അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 4

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


(ഫേസ്‌ബുക്കിൽ ജനം ടിവി ഉദ്യോഗസ്ഥനേഴുതിയ  ലേഖനം)


                വൈദികാരാധനയില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉല്‍സവങ്ങളായ അംഗുരാദി-പടഹാദി-ധ്വജാദി മുതലായ സാങ്കേതിക സംജ്ഞകള്‍ രൂപപ്പെടുന്നതിനും മുന്നേ കാവുകളില്‍ പാട്ടുല്‍സവങ്ങളായിരുന്നു നടന്നിരുന്നത്. കൂറപാവി, കളമെഴുതുകയും പാട്ടിലൂടെയും കൂത്തിലൂടെയുമൊക്കെയുള്ള കാവുല്‍സവങ്ങള്‍ ഇപ്പോഴും നടന്നുവരുന്നുണ്ട്. നെന്മാറ-വല്ലങ്ങി വേലയില്‍ പ്രാചീനമായ നമ്മുടെ കാവുല്‍സവത്തിന്റെ മായ്ച്ചുകളയാന്‍ വയ്യാത്ത അനുരണനം കാണാന്‍ പറ്റും. വൈദികാരാധനയുടെ ഭാഗമായി അംഗുരാദിയുല്‍സവങ്ങള്‍ക്കു പ്രാമാണ്യവും പ്രാധാന്യവും കൈവന്നപ്പോള്‍ പാട്ടുല്‍സവങ്ങള്‍ക്കു രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. എന്നാല്‍ ഈ മാറ്റങ്ങള്‍ സ്വാഭാവികമോ പ്രകൃതിദത്തമോ ആയിരുന്നില്ല. അതു മനുഷ്യനിര്‍മിതമായിരുന്നു. പ്രാക്തനമായ അവൈദിക സങ്കല്‍പ്പനങ്ങളെ വൈദികനുകത്തിനു കീഴില്‍ കെട്ടിപ്പൂട്ടാനുള്ള ബോധശ്രമങ്ങളായി വേണം പാഠം നിര്‍മിക്കാനെന്നു ചുരുക്കം. ജാതിചിന്തയില്ലാതെ നടന്നുവന്നിരുന്ന ആചാരങ്ങളെല്ലാം വൈദികവല്‍ക്കരിക്കുകയും കാവുകള്‍ ക്ഷേത്രങ്ങളായി അപനിര്‍മിക്കപ്പെടുകയും ചെയ്തു. ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍ കേരളത്തിലെ എല്ലാ ക്ഷേത്രൈതിഹ്യങ്ങളിലും കാണാം. കാവുകള്‍ ക്ഷേത്രങ്ങളായി പരിണമിച്ചപ്പോഴും ഐതിഹ്യകഥനങ്ങളില്‍ ഒരു കൈക്കുറ്റപ്പാടു നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളത്തിലെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളുടേയും ഐതിഹ്യകഥ തുടങ്ങുന്നത് ഒരു പുലയി/ചെറുമി പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അരിവാള്‍ ഒരു കല്ലില്‍ കൊള്ളുകയും ആ കല്ലില്‍ നിന്നു രക്തം പൊടിയുകയും ചെയ്യുമ്പോഴാണ്. ഭയപരവശയായ പുലയി തൊട്ടടുത്തുള്ള നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു വിവരം പറയുന്നു. ഉടന്‍തന്നെ നമ്പൂരി മേപ്പടി സ്ഥലത്തെത്തെത്തുകയും തന്റെ ഭൂതവര്‍ത്തമാനഭവിഷ്യല്‍ക്കാര്യങ്ങളിലുള്ള പരിജ്ഞാനം കൊണ്ടു ആ കല്ലില്‍ ദേവചൈതന്യം കണ്ടെത്തുകയും ചെയ്യുന്നു. അപ്പോള്‍ത്തന്നെ നമ്പൂതിരി ദേവതാരൂപം ധ്യാനിക്കുകയും തന്റെ കണ്‍വെട്ടത്തിലുള്ള വസ്തുക്കള്‍കൊണ്ട് വഴിപാടു ചെയ്തു എന്ന മട്ടിലുമാണ് കഥകളുടെ പോക്ക്. പിന്നീട് ആ ക്ഷേത്രത്തിന്റെ ഊരാളനായി ആ നമ്പൂതിരിക്കുടുംബം മാറുകയും ചെയ്യുന്നു. നാമിന്നു കാണുന്ന എല്ലാ മഹാക്ഷേത്രങ്ങളുടേയും ഐതിഹ്യത്തില്‍ ഒരു ചെറുമിയോ പുലയിയോ പ്രത്യക്ഷപ്പെടുന്നതിന്റെ അന്തര്‍രഹസ്യം ലളിതമാണ്. പണ്ടുകാലത്തെ കാവുകളെ ക്ഷേത്രമാക്കി മാറ്റിയിട്ടും യഥാര്‍ത്ഥ ക്ഷേത്രാധികാരികളെ മറന്നാലുണ്ടാകുന്ന ദേവകോപത്തെ ഇല്ലാതാക്കുക എന്നതാണ് ആ ലളിതയുക്തി. ഇതിനു പ്രത്യക്ഷോദാഹരണം നമ്മുടെ ഭൂലോകവൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രമാണ്. ആ മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയവര്‍ക്കു കാണാന്‍ സാധിക്കുന്ന ഒരു കാര്യം, പ്രധാനദേവനായ ഉണ്ണിക്കണ്ണന്റെ ഇടതുഭാഗത്ത് ഉപദേവതയായി ഒരു കൊച്ചുശ്രീകോവിലില്‍ കുടികൊള്ളുന്ന ഇടത്തരികത്ത് ദേവിയെയാണ്. എന്താണീ ദേവിയെ കണ്ണന്റെ ഇടത്തരികത്തുതന്നെ പ്രതിഷ്ഠിച്ചതെന്നു ആലോചിക്കുമ്പോഴാണ് ചില സത്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. പണ്ടുകാലത്ത് ഇവിടെ ഒരു കാവായിരുന്നെന്നും അവിടെ സര്‍വാഭീഷ്ടദായിനിയായി കുടികൊണ്ടിരുന്ന ദേവിയെ ബ്രാഹ്മണ്യത്തിന്റെ വൈദികാധികാരികള്‍ മാറ്റി വിഷ്ണുചൈതന്യത്തെ സ്ഥാപിക്കുകയുമായിരുന്നു. എന്നാല്‍ ദേവതാസ്ഥാനം മാറ്റുകയും ദേവിയുടെ പ്രാമുഖ്യം കുറയ്ക്കുകയും ചെയ്തപ്പോഴും ദേവിയെ പുറന്തള്ളാന്‍ കഴിഞ്ഞില്ല. അതിന്റെ ഭാഗമായാണ് കണ്ണന്റെ ഇടത്തരികത്തായി ദേവിയെ പ്രതിഷ്ഠിച്ചതും. ഗുരുവായൂരില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥ ഇന്നും ദേവിയാണ്, കൃഷ്ണനല്ല. ദേവീസ്ഥാനമായിരുന്ന പണ്ടുകാലം ഗുരുവായൂരിന്റെ പേര്കുരവയൂര്‍ എന്നായിരുന്നു എന്നോര്‍ക്കണം.

          ക്രിസ്തുവര്‍ഷം പതിനാലാം ശതകത്തിലെ കോകസന്ദേശത്തില്‍ ഇന്നത്തെ ഗുരുവായൂര്‍ കുരവയൂരാണ്’: ‘അമ്പില്‍ കുമ്പിട്ടചലതനയാം പിന്നെ നീ പോക പോനാല്‍ മുന്നില്‍ കാണാമഥ കുരവയൂരെന്‌റു പേരാം പ്രദേശം.എന്നാല്‍ ദേവിയെ മാറ്റി വിഷ്ണുവിനെ പ്രതിഷ്ഠിച്ചപ്പോള്‍ കുരവയൂരിനെ സംസ്‌കൃതവക്താക്കള്‍ ഗുരുവായൂര്‍ എന്നാക്കിമാറ്റുകയും ഗുരുവായ ബൃഹസ്പതിയും വായുവും ചേര്‍ന്നു പ്രതിഷ്ഠിച്ചു എന്ന കഥാഖ്യാനവും സന്നിവേശിപ്പിച്ചു. എത്ര ലളിതവും നിഷ്‌കളങ്കവമുമായ അടിച്ചുമാറ്റല്‍! അതുമാത്രമല്ല, ക്ഷേത്രനാഥയായ ദേവിയെ ഗുരുവായുരിലെ നാലമ്പലത്തിനകത്ത് പ്രതിഷ്ഠിച്ചതിലുമുണ്ട് ഒരു കുരുട്ടുബുദ്ധി. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ അകത്തല്ല പുറത്താണ്, പുറത്തല്ല അകത്താണഎന്ന പ്രമാണമനുസരിച്ചാണ്. ഗുരുവായൂരിലും ഈ പ്രമാണമനുസരിച്ചാണ് ഇടത്തരികത്ത് ദേവിയെ കുടിയിരുത്തിയിരിക്കുന്നത്. നാലമ്പലത്തിനു പുറത്തു നിന്നു നോക്കുന്നയാള്‍ക്കു പ്രതിഷ്ഠ അകത്താണെന്നു തോന്നണം. എന്നാല്‍ നാലമ്പലത്തിനകത്തു കയറിയാല്‍ പ്രതിഷ്ഠ പുറത്താണെന്നും തോന്നണം! ഇതാണ് ആ തന്ത്രം. കാവുകളെ ഗളച്ഛേദനം നടത്തി ക്ഷേത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയില്‍ ബ്രാഹ്മണ്യത്തെപ്പോലെത്തന്നെ ദൈവജ്ഞന്മാര്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്ഥാനമുണ്ട്. മലനാട കെട്ടുകാഴ്ച മലനാട കെട്ടുകാഴ്ച കൊല്ലം ജില്ലയില്‍ പഴമകൊണ്ടും ആരാധനാരീതികൊണ്ടും അപൂര്‍വമായൊരു ക്ഷേത്രമാണ് മലനട ദുര്യോധനക്ഷേത്രം. നൂറ്റുവരില്‍ പ്രധാനിയായ ദുര്യോധനനെ ദൈവമായി ആരാധിക്കുന്ന വ്യതിരിക്തവും വിശേഷതയാര്‍ന്നതുമായ ആരാധനാകേന്ദ്രം. ദുര്യോധനനോടൊപ്പം നൂറ്റുവരില്‍ പ്രധാനികള്‍ക്കെല്ലാം അവിടെ ആരാധനാസ്ഥലങ്ങളുണ്ട്. ഇതില്‍ അവരുടെ ഗുരുവായ ദ്രോണരും കുടിയിരിക്കുന്നു. പൂജകളും മറ്റും ചെയ്യുന്നത് ജാതിയില്‍ താഴ്ന്നവരെന്നു മുദ്രയടിക്കപ്പെട്ടവരും. ദ്രോണര്‍ ജാതിയില്‍ ബ്രാഹ്മണനായതിനാല്‍ അടിയാളന്‍ പൂജചെയ്യുന്നതു വൈദികവക്താക്കള്‍ക്കു രുചിക്കാതെയായി. അതിനു മറുമരുന്നായി അവര്‍ ദേവപ്രശ്‌നമെന്ന കൊടുവാളില്‍ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിച്ചു. ദ്രോണര്‍ക്കു ബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യണമെന്നും വര്‍ഷത്തില്‍ രണ്ടുതവണ മാത്രം പൂജാചടങ്ങുകള്‍ മതിയെന്നും വിധിച്ചു. ഈ അധിനിവേശം നടന്നത് ചരിത്രാതീത കാലത്തൊന്നുമല്ല. ആധുനികമെന്നു നാം വിശേഷിപ്പിക്കുന്ന ഇക്കാലത്തുതന്നെയായിരുന്നു. കേരളത്തിലെ പ്രാചീനദേവാലയങ്ങള്‍ കാവുകള്‍ മാത്രമായിരുന്നു. മേല്‍പ്പുരയില്ലാതിരുന്ന ആദികാവുകളുടെ സ്ഥാനത്തു കല്ലും കുമ്മായവും കൊണ്ടു കെട്ടിപ്പണിത ക്ഷേത്രങ്ങളാണ് ഇന്നുള്ളത്. ആകൃതിക്കും രൂപത്തിനും മാറ്റം ഭവിച്ചങ്കിലും കാവ് എന്ന പേര് ഇന്നും നിലനിന്നുപോരുന്നുണ്ട്. അയ്യപ്പനും അമ്മയ്ക്കുമാണ് കാവുകളുണ്ടായിരുന്നത്. കാലക്രമത്തില്‍ അയ്യപ്പന്‍ ശാസ്താവും അമ്മ ഭഗവതിയുമായി.’11 പണ്ടുകാലത്ത് അയ്യപ്പാരാധന നടന്നിരുന്നത് കാവുകളിലായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. കാവുകളിലെ അയ്യപ്പാരാധന സജീവമായിരുന്ന കാലത്ത് ശബരിമല ഇന്നത്തെരീതിയില്‍ പ്രാമാണ്യം നേടിയിരുന്നില്ല എന്ന കാര്യവും നാം മറന്നുപോകരുത്. ശബരിമല എന്നുപോലും ആയിരുന്നില്ല പഴയകാല സ്ഥലനാമം.ശൗര്യമലെക്കാവ്എന്നായിരുന്നു അത്. വാര്‍ഡ് ആന്റ് കോണറിന്റെ സര്‍വേ റിപ്പോര്‍ട്ടിലും ശൗര്യമലെക്കാവ് എന്നാണ് പ്രയോഗം. പ്രകൃതിദത്തമായ സുരക്ഷിതത്വത്തിലായിരുന്നു ശൗര്യമലെക്കാവില്‍ അയ്യപ്പന്‍ വാണിരുന്നത്. വൈദികാചാരങ്ങളുടെ ഭാഗമായുള്ള കീഴടക്കലില്‍ അയ്യപ്പനെ ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തേക്ക് ആനയിക്കുകയും മണിമുട്ടിപ്പൂജയും കൊടിയേറ്റി ഉല്‍സവവും കല്‍പ്പിച്ചരുളുകയും ചെയ്തതാവാനെ തരമുള്ളൂ. അയ്യപ്പന്‍: മലനാടിന്റെ കുലദൈവം അവൈദികമായ സങ്കല്‍പ്പങ്ങളും ആരാധനയും നടന്നിരുന്ന ശബരിമല ഒരു കാലത്ത് നമ്മുടെ പ്രാക്തനാരാധനാ കേന്ദ്രമായ കാവ് സങ്കല്‍പ്പത്തിലായിരുന്നു എന്നതിനുള്ള വലിയ തെളിവ് നല്‍കുന്ന അനുഷ്ഠാനകലാരൂപമാണ് അയ്യപ്പന്‍ തീയാട്ടുപാട്ടുകള്‍.ചാലക്കുടിപ്പുഴ മുതല്‍ വടക്ക് പയ്യന്നൂര്‍ വരെയുള്ള പ്രദേശത്ത് പ്രചാരമുള്ള കളംപാട്ട് സമ്പ്രദായമാണ് അയ്യപ്പന്‍ തീയാട്ട്. തിയ്യാടി നമ്പ്യാരെന്ന അതിന്യൂനപക്ഷ സമുദായമാണ് പാരമ്പര്യമായി ഇതവതരിപ്പിച്ചുവരുന്നത്. മധ്യകേരളത്തില്‍ അടിയന്തിര രൂപേണയും അല്ലാതേയും അയ്യപ്പന്‍ തീയാട്ടുകള്‍ അരങ്ങേറുന്നുണ്ടെങ്കിലും ഉത്തരകേരളത്തിലാണ് ഈ കലാരൂപം കൂടുതല്‍ വളര്‍ന്ന് പുഷ്‌കലമായത്. ഗീത-നൃത്ത-വാദ്യ ആലേഖ്യാഭിനയാദി സുകുമാരകലകളുടെ സമന്വയമാണ് തീയാട്ട്. കളങ്ങള്‍, തോറ്റങ്ങള്‍, പാട്ടുകള്‍, കൊട്ടിപ്പാടല്‍, മുദ്രാഭിനയക്കൂത്ത്, കോമരനൃത്തം എന്നിവയാണ് അയ്യപ്പന്‍ തീയാട്ടിലെ ക്രിയാംശങ്ങള്‍.’12 അയ്യപ്പന്‍ തീയാട്ടുപാട്ടില്‍, ഉച്ചപ്പാട്ട്, കാവെണ്ണല്‍ തോറ്റം, വലിയപാട്ട്, പുലിപ്പാട്ട്, അമൃതമഥനകഥ തോറ്റം, ഉദയാസ്തമനക്കൂത്തിലെ വേട്ട വിളിത്തോറ്റം എന്നിവയാണ് പ്രധാനമായ സാഹിത്യരൂപങ്ങള്‍. അയ്യപ്പന്‍ തീയാട്ടുപാട്ടിലെ കാവെണ്ണല്‍ തോറ്റം, വലിയപാട്ട്, വേട്ടവിളിത്തോറ്റം എന്നിവയില്‍ നിന്നും അയ്യപ്പന്‍ കാവുകളെക്കറിച്ചുള്ള വിവരങ്ങള്‍ നമുക്കു കിട്ടുന്നു. 

                ഇതിലെല്ലാം കാവ് എന്ന സംജ്ഞ മാത്രമാണ് നാം കാണുന്നത്.ഒന്നെ ലോകവുമായി ഒരു മനമെ ദൈവവുമായി ചെന്നാലങ്ങറിവോരുമായി ചെങ്കോല്‍വട്ടത്തിനു തുള്ളീടുകായാല്‍ പോലും ദൈവമേ ഒന്നായി നിന്നൊരു അമൃതിനെ ആടിനിന്നു പാടി വിളയാടി ആരോമ്പിലെന്നുടെ കാവിലയ്യന്‍ തിരുവടി താനും കേട്ടിങ്ങെഴുന്നെള്ളി തിരുവുള്ളമായി വരിക വരിക പോലും ദൈവമെ. നിന്തിരുവടിക്കു ശ്രീമൂലസ്ഥാനമായി ഉള്ളോരു ആദിയെ തൃക്കുന്നപ്പുഴെക്കാവ്, തിരുവുള്ളക്കാവ്, തിരുവളക്കയ്യൂര്‍ക്കാവ്, ചമ്രകുളങ്ങരെക്കാവ്, ചമ്രവട്ടത്തു പൂങ്കാവ്, അശ്ശന്‍കോവില്‍ക്കാവ്, ആര്യങ്കാവ്, കൊളത്തൂക്കാവ്, കൊളത്തൂപള്ളിക്കാവ്, ശൗര്യമലെക്കാവ് (ശബരിമലക്കാവ്)’13 എന്നിങ്ങനെയാണ് 108 അയ്യപ്പന്‍ കാവുകള്‍ കാവെണ്ണല്‍ തോറ്റത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റുചില പാഠങ്ങളില്‍ മൂന്നാമതയായി ശൗര്യമലെക്കാവ് വരുന്നുമുണ്ട്. എന്തായാലും ശബരിമല ഇതിലൊന്നും പ്രഥമവും പ്രധാനവുമാകുന്നില്ല. ചരിത്രം അപനിര്‍മിക്കപ്പെടാതിരുന്ന കാലത്ത്, മലയാളത്തിന്റെ കുലദൈവമായി മാറുന്ന അയ്യപ്പനെയാണ് തീയാട്ടുപാട്ടുകളില്‍ കാണുന്നത്. അയ്യപ്പന്‍ തീയാട്ടുപാട്ടിന്റെ ഏറ്റവും പ്രധാനമായ വസ്തുത ഇതില്‍ പന്തളം രാജവംശത്തെക്കുറിച്ചുള്ള യാതൊരു പരാമര്‍ശവും വരുന്നില്ല എന്നതാണ്.അയ്യപ്പന്‍ തീയാട്ടുപാട്ടിന്റെ ഉല്‍ഭവകാലം കണ്ടെത്തുക ശ്രമകരമാണ്. ശിവന്റെയും വിഷ്ണുവിന്റെയും മകനായ അയ്യപ്പനെപ്പറ്റി തേവാരം പാട്ടുകളിലാണ് ആദ്യപരാമര്‍ശം എന്നതിനാല്‍ അവയുടെ നിര്‍മാണകാലമായ ഏഴാം നൂറ്റാണ്ടിനുശേഷമായിരിക്കാം ഈ കലാരൂപത്തിന്റെ ഉല്‍ഭവം. പന്തളരാജാവിന്റെ കഥ പരാമര്‍ശിക്കാത്തതിനാല്‍ പന്ത്രണ്ടാം നൂറ്റാണ്ടിനു മുമ്പായിരിക്കാം അയ്യപ്പന്‍ തീയാട്ടിന്റെ ഉല്‍ഭവമെന്നു വാദിക്കാം.’14 അയ്യപ്പന്‍ തീയാട്ടുപാട്ടില്‍ പന്തളം രാജവംശത്തെ പരാമര്‍ശിക്കാത്തതും, പന്തളം രാജവംശത്തിന്റെ സ്ഥാപനവും കണക്കിലെടുത്താല്‍ അയ്യപ്പസങ്കല്‍പ്പത്തിന്റെ പ്രാചീനത തെളിഞ്ഞുവരും. കൊല്ലവര്‍ഷം 345-377 (ഏ.ഡി.1170 – 1202)ല്‍ ചെമ്പഴന്നൂര്‍ ശാഖ പന്തളത്തെത്തിയ പതിമൂന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് പന്തളത്ത് രാജശേഖരനെന്ന രാജാവും മണികണ്ഠനെന്ന പുത്രന്‍ അഥവാ അയ്യപ്പനെന്ന വീരപുരുഷനും ഉണ്ടായിരിക്കുക എന്ന കാര്യം നിസ്സംശയമാണ്. ഇക്കാലത്തെ പന്തളരാജ്യചരിത്രത്തില്‍ അയ്യപ്പസ്വാമിയെപ്പറ്റി പരാമര്‍ശമുള്ള രേഖകളൊന്നും തന്നെ ലഭ്യമല്ലെന്നുള്ളത് വളരെ വിചിത്രമായ സംഗതിയാണ്.’15 അയ്യപ്പന്റെ വീരനായകത്വം എല്ലാ കഥകളിലും ഒരു പോലെയാണ്. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് അയ്യപ്പന്റെ കഴുത്തില്‍ മണിമാല ചാര്‍ത്തി പന്തളം രാജകൊട്ടാരത്തിലെത്തിച്ചതിന്റെ പരിണിതഫലമാണ് നാമിന്നു കേള്‍ക്കുന്ന കഥാകഥനങ്ങള്‍ എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അയ്യപ്പന്‍ തീയാട്ടിന്റെ തോറ്റരൂപത്തില്‍ പാടിവരുന്ന അമൃതമഥനം കഥയില്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കുന്ന ഒരു സന്ദര്‍ഭമുണ്ട് എന്നത് രസകരമാണ്. ഇതില്‍ പക്ഷെ അര്‍വാചീനമായ പല കൂട്ടിച്ചേര്‍ക്കലുകളും കാണാന്‍ കഴിയും. തേജസ്വിയും ജ്ഞാനപാരംഗതനും ബ്രഹ്മചാരിയുമായ അയ്യപ്പന്‍ സര്‍വജ്ഞപീഠം കയറാനായി സ്വര്‍ഗത്തിലെ ദേവരാജാവിനെ സമീപിക്കുന്നു. തോറ്റാല്‍ സ്വര്‍ഗംതന്നെ വഴങ്ങിത്തരാമെന്നു ദേവേന്ദ്രനും പണയം വെയ്ക്കാന്‍ കൈയിലൊന്നുമില്ലാത്തതിനാല്‍ ഉള്ളം കൈയില്‍ തുപ്പി സുരയും മാംസവുമെന്നു കല്‍പ്പിച്ച് ഭുജിച്ച് ഭ്രഷ്ടനായിപ്പോകാമെന്നു അയ്യപ്പനും വാക്കു കൊടുക്കുന്നു. എന്നാല്‍ പരാജയഭീതിയുള്ള ദേവേന്ദ്രന്‍ അയ്യപ്പനെ ചതിക്കാന്‍ ജ്യേഷ്ഠാഭഗവതിയെ കൂട്ടുപിടിക്കുന്നു. ഒടുവില്‍, അയ്യപ്പനുമായുള്ള വേദപരീക്ഷയില്‍ ദേവേന്ദ്രന്‍ പരാജയപ്പെടുന്നു. ജയിക്കാന്‍ മറ്റും പോംവഴി കാണാതെ ദേവേന്ദ്രന്‍ ബ്രഹ്മചാരിക്കു നിഷിദ്ധമായ കാമശാസ്ത്രസംബന്ധമായ ചോദ്യം ചോദിക്കുന്നു. ചോദ്യത്തിനുമുന്നില്‍ ഉത്തരം മുട്ടിപ്പോയ അയ്യപ്പന്‍ മൂന്നേമുക്കാല്‍ നാഴിക ഇടവേള ചോദിക്കുകയും പ്രഭയെന്ന കന്യകയെ വിവാഹം ചെയ്ത് സത്യകന്‍ എന്ന പുത്രനെ ജനിപ്പിച്ച് കാമശാസ്ത്രരഹസ്യങ്ങള്‍ പഠിച്ച് ഇന്ദ്രനുമായി വാദമുഖത്തില്‍ ഏര്‍പ്പെട്ടു. ഇതിലും താന്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ ഇന്ദ്രന്‍ ചതിപ്രയോഗത്തിലൂടെ ജ്യേഷ്ഠാഭഗവതിയെക്കരുവാക്കി അയ്യപ്പനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇതറിഞ്ഞ അയ്യപ്പന്‍ സ്വര്‍ഗം തന്നെ ചുട്ടുപൊട്ടിക്കുന്നു. രക്ഷയില്ലെന്നു കണ്ട ദേവേന്ദ്രന്‍ തന്നെ രക്ഷിക്കണമെന്നു പറഞ്ഞ് കൈലാസനാഥനെ ശരണം പ്രാപിച്ചു. അയ്യപ്പനെ പിടിച്ചുകെട്ടി കാഴ്ചവെക്കാന്‍ ശിവന്‍ തന്റെ ഭൂതഗണങ്ങള്‍ക്കു കല്‍പ്പന കൊടുത്തു. എന്നാല്‍, അയ്യപ്പനടുത്തെത്തിയ ഭൂതഗണങ്ങള്‍ എന്തോ നിയോഗമാംവണ്ണം അയ്യപ്പന്റെ ആജ്ഞാനുവര്‍ത്തികളായി മാറുക യാണുണ്ടായത്. കഥാന്ത്യത്തില്‍ ദേവരാജാവ് തന്റെ പരാജയം സമ്മതിക്കുകയും അയ്യപ്പന്‍ സര്‍വജ്ഞപീഠം കയറുകയും ചെയ്യുന്നു. തുടര്‍ന്ന് ശിവന്‍ അയ്യപ്പനെ മലനാടിന്റെ കുലദൈവമായി അവരോധിക്കുന്നു. പ്രഭ എന്നുപേരുള്ള തന്റെ ഭാര്യയോടും സത്യകന്‍ എന്നുപേരായ മകനോടും ചേര്‍ന്നു അയ്യപ്പന്‍ തൃക്കുന്നപ്പുഴ, തിരുവള്ളക്കാവ്, ശൗര്യമല ആദിയായ 108 കാവുകളില്‍ എഴുന്നെള്ളി ഇളകൊള്ളുന്നു.’16 ഈ കഥയില്‍ ദേവലോകത്തുനിന്നും അയ്യപ്പന്‍ കുടുംബസമേതം നേരെ വരുന്നത് മലയാളത്തിന്റെ കുലദൈവതമായിട്ടാണ്. എന്തായിരിക്കും ഈ സങ്കല്‍പ്പത്തിന്റെ പിന്നിലെ രഹസ്യം? ഒരു കാലത്ത് മലയാളനാട്ടില്‍ കാവല്‍ദേവതയെന്ന നിലയില്‍ പ്രചുരപ്രചാരം സിദ്ധിച്ച ആരാധനാമൂര്‍ത്തിയുടെ നേര്‍ചിത്രമായിരിക്കാം ഈ കല്‍പ്പനയില്‍ അടങ്ങിയിരിക്കുന്നത്. അയ്യപ്പന്‍ തീയാട്ട് അയ്യപ്പന്‍ തീയാട്ട് അയ്യപ്പന്‍ തീയാട്ടിനു കൊട്ടിപ്പാടുന്ന വലിയ പാട്ടില്‍ അയ്യപ്പന്‍ തീയാട്ടിലെ വലിയ പാട്ടില്‍ എന്നാല്‍, തികച്ചും മറ്റൊരു കഥയാണ് പറയുന്നത്.



No comments :

Post a Comment