മലയാളിയുടെ മനസ്സ്

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                         പാറക്കടവ് ബ്ലോക്കോഫീസിലേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ഫോട്ടോ.



                       ഫേസ്‌ബുക്കിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി വൻ റേറ്റിങ്ങിൽ ഓടിയ ഒരു ചിത്രമാണിത്.നമ്മുടെ നാട്ടിലെ ആചാരമോർമ്മയില്ലേ? സംശയകരമായ സാഹചര്യത്തിൽ രാത്രിയോ പകലോ ഒരാളെ പിടിച്ചാൽ ആദ്യമായി ഡ്രസ്സഴിച്ചുകളഞ്ഞ് അടുത്തുള്ള ഒരു മരത്തിൽ കെട്ടിയിടും, എന്നിട്ട് വരുന്നവനും പോകുന്നവനും കൈത്തരിപ്പ് തീർക്കുന്നതും സ്ഥലത്തെ യുവതലമുറ ഇടിച്ച് പഠിക്കുന്നതും ആ പാവത്തിന്റെ ദേഹത്തായിരിക്കും.അങ്ങനെ പലരും മരണപ്പെട്ടിട്ടുമുണ്ട്.(മലപ്പുറത്തെ മങ്കര സംഭവം ഓർക്കുക.)അതുപോലെ ഫേസ്‌ബുക്കിൽ ഒരു ചിത്രം പ്രത്യക്ഷപ്പെടുന്നു.അത് ഇന്നതാണെന്ന് ഫോട്ടോ പോസ്റ്റ് ചെയ്തയാളുടെ കമന്റ്.പിന്നെ ഈ ചിത്രം കണ്ടവരെല്ലാം തെറിപ്പാട്ടായിരുന്നു.അങ്ങനെ രണ്ടോ മൂന്നോ ദിവസം ഈ ചിത്രം ഫേസ്‌ബുക്കിലോടി.

                       ചിത്രം പോസ്റ്റ് ചെയ്തയാൾ പറയുന്നത് അത് പാറക്കടവ് ബ്ലോക്കോഫീസിന്റെ ചിത്രമാണെന്നാണ്.മേശയിൽ കാലും കയറ്റിയിരുന്ന് മൊബൈലിൽ സംസാരിക്കുന്നത് അവിടുത്തെ എഞ്ചിനീയറും.പോരേ പൂരം. " ഇതല്ലെ നമ്മുടെ സർക്കാർ ഓഫീസ് പിന്നെങ്ങനെ എല്ലാം ശരിയാകും , പിണറായി വിജയൻ ആദ്യം ഈ ......യെ ശരിയാക്ക് എന്നിട്ട് മതി ബാക്കി , ...... മോന്റെ മോന്തയ്ക്കടിക്കാൻ ആരുമില്ലേ , ഇത്തരം .. കൾ ആണ് നാടിന്റെ ശാപം" തുടങ്ങിയവയാണ് കുറച്ച് സഭ്യമായ കമന്റുകൾ.ഒരു മനുഷ്യൻ പോലും നല്ലത് എഴുതിയിട്ടില്ല എന്നതാണ് സത്യം.

                               ഒരുവർഷം മുമ്പ് ഞാനൊരു പരിശീലനക്ലാസ്സിൽ പോയിരുന്നു.ഞാനടക്കം ആകെ പതിനഞ്ചോ പതിനാറോ പേർ ക്ലാസ്സ് കേൾക്കാനുണ്ട്.ക്ലാസ്സിന്റെ ഭാഗമായി ഞങ്ങളോട് ആ മാഷ് ഒരു സംഭവം വിശദീകരിച്ചുതന്നു.അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് ഒരാളുണ്ട്. അയാളുടെ ആദ്യകല്യാണം 20 വയസിലായിരുന്നു, 21 - മത്തെ വയസ്സിൽ ആ കല്യാണം അലസിപ്പോയി. പിന്നെ പലപ്പോഴായി ആകെ 6 കല്യാണങ്ങളും അതെല്ലാം അലസലുമായിരുന്നു.ഇപ്പോൾ അടുത്ത ആഴ്ച അയാളുടെ ഏഴാമത്തെ കല്യാണമാണ്.അതെങ്ങനെയുണ്ടാകുമെന്നാണ് മാഷുടെ ചോദ്യം.ഞങ്ങളെല്ലാവരും ഒരേപോലെ പറഞ്ഞു, അതും കൂടിയാൽ ഒരുവർഷം.അതോടെ തീരും ആ കല്യാണവും.അപ്പോൾ മാഷ് ചോദിച്ചു, നിങ്ങളാരെങ്കിലും ആ ആളെ അറിയുമോ വ്യക്തിപരമായി? ഇല്ല. ആർക്കെങ്കിലും അയാളുടെ പ്രശ്നമെന്താണെന്നറിയുമോ?ഇല്ല.അയാളൊരു ലഘുമനോരോഗിയായിരുന്നു എന്ന് ആർക്കൊക്കെയറിയാം ഇവിടെയിരിക്കുന്നതിൽ? ആർക്കുമറിയില്ല.അയാൾ ചികിൽസയ്ക്ക് വിധേയമായതായി അറിയാമോ? ഇല്ല.അയാളുടെ രോഗം മാറുകയും കല്യാണം കഴിക്കാൻ അയാളെ ചികിൽസിച്ച ഡോക്റ്റർ അനുവദിക്കുകയും ചെയ്തതായി ആർക്കൊക്കെ അറിയാം? ആർക്കുമറിയില്ല.

                      എന്നിട്ടാണ് മാഷ് പറയുന്നത്, ഇതാണ് മലയാളിയുടെ കുഴപ്പം.അവനൊന്നും അറിയണമെന്നില്ല , ചുമ്മാ വലിഞ്ഞുകേറി വിദഗ്ധാഭിപ്രായം പറഞ്ഞോളും. ഇതാണൊരു ശരാശരി മലയാളി. അവൻ നടന്നുവരുമ്പോൾ അല്ലെങ്കിൽ ഒച്ച കേട്ട് ഓടിവരുമ്പോൾ അതുമല്ലെങ്കിൽ ആരെങ്കിലും പറഞ്ഞ് കേട്ട് ഓടിയെത്തുമ്പോൾ ഒരു പാവത്തിനെ മരത്തിലോ തൂണിലോ കെട്ടിയിട്ടിട്ടുണ്ട്, അയാളാണെങ്കിൽ തല്ലുകൊണ്ട് അവശനുമാണ്.അപ്പോഴാണ് ഒരാളുടെ സത്യപ്രസ്താവന " മ്മ്ടെ ...ന്റവിടെ കയറാൻ വന്ന കള്ളനാ , ഭാഗ്യത്തിനു നേരത്തെ കണ്ടു." അങ്ങനെയല്ല എന്ന് പറയാൻ തല്ലുകൊണ്ട ക്ഷീണവും പേടിയും അവനെ അനുവദിക്കുന്നില്ല. തല കീഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു.നമ്മൾ ചെല്ലുന്നു , മുടിയിൽ പിടിച്ച് തല ഉയർത്തി മുഖം കാണാൻ ശ്രമിക്കുന്നു.എന്നിട്ടെന്തെങ്കിലും ഒന്ന് ചോദിച്ചുകൊണ്ട് മുഖമടച്ച് ഒന്ന് കൊടുക്കുന്നു.അപ്പോഴേയ്ക്കും ആ തലമുടിയിൽ മറ്റൊരു കൈ പിടിച്ചിട്ടുണ്ടായിരിക്കും.പിന്നെ അവന്റെ ഊഴമായി.അങ്ങനെ തല്ലി തല്ലി വിവരമറിഞ്ഞ് പോലീസ് വരുമ്പോഴേയ്ക്കും നമ്മളെല്ലാവരുംകൂടി അവനെ മൃതപ്രായനാക്കിയിരിക്കും,അല്ലെങ്കിൽ മൃതനാക്കിയിരിക്കും. പൊലീസ് വണ്ടിയുടെ സയറൺ കേട്ടാലോ , സകല എണ്ണവും അവിടുന്ന് സ്ഥലം കാലിയാക്കിയിരിക്കും.അതാണൊരു മലയാളി.

                          ഈയൊരു പൊതുബോധം വച്ച് നമുക്കാ ചിത്രത്തിലേക്കൊന്നുകൂടി നോക്കാം.അതേ , ഒരു സർക്കാർ ഓഫീസിൽ മേശപ്പുറത്ത് കാലുംകയറ്റി വച്ച് ഫോണിൽ സംസാരിച്ചുകൊണ്ട് ഒരാളിരിക്കുന്നുണ്ട്. അടുത്തുതന്നെ ഒരു സ്ത്രീ ഫോട്ടോ എടുക്കുന്നയാളെ നോക്കിക്കൊണ്ട് നിൽക്കുന്നുമുണ്ട്.പാവം സ്ത്രീ , എന്തോ കാര്യസാധ്യത്തിനു വന്ന അവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഓഫീസർ.അതേ, അതുതന്നെ കൈക്കൂലി പണത്തിൽ ധാരണയാവാത്തതിനാൽ ആ സ്ത്രീയെ മന:പൂർവം തഴഞ്ഞിരിക്കുന്ന ഓഫീസർ.ധാർമ്മികരോഷം ഉയരാതിരിക്കുമോ?വരുന്നവൻ വരുന്നവൻ എങ്ങനെ തെറി പറയാതിരിക്കും?എന്താ ശരിയല്ലേ?

                          ശരി. അപ്പോൾ നാം അവനെ ആവശ്യത്തിനു തെറിവിളിച്ചുകഴിഞ്ഞു.നമ്മുടെ മനസ്സ് ശുദ്ധമായി (കഥാർസിസ്), നമ്മുടെ പ്രഷർ കുറഞ്ഞു.എന്റെ പഴയൊരു സാർ പറഞ്ഞതുപോലെ തെറിവിളി കഴിഞ്ഞപ്പോൽ നാം രതിമൂർഛ നേടി.എല്ലം ശുഭമായെങ്കിൽ ആ ചിത്രത്തിലേക്കൊന്നുകൂടി നോക്കൂ.ഒരു ജനലിന്റെ മുമ്പിൽ ഒരാളിരിക്കുന്നുണ്ട്, അയാളുടെ മുമ്പിലെ മേശപ്പുറത്ത് ധാരാളം റിക്കാർഡുകൾ അട്ടിയിട്ട് വച്ചിട്ടുണ്ട്.ആ റിക്കാർഡുകളുടെ കൂട്ടത്തിൽ ഒരു ബാഗ് ഉണ്ട്,സമീപത്ത് നമ്മെ നോക്കി ഒരു സ്ത്രീ നിൽക്കുന്നുണ്ട്, അവരുടേതാണെന്നുവിചാരിക്കാവുന്ന ഒരു ബാഗും ആ മേശപ്പുറത്തുണ്ട്. ചുമരിൽ ഒരു കലണ്ടറും (സർക്കാർ കലണ്ടറല്ല) ചുമരോട് ചേർത്ത് ഒരു ഇരുമ്പലമാരയും ഉണ്ട്.ഇരിക്കുന്നയാൾ റിവോൾവിങ്ങ് ചെയറിലിരിക്കുന്നതിനാൽ ഓഫീസർ ആയിരിക്കണം.ഇതയുമാണ് നമുക്കാ ചിത്രത്തിൽനിന്ന് വായിച്ചെടുക്കാവുന്നത്.ശരിയല്ലേ?

                  ഇത്രയും കാര്യം കൊണ്ട് ഇതെങ്ങനെ പാറക്കടവ് ബ്ലോക്കാഫീസാവും?ഇതെങ്ങനെ ഒരു സർക്കാരോഫീസാവും?നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല , എല്ലാ സർക്കാരോഫീസുകളിലും ഓഫീസറുടെ മുറിയിൽ ഒരു സർക്കാർ കലണ്ടർ തൂങ്ങുന്നുണ്ടായിരിക്കും.ഇവിടെ അതില്ല.അതുകൊണ്ട് ഇതൊരു പ്രൈവറ്റ് ഓഫീസായിക്കൂടെ?(പ്രൈവറ്റ് ഓഫീസിൽ ഇങ്ങനെ ഇരിക്കാം എന്നല്ല അർത്ഥം.)വളരെക്കുറച്ച് കോർപൊറേറ്റ് ഓഫീസുകൾ ഒഴിച്ചാൽ ബാക്കി പ്രൈവറ്റ് ഓഫീസുകളുടെ അവസ്ഥയും വിഭിന്നമല്ല.
അപ്പോൾ തെറി വിളിക്കുന്നതിന്നുമുമ്പ് ആലോചിക്കണമെന്ന് സാരം.ഇനി ആ മനുഷ്യൻ അങ്ങനെയിരിക്കുന്ന സമയത്തിന്റെ ഒരു സൂചനയും ഈ ചിത്രത്തിൽ നിന്ന് കിട്ടാനില്ല.രാവിലെ പത്ത് മണിയ്ക്ക് മുമ്പാണെങ്കിലോ?ഓഫീസ് സമയം ആരംഭിക്കുന്നതിന്നു മുമ്പ് പൊതുജനങ്ങളെ ഓഫീസിൽ പ്രവേശിപ്പിക്കണം എന്നില്ല.മേശപ്പുറത്താണെങ്കിൽ ഓഫീസറുടെ ബാഗുമുണ്ട്. അപ്പോൾ ഓഫീസിൽ വന്നസമയം ആ മനുഷ്യനൊരു ഫോൺകോൾ വരികയും അദ്ദേഹം കസേരയിലിരുന്ന് സംസാരിക്കുന്നതിനിടയിൽ കാല് കയറ്റി വച്ചതാകാനും മതിയല്ലോ?സഹപ്രവർത്തകാവാനും മതി അടുത്തുനിന്ന് ഫോട്ടോഗ്രാഫറെ നോക്കുന്നത്.അങ്ങനെയായിക്കൂടെ?അപ്പോൾ കണ്ണടച്ച് തെറി വിളിക്കുന്നതിന്നു മുമ്പേ രണ്ടുവട്ടം ആലോചിക്കേണ്ടേ?ഇനി വൈകുന്നേരം അഞ്ച് മണിയ്ക്കുശേഷമാണെങ്കിലോ ഈ സീൻ ഉണ്ടാവുന്നത്?ഒരല്പം ആത്മാർത്ഥതയുള്ള ഓഫീസർ ചെയ്ത പണി തീർത്തിട്ടുപോകാമെന്ന് വിചാരിക്കുകയും അങ്ങനെ ഇരിക്കുമ്പോൾ ഫോൺ വന്നതാണെങ്കിലോ?അതും ഒരു സാധ്യതയല്ലേ?അപ്പോൾ തെറി വിളിക്കുന്നതിന്നു മുമ്പേ മൂന്നുവട്ടം ആലോചിക്കണ്ടേ?ഇനി ഓഫീസ് സമയം തന്നെയാണെന്നിരിക്കട്ടെ. ആ ഓഫീസറുടേയും സഹപ്രവർത്തകയുടേയും(?) തലതമ്മിലൂള്ള വ്യത്യാസം ശ്രദ്ധിച്ചോ?ഓഫീസർ വൃദ്ധനും റിട്ടയർ ചെയ്യൻ പോകുന്നവനുമാണ്. വാർദ്ധ്യക്യത്തിന്റേതായ അസ്വസ്ഥതകൾ അദ്ദേഹത്തെ അലട്ടിക്കൂടെ? കാല് കീഴേയ്ക്ക് അധികം തൂക്കിയിട്ടിരുന്നാൽ കാലിൽ നീരുവരാനുള്ള സാധ്യത ഇത്തരക്കാരിലുണ്ടാകും.അപ്പോൾ ഒരല്പനേരത്തേയ്ക്ക് കാലുയർത്തിവച്ചാൽ അതൊരു വല്യകുറ്റമായി നാം കാണേണ്ടതുണ്ടോ?അപ്പോൾ തെറിവിളിക്കുന്നതിന്നുമുമ്പേ പലവട്ടം ആലോചിക്കേണ്ടതില്ലേ? ഇനിയും കാലുയർത്തിവച്ച് ഫോൺ അറ്റൻഡ് ചെയ്യാൻ സാധ്യതകളേറെയുണ്ട്. ഒരു പക്ഷെ ഓഫീസ് ടൈമിൽതന്നെ ധിക്കാരപൂർവം ഇരുന്നതുമാകാം.അതിനും ഈ തെറിവിളിയാണോ പരിഹാരം?

                   ഈ സംഭവം ഇത്ര പ്രാധാന്യം നൽകി എടുത്തുപറയുന്നത് ഇതുപോലെ നിരവധി ദുഷ്‌പ്രചരണങ്ങൾ ഓരോ ദിവസവും പൊട്ടിപ്പുറപ്പെടുന്നുണ്ട്.പുറ്റിങ്ങൽ വെടികെട്ടപകടം നടന്ന ദിവസം ഒരു പ്രത്യേകവിഭാഗത്തിന്റെ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട വാർത്തയിങ്ങനെയായിരുന്നു, മാർക്സിസ്റ്റുകാരുടെ ബോംബാക്രമണത്തിൽ നൂറുകണക്കിനു ഹിന്ദുക്കൾ മരിച്ചു.ഇന്ത്യയേപ്പോലെ ജാതിമത ശക്തികൾ ഇത്രയും തീവ്രമായി പ്രവർത്തിക്കുന്ന ഒരു പ്രദേശത്ത് ഇത്തരം ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കും?ഈയൊരു ഫോട്ടോ നിരുപദ്രവം ആയിരിക്കും.എന്നാൽ ഇതിന്റെ പിന്നാലെ ഇതിന്റെ തുടർച്ചയായി വരുന്നവയൊക്കെ ആറ്റം ബോംബിന്റെ ശക്തിയുള്ളവയായിരിക്കും.അവയുണ്ടാക്കുന്ന ഫലങ്ങൾ അത്യന്തം വിനാശകരവുമായിരിക്കും.

                  അതുകൊണ്ട് ഇനിയും ആരേയെങ്കിലും തെറിപറയുമ്പോൾ ഒരുവട്ടം കൂടിയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കില്ലേ?

3 comments :

  1. ആരേയെങ്കിലും തെറിപറയുമ്പോൾ ഒരുവട്ടം കൂടിയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കില്ലേ?

    ReplyDelete
  2. ഇത് മലയാളികളുടെ കുഴപ്പമല്ല. ലോകം മൊത്തം ഇന്ന് അങ്ങനെയാണ് സംഭവിക്കുന്നത്.
    അത് ആ മനുഷ്യരുടേയും കുഴപ്പമല്ല. കാരണം നാമെല്ലാം തട്ട് കമ്പനികള്‍ എന്ന് വിളിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ നടത്തുന്ന മനശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് വിധേരായിക്കൊണ്ടിരിക്കുകയാണ്.
    ജനശ്രദ്ധ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മാറ്റുക എന്നതാണ് ലക്ഷ്യം.
    അതുകൊണ്ട് ഫേസ് ബുക്ക് പോലുള്ള തട്ട് കമ്പനി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.
    അധവാ ഉപയോഗിച്ചാലും അത് വെറുതെ വായിക്കുക മാത്രം ചെയ്യുക. കമ്പന്റ്, ഷെയര്‍, ലൈക്ക് തുടങ്ങി അത് നമുക്ക് ചെയ്യാന്‍ തരുന്ന സേവനങ്ങളൊന്നും ഉപയോഗിക്കരുത്.

    ReplyDelete
    Replies
    1. അങ്ങനെ പറഞ്ഞ് ഒഴിയാമോ?എന്ത് പരോക്ഷണമോ എന്തുകുന്തമോ ആയിക്കൊട്ടെ. മലയാളിയ്ക്ക് മലയാളിയുടേതായ ഒരു വ്യക്തിത്വം ഇല്ലേ? അതിനെ അത്ര പെട്ടെന്ന് കളഞ്ഞ് കുളിക്കാനാവുമോ?എനിക്ക് തോന്നുന്നത് മലയാളിയിൽ മധ്യവർഗ്ഗിയുടെ മനസ്സ് വളർന്നുവന്നു എന്നാണ്. അവരാണല്ലോ ഞാനും എന്റെ ഭാര്യയും പിന്നെ അപ്പുക്കുട്ടൻ തട്ടാനും മാത്രം മതി എന്ന ലൈനിൽ ജീവിക്കുന്നവർ. ഈ പറഞ്ഞവരല്ലാതെ (എന്നേയും എന്റെ ഭാര്യയേയും അപ്പുക്കുട്ടൻ തട്ടാനേയുമൊഴിച്ച് ) ബാക്കിയെല്ലാവരോടും പുച്ഛമാണ്. ആ പുച്ഛമാണ് മലയാളിയേക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്നാണ്.

      Delete