അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 1

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


(ജനം ടിവി മനോജ് മനയില്‍ ശബരിമല സ്ത്രീപ്രവേശനം
 മനോജ് മനയില്‍ ജനം ടി വി പ്രാഗ്രാം ഹെഡ്. ആനുകാലികങ്ങളില്‍ ആത്മീയലേഖനങ്ങള്‍ എഴുതാറുണ്ട്. )

നാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു അനേക നൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധനംകൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല പ്രതിബന്ധം മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതുകൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടു ചെയ്യുന്ന ഒരു അനീതിയാണു അതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു അതെന്നുള്ളത് സ്പഷ്ടമാണു. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു.യശസ്വിയും മലയാളം കണ്ട മഹാനുമായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ വാക്കുകളാണിവ. ക്ഷേത്രകവാടങ്ങള്‍ അനാചാരത്തിന്റെ കാവല്‍ ഗോപുരങ്ങളായപ്പോള്‍ കേവലം 24 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ എന്ന യുവരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം, ജാത്യനാചാരങ്ങളുടേയും പിഴച്ചുപോയ ക്ഷേത്രതന്ത്രവിധികളുടേയും യാഥാസ്ഥിതിക മനോഭാവത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു. കഴിഞ്ഞകാലത്തിന്റെ പുകയും ചാരവും മൂടിയ ജീവിതങ്ങളുടെ ഭീതിദമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു വിരാജിക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലെന്നോണം കേരളചരിത്രത്തില്‍ സാമദ്രോഹ കഥകള്‍ എണ്ണിയെണ്ണിപ്പറയാനുണ്ട്. ക്ഷേത്രപ്രവേശനവിളംബരത്തിനും നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ജാതിപറയാന്‍ തയ്യാറാവാതിരുന്നതിനാല്‍ പച്ചവെള്ളം കിട്ടാതെ കൊടുങ്ങല്ലൂര്‍ ദേവിയുടെ തട്ടകത്തിലിരുന്ന് കേരളജനതയുടെ ഭാഗധേയത്തെയോര്‍ത്ത് സ്വാമി വിവേകാനന്ദന്‍ സങ്കടപ്പെട്ടത്.
 സരസശ്ലോകക്കാരും പൂണൂല്‍മേന്മക്കാരും അവരുടെ ഏറാന്‍മൂളികളായ സവര്‍ണപ്പരിഷകളും വാഴുന്ന കൊടുങ്ങല്ലൂരില്‍ നിന്നു സ്വാമിജിക്കു അനുഭവിക്കേണ്ടി വന്ന അവഗണന ഇതായിരുന്നെങ്കില്‍ മലയാളക്കരയിലെ അടിയാളരായ ചെറുമനും പുലയനും ഈഴവനും ഒരു പരിധിവരെ നായര്‍ക്കും ബ്രാഹ്മണ്യത്തിന്റെ ദുഷിച്ച അനാചാരങ്ങള്‍മൂലം ഏറ്റുവാങ്ങേണ്ടി വന്ന കൊടിയ യാതനകളുടെ കഥകളാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദംവരെ നമുക്കു പറയാനുണ്ടായിരുന്നത്. കേരളചരിത്രത്തിന്റെ അധോമണ്ഡലങ്ങളിലൂടെ അനുയാത്ര ചെയ്താല്‍ അവിടെ സംസ്‌കൃതത്തിന്റെ വൈദികമേന്മയില്‍ നിങ്ങള്‍ അഹങ്കരിക്കാന്‍ തയ്യാറല്ലെങ്കില്‍, സഹതാപാര്‍ദ്രമായ സാധാരണക്കാരന്റെ ജീവിതംകണ്ട് കണ്ണില്‍ നിന്നും ചോരപൊടിയും. അത്രയ്ക്കുണ്ടായിരുന്നു കേരളോല്‍പ്പത്തിയും കേരളമാഹാത്മ്യവും ഒരു സമൂഹത്തിനു മുകളില്‍ ചെലുത്തിയ ആധിപത്യം. ബ്രാഹ്മണാധിപത്യംമൂലം എരിഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ ജാതിയില്‍ താഴ്ന്നവന്റേതു മാത്രമായിരുന്നില്ല. മറക്കുടക്കുള്ളിലെ മഹാനരകങ്ങളില്‍ നിന്നു വീര്‍പ്പുമുട്ടിയത് നാലുകെട്ടിലെ അന്തപ്പുരങ്ങളില്‍ ജിവിതംഹോമിക്കേണ്ടിവന്ന അന്തര്‍ജനങ്ങളുടേതുകൂടിയാണെന്നോര്‍ക്കണം. അതുകൊണ്ടാണല്ലോ മുണ്ടമുക അയ്യപ്പന്‍കാവില്‍നിന്നു ഒരു തിയ്യാടിപ്പെണ്‍കുട്ടി കൊളുത്തിക്കൊടുത്ത ജ്ഞാനദീപത്തില്‍ നിന്നും തിരിച്ചറിവുവന്ന് ബ്രാഹ്മണ്യത്തിന്റെ ദുഷിച്ച പലയോലക്കെട്ടുകള്‍ കത്തിച്ചുകളയാന്‍ വിടി ഭട്ടതിരിപ്പാടിനെപ്പോലുള്ള പ്രാതഃസ്മരണീയര്‍ മുന്നോട്ടു വന്നത്. മലയാളത്തില്‍ അവതാരം കൈക്കൊണ്ട ഗുരുക്കന്മാര്‍ക്കെല്ലാം കൃത്യമായ ജീവിത-സാമൂഹിക ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരുടെ അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു വെളിച്ചത്തെ പ്രദാനം ചെയ്തു. അത്തരം നവോത്ഥാന കാലഘട്ടത്തില്‍ നിന്നു സമൂഹം മുന്നോട്ടുപോയി. ഉരഗങ്ങള്‍ ഉറയൂരിക്കളയുമ്പോള്‍ത്തന്നെ പുതിയ ആവരണം അതിനു അലങ്കാരമായിത്തീരാറുണ്ട്. ഒന്നു നശിച്ചു മറ്റൊന്നുണ്ടാകുമ്പോള്‍ കാലക്രമേണ ആരുമറിയാതെ അതിനും ക്ലാവു പിടിക്കുന്ന അവസ്ഥ സംഭവിക്കാറുണ്ട്. പ്രാണപ്രതിഷ്ഠ നടത്തിയ വിഗ്രഹങ്ങള്‍ക്കു ചൈതന്യലോപം വരാറുള്ളതു പോലെത്തന്നെ. എന്നാല്‍, ചൈതന്യലോപത്തിനു പ്രതിക്രിയകള്‍ ചെയ്യാതെ സമൂഹത്തെ പതിനെട്ടാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്കു ആനയിക്കാനെന്നോണം ഞങ്ങള്‍ കാത്തിരുന്നോളാമെന്ന അശ്ലീലമായ കീഴ്‌വഴക്കത്തിന്റെ മറക്കുടയ്ക്കുള്ളിലേക്കു മനസ്സാക്ഷി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ശബരിമലവിഷയത്തില്‍ നമ്മുടെ സമൂഹം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പവും സാമൂഹ്യമായ സ്വത്വപ്രതിസന്ധിയും. ലക്ഷ്യം മറക്കുന്ന ക്ഷേത്രസങ്കല്‍പ്പം തികച്ചും അനന്യമായ ആചാരവിശേഷങ്ങളുടെ കലവറയാണ് ശബരിമല. നാനാജാതിമതസ്ഥര്‍ക്കു ഭേദഭാവങ്ങളില്ലാതെ ആരാധനനടത്താന്‍, യാതൊരു തടസ്സവുമില്ലാത്ത ദേവസ്ഥാനമാണ് ഈ പൂങ്കാവനം. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനത്താണ് ശബരിമല. ഒന്നാംസ്ഥാനത്ത് തിരുപ്പതി ദേവസ്ഥാനം. തിരുപ്പതിയിലും ജാതി-മത-ഭേദഭാവങ്ങളില്ലാതെ ആരാധന നടത്താന്‍ വിശ്വാസികള്‍ക്കു കഴിയും. എന്നാല്‍, അന്യമതസ്ഥര്‍ ദര്‍ശനത്തിനെത്തുമ്പോള്‍ അന്നേദിവസം താന്‍ വിശ്വാസിയാണെന്നു എഴുതിക്കൊടുക്കണം. ഇന്ത്യന്‍ പ്രധാനമന്ത്രിയും നെഹ്രുവിന്റെ പുത്രിയും ഫിറോസ് ഗണ്ഡിയുടെ ദാര്യയുമായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഒരിക്കല്‍ തിരുപ്പതിയില്‍ ദര്‍ശനം നടത്തി. അന്നേദിവസം താന്‍ വിശ്വാസിയാണെന്നു എഴുതിക്കൊടുത്താണ് ശ്രീമതി ഇന്ദിര തിരുപ്പതി ഭഗവാനെ ദര്‍ശിച്ചത്. ഇതേ ഇന്ദിരാഗാന്ധി നമ്മുടെ ഭൂലോകവൈകുണ്ഠമായ ഗുരുവായൂരുമെത്തി. എന്നാല്‍, തിരുപ്പതിയല്ലല്ലോ നമ്മുടെ ഗുരുവായൂര്‍. ഇന്ദിരാഗാന്ധിക്കു ഗുരുവായൂര്‍ ദേവസ്വം ദര്‍ശനാനുമതി നിഷേധിച്ചു. തന്റെ ചുണ്ടിന്റെ കോണില്‍ ചെറിയൊരു പരിഹാസമുണര്‍ത്തിയായിരിക്കണം ശ്രീമതി ഇന്ദിര അന്ന് ഗുരുവായൂരില്‍ നിന്നു മടങ്ങിയിട്ടുണ്ടാവുക.
                                                         (തുടരും........)

No comments :

Post a Comment