പ്രൊഫ. ഐ.എസ്.ഗുലാത്തിയുടെ വീടും ഭൂമാഫിയായും.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                   പ്രശസ്ഥ ധനതത്വശാസ്ത്രജ്ഞനും കേരളഗവണ്മെന്റിന്റെ ധന ഉപദേഷ്ടാവും പിന്നീട് കേരള പ്ലാനിങ്ങ് ബോർഡിന്റെ ഉപാധ്യക്ഷനുമായിരുന്ന പ്രൊഫ. .എസ്.ഗുലാത്തിയുടെ വിധവയോട് ഭൂമാഫിയ കാണിച്ചത് ഇതാണെങ്കിൽ ഒരു സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും?.80 വയസ്സിനു മുകളിൽ പ്രായമുള്ള ആ വയോവൃദ്ധ ഒറ്റയ്ക്കു താമസിക്കുന്ന വീടിന്റെ അസ്തിവാരം മാന്തിയെടുത്ത് ഭൂമാഫിയ തങ്ങളിലേയ്ക്ക് ചേർത്തതുകൊണ്ട് അവരുടെ വീട് ഇടിഞ്ഞുപോയിരിക്കുന്നു.അവർ താമസം വീടിന്റെ പാർശ്വഭാഗത്തുള്ള ഔട്ട് ഹൗസിലേയ്ക്ക് മാറ്റിയെന്ന വിവരം ഞട്ടലോടുകൂടിയാണ് കേരളം ശ്രവിച്ചത്.

                         ഇത്രയും പരിണിതപ്രജ്ഞനായ ഒരു മനുഷ്യന്റെ വിധവയോട് ഭൂമാഫിയ കാണിച്ചതിതാണെങ്കിൽ കേരളത്തിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും?.ഇതറിയണമെങ്കിൽ കേരളത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ ഒന്ന് യാത്ര ചെയ്താൽ മാത്രം മതി.ഭൂമാഫിയായുടെ ലക്കുകെട്ട കടന്നുകയറ്റം മൂലം തകർന്നടിഞ്ഞുനിലം പൊത്താറായ നിരവധി വീടുകൾ നമുക്ക് കാണാം.എറണാകുളം ജില്ലയിലെ മുളന്തുരുത്തി , കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇവരുടെ പ്രവർത്തനം കൊണ്ടുള്ള പ്രശ്നങ്ങൾ രൂക്ഷമാണ്.അവരുടെ ഭീഷണി മൂലം വീടും കുടിയും നഷ്ടപ്പെടുത്തി ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ട കുടുംബങ്ങൾ ആയിരക്കണക്കിനാണ്.ഇടനാട് എന്നറിയപ്പെടുന്ന കേരളത്തിലെ ഭൂഭാഗത്തിലെ കുന്നുകൾ ഭൂരിഭാഗവും നഷ്ടപ്പെട്ടുകഴിഞ്ഞു.ഈ കുന്നുകൾ നമ്മുടെ പരിസ്ഥിതി രൂപപ്പെടുത്തുന്നതിന്നും സംരക്ഷിക്കുന്നതിന്നും നൽകിയ സംഭാവനകൾ ഏറെയാണ്.ഈ കുന്നുകളാണ് യാതൊരു തത്വദീക്ഷയുമില്ലാതെ പൊളിച്ചടുക്കി ലോറികളിലാക്കി തീരപ്രദേശങ്ങളിലേയ്ക്കും മറ്റും കടത്തുന്നത്.

          അതുപോലെതന്നെ പ്രധാനമാണ് നമ്മുടെ പശ്ചിമഘട്ടപ്രദേശങ്ങളിലെ പാറപൊട്ടിക്കൽ മൂലം പരിസ്ഥിതിയ്ക്കുണ്ടാകുന്ന മാറ്റം.ഈ പൊട്ടിക്കൽ മൂലം പതിനായിരക്കണക്കിനു വീടുകളുടെ അവസ്ഥ ഇന്ന് അപകടത്തിലായിരിക്കയാണ്. അയ്യമ്പുഴ , ചുള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിലൂള്ള നൂറുകണക്കിനു വീടുകൾ കാണം.മറ്റുമാർഗങ്ങളില്ലാത്തതിനാൽ അപകടകരമായ പലവീടുകളിലും ആൾത്താമസമുണ്ട് താനും.അനുവദിച്ചതിൽകൂടുതൽ വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതുമൂലം വന്യജീവികൾക്കും ഭൂമിയ്ക്കും വല്ലാതെ നാശനഷ്ടമുണ്ടാകുന്നുണ്ട്.അതിന്റെ ഭാഗം കൂടിയാണ് വീടുകളുടെ നാശവും.

                      കേരളത്തിന്റെ പൊതുസ്വത്തായ ഭൂമിയും കുന്നുകളും പാറക്കെട്ടുകളും യാതൊരു തത്വദീക്ഷയുമില്ലാതെ നശിപ്പിച്ച് കൊള്ളലാഭം കൊയ്യുന്ന ഇത്തരക്കാരുടെ പ്രവൃത്തികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ എത്രയും പെട്ടെന്ന് തയ്യാറായില്ലെങ്കിൽ നാളെ കേരളം തന്നെ ഉണ്ടായെന്നുവരില്ല.
Post a Comment