അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 2

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജനം ടി  വി  ഉദ്യോഗസ്ഥനെഴുതിയ ലേഖനത്തിൻ്റെ രണ്ടാം ഭാഗം.)  
                         സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ക്യാമ്പൈന്‍ ഇതിനേക്കാള്‍ ക്രൂരവും അപഹാസ്യവുമായ സംഗതി നടന്നത് തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രത്തിലാണ്. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തിമദ്ഭാവമായ ദലൈയ്‌ലാമ പഴവങ്ങാടി ക്ഷേത്രം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ഹിന്ദുവല്ലാത്തതുകൊണ്ട് പ്രവേശനാനുമതി കൊടുത്തില്ല. വേദം ജപിച്ച് ജരാനരകള്‍ വന്ന ബ്രാഹ്മണ്യമൂര്‍ത്തികളല്ല പഴവങ്ങാടി ക്ഷേത്രത്തിലെ ഊരാണ്മക്കാര്‍. ഇന്ത്യന്‍ പട്ടാളത്തിന്റെ മദ്രാസ് റെജിമെന്റ് നടത്തുന്ന ക്ഷേത്രമാണത്. എന്നിട്ടും വിലക്കുകളും വിലങ്ങുകളും നിര്‍ബാധം അരങ്ങേറുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുടെ മതിലിനുപുറത്ത് പരിഹാസ്യമായൊരു ബോര്‍ഡ് കണ്ടുമാത്രമേ നിങ്ങള്‍ക്കു ദേവനെ ദര്‍ശനം നടത്താന്‍ സാധിക്കുകയുള്ളു.അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലഎന്നതാണത്. എന്തുകൊണ്ട് നമുക്കത്അവിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്നു മാറ്റിയെഴുതാന്‍ കഴിയുന്നില്ല എന്നിടത്താണ് പുരോഗതിയുടെ അധോഗമനം നാമറിയുന്നത്. കേരളത്തിലെ ക്ഷേത്രാരാധനയിലുളവാകുന്ന സാമൂഹ്യബോധസ്ഥിതിയെക്കുറിച്ച് ഏതാണ്ടൊരു രൂപം മേല്‍പ്പറഞ്ഞ ചിത്രം നമ്മളിലുണ്ടാക്കുന്നു. പക്ഷെ, അപ്പോഴും സാമാന്യബുദ്ധിക്കു മനസ്സിലാകാത്ത ഒരു യുക്തി നമ്മെ വേട്ടയാടുന്നുണ്ട്. നൂറ്റാണ്ടുകളായി സര്‍വജാതികള്‍ക്കും നാനാജാതിമതസ്ഥര്‍ക്കും ശബരിമലയില്‍ മാത്രം ദര്‍ശനസൗകര്യമുണ്ടായതെങ്ങനെ? മറ്റേതൊരു ക്ഷേത്രത്തിലും നടക്കുന്ന പൂജാവിധികള്‍ തന്നെയാണ് ശബരിമലയിലും നടക്കുന്നത്. ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയമനുസരിച്ചാണ് ക്രിയാപദ്ധതി. കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശാസ്താവാണ് (അയ്യപ്പനല്ല) പ്രധാനപ്രതിഷ്ഠ. മൂന്നു പൂജ. തന്ത്രം താഴമണ്‍. ജാതിയില്ലാ, മതമില്ലാ, ഭേദഭാവങ്ങളില്ലാ എന്നിങ്ങനെ വാഴ്ത്തലുകള്‍ ഏറെയാണ് ശബരിമലയില്‍. എന്നിട്ടും യുവതികള്‍ക്കു പ്രവേശനം നല്‍കാത്ത ക്രൂരമായൊരു വിവേചനം ലബ്ധപ്രതിഷ്ഠനേടിയ ഇടം കൂടിയാണ് ഈ അയ്യപ്പസന്നിധി എന്നിടത്താണ് ആചാരങ്ങളെപ്പോലെ വൈരുധ്യങ്ങളുടെയും കലവറയായി ഈ ദേവസ്ഥാനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ശ്ലോകങ്ങളും സദാചാരകഥകളുമൊക്കെ പുരാണങ്ങളില്‍ ധാരാളമുണ്ടായിരുന്നെങ്കിലും ജാത്യസമത്വത്തിന്റെ കൂത്തമ്പലങ്ങളായിരുന്നു ഒരുകാലത്ത് നമ്മുടെ ഭാര്‍ഗവക്ഷേത്രം. ഒരു ശ്ലോകം നോക്കുക:വിദ്യാവിഷയ സംപന്നെ ബ്രാഹ്മണേ ഗവി ഹസ്തിനി ശൂനചൈവശ്വാപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ’ ‘വിവരമുള്ളവര്‍ ഒരു ബ്രാഹ്മണനേയും ഒരു പശുവിനേയും ആനയേയും പട്ടിയേയും അധഃകൃതനേയും ഒരുപോലെ വിചാരിക്കുന്നുഎന്നാണ് ശ്ലോകത്തിന്റെ താല്‍പ്പര്യം. പഴയകാലത്ത് ഈ ശ്ലോകം ജാതിയില്‍ മുതിര്‍ന്നവര്‍ കണ്ടിരിക്കാന്‍ വഴിയില്ലെന്നു സമാധാനിക്കാനേ ഇന്നത്തെക്കാലത്ത് നമുക്കു പറ്റൂ. വഴിനടക്കാന്‍, നഗ്‌നതമറയ്ക്കാന്‍, ഭക്ഷണം കഴിക്കാന്‍, കുളിക്കാന്‍, സമാധാനമായി കിടന്നുറങ്ങാന്‍ എന്നുവേണ്ട ജീവിതത്തിന്റെ സകലമുഖങ്ങളിലും ജാതിയില്‍ താഴ്ന്നവന്‍ അഭിമുഖീകരിക്കേണ്ട വന്ന യാതനകള്‍ വിവരണാതീതമാണ്. ഈയൊരു സാമൂഹികാന്തരീക്ഷത്തില്‍ ജീവിച്ചുപോന്ന മലയാളനാട്ടില്‍ ജാതിമതഭേദമെന്യേ ശബരിമലദര്‍ശനം നടത്താന്‍ അവസരം ലഭിക്കുക എന്നതിന്റെ പിന്നിലെ സത്യാവസ്ഥ ദുരൂഹമാണ്. അത്തരമൊരു ജനകീയ ദേവസ്ഥാനത്ത് യുവതികളെ മാറ്റിനിര്‍ത്തുക എന്നത് കേവലയുക്തിക്കുപോലും മനസ്സിലാകാത്ത മറ്റൊരു ദുരൂഹതയാണ്. ആര്‍ത്തവം എന്ന ആയുധം കേരളത്തിന്റെ പ്രാഗ്ചരിത്രത്തിലേക്കു ബ്രാഹ്മണ്യത്തിന്റെ പൂണൂല്‍ബന്ധം മുറിച്ചു കടന്നുനോക്കിയാല്‍ കാണാന്‍ കഴിയുന്ന ഭീതിദമായ ഒരു ചിത്രമുണ്ട്. നമ്പൂതിരി പുരുഷമേല്‍ക്കോയ്മ ഋതുമതികളായ സ്ത്രീകളെ, അതും സ്വസമുദായത്തില്‍പ്പെട്ടവരെ നികൃഷ്ടരും നീചരുമായി കണ്ടിരുന്നതാണത്. അന്തപ്പുരത്തിനകത്തെ കരിന്തിരിപ്പുക കെട്ടടങ്ങിയ കനത്ത ഇരുട്ടില്‍ സ്വന്തം കാമവെറിയുടെ പുഷ്പാഞ്ജലി കഴിക്കാനുള്ള പൂജാദ്രവ്യം എന്നതിലുപരി നമ്പൂതിരി പുരുഷമേധാവിത്വം സ്ത്രീകളെ മറ്റൊരു വിധത്തിലും പരിഗണിച്ചിരുന്നില്ല. ഗ്രന്ഥകാരന്റെ മിതഭാഷിത്വം വെടിഞ്ഞ്, ഒരുവേള പി. ഭാസ്‌കരനുണ്ണി എന്ന എഴുത്തുകാരന്റെ വികാരവിക്ഷോഭം കൊണ്ട വാക്കുകള്‍ ഇവിടെ ഉദ്ധരിക്കാം:ഘോഷാസമ്പ്രദായം സ്വീകരിച്ചിരുന്ന നമ്പൂതിരി സ്ത്രീയത്രെ അന്തര്‍ജനം. അന്യപുരുഷദര്‍ശനം കര്‍ശനമായി നിഷേധിച്ചിരുന്നു. ഋതുവായ കന്യക, സമാവര്‍ത്തനം കഴിഞ്ഞ ഭര്‍ത്യസഹോദരനെപ്പോലും കണ്ടുകൂടെന്നായിരുന്നു നിയമം. പുരുഷന്‍ കാണാതെ, പുരുഷനെക്കാണാതെ അവര്‍ അകത്തളങ്ങളില്‍ ജീവിച്ചു. അന്യപുരുഷദര്‍ശനം മഹാപാപമോ, പാതകമോ ആയി അവര്‍ കരുതി. അകായിലുള്ളോര്‍ അകത്തുള്ളാളുകള്‍, ആത്തേമ്മാര്‍, ആത്തോല്, കുഞ്ഞാത്തോല്, വലിയാത്തോല്, മൊളാത്തോല്, തമ്പുരാട്ടി എന്നെല്ലാം അവസ്ഥപോലെ അവരെ മറ്റുള്ളവര്‍ വിളിച്ചു.’1 ഇതുമാത്രമോ, പാപഗര്‍ഭവും നരകസമാനവുമായ ശാംകരസ്മൃതി പ്രമാണഗ്രന്ഥമായി കൊണ്ടാടിയ കേരളത്തിലെ വൈദികപ്രമത്തന്മാര്‍ കാണിച്ച ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാലും അത് അധികമാവില്ല. നമ്പൂതിരി സമുദായത്തിന്റെ സംസ്‌കൃത കള്ളക്കളികള്‍ ഒരുപക്ഷേ ആധികാരികമായി ഛേദിച്ച മഹാനാണ് ചട്ടമ്പിസ്വാമികള്‍. ബ്രാഹ്മണഭക്തരായ നായര്‍മാര്‍ക്ക് പക്ഷെ, സ്വാമികളെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല എന്നിടത്താണ് അതിന്റെ വിരോധാഭാസം. ശാംകരസ്മൃതി കൊണ്ടാടിയ രജസ്വലാ ധര്‍മങ്ങള്‍ എന്തായിരുന്നെന്നു നവീന ആര്‍ത്തവ വക്താക്കള്‍ ഒന്നറിഞ്ഞിരുന്നാല്‍ കൊള്ളാം. ശാംകരസ്മൃതി പന്ത്രണ്ടാം അധ്യായം മൂന്നാം പാദത്തിലുള്ള തീട്ടൂരം ഇങ്ങനെ: പകല്‍സമയം രജസ്സു സ്രവിച്ചാല്‍ (തീണ്ടായിരുന്നാല്‍) തല്‍ക്ഷണം തന്നെ ഒന്നും മിണ്ടാതെയും തനിക്കു തൊടാമെന്നുള്ള വസ്തുക്കളൊഴിച്ച് മറ്റൊന്നും തൊടാതെയും അകത്തുനിന്നും പുറത്തേക്കു പോകണം. പുര തൊടരുത്. പിന്നെ അകത്തു രജസ്വലയ്ക്കിരിപ്പാനുള്ള സ്ഥലത്തു ചെന്നിരിക്കണം. പല്ലുതേയ്ക്കുകയും എണ്ണ തേച്ചു കുളിക്കുകയും കണ്ണെഴുതുകയും ചെയ്യുവാന്‍ പാടില്ല. തനിക്കുപയോഗിക്കേണ്ട ജലപാത്രവും മറ്റുമൊഴിച്ചു മറ്റൊന്നും തൊട്ടുകൂട. മുലകുടിയുള്ള തന്റെ കുട്ടിയെ ഒഴിച്ച് മറ്റാരേയും തൊടരുത്. സന്ധ്യാസമയങ്ങളില്‍ വെളിയില്‍ ചെന്നിരിക്കരുത്. ദൂരയാത്ര പാടില്ല. ഇണപ്പുടവ ഉടുക്കരുത്. പൂ ചൂടരുത്. ഓട്ടുപാത്രത്തില്‍ ഉണ്ണരുത്. ഇലയില്‍ ഉണ്ണണം. മൂന്നു ദിവസം ബ്രഹ്മചര്യം അനുഷ്ഠിക്കണം. വെറും നിലത്ത് കിടക്കരുത്. പകല്‍ ഉറങ്ങരുത്. തീണ്ടായിരിക്കുമ്പോള്‍ പൂ ചൂടിയാല്‍ അവളിലുണ്ടാകുന്ന പുത്രനും പുത്രിയും കഷണ്ടിക്കാരായിത്തീരും. കണ്ണെഴുതിയാല്‍ പുത്രന്മാര്‍ ജാത്യന്ധന്മാരായിത്തീരും. ചന്ദനം മുതലായതു കുറിയിട്ടാല്‍ പുത്രന്മാര്‍ ശ്വിത്രരോഗമുള്ളവരാകും. തേച്ചു കുളിച്ചാല്‍ ശോഭയില്ലാത്തവരുമാകും. നാലാം ദിവസം, കുളിക്കുന്നതിനു മുമ്പ്ു പല്ലുതേച്ചാല്‍ പുത്രന്മാര്‍ കരുവാളിച്ച പല്ലുള്ളവരോ ദന്തരോഗികളോ കൊന്തറമ്പല്ലുള്ളവരോ ആയിത്തീരും. സന്ധ്യാസമയം പുറത്തിരുന്നാല്‍ കുട്ടികള്‍ അപസ്മാരബാധിതന്മാരും വഴിനടന്നാല്‍ മുടന്തന്മാരും ഇണപ്പുടവയുടുത്താല്‍ കുഷ്ഠരോഗികളും ഓട്ടുപാത്രത്തിലുണ്ടാല്‍ ഭിക്ഷയെടുത്തുപജീവനം കഴിക്കുന്നവരുമായിത്തീരും. ഋതുസ്‌നാനം ചെയ്തുവന്നാല്‍ ഒന്നാമതായി ഭര്‍ത്താവിന്റെ മുഖത്തുനോക്കണം. പാതിവ്രത്യമുള്ളവള്‍ മനമല്ലാമനസ്സോടുകൂടിപ്പോലും മറ്റൊരു പുരുഷനെ നോക്കരുത്.’2 ഹാപ്പി ടു ബ്ലീഡ് ക്യാമ്പൈന്‍ ഹാപ്പി ടു ബ്ലീഡ് ക്യാമ്പൈന്‍ പഴയകാലത്തെ നമ്പൂതിരി സമുദായത്തിലെ ആചാരങ്ങള്‍ എന്ന പേരിലുള്ള അനാചാരങ്ങള്‍ ആചരിച്ചതും കൊണ്ടാടിയതും നിരക്ഷരകുക്ഷികളായിരുന്നില്ല. അവരാകട്ടെ അഭ്യസ്ത വിദ്യരുമായിരുന്നു. എന്നാല്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ മുമ്പന്തിയില്‍ നിന്നതു ആ സമുദായത്തിലെ സ്ത്രീകള്‍ തന്നെയായിരുന്നു എന്നത്കാത്തിരിക്കാന്‍ തയ്യാറാണെന്നപ്ലക്കാര്‍ഡു കൊച്ചമ്മമാര്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ല എന്നതുതന്നെയാണ് ഇതെടുത്തെഴുതാന്‍ മുതിരുന്നതും. 1931ല്‍ തളിപ്പറമ്പില്‍ ചേര്‍ന്ന നമ്പൂരി യുവജനസമ്മേളനത്തില്‍ പാര്‍വതി നെന്മിനിമഗലം എന്ന പ്രഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു ചെറുപ്പക്കാരിയുടെ വിധവകളെ വിവാഹം ചെയ്യാനാരുണ്ട്?’ എന്നഇടിവെട്ടീടുംവണ്ണമുള്ള വാക്കുകള്‍ കേട്ടാണ് എം. ആര്‍.ബി. വിധവയായ ഉമാദേവി അന്തര്‍ജനത്തെ പാണിഗ്രഹണം നടത്തിയത്. പാര്‍വതി നെന്മിനിംഗലം ഋതുമതികളുടെ ദുര്യോഗം വിവരിക്കുന്നതിങ്ങനെയാണ്: ശാസനങ്ങളും മര്‍ദനങ്ങളും സഹിച്ചിട്ടാണെങ്കില്‍ക്കൂടി സഹോദരന്മാരുമായി സൗഹാര്‍ദത്തോടുകൂടി സഹകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഋതുവാകുന്നതുവരെയാണ് ഒരു നമ്പൂതിരിപ്പണ്‍കുട്ടിക്കുള്ളത്. അതിനുശേഷം അവള്‍ക്ക് അടുക്കളവിട്ട് പുറത്തിറങ്ങിക്കൂടാ; ആരേയും കണ്ടുകൂടാ. അടുക്കളപ്പണിമാത്രം കൊണ്ട് അവളുടെ നേരം പോക്കണം നമ്പൂതിരിക്കുടുംബത്തില്‍ പെണ്‍കുട്ടിയായി പിറന്ന കുറ്റത്തിനു അവള്‍ അനുഭവിക്കുന്ന തടവുശിക്ഷ.’3 വള്ളത്തോളിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ഭാരതക്ഷമേ നിന്റെ പെണ്‍മക്കളടുക്കളക്കാരികള്‍/വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ എന്ന, അലങ്കാര ഗോപുരത്തോളമെത്തുന്ന ദുര്യോഗജീവികള്‍. പണ്ടുകാലത്ത് വിഡ്ഢിപ്പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ആത്മവിശ്വാസം കൈയിലുണ്ടോഎന്ന സാനിറ്ററിപാഡിന്റെ പരസ്യം മലയാളി കുടുംബങ്ങളില്‍ ഉളവാക്കിയ കണ്ണെറിയലിനും അമര്‍ത്തിച്ചിരികള്‍ക്കും കണക്കുണ്ടായിരുന്നില്ല. ബീവറേജില്‍ നിന്നും മദ്യംവാങ്ങി ആരുമറിയാതിരിക്കാന്‍ ധൃതിയില്‍ ബാഗിലേക്കു തിരുകുന്ന സദാചാരിയായ മദ്യപന്റെ അതേ ശരീരഭാഷയാണ് ഷോപ്പുകളില്‍ നിന്നും സാനിറ്റി പാഡ് വാങ്ങുന്നവന്റേയും. ആര്‍ത്തവം എന്നത് വെറുക്കപ്പെടേണ്ടതാണെന്ന അധമബോധത്തില്‍ നിന്നും ഉയിര്‍ക്കൊണ്ട ഒരു സമൂഹത്തിനു ഇതിലപ്പുറം പെരുമാറാന്‍ കഴിയില്ല എന്നുവേണം പറയാന്‍.

No comments :

Post a Comment