണ് .ശങ്കര്‍ പറയുന്നത് നോക്കൂ.ഒരു സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിലേയ്ക്ക് അപേക്ഷയയക്കുന്ന ഏതൊരാള്‍ക്കും ഇന്നവിടെ അഡ്മിഷന്‍ തരപ്പെടുന്നു. എങ്ങും യാതൊരു തടസ്സവുമില്ല.+2 വിനു കിട്ടിയ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ട കോഴ്സും കോളേജും കിട്ടാം കിട്ടാതിരിക്കാം.എന്നാല്‍ ഇഷ്ടപ്പെട്ട കോഴ്സും (സ്വകാര്യ)കോളേജും കിട്ടാനുള്ള എളുപ്പവഴി അവ പണം കൊടുത്തുവാങ്ങിക്കുകയാണ് .മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റുകള്‍ വില്പനയ്ക്കുണ്ടാകും.പറയുന്ന കോഴ്സ് പറയുന്ന കോളേജ്. ഇതിന്റെ ഒരു ഫലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജോലിയില്ലാതലയുന്ന എഞ്ചിനീയറിങ്ങ് ഗ്രാജുവേറ്റുകളുടെ എണ്ണമാണ് .ഈ കോളേജുകളില്‍ നിന്ന് ഡിഗ്രിയെടുത്തുവരുന്ന ബഹുഭൂരിപക്ഷത്തിനും കൃത്യമായ ഒരു തൊഴിലില്ല.

ജാനുവരി 3, 2011 , അന്നത്തെ മാനവവിഭവശേഷിവകുപ്പുമന്ത്രി പറഞ്ഞത് ഇന്ത്യയിലൊട്ടാകെ മൂവായിരത്തിലധികം എഞ്ചിനീയറിങ്ങ് കോളേജുകളില്‍ നിന്നായി ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം പേര്‍ എഞ്ചിനീയറിങ്ങ് ഗ്രാജുവേറ്റുകളായി പുറത്തുവരുന്നു. അതായത് എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം നമ്മുടെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും എത്തിപ്പിടിക്കാവുന്ന ഉയരത്തിലെത്തിയിരിക്കുന്നു.എന്നാല്‍ ആ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ നമുക്കായിട്ടില്ല. എനിക്കു കിട്ടിയ വിവരപ്രകാരം കാമ്പസ്സ് ഇന്റര്‍‌വ്യൂവില്‍ പങ്കെടുക്കുന്ന ഓരോ നൂറു പേരില്‍ നിന്നും പത്തോ ഇരുപതോ പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത് , എന്നും അദ്ദേഹം പറഞ്ഞു.ഇത് ജോലിസാധ്യതകള്‍ ഇല്ലാഞ്ഞിട്ടല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയും ലേഖനം കുറേക്കൂടി മുന്നോട്ട് പോകുന്നുണ്ട്.എന്നാല്‍ ഞാനിവിടെ ഇത് അവസാനിപ്പിക്കുന്നു.എന്നിട്ട് കേരളത്തിലേയ്ക്ക് തിരിയുന്നു.കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഒരു വിവാദമിവിടെ പടര്‍ന്നിരുന്നു.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാര്‍ തങ്ങളുടെ പേര് ഇങ്ങനെ പരിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഉദാഹരണത്തിന് ഡോ. .................... എം ബി ബി എസ് (ഗവ.) എന്ന്.ഇത് ഒരു വിഭാഗത്തിന്റെ പ്രതിഷേധം വളരെവേഗം വിളിച്ചുവരുത്തി. അങ്ങനെ ആ തീരുമാനം തള്ളിപ്പോവുകയാണുണ്ടായത്. എന്തായാലും ഈയൊരൊറ്റ കാര്യം തന്നെ മതി സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസത്തിന്റെ ഗുണതയറിയാന്‍.എന്നാല്‍ ഇതിലുമെത്രയോ രൂക്ഷമാണ് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളുടെ കാര്യം.
പൊതുവേ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളിലെ വിജയശതമാനം മുപ്പതിന്നടുത്താണ് . അതായത് അവിടെ അഡ്മിഷന്‍ വാങ്ങി നാലുവര്‍ഷം ചിലവഴിച്ച് ഇല്ലാത്ത പൈസയും ചിലവാക്കിക്കഴിയുമ്പോള്‍ അതില്‍ നൂറില്‍ എഴുപത് പേരും തോല്‍ക്കുന്നു എന്നര്‍ത്ഥം. ഈ മുപ്പത് തന്നെ കുറച്ചുകോളേജുകളിലേയുള്ളു. ബാക്കി കോളേജുകളില്‍ അതിലും കുറവാണ് വിജയശതമാനം.പത്തും അതിനടുത്തും . അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി എഞ്ചിനീയറിങ്ങ് കോളേജുകളില്‍ സീറ്റുകള്‍ ഫില്ലാവാറില്ല.പത്ത് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള കോളേജുകളാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ?ഇത്ര കുറഞ്ഞ വിജയശതമാനമുള്ള കോളേജുകള്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ചോദിച്ചത് നമ്മുടെ ഹൈക്കോടതിയാണ് . എന്നിട്ടും നമ്മുടെ നാട്ടിലെ വിദ്യാഭ്യാസവിചക്ഷണന്മാരൊന്നും അത് അറിഞ്ഞ മട്ട് വച്ചില്ല.എന്നാല്‍ ചോദ്യത്തിന്റെ അര്‍ത്ഥവും സീരിയസ്സ്നെസ്സും അറിഞ്ഞ സ്വകാര്യമാനേജ്മെന്റ് ഓടാന്‍ തുടങ്ങി, സ്വന്തം കോളേജുകളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍. അവസാനം ബുദ്ധിരാക്ഷസനായ ശ്രീമാന്‍ ഉമ്മന്‍‌ചാണ്ടിയാണ് അവര്‍ക്ക് വഴി കണ്ടെത്തിക്കൊടുത്തത് , അതും വളരെ സിമ്പിളായി. എഞ്ചിനീയറിങ്ങ് കോളേജ് അഡ്മിഷന്റെ മാനദണ്ഡങ്ങള്‍ താഴ്ത്തി നിശ്ചയിക്കുക എന്ന സിമ്പിള്‍ ലോജിക്ക് അദ്ദേഹം കണ്ടെത്തി.ഫിസിക്സ് , കെമിസ്ത്രി , മാത്സ് എന്നീ മൂന്നുവിഷയങ്ങള്‍ക്കും കൂടി അമ്പത് മാര്‍കും ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ഇത്രമാര്‍ക്ക് എന്ന മാനദണ്ഡത്തില്‍ ഓരോ വിഷയത്തിലേയും മാര്‍ക്കുകള്‍ അദ്ദേഹം കുറച്ചുകൊടുത്തു.എന്നാല്‍ കേരളത്തിന്റെ ഭാവിയില്‍ താല്പര്യമുള്ളവര്‍ കുറച്ചുപേരെങ്കിലും ഇവിടെ ഉള്ളതിനാല്‍ അത് നടപ്പായില്ല എന്ന് മാത്രം.ചുരുക്കിപ്പറഞ്ഞാല്‍ കേരളം മറ്റൊരു തമിഴ്‌നാടായി മാറിക്കൊണ്ടിരിക്കുന്നു എന്ന് സാരം.

കഴിഞ്ഞ ദിവസം വായിച്ച ഒരു ചെറിയ തമാശ കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.ഒരു വിമാനം പറക്കാന്‍ തയ്യാറായി നില്‍ക്കുന്നു.ഡെല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സിനു പോകുന്ന എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍മാരാണ് വിമാനത്തില്‍.പൈലറ്റ് കയറി.അദ്ദേഹം യാത്രക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കൂട്ടത്തില്‍ പറഞ്ഞു, മാന്യരെ നിങ്ങളുടെ കോളേജുകളില്‍ നിന്ന് പാസ്സായ കുട്ടികള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചതാണീ വിമാനം എന്ന്. അതുകേട്ട പ്രിന്‍സിപ്പല്‍മാരെല്ലാം കരഞ്ഞ് വിളിച്ച് പുറത്തേയ്ക്ക് ചാടിയത്രെ ! എലാവര്‍ക്കും നല്ലത് വരട്ടെ!!

2 comments :

  1. വിദ്യാഭ്യാസരംഗത്ത് കേരളം തമിഴ്‌നാടിനെ പിന്തുടരുന്നു.

    ReplyDelete
  2. അന്ധനെ അന്ധന്‍ പിന്തുടര്‍ന്നാല്‍ രണ്ടുപേരും കുഴിയില്‍ വീഴും എന്നൊരു പഴമൊഴിപോലെ........

    ReplyDelete