ഭക്തിയുടെ രഹസ്യം.

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


രാഷ്ട്രീയവും പരിസ്ഥിതിയുമൊക്കെ വിട്ട് ലേശം പുരാണമൊക്കെ ആയാലോ എന്ന് വിചാരിക്കുകയാണ്. പ്രായവും കൂടി വരികയല്ലേ , അതിന്റെയൊരു അസ്കിതയാണെന്നു കൂട്ടിയാൽ മതി.

                         അപ്പോൾ സംഭവം ഇങ്ങനെയാണ്. നമ്മുടെ നാരദൻ, വീണയും മീട്ടി സദാ നാരായണമന്ത്രവും ജപിച്ച് മൂന്നുലോകത്തിലും കറങ്ങി നടന്ന് ഉണ്ടാക്കാവുന്ന പൊല്ലാപ്പുകളൊക്കെ ഉണ്ടാക്കുന്ന ആ സാക്ഷാൽ നാരദൻ തന്നെ.ഒരു നാൾ അദ്ദേഹത്തിനൊരു സംശയം.എന്നും എപ്പൊഴും നാരായണമന്ത്രം ജപിച്ചു നടക്കുന്ന താനല്ലാതെ മറ്റാരുണ്ട്ഭഗവാൻ നാരായണന്റെ അരുമഭക്തനായിട്ട്?ചിലപ്പോൾ നാരദർക്കൊരു സംശയം തോന്നും, താനായിരിക്കുമോ?എപ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ താനാ സവിധത്തിലെപ്പോഴുമില്ലല്ലോ , അതുകൊണ്ട് മറ്റാരെങ്കിലുമായിരിക്കുമോ ആ ഭക്തൻ?അടുത്ത നിമിഷം നാരദന് മറിച്ചുതോന്നും, ഛായ്! ഊണിലും ഉറക്കത്തിലും നാരായണാ എന്ന് ജപിച്ചു നടക്കുന്ന താനല്ലാതെ മറ്റാര്?

                                  അവസാനം മഹാവിഷ്ണുവിനെ നേരിട്ടുകണ്ട് തന്റെ മനസ്സിലെ ആ സംശയം ദൂരീകരിക്കാൻ തീരുമാനിച്ചു നാരദൻ. തീരുമാനം കയ്യോടെ നടപ്പിലാക്കാനായി വീണയും മീട്ടി അപ്പോൾതന്നെ നാരായണസവിധത്തിലണഞ്ഞു അദ്ദേഹം.മഹാവിഷ്ണുവാകട്ടെ നാരദരെ യോഗ്യതയ്ക്കു ചേരുംവിധം സ്വീകരിച്ച് ആസനം നൽകി ആദരിച്ചു , എന്നിട്ടു ചോദിച്ചു , നാരദരേ എന്താണീ വരവിന്റെ ഉദ്ദേശം?നാരദർ തന്റെ സംശയം മറച്ചുവയ്ക്കാതെ ദൈവത്തിന്റെ മുന്നിൽ അവതരിപ്പിച്ചു , അല്ലയോ നാരായണാ , വളരെ ചെറിയൊരു സംശയവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്.അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തൻ ആരെന്നറിയണം , ആ പുണ്യവാനെ കണ്ടൊന്ന് വന്ദിക്കണം.അതുകൊണ്ട് അല്ലയോ ദൈവമേ അങ്ങ് അതാരെന്ന് വെളിപ്പെടുത്തില്ലേ?

                                 ഭഗവാൻ ഉത്തരം പറയുന്നതിന്നുമുന്നേ പ്രിയഭക്തന്റെ നേരെ ഒന്ന് നോക്കി, തന്റെ പേരു പറയുമെന്ന വിശ്വാസത്തോടെ തന്നെ ഉറ്റുനോക്കുന്ന ആ മുഖത്തേക്ക് ഒന്നുകൂടി നോക്കിക്കൊണ്ട് ഭഗവാൻ പറഞ്ഞു , നാരദരെ ആ ഭക്തൻ അങ്ങ് ശ്രാവസ്തിയിൽ കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന ഗോവിന്ദൻ എന്ന കർഷകനാണ്.മഴമേഖം സൂര്യനെ മൂടുന്നത് പോലെ നാരദരുടെ മുഖത്ത് ഇരുട്ട് മൂടുന്നത് ഒരുൾച്ചിരിയോടെ ഭഗവാൻ നോക്കി നിന്നു.ഒരു നിമിഷം ഒരേയൊരു നിമിഷം , തന്റെ മുഖത്ത് പഴയ ആ പ്രസന്നഭാവം വരുത്തി നാരദൻ ഭഗവാനോട് പറഞ്ഞു , അല്ലയോ ഭഗവാനേ , ആ ഭാഗ്യവാനോടൊപ്പം കുറച്ചുനാൾ കഴിയാൻ അടിയനെ അനുവദിച്ചാലും.അങ്ങനുവദിക്കുകയാണെങ്കിൽ ഞാനിതാ ശ്രാവസ്തിയിലേയ്ക്ക് പുറപ്പെടുകയായി.ഭഗവാൻ അതനുവദിക്കുകയും ചെയ്തു.

                                    മനസ്സിൽ ഇച്ഛാഭംഗം നിറഞ്ഞെങ്കിലും നാരദൻ ആ കൃഷിക്കാരനെ കാണാൻ പോവുക തന്നെ ചെയ്തു.അങ്ങനെ ഒരു ദിവസം ഉച്ചകഴിഞ്ഞ് ഗോവിന്ദന്റെ വീട്ടിൽചെന്ന നാരദൻ കണ്ടത് നിറയെ കോഴികൾ ,താറാവ്കൾ, പൂച്ചകൾ , പട്ടികൾ, കുട്ടികൾ , പശുക്കൾ, ആടുകൾ , വൃദ്ധർ , പണിയായുധങ്ങൾ ഒക്കെ നിറഞ്ഞ ഒരു കൊച്ചുവീടാണ്.നിറഞ്ഞ പ്രസന്നതയോടെ ഗോവിന്ദൻ നാരദരെ സ്വീകരിച്ച് ഉപചരിച്ചു.എന്നിട്ട് ഗോവിന്ദൻ പറമ്പിലേക്കിറങ്ങുകയും ചെയ്തു.

                           മൂന്ന് മാസം നാരദൻ ഗോവിന്ദന്റെ പിന്നാലെ നടന്നു. ഭക്തിയുടെ ഏതുകാര്യത്തിലാണ് ഗോവിന്ദൻ തന്നെ കവച്ചുവച്ചതെന്ന് അറിയണമല്ലോ?ദിവസവും രാവിലെ മൂന്ന് മണിയ്ക്ക് ഗോവിന്ദനും ഭാര്യയും ഉണരും.അടുത്തുള്ള പുഴയിൽ പോയി ശരീരശുദ്ധി വരുത്തി ഗോവിന്ദൻ തൊഴുത്തിലേയ്ക്കും ഭാര്യ അടുക്കളയിലേയ്ക്കും തിരിയും.പശുക്കളേയും ആടുകളേയും പുറത്തിറക്കി കുളിപ്പിച്ച് കറക്കുന്നവയെയൊക്കെ കറന്ന് പാലെടുത്ത് എല്ലാത്തിനും വെള്ളവും തീറ്റയും നൽകിക്കഴിയുമ്പോൾ നേരം വെളുക്കും.ഭാര്യ തരുന്ന ഭക്ഷണവും കഴിച്ച് പാടത്തേക്കിറങ്ങുന്ന ഗോവിന്ദൻ ഉച്ച കഴിയുമ്പോൾ തിരിച്ചുവന്ന് ഭക്ഷണം കഴിച്ച് ഉടനെ പറമ്പിലേക്കിറങ്ങും. ആ പണികളും തീർത്ത് സന്ധ്യ മയങ്ങുമ്പോൾ വരുന്ന ഗോവിന്ദൻ പിന്നെ വീണ്ടും തൊഴുത്തിലേയ്ക്ക്.അവിടെ നിന്നിറങ്ങി മക്കളും വീട്ടുകാരുമൊത്ത് സമയവും ചിലവഴിച്ച് ഭക്ഷണവും കഴിച്ച് നാളേയ്ക്കുള്ള പണിയായുധങ്ങളൂം മറ്റും എടുത്ത്‌വച്ച് ഉറങ്ങാൻ കിടക്കുമ്പോൾ മണി പതിനൊന്ന്. പിറ്റേന്നും അതിന്റെ പിറ്റേന്നും എന്നും എന്നെന്നും ഇതുതന്നെ സ്ഥിതി.ഈ പണിത്തിരക്കിനിടയിൽ നാമജപം ,അമ്പലസന്ദർശനം , മറ്റുഭക്തിമാർഗങ്ങൾ ഇവയൊന്നും ഇല്ലെന്നുതന്നെ പറയാം.എന്നാലും തിരക്കിനിടയിൽ ഒന്നോ രണ്ടോ പ്രാവശ്യം നാരായണാ എന്ന് ദിവസവും വിളിച്ചാലായി.ഇതാണ് ഉത്തമഭക്തന്റെ ഭക്തി.നാരദർക്ക് തമാശ തോന്നി.അദ്ദേഹം വീണ്ടും തിരിച്ച് നാരായണ സവിധത്തിലേയ്ക്ക് ചെന്നു.

                               നാരായണനാകട്ടെ നാരദരെ കാത്തിരിക്കുകയായിരുന്നു.എന്തായി നാരദരെ ? എന്റെ ഭക്തനെ കണ്ടുവോ? തൃപ്തിയായോ ?അങ്ങനെ ചോദ്യശരങ്ങളായിരുന്നു. നാരദരാകട്ടെ ഇങ്ങനെയും പറഞ്ഞു, ഭഗവാനെ , അങ്ങെന്തു കണ്ടിട്ടാണ് ആ മനുഷ്യനെ അങ്ങയുടെ ഉത്തമഭക്തനെന്നു പറയുന്നത്? സ്വന്തം കുടുംബം പോറ്റാനല്ലാതെ അങ്ങയെ സ്മരിക്കാനയാൾക്കെവിടെ സമയം ?രാവിലെ എഴുനേറ്റാൽ മുതൽ ഉറങ്ങുന്നതുവരെ പണീ പണി പണി. അതിനിടയിൽ അങ്ങയുടെ പേരൊന്ന് സ്മരിച്ചാലായി, അത്ര തന്നെ.ഭഗവാൻ ചുണ്ടിലൊരു പുഞ്ചിരി വിടർത്തി ചോദിച്ചു , നാരദരെ ഞാനൊരു പരീക്ഷ നടത്തട്ടെ? അങ്ങയുടെ ഇഷ്ടം , നാരദരും. അങ്ങനെ ഒരു പാത്രം നിറച്ച് തുളുമ്പും മട്ടിൽ എണ്ണ നിറച്ച് നാരദർക്ക് കൈമാറി.എന്നിട്ടു പറഞ്ഞു, നാരദരെ ഈ എണ്ണപ്പാത്രം കയ്യിലെടുത്ത് ആ മണ്ഡപം മൂന്നുരു ചുറ്റി വരൂ. പിന്നെ ഒരുകാര്യം ഓർക്കാനുള്ളത് യാതൊരു കാരണവശാലും ഒരുതുള്ളി എണ്ണ പോലും തുളുമ്പി പോകരുത് ,കെട്ടോ?

                      പാവം നാരദർ അടിവച്ച് അടിവച്ച് , ഒരു തുള്ളി എണ്ണ പോലും തുളുമ്പിപോകാതെ ശ്രദ്ധിച്ച് ശ്രദ്ധിച്ച് മൂന്നുപ്രാവശ്യം മണ്ഡപം വലംവച്ച് വിജയശ്രീലാളിതനായി തിരിച്ചെത്തി.ഭഗവാനെ ഞാനിതാ അങ്ങയുടെ പരീക്ഷയിൽ ജയിച്ച് തിരിച്ചെത്തിയിരിക്കുന്നു. ഒരു തുള്ളി എണ്ണ പോലും തുളുമ്പിയില്ല , മൂന്നുരു വലം വയ്ക്കുകയും ചെയ്തു.നന്നായി , ഭഗവാൻ പറഞ്ഞു നിറുത്തി.നാരദർ പരീക്ഷയിൽ വിജയിച്ചു, എന്നാൽ നാരദരെ ഞാനൊന്ന് ചോദിക്കട്ടെ, താങ്കൾ മണ്ഡപം വലംവയ്കുന്നതിനിടയിൽ എത്രപ്രാവശ്യം എന്നെ സ്മരിച്ചു?ജാള്യതയോടെ നാരദർ പറഞ്ഞു, ക്ഷമിക്കണേ ഭഗവാനേ, എണ്ണ തുളുമ്പിപ്പോകാതിരിക്കാനുള്ള ശ്രദ്ധയിൽ ഞാനങ്ങയെ സ്മരിക്കാൻ വിട്ടുപോയി . മാപ്പാക്കണം.ഭഗവാൻ കരുണാപൂർവ്വം നാരദരോട് പറഞ്ഞു, ആ ശ്രാവസ്തിയിലെ ഗോവിന്ദനെ നോക്കൂ , വലിയൊരു കുടുംബമാണവനുള്ളത്. പാതിരാ മുതൽ പാതിരാ വരെ എല്ലുനുറുങ്ങെ പണിചെയ്താൽ മാത്രമേ അവന്റെ കുടുംബത്തിനു കഷ്ടിച്ചു ജീവിക്കാൻ കഴിയൂ.നാരദർക്ക് മൂന്നുരു വച്ചാൽ മതിയായിരുന്നു, എന്നാൽ അവനോ ഒരു ജന്മം മുഴുവൻ അങ്ങനെ കഷ്ടപെടണം.ആ കഷ്ടപ്പാടിനിടയിൽ അവൻ വല്ലപ്പൊഴുമെങ്കിലും എന്നെ സ്മരിക്കുന്നുണ്ടെങ്കിൽ അതുതന്നെ നാരദരെ വലിയ പുണ്യം. നാരദർക്ക് കാര്യം മനസ്സിലായി. അദ്ദേഹം നിശബ്ദം ഭഗവാനെ തൊഴുത് പിന്മാറി.

                          എന്നിട്ടും നമ്മിൽ പലർക്കും ഇന്നും അത് മനസ്സിലായിട്ടില്ല.സാക്ഷാൽ ഭഗവാൻ പോലും നമ്മുടെ കഷ്ടപ്പാടുനിറഞ്ഞ ജീവിതത്തേയും അതിന്റെ രണ്ടറ്റത്തേയും കൂട്ടിമുട്ടിക്കാനുള്ള നമ്മുടെ തത്രപ്പാടിനേയും അംഗീകരിക്കുന്നു.അതുകൊണ്ടുതന്നെ നിരന്തരമായ , പ്രദർശനാത്മകമായ ഒരു ഭക്തിയെ അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നു.ഏതു കഷ്ടപ്പാടിൽ നിന്നുമുള്ള മോചനത്തിനായുള്ള മാന്യമായ അദ്ധ്വാനം അതാണ് ദൈവം മനുഷ്യരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.അല്ലാതെ നമ്മൂറ്റെ ജീവിതത്തെ നിരാകരിച്ചുകൊണ്ടുള്ള എല്ലാ ഭക്തിപ്രകടനങ്ങളേയും അദ്ദേഹം നാരദരെ നിരാകരിക്കുന്നതിലൂടെ നിഷേധിക്കുന്നു.

                            എന്തിനാണ് നോമ്പെടുത്ത് തലയിൽ കെട്ടുമേന്തി മല ചവിട്ടി കഷ്ടപ്പെട്ട് ശബരിമലയിൽ ചെല്ലുന്നത്? അവീടെ ചെല്ലുന്നവരോടൊക്കെ ശ്രീ അയ്യപ്പൻ വ്യക്തമായ രീതിയിൽ പറയുന്നുണ്ട് , അത് നീയാകുന്നു (തത്വമസി) എന്ന്.നമ്മളെ കാണാനാണ് നമ്മൾ കഷ്ടപ്പെട്ട് അവിടെ ചെല്ലുന്നതെന്ന്. ശ്രീനാരായണഗുരു മറ്റൊരു രീതിയിൽ അത് കാണിച്ചുതന്നിട്ടുണ്ട്, തന്റെ പ്രശസ്തമായ കണ്ണാടി പ്രതിഷ്ഠയിലൂടെ.കുളിച്ച് ശുദ്ധമായി സദ്‌വിചാരത്തോടെ അമ്പലത്തിൽ ചെന്ന് ശ്രീകോവിലിലേയ്ക്ക് നോക്കി തൊഴുമ്പോൾ അവിടെ നാം കാണുന്നത് നമ്മേത്തന്നെ.അപ്പോ ഇതൊക്കെയാണ് കാര്യം.പ്രദർശനത്തിലല്ല ആർത്തലച്ചുള്ള ശരണം വിളികളിലോ ഭജനകളിലോ അന്യമതസ്തരെ കുത്തിമലർത്തുന്നതിലോ അല്ല ദൈവഭക്തി കുടി കൊള്ളുന്നത്. സ്വന്തം കർത്തവ്യം , തന്നിലർപ്പിച്ചിരിക്കുന്ന കാര്യങ്ങൾ മാന്യമായി , കളങ്കലേശമേൽക്കാതെ നിറവേറ്റുന്നതിലാണ് യഥാർത്ഥദൈവഭക്തി കുടികൊള്ളുന്നത്. അതല്ലേ സത്യം? ഇതിലും വലിയൊരു പാഠം മാനവരാശിയ്ക്കു കിട്ടാനുണ്ടോ? എന്നിട്ടും എല്ലാ പാഠങ്ങളും പഠിച്ച നമ്മൾ ഒന്നും പഠിച്ചില്ല എന്ന മട്ടിൽ ആർക്കുന്നു ഭഗവാനേ ദൈവമേ ഭക്തവൽസലാ................

4 comments :

  1. കുളിച്ച് ശുദ്ധമായി സദ്‌വിചാരത്തോടെ അമ്പലത്തിൽ ചെന്ന് ശ്രീകോവിലിലേയ്ക്ക് നോക്കി തൊഴുമ്പോൾ അവിടെ നാം കാണുന്നത് നമ്മേത്തന്നെ.അപ്പോ ഇതൊക്കെയാണ് കാര്യം.പ്രദർശനത്തിലല്ല ആർത്തലച്ചുള്ള ശരണം വിളികളിലോ ഭജനകളിലോ അന്യമതസ്തരെ കുത്തിമലർത്തുന്നതിലോ അല്ല ദൈവഭക്തി കുടി കൊള്ളുന്നത്. സ്വന്തം കർത്തവ്യം , തന്നിലർപ്പിച്ചിരിക്കുന്ന കാര്യങ്ങൾ മാന്യമായി , കളങ്കലേശമേൽക്കാതെ നിറവേറ്റുന്നതിലാണ് യഥാർത്ഥദൈവഭക്തി കുടികൊള്ളുന്നത്. അതല്ലേ സത്യം? ഇതിലും വലിയൊരു പാഠം മാനവരാശിയ്ക്കു കിട്ടാനുണ്ടോ? എന്നിട്ടും എല്ലാ പാഠങ്ങളും പഠിച്ച നമ്മൾ ഒന്നും പഠിച്ചില്ല എന്ന മട്ടിൽ ആർക്കുന്നു ഭഗവാനേ ദൈവമേ ഭക്തവൽസലാ................

    ReplyDelete
  2. daivam angngane bhakthare paripaalikkunnathilum nallath nalla jIvitham nalki bhaktharaakkukayallE?

    ReplyDelete
  3. ഒരു യുക്തിവാദി ദെെവത്തെക്കുറിച്ചെഴുതാറായോ?

    ReplyDelete