അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 3

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


 (ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജനം ടി  വി  ഉദ്യോഗസ്ഥനെഴുതിയ ലേഖനത്തിൻ്റെ മൂന്നാം ഭാഗം.) 


ശബരിമലയില്‍ യുവതീപ്രവേശനം നിരോധിച്ചതിന്റെ പിറകില്‍ ആര്‍ത്തവം തന്നെയായിരുന്നു എന്നതു ഒളിച്ചുവെയ്ക്കാന്‍ കഴിയാത്ത വസ്തുതയാണ്. എന്നാല്‍, ശബരിമലയിലെ വിലക്കുകള്‍ സമൂഹമധ്യത്തിലും മാധ്യമങ്ങളിലും പൊതുവേദികളിലും ചര്‍ച്ചയായപ്പോള്‍ തികച്ചും ബയോളജിക്കലായ ഒരു പ്രതിഭാസം എന്നതില്‍ക്കവിഞ്ഞ് ആര്‍ത്തവത്തിനു എന്തു അശുദ്ധിയാണുള്ളതെന്ന ചോദ്യം തിരിച്ചടിച്ചപ്പോള്‍ആചാരംഎന്ന വാക്കിന്റെ നിരര്‍ത്ഥകതയിലൂന്നി നിന്നായി പിന്നീടുള്ള മറുപടികള്‍. ശബരിമലയില്‍ യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് കേരള ഹൈക്കോടതയിലെ ഒരു ഉത്തരവു പ്രകാരമാണ്. 1991ല്‍ ജസ്റ്റിസ് പരിപൂര്‍ണനും ജസ്റ്റിസ് കെ.ബി. മാരാരും അടങ്ങിയ ബഞ്ചിന്റെ വിധിയിലാണ് ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയത്. അവരെ പോലീസിനെ ഉപയോഗിച്ച് തടയാന്‍ തുടങ്ങിയത്. 91ലെ കോടതി ഉത്തരവുണ്ടാകുന്നതുവരെ ശബരിമലയില്‍ എല്ലാ മലയാളമാസം ഒന്നാം തീയതിയും പ്രായഭേദമെന്യേ സ്്ത്രീകള്‍ കയറാറുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. അന്നൊന്നും അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം ഹനിക്കപ്പെട്ടില്ല എന്നതാണ് ജുഗുപ്‌സാവഹം. മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികാദേവിയുടെ മകളുടെ കുഞ്ഞിനു ചോറൂണു നടത്തിയ ഒരു പൊതുതാല്‍പ്പര്യ ഹരജിയുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ കോടതി 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഈ കേസിന്റെ പരിശോധനയ്ക്കിടയില്‍ ശബരിമലയില്‍ നാമിന്നു കാണുന്ന മാറ്റങ്ങളും ആചാരങ്ങളും കൊണ്ടുവന്നത് 1950നുശേഷമാണെന്നു കണ്ടെത്തുകയുണ്ടായി. ശബരിമല നിരവധിതവണ തീപ്പിടുത്തത്തിനു വിധേയമായിട്ടുണ്ട്. പലതും ബോധപൂര്‍വമായിരുന്നു. ശബരിമലക്ഷേത്രം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ഒടുവിലായി തീവെച്ചു നശിപ്പിച്ചത് 1950ലായിരുന്നു. അതിനുശേഷമുള്ള ക്ഷേത്രനിര്‍മാണത്തിനുശേഷമാണ് മാറ്റങ്ങളെല്ലാം തന്ത്രം ധരിച്ചത്. അതിനുശേഷമാണ് ശബരിമലയില്‍ കൊടിമരം സ്ഥാപിച്ചത്. അതിനുശേഷമാണ് കൊടിയേറ്റുല്‍സവം തുടങ്ങിയത്. അതിനുശേഷമാണ് പടിപൂജ എന്ന ചടങ്ങു തുടങ്ങിയത്. അതിനുശേഷമാണ് പതിനെട്ടാം പടിയില്‍ നാളികേരം ഉടയ്ക്കുന്നത് ഇല്ലായ്മ ചെയ്തത്. അതിനുശേഷമാണ് പതിനെട്ടാം പടിയില്‍ പഞ്ചലോഹവും സ്വര്‍ണവും ഭക്തന്റെ കാല്‍ക്കീഴിലമര്‍ന്നത്. 1950ല്‍ വൈക്കത്തിനടുത്തുള്ള ക്രിസ്ത്യാനിയായകോടാലിസ്വാമിയാണ് തീവെച്ചതെന്നു റിട്ട. ഐ.ജിയുടെ സ്മരണകളെ ഉദ്ധരിച്ച് ക്ഷേത്രവിജ്ഞാനകോശത്തില്‍ പി.ജി. രാജേന്ദ്രന്‍ പറയുന്നു. എന്നാല്‍ തീവെപ്പു കേസന്വേഷണ റിപ്പോര്‍ട്ട് മറ്റൊന്നായിരുന്നു. ശബരിമലയിലെ ഇന്നുകാണുന്ന മാറ്റങ്ങള്‍ക്കു കാരണമായ 1950നു മുമ്പ് എന്തായിരുന്നു ശബരിമലയിലെ അവസ്ഥ എന്നത് പരിശോധിക്കുന്നത് നന്നായിരിക്കും.മകരസംക്രമത്തിനുശേഷം അഞ്ചാം ദിവസം ഇവിടെ മതിലിനു പുറത്ത് ആടിനെ അറുത്തിരുന്നു എന്നും വെളിച്ചപ്പാടുണ്ടായിരുന്നു എന്നും പുരാവൃത്തങ്ങള്‍.’4. ഈ സൂചന ശബരിമലയുടെ അസ്തിത്വം കാവുതന്നെയായിരുന്നു എന്നതിനുള്ള വ്യക്തമായ സൂചനയാണ്. എങ്ങനെയായിരുന്നു പണ്ടുകാലത്ത് മലയാളനാട്ടിലെ കാവുകള്‍ എന്നതറിയുമ്പോള്‍ ഈ സംശയം ദുരീകരിക്കപ്പെടും.ശിവനും വിഷ്ണുവിനും മറ്റുമുള്ള ക്ഷേത്രങ്ങളെ കാവുകളെന്നു പറയാറില്ല. കള്ളും മാംസവുമായിരുന്നു കാവുകളിലെ നിവേദ്യങ്ങള്‍. ജന്തുബലി മാത്രമല്ല, തക്കതായ കാര്യസാദ്ധ്യത്തിനായി മനുഷ്യക്കുരുതിപോലും കാവില്‍ നടന്നിരുന്നു. കേരളത്തിലെ ഭാഷ തമിഴായിരുന്ന കാലത്തെ തമിഴിലെ വാക്കാണ് കുരുതി’. ആരിവേപ്പിന്‍ ചോട്ടിലെ ദേവതയ്ക്ക് പശുവിനെ വെട്ടി കുരുതി തൂകിയിട്ടു ശേഷിച്ച മാംസം (പുലവു) കൊണ്ടു പുഴുക്കുണ്ടാക്കി മറവര്‍ എന്ന വര്‍ഗക്കാര്‍ ഉണ്ടതായി കരുവൂര്‍ കുന്ദപിള്ളൈ ചാത്തനാര്‍ എന്ന കവി തമിഴ്‌സംഘകാലസാഹിത്യകൃതിയായ അകനാനൂറിലെ 309-ാമത്തെ പാട്ടില്‍ പറയുന്നു: തെയ്‌വം ചേര്‍ന്ത പരാരൈ വേമ്പിര്‍/കൊഴുമ്പാ എറിന്തു കുരുതി തൂയ്യ പുലവു പുഴുക്കുണ്ടേ…’5 ശബരിമലയില്‍ പണ്ടുകാലത്ത് ഗുരുതി നടന്നിരുന്നു എന്നതും മേല്‍പ്പറഞ്ഞതിനു സമാധാനമരുളുന്നു. ഈ വിധം ഗുരുതി നടന്നിരുന്നത് മാളികപ്പുറത്തമ്മയ്ക്കും വാവര്‍ സ്വാമിക്കും കടുത്തസ്വാമിക്കും വേണ്ടിയായിരുന്നത്രെ. ഇതൊക്കെ കാണിക്കുന്നത് വൈദികവല്‍ക്കരണത്തിനു ഇരയായ ശബരിമലയേയും അയ്യപ്പനേയുമാണ്. പണ്ടുകാലത്ത് മലമ്പണ്ടാരങ്ങളുടെ ആരാധനാ സ്ഥലമായിരുന്നു ശബരിമല എന്നാണ് ഒട്ടുമിക്ക ഗവേഷകരുടേയും സമ്യക്കായ അഭിപ്രായം. ഈ അഭിപ്രായത്തിനു ഉപോല്‍ബലകമായി ആദ്യകാലങ്ങളില്‍ ശബരിമലയ്ക്കുചുറ്റും മലമ്പണ്ടാരങ്ങള്‍ താമസിച്ചിരുന്നു എന്നതു തെളിവായി സ്വീകരിക്കുകയും ചെയ്യുന്നു. 1950ലെ ശബരിമല തീവെപ്പുകേസ് അന്വേഷിച്ച ഡി.ഐ.ജി. കെ.കേശവമേനോന്റെ റിപ്പോര്‍ട്ടില്‍ കേസിന്റെ തെളിവിലേക്കു കണ്ടുപിടിച്ച ഒരു മലമ്പണ്ടാരത്തെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെയാണ്: നീലകണ്ഠന്‍ എന്ന മലയപണ്ടാരത്തെ 22-8-1950ല്‍ മാത്രമാണ് കണ്ടുപിടിച്ചത്. അതിനാല്‍ അയാളുടെ തെളിവിനു കാലവിളംബം വന്നുപോയി. അയാളെ കണ്ടുപിടിക്കാത്തതില്‍ ആരും കുറ്റക്കാരല്ല. എന്തെന്നാല്‍ വനാന്തരങ്ങളില്‍ ചുറ്റിത്തിരിയുന്ന ഒരു മലയപണ്ടാരമാണ് അയാള്‍.’6 ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചതോടുകൂടിയാണ് വീണ്ടും ശബരിമലയും ആര്‍ത്തവവും വാര്‍ത്തകളില്‍ നിറയുന്നത്. തൃപ്തി ദേശായ് തൃപ്തി ദേശായ് യുവതീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി ശബരിമലയിലേക്കു മാര്‍ച്ചുചെയ്യുമെന്നു പ്രഖ്യാപിച്ചു. നവമാധ്യമങ്ങളില്‍ക്കൂടിയുള്ള കാംപെയിന്‍ സാധ്യത മുന്നില്‍ക്കണ്ട് ആര്‍ത്തവത്തെ സ്വാഗതം ചെയ്യുന്നഹാപ്പി ടു ബ്ലീഡ്കാരും ആര്‍ത്തവം കഴിയുന്നതുവരെ കാത്തിരിക്കാമെന്നു പറയുന്ന റെഡി ടു വെയിറ്റുകാരും പബ്ലിസിറ്റിക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ദയനീയമാണ്. ആര്‍ത്തവത്തിന്റെ പേരിലാണ് ശബരിമലയില്‍ വിലക്കുള്ളതെങ്കില്‍ അതു അന്യായമാണെന്നാണ് പ്രവേശനത്തിനു വേണ്ടി വാദിക്കുന്നവരുടെ ന്യായം. എന്നാല്‍ മലയാളത്തിന്റെ ഗതകാലചരിത്രത്തിന്റെ നാലുവരിപോലും വായിക്കാതെ ബ്രാഹ്മണ്യത്തിന്റെ ദുഷിച്ചുനാറിയ ദുഷ്ടലാക്കിനെ നെഞ്ചോടുചേര്‍ത്ത് തങ്ങള്‍ ആര്‍ത്തവവും ആര്‍ജവവും അവസാനിച്ചതിനുശേഷം അയ്യനെ കണ്ടോളാമെന്നു പറയുന്നത്, പതിനെട്ടാം നൂറ്റാണ്ടിന്റെ കറുത്ത അധ്യായങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയക്തിയില്ല. കദനഭാരമാര്‍ന്ന ഭൂതകാല ചരിത്രത്തിന്റെ വസ്തുസ്ഥിതികഥനങ്ങളില്‍നിന്നു കഥാംശം ഉള്‍ക്കൊള്ളാതെ സ്ഖലിച്ചുപോയ ചിന്താധാരയെന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. കാത്തിരിപ്പിന്റെ രാഷ്ട്രീയം ഭാരതീയ സ്ത്രീത്വത്തിന്റെ മുഖലക്ഷണമെന്നാണ് മുഖപുസ്തകത്തിലെ വീരാംഗനമാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഭാരതീയത ഇത്തരം വിവേചനങ്ങള്‍ക്കു കൂട്ടുനിന്ന ദര്‍ശനമാണോ? അല്ലെന്നുതന്നെയാണ് ആര്‍.എസ്.എസ്. ബൗദ്ധികാചാര്യന്‍ ആര്‍.ഹരി പറയു ന്നത്:ആരാധനയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നത് വേദകാലം മുതലുള്ള നമ്മുടെ പാരമ്പര്യമാണ്. വേദകാലത്ത് ഏതാണ്ട് 30-35 സ്ത്രീ ഋഷികള്‍ ഉണ്ടായിരുന്നു. വേദത്തിലെ മന്ത്രങ്ങള്‍ ഋഷീശ്വരന്മാര്‍ക്കു വെളിപ്പെട്ടു എന്നു പറയുന്നു. അങ്ങനെ വെളിപ്പെട്ടവരില്‍ പുരുഷന്മാര്‍ മാത്രമല്ല, മുപ്പത്തഞ്ചോളം സ്ത്രീകളുമുണ്ട്.’ 7 ഭാരതീയമായ തത്വസംഹിതയില്‍ ഉറച്ചുനിന്നുകൊണ്ട് ശബരിമലയിലെ നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതകാലത്തേയും ആര്‍. ഹരി നോക്കിക്കാണുന്നു. ശബരിമല ക്ഷേത്രത്തില്‍ എന്തുകൊണ്ട് യുവതികളായ സ്ത്രീകള്‍ക്കു പോകാന്‍ പാടില്ല? ചിലര്‍ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അതു സ്ത്രീക്കു സാധ്യമല്ലല്ലോ? 41 ദിവസത്തെ വ്രതം നിശ്ചയിച്ച യോഗത്തില്‍ ഒരൊറ്റ സ്ത്രീയും ഉണ്ടായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീ പറഞ്ഞേനെ, ഇത് ഞങ്ങള്‍ക്കു സാധ്യമല്ലെന്ന്. അപ്പോള്‍ ആ സ്ത്രീക്കു പറ്റുന്ന തരത്തില്‍ തീരുമാനം വരുമായിരുന്നു. 41 ദിവസത്തെ വ്രതം ആരു നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന്‍ പുരുഷനു വേണ്ടിമാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്തവരൂ. അന്നത്തെ ആ വേളയില്‍ അയാള്‍ സ്ത്രീകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള്‍ അവര്‍ക്കുവേണ്ടി വേറെ ചിന്തിച്ചേനെ.’8 ഇത്രയും ലളിതമാണ് ശബരിമല വിഷയത്തിലെ സങ്കീര്‍ണത. ഇതിനു പരിഹാരം കാണുക എന്നതാണ് ഉല്‍പതിഷ്ണുത്വത്തിലേക്കു നീങ്ങുന്ന സമൂഹത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ശബരിമലയെന്ന കാവ് ശബരിമലയിലെ ധര്‍മശാസ്താ വിഗ്രഹത്തില്‍ വീരനായ അയ്യപ്പന്‍ ലയിച്ചുചേരുകയായിരുന്നെന്നാണ് നാം കേട്ട കഥകളെല്ലാം. പന്തളം രാജവംശവുമായുള്ള ബന്ധുത്വം കാരണം അയ്യപ്പന്‍ പുരാണാന്തര്‍ഗതനായ ദേവത എന്നതിലപ്പുറം വീരനായ ചരിത്രപുരുഷന്‍ എന്ന നിലയിലാണ് സാമാന്യബുദ്ധിയ്ക്കു മനസ്സിലാക്കാന്‍ പറ്റുന്നതും. ചരിത്രപുരുഷനായ അയ്യപ്പന്‍ തന്റെ ഐതിഹാസികമായ പ്രവൃത്തിയിലൂടെ വീരത്വം നേടുകയും വീരാരാധനയുടെ ഭാഗമായിത്തീരുകയും ചെയ്തിരിക്കണം. എന്നാല്‍ വൈദികാരാധനാരീതികള്‍ മലയാളത്തില്‍ പ്രചുരപ്രചാരമാകുന്നതിനും എത്രയോ മുമ്പുതന്നെ അയ്യപ്പന്‍ എന്ന അവൈദികദേവതാരാധന ആരംഭിച്ചിരിക്കണം. മലയാളിയുടെ പ്രാക്തനമായ സങ്കല്‍പ്പങ്ങളെയെല്ലാം സംസ്‌കൃതപുരാണങ്ങളുമായി കൂട്ടിക്കെട്ടി അത്തരം ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏകതാന സ്വഭാവം നല്‍കി, മലയാളത്തിന്റെ അനുഷ്ഠാനപരമായ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ അനവരതം തുടരുന്നുണ്ട്. dsc00146 ശബരിമലയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നാം ആധുനികജീവിതസാഹചര്യങ്ങളുടെ കണ്ണാടിയാണ് പിടിക്കുന്നതെങ്കില്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നും ഏറെദൂരം പിന്തള്ളപ്പെടും എന്നതിനു സംശയമൊന്നുമില്ല. ക്ഷേത്രം എന്ന സാങ്കേതിക സംജ്ഞയും പൂജാവിധാനങ്ങളും രൂപപ്പെടുന്നതിനും മുന്‍പ് മലയാള നാടിന്റെ അവൈദികാരാധനയുടെ മൂലസ്ഥാനം കാവുകളായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നും അന്വേഷണം തുടങ്ങണം. കാവുകളെ ക്ഷേത്രസങ്കേതത്തിലേക്കു സംക്രമിപ്പിച്ചപ്പോഴാണ് ചിലപ്പോഴെങ്കിലും നമ്മുടെ ദേവതാസങ്കല്‍പ്പങ്ങളും ആരാധനാക്രമവും വൈരുധ്യത്തിന്റെ മുഴുക്കാപ്പ് ചാര്‍ത്തുന്നത്.അവൈദികവിഭാഗങ്ങളുടെ ഈശ്വരസങ്കല്‍പ്പങ്ങള്‍ വൈദികവിഭാഗങ്ങളുടെ ഈശ്വരസങ്കല്‍പ്പവുമായി കൂടിക്കലരുന്നത് മഹോദയപുരം പെരുമാക്കന്മാരുടെ കാലത്താണ്. (9-ാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടു വരെ).’9 അതായത് ക്രിസ്തുവര്‍ഷം രണ്ടാം ശതകത്തോടെ മലയാളനാട്ടില്‍ നമ്പൂതിരി കുടിയേറ്റം പ്രമാണ്യം നേടിയിരുന്നു എന്നാണ് പുതിയ നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്.സംഘം കൃതികളുടെ സൂക്ഷ്മപരിശോധനയില്‍ നിന്നും വ്യക്തമാകുന്നത് ഏ.ഡി. രണ്ടാം ശതകത്തിനു മുമ്പുതന്നെ കേരളം നമ്പൂതിരി പ്രാമുഖ്യം നേടിക്കഴിഞ്ഞു എന്നതാണ്. ബുദ്ധ-ജൈന മതങ്ങളുടെ കടന്നുവരവിനു മുമ്പ് തന്നെ കേരളത്തില്‍ നമ്പൂതിരിമാര്‍ ആധിപത്യമുറപ്പിച്ചിരുന്നു.’10 എന്നാല്‍ തദ്ദേശീയമായ ആരാധനയിലേക്ക് വൈദികാരാധന പൂവും നീരും നീട്ടുന്നത് അവിടെ നിന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണെന്നാണ് ഗവേഷകരുടെ നിഗമനങ്ങള്‍. ഈയൊരു സാംസ്‌കാരിക പരിപ്രേക്ഷ്യത്തിലാണ് ശബരിമലയുടെ ആരാധനാരീതിയെ നാം കാണേണ്ടത്. കാവുകളായിരുന്നു ഒരുകാലത്ത് നമ്മുടെ അവൈദികമായ ദേവതാരാധനാകേന്ദ്രങ്ങള്‍. ഭഗവതി, അയ്യപ്പന്‍, വേട്ടേയ്ക്കരന്‍, നാഗങ്ങള്‍ എന്നീ ദൈവങ്ങള്‍ കുടികൊള്ളുന്ന ഇടങ്ങള്‍ കാവുകള്‍ എന്നായിരുന്നു പണ്ടുകാലത്ത് പൊതുവെ അറിയപ്പെട്ടിരുന്നത്.

No comments :

Post a Comment