# Justice for Jisha ( #ജിഷയ്ക്ക് നീതി )

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഇരിങ്ങോളിൽ പുറമ്പോക്കിൽ കനാൽവക്കിൽ താമസിക്കുന്ന ജിഷ എന്ന പെൺകുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തത് ഈ അടുത്തകാലത്താണ്.ആദ്യനാളുകളിൽ ആത്മഹത്യ എന്ന് വിവരിച്ചിരുന്ന ഈ മരണം രഹസ്യമാക്കിവയ്ക്കാൻ പോലീസ് ശ്രമിച്ചിരുന്നു എന്ന് ആരോപണമുയർന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തായതോടെയാണ്.ഇലക്ഷൻ സമയത്ത് ഉത്തരേന്ത്യൻ മോഡൽ പീഢനവും കൊലയും എന്നത് ഭരണകക്ഷിക്ക് ദോഷം ചെയ്യും എന്നതിനാൽ പലപ്രശ്നങ്ങളും രാഷ്ട്രീയസമ്മർദ്ദം മൂലം പോലീസ് മൂടിവച്ചെന്ന സത്യം പുറത്തുവന്നു.അതോടെ പെരുമ്പാവൂർ കത്താൻ തുടങ്ങി.പ്രത്യേകിച്ചും പ്രതിപക്ഷം - അതിൽ ഇടതുപക്ഷം - ഈ വിഷയത്തിൽ ഇടപെടുകയും നിരന്തരം പെരുമ്പാവൂരിൽ സമരങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാൻ ആരംഭിച്ചു.ഒട്ടുമിക്ക പ്രതിപക്ഷകക്ഷികളും അവരുടേതായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ മുന്നോട്ട് വന്നു.എന്നാൽ ഭരണകക്ഷിയുടെ യൂത്ത് വിങ്ങായ യൂത്ത് കോൺഗ്രസ്സുകാർ , പത്രക്കാർ മുഖ്യമന്ത്രിക്ക് അഹിതമായ ചോദ്യങ്ങൾ ചോദിച്ചു എന്നുമ്പറഞ്ഞ് പത്രക്കാരെ മർദ്ദിച്ച് മാതൃകയായി.എന്തിനേറെ , കേരള ശാസ്ത്രസാഹിത്യപരിഷത്ത് എറണാകുളം ജില്ലാകമ്മിറ്റിയും വായമൂടിക്കെട്ടിയ പ്രതിഷേധപ്രകടനം നടത്തി സംതൃപ്തിയടഞ്ഞു.

             എന്നാൽ പുറത്തുനിന്നു നോക്കുമ്പോൾ ഈ വിഷയത്തിനു മൂന്നുതലങ്ങളുണ്ടെന്നു കാണാം.ഒന്നാമത്തെ തലം ഇപ്പോൾ ചൂടുപിടിച്ചു നിൽക്കുന്ന രാഷ്ട്രീയതലം തന്നെ.ഭരണകക്ഷി എന്തുകൊണ്ടാ ഹീനത മറച്ചുവയ്ക്കാൻ ശ്രമിച്ചുവോ അതേ ഉദ്ദേശത്തോടെ പ്രതിപക്ഷം അവ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നു.അതോടെ സംഭവം സംഘർഷഭരിതവും പ്രശ്നഭരിതവുമായിത്തീർന്നിരിക്കുന്നു.ഒരു ലാത്തിചാർജ് നടന്നുകഴിഞ്ഞിരിക്കുന്നു, മാധ്യമപ്രവർത്തകർക്കുനേരെയുള്ള കയ്യേറ്റവും നടന്നുകഴിഞ്ഞു.

                                    രണ്ടാമത്തെ തലം നമ്മുടെ വികസനത്തിന്റെ പൊള്ളത്തരമാണെന്നതാണ്. കേരളം വികസിച്ച് വികസിച്ച് ഏതാണ്ട് വീർപ്പുമുട്ടുന്ന ഒരു സ്ഥിതിയിലായെന്നാണ് ഭരണക്കാർ പറയുന്നത്.അതിന്നവർ ധാരാളം ഉദാഹരണങ്ങളും നിരത്തുന്നു.മെട്രോ റെയിൽ,വിഴിഞ്ഞം പദ്ധതി ,ജില്ല തോറുമുള്ള വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും ഒക്കെ വികസനത്തിന്റെ ഉദാഹരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഇതിനെയൊക്കെ വികസനത്തിന്റെ മാതൃകകളായി ആരും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം.ഈദൃശപ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ ജീവിതനിലവാരസൂചികയിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല എന്നവിവരം ഈ " ട്രിക്കിൾ ഡൗൺ " തിയറിക്കാർക്കൊഴിച്ച് ബാക്കിയെല്ലാവർക്കും അറിയാം.അങ്ങനെ വികസനം വരില്ലെന്നുതന്നെയാണ് ജിഷയുടെ അനുഭവം കാണിക്കുന്നത്.( ഇതെഴുതുന്ന ഇന്ന് തന്നെ (4/5/16) ഉത്തരകേരളത്തിലെവിടയോ ഒറ്റയ്ക്കുതാമസിക്കുന്ന 68 വയസ്സുള്ള ഒരു വൃദ്ധയെ ക്രൂരമായി ബലാൽസംഗം ചെയ്തവിവരം പുറത്തുവന്നിട്ടുണ്ട്).പണ്ട് നാം പറയുക, സ്ത്രീകൾക്ക് ഏതുപാതിരാത്രിയിലും ഒറ്റയ്ക്ക് തെരുവിലൂടെ നടക്കാൻ കഴിയുമെങ്കിലാ നാട് വികസനത്തിന്റെ പാതയിലാണെന്നാണ്.ഇന്ന് നമുക്കത് ഇങ്ങനെ തിരുത്തേണ്ടിയിരിക്കുന്നു, രാത്രി സ്വന്തം വീട്ടിൽ കൊലചെയ്യപ്പെടാതെ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് കഴിയുവാൻ സാധിക്കുമെങ്കിൽ ഈ നാട് വികസിച്ചതാണ് എന്ന്. സ്വന്തം വീട്ടിൽ പോലും സുരക്ഷിതമായി ഉറങ്ങാൽ കഴിയാത്ത നാട്ടിൽ എന്ത് വികസനം വന്നിട്ടെന്താ?അപ്പോൾ നമുക്ക് ധൈര്യസമേതം പറഞ്ഞുകൂടെ, ഇന്നാട്ടിൽ നടക്കുന്നതൊന്നുമല്ല വികസനം എന്ന് .ഓരോ പദ്ധതിയും ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ മുഖത്ത് എന്തുമാറ്റമുണ്ടാക്കും എന്ന് നോക്കിയാണ് ഞാൻ പദ്ധതിയെ വിലയിരുത്തുക എന്ന് പ്രഖ്യാപിച്ച നേതാവിന്റെ അനുയായികളാണീ പണി ഒപ്പിക്കുന്നതെന്നോർക്കണം.അപ്പോൾ വികസനമെന്നാൽ മനുഷ്യന്ന് - അത് ആണായാലും പെണ്ണായാലും , ഹിന്ദുവായാലും മുസ്ലീമായാലും കൃസ്ത്യനായാലും , കറുത്തവനായാലും വെളുത്തവനായാലും , പണക്കാരനായാലും പാവപ്പെട്ടവനായാലും - സ്വന്തം വീട്ടിൽ മനസമാധാനത്തോടെ കിടന്നുറങ്ങാൽ കഴിയുന്നതാണ്. ഏതൊരു മനുഷ്യനും അവന്റെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം കിട്ടുന്നതായിരിക്കണം , രോഗം വന്നാൽ ആർക്കായാലും കയ്യിലെ കാശുമുടിക്കാതെ ഏതാശുപത്രിയിലും ചികിൽസ നേടാവുന്നതായിരിക്കണം , പഠിക്കാൻ കഴിവുള്ളവന്നോ അവൾക്കോ കുടുംബം പണയം വയ്ക്കാതെ എത്രവേണമെങ്കിലും അവനോ അവൾക്കോ പഠിക്കാൻ കഴിയുന്നതായിരിക്കണം, അവന്റെ ആവശ്യം കണ്ടറിഞ്ഞ് വേണ്ടസമയത്ത് വേണ്ടരീതിയിൽ സഹായം എത്തിക്കുന്നതായിരിക്കണം വികസനം.ഇത് വികസനത്തിന്റെ ബാലപാഠം മാത്രം.

                         ഇനി മൂന്നാമത്തെ തലം.അത് കേരളസമൂഹം സ്ത്രീപുരുഷസൗഹൃദങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു എന്നുള്ളതാണ്.ആധുനീക കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷബന്ധം എന്നാൽ അമ്മയും മകനും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ പെങ്ങളും അമ്മയും തമ്മിലുള്ള ബന്ധം എന്നിവ മാത്രമാണ്. സ്വന്തം ഭാര്യയുമായുള്ള ബന്ധം പോലും നമ്മുടെ സമൂഹം സംശയത്തോടെ മാത്രം കാണുന്ന ഒന്നാണ്. അമ്മ - പെങ്ങൾ ബന്ധമൊഴിച്ച് ബാക്കിയെല്ലാം അവർ സംശയത്തോടെ മാത്രമേ കാണൂ.ഒരു പുരുഷനും സ്ത്രീയും തമ്മിൽ സൗഹൃദമായാൽ അവൾ പോക്കാണെന്ന് വിധിയെഴുതുന്നതാണ് നമ്മൂടെ സമൂഹം.സ്വന്തം കാര്യത്തിനായി ഒരു സ്ത്രീ പൊതുസദസ്സിൽ അല്പം ഒച്ചയുയർത്തി സംസാരിച്ചാൽ അവൾ തേവീടിശ്ശിയായി , അല്ലെങ്കിൽ ഒരുമ്പെട്ടോളായി.കൂട്ടിനൊരു പഴഞ്ചൊല്ലും കാച്ചിയേക്കും."നാരകം നട്ടേടം നാരി നയിച്ചിടം കൂവളം കെട്ടിടം"ന്ന്.നാരകത്തോട്ടങ്ങൾ തന്നെ ഇന്ന് നിലവിലുണ്ട്,അവിടെയൊന്നും പ്രത്യേകിച്ച് മുടിവൊന്നുമുണ്ടായതായി ആർക്കും അറിവില്ലല്ലോ? അതുപോലെതന്നെയാണ് നാരി നയിച്ചിടവും.അപ്പോൾ ഈയൊരവസ്ഥ - സ്ത്രീകൾക്കുള്ള ഈ രണ്ടാം സ്ഥാനം - എങ്ങനെ വന്നു?പ്രത്യേകിച്ച് മാനവരാശിയുടെ നിലനിൽപ്പിനുതന്നെ കാരണം സ്ത്രീകളാണെന്നു നരവംശസാസ്ത്രജ്ഞർ പറഞ്ഞുവയ്ക്കുമ്പോൾ?പകൽ വേട്ടയ്ക്കുപോകുന്ന പുരുഷന്മാർ മിക്കവാറും ദിവസങ്ങളിൽ വെറുംകയ്യോടെയാണത്രെ തിരിച്ചുവരാറ് . തങ്ങളെക്കാൾ വേഗതയേറിയ ഇരയെകൊല്ലാൻ പലപ്പോഴും അവർക്ക് കഴിയാറില്ല.അക്കാലങ്ങളിൽ പകൽസമയം മുഴുവൻ കാട്ടിലലഞ്ഞു നടന്ന് ഇലകളും കിഴങ്ങുകളും കായ്കനികളും സംഭരിക്കുകയായിരിക്കും ഗോത്രത്തിലെ സ്ത്രീകൾ.വൈകീട്ട് പുരുഷന്മാർ പട്ടിണിയാവാതെ കഴിഞ്ഞിരുന്നത് സ്ത്രീകൾ കൊണ്ടുവരുന്ന ഈ പച്ചക്കറികളായിരുന്നത്രെ.എന്നാൽ പിന്നീട് സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെ സ്ത്രീകളുടെ പദവി താഴെ പോയി എന്നാണ് ചരിത്രകാരന്മാർ തെളിവുകളോടെ സ്ഥാപിക്കുന്നത്.ഇന്ത്യയിലാണെങ്കിൽ സ്വാധീനം ഫ്യൂഡലിസമെന്ന് വിളിക്കുന്ന സംബ്രദായത്തിനാണ്.പ്രഭുക്കളും ഇടപ്രഭുക്കളും, ജനങ്ങൾഓരോ വിഭാഗത്തിനും കൃത്യമായ തൊഴിൽ വിഭജിച്ചുകൊടുക്കുകയും ചെയ്ത ആ കാലഘട്ടത്തിന്റെ സ്വാധീനം വളരെ വലിയൊരളവോളം നമ്മൂടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.വെളിയിൽ കാണുന്ന ഭാഗത്ത് പരിഷ്കാരത്തിന്റെ ചിഹ്നങ്ങളായ കോട്ടും തൊപ്പിയും ഷൂവും പാന്റുമൊക്കെയുണ്ടെങ്കിലും അതിന്റെയടിയിൽ ആ ചളിപിടിച്ച് കീറിപ്പിന്നിയ കോണകം ആണുള്ളതെന്ന് ഭാരതത്തിലെ പുരുഷന്മാർ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിൽ മുൻപന്തിയിലാണ് കേരളപുരുഷനും.

              സംശയമുണ്ടോ?ഇന്ത്യക്കുവെളിയിൽ ഒരാണും ഒരു പെണ്ണും കൂടി സഹപ്രവർത്തകർ എന്ന നിലയിൽ ബഹിരാകാശത്തുചെന്ന് വർഷങ്ങളോളം താമസിച്ച് ഗവേഷണത്തിലേർപ്പെടുമ്പോൾ നമ്മൾ ഇന്ത്യാക്കാരോ - കേരളീയരടക്കം - സ്കൂളുകളിൽ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലെപ്പൊഴും ഒരു മീറ്റർ അകലം പാലിക്കണമെന്ന നിയമം പാസാക്കുന്നു.ആണും പെണ്ണും കാമ്പസ്സുകളിൽ തമ്മിൽകാണാനോ സംസാരിക്കാനോ ചിരിക്കാനോ പോലും അനുവാദമില്ലാത്ത ഇടങ്ങളിൽ ജിഷമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.വീട്ടിൽ ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ടെങ്കിൽ ആൺകുട്ടിയെ വളർത്തുന്ന രീതിയിലല്ല പെൺകുട്ടിയെ വളർത്തുന്നത്. നീ അന്യവീട്ടിൽ പോകേണ്ടവളാണ് , നീ ഉറക്കെ ചിരിക്കാനോ, സംസാരിക്കാനോ ,കളിക്കാനോ പാടില്ല. നിന്റെ സ്ഥാനം എന്നും അടുക്കളയാണ്,നീയെന്നും ഒരാണിനു കീഴ്വഴങ്ങി ജീവിക്കേണ്ടവളാണ് എന്ന വിദ്യാഭ്യാസം നൽകുമ്പോൾ ആൺകുട്ടിയ്ക്ക് നീ അവളെ ഭരിക്കേണ്ടവനാണ് , അവളോട് ദയ കാണിക്കരുത് തുടങ്ങിയ രീതിയിലുള്ള വിദ്യാഭ്യാസവും നൽകുന്നു.ഇത്രയും പറഞ്ഞതുകൊണ്ട് മേൽപറഞ്ഞവ വീട്ടിലെ സിലബസ്സിലെ ഭാഗങ്ങളാണെന്ന് വിചാരിക്കരുത്. ഇത് നൽകപ്പെടുന്നത് അഛന്റെ അമ്മയോടുള്ള പെരുമാറ്റത്തിലൂടെ, പത്രവാർത്തകൾ കാണിച്ച് അമ്മ മകളെ ഭീഷണിപ്പെടുത്തുന്നതിലൂടെ ഒക്കെ ഒക്കെയായിരിക്കാം.ഇത്തരം അനാരോഗ്യകരമായ സ്ത്രീപുരുഷബന്ധങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലരയല്ല.അതോടൊപ്പം പുരുഷനുണ്ടാകുന്ന ലൈംഗീക അസംതൃപ്തികൂടിയാകുമ്പോൾ പലപ്പോഴും പലസാഹചര്യങ്ങളിലും പുരുഷനിലെ മൃഗം പുറത്തുചാടും.

                       അപ്പോൾ ഇതൊക്കെയാണ് നിർഭയപ്രതിഭാസത്തിനു പിന്നിലെ കാരണങ്ങൾ.അതുകൊണ്ട് സഹിക്കുക എന്നല്ല അർത്ഥം.കേവലം പ്രതിയെ കണ്ടെത്തി പരമാവധി ശിക്ഷകൊടുത്തതുകൊണ്ടുമാത്രം സമൂഹത്തിൽ നിന്ന് ഒഴിവാകുന്ന ഒരു "എവിൾ" അല്ല ഇതെന്നുമാത്രം സൂചിപ്പിക്കുകയായിരുന്നു ഞാൻ ചെയ്തത്.പ്രത്യേകിച്ചും ഗോവിന്ദചാമിയെ തൂക്കിക്കൊന്നിരുന്നെങ്കിൽ ജിഷപ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നർത്ഥമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പാറിനടക്കുന്നുണ്ട് എന്നതുമോർക്കണം.അപ്പോൾ ഇത്തരം "എവിളുകൾ" സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റണമെങ്കിൽ മേലെ പറഞ്ഞ മൂന്ന് തലങ്ങളിലും നിലനിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം എന്നർത്ഥം.അത് ചില്ലറക്കാര്യമാണെന്നു തോന്നുന്നുണ്ടോ ?

1 comment :

  1. ഇതൊക്കെയാണ് നിർഭയപ്രതിഭാസത്തിനു പിന്നിലെ കാരണങ്ങൾ.അതുകൊണ്ട് സഹിക്കുക എന്നല്ല അർത്ഥം.കേവലം പ്രതിയെ കണ്ടെത്തി പരമാവധി ശിക്ഷകൊടുത്തതുകൊണ്ടുമാത്രം സമൂഹത്തിൽ നിന്ന് ഒഴിവാകുന്ന ഒരു "എവിൾ" അല്ല ഇതെന്നുമാത്രം സൂചിപ്പിക്കുകയായിരുന്നു ഞാൻ ചെയ്തത്.പ്രത്യേകിച്ചും ഗോവിന്ദചാമിയെ തൂക്കിക്കൊന്നിരുന്നെങ്കിൽ ജിഷപ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നർത്ഥമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പാറിനടക്കുന്നുണ്ട് എന്നതുമോർക്കണം.അപ്പോൾ ഇത്തരം "എവിളുകൾ" സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റണമെങ്കിൽ മേലെ പറഞ്ഞ മൂന്ന് തലങ്ങളിലും നിലനിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം എന്നർത്ഥം.അത് ചില്ലറക്കാര്യമാണെന്നു തോന്നുന്നുണ്ടോ ?

    ReplyDelete