അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 5

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

(ഫേസ്‌ബുക്കിൽ ജനം ടിവി ഉദ്യോഗസ്ഥനേഴുതിയ  ലേഖനം)


അന്യത്ര സൂചിപ്പിച്ച കഥാസന്ദര്‍ഭവുമായി യാതൊരു സാധര്‍മ്യവുമില്ല. ഇതിലെ കഥയുടെ പശ്ചാത്തലം പാണ്ഡ്യരാജ്യമാണ്. പിന്നീട് മലയാളത്തില്‍ പ്രചരിച്ചതും പന്തളം രാജകുടുംബത്തില്‍ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളുടെയും ഛായ ഇതില്‍ കാണാവുന്നതുമാണ്. ചേകവനായിത്തീരണമെന്ന ആഗ്രഹത്താല്‍ അയ്യപ്പന്‍ മധുരയില്‍ പാണ്ഡ്യരാജാവിന്റെ സമീപമെത്തുന്നു. തന്നെ ചേകിപ്പാനായി സമീപിച്ച അയ്യന്റെ പിറന്നവിടവും വളരുന്നേടവും ഉറയുന്നേടവും രാജാവ് ചോദിച്ചറിയുന്നു. വിഷ്ണുഭഗവാന്റെ തൃത്തുടയില്‍ പിറന്ന് നാടതൊക്കെ താനുറയുന്ന അയ്യപ്പന്റെ നായാട്ടുപാടവം കണ്ട് രാജാവ് അമ്പരക്കുന്നു. നായാട്ടിന്റെ നാട്ടുഭോഗം രാജാവിനു കൊടുക്കാന്‍ തയ്യാറാകാത്ത അയ്യനോടു പടപൊരുതാന്‍ രാജാവ് കല്‍പ്പിക്കുന്നു. അമ്പ് എയ്ത് കരിമ്പാറ പിളര്‍ന്നതും കരിമ്പന മുത്തുണ്ടമാക്കിയതും കണ്ടുഭയന്ന രാജാവ്ഇത്തിനക്ക് നറുപ്പമുള്ളഅയ്യനെ ഒഴിവാക്കാനായി കുറുപ്പു-കൈമള്‍-വൈത്തിയന്മാരുടെ ദുഷ്‌പ്രേരണയാല്‍ പുലിപ്പാല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രാജാവിനെ ഞെട്ടിച്ചുകൊണ്ട് അയ്യപ്പന്‍ കച്ചഴിച്ചു കടുവതന്നെ കെട്ടിക്കൊണ്ട് കിടാവിനെയൊന്നെടുത്തു ചുമലിലിട്ടുവന്നതുകണ്ടപ്പോള്‍ സര്‍വരും പേടിച്ചോടാന്‍ തയ്യാറായി. ഒടുവില്‍ കൊട്ടാരവാസികളെല്ലാം അഭയം ഇരന്നപ്പോള്‍ അയ്യപ്പന്‍ അവര്‍ക്കു അഭയം നല്‍കി, തൃക്കുന്നപ്പുഴ ആദിയായ 108 കാവുകളില്‍ ഇരുന്നരുളിക്കൊണ്ട് ഭക്തജനങ്ങളുടെ നേര്‍ച്ചയും തേങ്ങേറും കളവും ചുറ്റുവിളക്കും കൈക്കൊണ്ട്, ഈതിബാധകള്‍ തീര്‍ത്ത്, സന്തതിയും സമ്പത്തും നല്‍കി, മലനാട്ടിന്റെ കുലദൈവമായി ഇളകൊള്ളുന്നു. ഈ രണ്ടുകഥയിലുമുള്ള പൊതുവായ സാധര്‍മ്യം എന്നത് ലക്ഷ്യം നിര്‍വഹിച്ച് അയ്യപ്പന്‍ ഇരുന്നരുളുന്നത് 108 അയ്യപ്പന്‍ കാവിലാണ്. രണ്ടുകഥയിലും ശബരിമല പരാമര്‍ശിക്കുന്നില്ല. പന്തളം കഥാപാഠത്തില്‍ പറയുന്നതുപോലെ, പന്തളത്തുനിന്നു അമ്പയക്കുന്നുമില്ല, ശബരിമലയില്‍ വീഴുന്നുമില്ല. ഒരു പക്ഷെ, പാണ്ഡ്യരാജ്യത്തുനടന്ന കഥയെ കേരളത്തിലെ പന്തളം രാജകൊട്ടാരത്തിലേക്കു പറിച്ചുനടുന്ന ഒരു പരാവര്‍ത്തന സ്വഭാവവും ഈ കഥയില്‍ കാണാവുന്നതാണ്. അയ്യപ്പന്‍ തീയാട്ടുപാട്ടുകളിലൊന്നും പന്തളം കഥ പരാമര്‍ശിക്കാത്തതിനാല്‍, പന്തളം രാജകുടുംബം കേരളത്തിലെത്തുന്നതിനും മുമ്പു തന്നെ അയ്യപ്പന്റെ കഥ പ്രചാരത്തിലുണ്ടായിരുന്നെന്നും തങ്ങളുടെ വംശകഥാചരിത്രവുമായി അതു പിന്നീട് നിബന്ധിച്ചതാണെന്നുമുള്ള അനുമാനത്തിലെത്തിച്ചേരേണ്ടി വരും. തീയാട്ട് വലിയപാട്ടില്‍ അയ്യപ്പനെ പരീക്ഷിക്കുന്നതും പുലിപ്പാലിനയക്കുന്നതും പാണ്ഡ്യരാജാവാണ്. പന്തളം രാജവംശത്തിന്റെ ആഗമവും അവിടെ നിന്നുതന്നെ എന്നത് ശ്രദ്ധേയമാണ്. ഒരേ കഥയെ മാറ്റങ്ങളോടെ സ്വീകരിക്കുന്നത് പണ്ടുകാലം മുതലുള്ള കാര്യവുമാണ്. ചുരുക്കത്തില്‍ അയ്യപ്പന്റെ ജീവിതം ഒളിപ്പിക്കുന്ന ചില കുസൃതികള്‍ ഈ കഥകളില്‍ നിന്നു കാണാം. ചുരുക്കത്തില്‍ അയ്യപ്പസങ്കല്‍പ്പത്തിന്റെ ആഗമം തമിഴ്‌സംസ്‌കൃതിയുടെ സംഭാവനയാണെന്നും സഭാര്യനായ അയ്യപ്പനില്‍ നിന്നും ഭാര്യയെ അടര്‍ത്തി മാറ്റി ശാസ്താവില്‍ ലയിപ്പിച്ചതുമായ വൈദികാദേശം സുവ്യക്തവുമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമദേവതയാണ് അയ്യന്‍ അല്ലെങ്കില്‍ അയ്യനാര്‍. തുടക്കത്തില്‍ ഒരു ശുദ്ധ അനാര്യദേവനായിരുന്നിരിക്കാമെങ്കിലും വലിയ തോതില്‍ ആര്യവല്‍ക്കരണം അയ്യന് തമിഴ്‌സമൂഹത്തില്‍ സംഭവിച്ചിരിക്കുന്നു.’17 കേരളത്തിലെ അയ്യപ്പാരാധനയുടെ ചരിത്രം തേടിപ്പോകുമ്പോള്‍ ലഭിക്കുന്ന ഏറ്റവും പഴയ തെളിവ് തിരുവല്ലാച്ചെപ്പേടുകളില്‍ നിന്നാണെന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചെപ്പേടുകള്‍ ക്രോഡീകരിക്കപ്പെട്ടത് ഏതാണ്ട് പന്ത്രണ്ടാം ശതകത്തിലാണെന്നു ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. തിരുവല്ലാ ചെപ്പേടിലെ 410 മുതല്‍ 412 വരെയുള്ള വരികളില്‍ ഈ തെളിവു നമുക്കു ലഭിക്കും. ‘…അതിനാലെ എഴുനൂറ്റി നാഴി നിക്കി നിന്റരിയാല്‍ വരാകപ്പനു നാനാഴി തിരുവായമ്പാടിക്കു നാനാഴി ആതിര ചാലൈക്കു നാനാഴി അയ്യപ്പനു നാനാഴി പൂതപലിക്കു പന്തിരുനാഴി…..(അതിനാല്‍ എഴുനൂറ്റുനാഴി നീക്കി ഉള്ള അരിയാല്‍ വരാകപ്പനു നാലുനാഴി. തിരവമ്പാടിക്ക നാലുനാഴി. ആതുരശാലയ്ക്കു നാലുനാഴി. അയ്യപ്പനു നാലുനാഴി. ഭൂതബലിയ്ക്കു പന്ത്രണ്ടു നാഴി…)’18 എന്നിങ്ങനെയാണ് തിരുവല്ലാച്ചെപ്പേടിലെ വിവരണം. അതായത്, പന്തളം രാജവംശത്തിന്റെ സംസ്ഥാപനത്തിനു മുന്നേ തന്നെ അയ്യപ്പാരാധനയുണ്ടായിരുന്നു എന്നതിനുള്ള തെളിവായി ഇതിനെ സ്വീകരിക്കാമെന്നര്‍ത്ഥം. ബ്രാഹ്മണകുടിയേറ്റത്തിന്റെ കേരളത്തിലെ ഒരു പ്രധാനകേന്ദ്രമായ തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ അയ്യപ്പാരാധന പണ്ടു പണ്ടേ നടന്നിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പ്രാചീന നമ്പൂതിരിഗ്രാമങ്ങളില്‍ ഏറെ പ്രസിദ്ധമായതാണ് തിരുവല്ല. ഒമ്പതാം ശതകമായപ്പോഴേക്കും കേരളത്തിലെ നമ്പൂതിരി ഗ്രാമങ്ങളില്‍ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്നു തിരുവല്ല.’19 ഇതേ തിരുവല്ല ക്ഷേത്രത്തിലാണ് ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ ആദ്യമായി സ്ത്രീവിലക്കുണ്ടായതെന്നും പിന്നീട് അത് മാറ്റിക്കൊണ്ടുള്ള ആചാര്യമതം പുറപ്പെടുവിച്ചതുമായ സംഭവം നമുക്കു തുടര്‍ന്നു കാണാവുന്നതാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയോ? വൈദികാചാരത്തിന്റെയോ ബ്രാഹ്മണ്യത്തിന്റെയോ പൂജാവിധാനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അയ്യപ്പന്റെ അസ്തിത്വം? ‘ബുദ്ധജൈനമതങ്ങളുടെ ക്ഷയോന്മുഖ കാലമായ പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ നടന്ന അയ്യപ്പവീരേതിഹാസകഥകള്‍ക്ക് ഒരു മിത്തിന്റെ പരിവേഷം കൈവരികയും വീരാരാധനോല്‍സുകരായ മലയാളികള്‍ക്ക് അയ്യപ്പന്‍ ആരാധ്യദേവനായി മാറുകയും ചെയ്തു. പതിമൂന്നാം ശതകമാകുമ്പോഴേക്കും അയ്യപ്പന്‍ ആര്യബ്രാഹ്മണരുടെ സങ്കേതങ്ങളില്‍പ്പോലും ആരാധനാമൂര്‍ത്തിയായിക്കഴിഞ്ഞു.’20 തികച്ചും വൈദികേതരമായ ഒരു പ്രാചീനമൂര്‍ത്തിയാണ് അയ്യപ്പന്‍ എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അയ്യപ്പന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമി ദേവാര്‍ച്ചനാ പദ്ധതിപ്രകാരം പൂജിക്കപ്പെടുന്ന ദേവനല്ല. പണ്ട് ശബരിമലയ്ക്ക് പോകുന്നവര്‍ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി കൊണ്ടു പോകുമായിരുന്നു. കറുപ്പസ്വാമിയുടെ ഇഷ്ടപ്പെട്ട നിവേദ്യങ്ങളാണിവ. തമിഴ്‌നാട്ടില്‍ പരക്കെ പ്രചാരമുള്ള ദേവ നാണ് കറുപ്പസ്വാമി. കല്ലര്‍ സമുദായത്തിന്റെ പ്രധാനമൂര്‍ത്തിയുമാണ്. കറുപ്പസ്വാമിയും ഭാര്യ കറുപ്പായിയമ്മയും കേരളത്തില്‍ ശബരിമലയില്‍ മാത്രമേയുള്ളൂ.’21 ശാസ്താവില്‍ അയ്യപ്പനെ ആരോപിക്കുന്നവര്‍ക്കുള്ള സമാധാനമാണിത്. ശാസ്താപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലൊന്നും കറുപ്പസ്വാമിയും കറുപ്പായിയമ്മയേയും കാണുന്നില്ല. നാം കാണുന്ന മറ്റു ക്ഷേത്രങ്ങളിലൊക്കെ ശാസ്താവ് ഉപദേവനുമാണ് എന്നതത്രെ ഇതിനുള്ള സമാധാനം. വൈദിക ദേവാര്‍ച്ചനാ പദ്ധതിയില്‍പ്പെടാത്ത അയ്യപ്പന് എന്തുപ്രമാണത്തിലാണ് ശബരിമലയില്‍ പൂജചെയ്യുന്നതെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നു കണ്ടെത്തിയ ശാസ്ത്രം എന്താണെന്നും പറയേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടിലെ കാവല്‍ ദേവതയായ അയ്യനാര്‍ സഭാര്യനാണ്. അയ്യപ്പന്‍ തീയാട്ടു പാട്ടില്‍ അയ്യപ്പനും സഭാര്യനാണ്. അയ്യനില്‍ നിന്നും ഭാര്യയെ മാറ്റി മാളികപ്പുറത്തമ്മയാക്കിയതാകാനും വഴിയുണ്ട്. മാളികപ്പുറം ഇന്നത്തെ രീതിയില്‍ ദേവീക്ഷേത്രമായത് കൊല്ലം 1126ലാണ്. ഇരുനിലയിലുള്ള ഒരു ചെറിയ മാളികയുടെ മുകളിലത്തെ തട്ടിലാണ് അമ്മയെ ആദ്യം കുടിയിരുത്തിയിരുന്നത്. തന്മൂലം മാളികപ്പുറത്തമ്മ എന്നു പേരു വന്നു. സാത്വികപൂജയ്ക്ക് പ്രചാരം സിദ്ധിച്ചപ്പോള്‍ ആസുരപൂജ മാളുകപ്പുറത്ത് നിലച്ചു. എങ്കിലും എല്ലാ വര്‍ഷവും മകരം 7നു പന്തളത്തു രാജാവിന്റെ മോല്‍നോട്ടത്തില്‍ മാളികപ്പുറത്തു നടക്കുന്ന കുരുതി അന്യംനിന്ന കറുപ്പനൂട്ടിന്റെ അനുസ്മരണമാണ്.’22 ഒരേസമയം ജനപദത്തിനു വീരനായകനായും ചരിത്രപുരുഷനായും താഴമണ്‍ തന്ത്രികുടുംബത്തിനു പുരാണന്തര്‍ഗതനും യുവതീവിരോധിയായും അയ്യപ്പന്‍ മാറിപ്പോയതിന്റെ അറിവും പൊരുളും എന്തായിരിക്കാം? താഴമണ്‍ തന്ത്രിയടക്കം കേരളത്തിലെ തന്ത്രികുടുംബങ്ങളെല്ലാം അംഗീകരിച്ച ക്ഷേത്രപൂജാക്രിയാ പദ്ധതിയാണ് ചേന്നാസിന്റെ തന്ത്രസമുച്ചയം. ശബരിമലയിലെ യുവതീപ്രവേശനവിലക്കിനെ അനുകൂലിക്കുന്നവരെല്ലാം പറയുന്ന വാദം തന്ത്രശാസ്ത്രമനുസരിച്ചുള്ള പൂജാവിധിയിലാണ് അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാവുന്നതെന്നാണ്. അവൈദികാരാധനയേറ്റുവാങ്ങി വീരത്വത്തിലൂടെ ആരാധനാപുരുഷനായ അയ്യപ്പനു തന്ത്രശാസ്ത്രത്തില്‍ പൂജാവിധികളില്ല തന്നെ. താന്ത്രിക കര്‍മത്തിന്റെ ഫലം, ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ലഭിക്കണം എന്നതാണ് ആ ശാസ്ത്രത്തിന്റെ ഫലശ്രുതി.താന്ത്രികകര്‍മത്തിന്റെ ഫലം ആഗ്രഹിക്കുന്നവരെല്ലാവരും അധികാരികളോ പ്രാപ്തന്മാരോ അല്ല എന്നതാണ്ഇതിനുള്ള ന്യായം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്നു പറയുന്ന ശാസ്ത്രമേതാണ്? തന്ത്രസമുച്ചയത്തില്‍ അയ്യപ്പനു പൂജയോ ആചാരപദ്ധതികളോ ഇല്ല. ആകെ ഏഴു ദേവതകളുടെ ക്രിയകള്‍ മാത്രമേ തന്ത്രസമുച്ചയത്തില്‍ പ്രതിപാദിക്കുന്നുള്ളൂ. ശിവന്‍, വിഷ്ണു, ദുര്‍ഗ, ഗണപതി, സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍, ശാസ്താവ് എന്നീ ദേവതകളാണവ. തന്ത്രശാസ്ത്രത്തില്‍ അയ്യപ്പനുപൂജാക്രിയകള്‍ ഇല്ലെന്നിരിക്കെ ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠ എങ്ങനെയാണ് നൈഷ്ഠികബ്രഹ്മചാരിയായി മാറുന്നത്? തന്ത്രശാസ്ത്രത്തില്‍ ഋതുമതികളുടെ സ്ഥാനം വളരെ വലുതാണെന്നു നാമറിയണം. തന്ത്രത്തില്‍, മാതംഗീദേവിയെക്കുറിച്ചുള്ള ധ്യാനം സ്മരേത് പ്രഥമ പുഷ്പിണീ’ (പുഷ്പിണി എന്നാല്‍ രജസ്വല) എന്നാണ്. എന്നിട്ടും ആര്‍ത്തവം നിലയ്ക്കാത്തതിന്റെ പേരില്‍ മാത്രം ഒരു വലിയ വിഭാഗത്തെ അകറ്റി നിര്‍ത്തുകയാണ് ശബരിമലയില്‍.കാലംപിന്നിട്ടപ്പോള്‍ തന്ത്രസമുച്ചയത്തിലെ ഏഴുദേവതാക്രിയകള്‍ മതിയാകാതെവന്നു നമ്മുടെ ആരാധനാപദ്ധതിക്ക്. അതിനു പരിഹാരമെന്നോണം തന്ത്രസമുച്ചയകാരന്റെ പുത്രനും ശിഷ്യനുമായ ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതിയ ഗ്രന്ഥമാണ് ശേഷസമുച്ചയം’. ബ്രഹ്മാവ്, സൂര്യന്‍, വൈശ്രവണന്‍, ഗോപാലകൃഷ്ണന്‍, സരസ്വതി, ശ്രീഭഗവതി, ശ്രീപാര്‍വതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രനും ഗണപതിയും ചേര്‍ന്ന സപ്തമാതൃക്കള്‍, ക്ഷേത്രപാലന്‍, രുരുജിത് ഭഗവതിയോടുകൂടിയ ഭൈരവശിവന്‍, ഇന്ദ്രാദി പരിവാരങ്ങള്‍ തുടങ്ങിയ ദേവതകളുടെ പൂജാക്രിയകളാണ് ശേഷസമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.’23 ഇതിലും അയ്യപ്പന്റെ പൂജാവിധാനം പ്രത്യക്ഷപ്പെടുന്നില്ല. താഴമണ്‍ ഇല്ലത്തെ ഏതു ഗ്രന്ഥവരിയിലാണ് അയ്യപ്പന്റെ പൂജാവിധി ഒളിപ്പിച്ചിരിക്കുന്നതെന്നു തന്ത്രിമാര്‍ പറയണം. അങ്ങനെയൊരു ഗ്രന്ഥവരിയുണ്ടെങ്കില്‍ അതു പരസ്യപ്പെടുത്തി കാര്‍ബണ്‍ ഡേറ്റിംങ്ങിനു വിധേയമാക്കുവാന്‍ തന്ത്രികുടുംബം തയ്യാറാകണം. എന്നാല്‍, നാമിന്നു കാണുന്ന കാരണങ്ങളെല്ലാം തന്നെ ദേവപ്രശ്‌നവിധികളില്‍ നിന്നുണ്ടാകുന്ന വെളിപാടുകളാണെന്നതാണ് ദുഃഖകരം. തന്ത്രസമുച്ചയപദ്ധതിയില്‍ ആദ്യകാലത്ത് മുഹൂര്‍ത്തം കുറിയ്ക്കാന്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്നപ്രശ്‌നമാര്‍ഗംപോകെപ്പോകെ ജ്യോതിഷികളെ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍വരെയെത്തിച്ചു. ജ്യോതിഷികളുടെ വാക്കിനനനുസരിച്ചായി പിന്നീട് ക്ഷേത്രങ്ങളുടെ നിത്യനിദാനക്രിയകള്‍. ജ്യോതിഷത്തെ പ്രാമാണ്യശാസ്ത്രമായി ക്ഷേത്രങ്ങളില്‍ കൊണ്ടാടപ്പെട്ടപ്പോഴാണ് ശബരിമലയില്‍ യുവതീവിലക്കുകള്‍ വന്നിട്ടുണ്ടാവുക. പ്രശ്‌നമാര്‍ഗവും തന്ത്രിമാരുടെ അജ്ഞതയും ജ്യോതിഷികളുടെ ഗൂഢതന്ത്രത്തിന്റെ പിടിയിലായിരുന്നു ശബരിമലയും താഴമണ്‍ തന്ത്രികളുമെന്നതിനു തെളിവായി പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ പ്രശ്‌നംവെക്കല്‍ നമുക്കു മുന്നിലുണ്ട്. ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിനു പ്രമാണം കണ്ടെത്താന്‍ ജയമാലയെന്ന സിനിമാ നടിയുടെ സത്യവാങ്മൂലം ഉണ്ടാക്കിയ കോക്കസ്സാണത്. ജ്യോതിഷം തന്ത്രശാസ്ത്രത്തിന്‍ ആധികാരികമോ അവസാനവാക്കോ അല്ല എന്നറിയുന്ന തന്ത്രിമാര്‍ പോലും ശബരിമലയില്‍ ഇല്ല. എന്തുകൊണ്ടാണ് ക്ഷേത്രത്തില്‍ ജ്യോതിഷികള്‍ നിരങ്ങുന്നതെന്ന ചോദ്യത്തിനു പ്രസിദ്ധനായൊരു തന്ത്രശാസ്ത്ര പണ്ഡിതന്‍ തന്ന ഉത്തരം ചിന്തനീയമാണ്. തന്ത്രസമുച്ചയത്തിലെ പ്രതിപാദ്യ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ടാണ് തന്ത്രിമാര്‍ ജ്യോതിഷത്തെ പിന്‍പറ്റി നില്‍ക്കുന്നതത്രെ. നിത്യനിദാന ക്രിയകളെപ്പറ്റി തന്ത്രസമുച്ചയം വ്യക്തമായി വിവരിക്കുമ്പോള്‍ ജ്യോതിഷികളെ ആശ്രയിക്കുന്ന പാപ്പരത്തത്തിലേക്കാണ് നമ്മുടെ തന്ത്രികള്‍ അധഃപതിച്ചു പോകുന്നതത്രെ. പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തിയത് ഏതു ജ്യോതിഷപ്രകാരമായിരുന്നു എന്നത് ദൈവജ്ഞര്‍ വെളിപ്പെടുത്തിയാല്‍ നന്നാവും. പ്രതിഷ്ഠാ സമയത്ത് വിഗ്രഹം അയോഗ്യമാണെന്നു കണ്ടെത്തിയപ്പോള്‍ പുതിയ വിഗ്രഹം തെക്കുംകൂറിലെ കുറിച്ചി കരികുളം ക്ഷേത്രത്തില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നത് ഏതു ജ്യോതിഷിയുടെ ദേവഹിതം കൊണ്ടാണെന്നു വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ കുമാരനല്ലൂരിലെ ശ്രീകോവിലില്‍ ദേവിയെ പ്രതിഷ്ഠിച്ചത് ഏതു ജ്യോതിഷിയുടെ പ്രശ്‌നമാര്‍ഗത്താണെന്നും അറിയാമോ? പഴയകാലത്തെ ക്ഷേത്രൈതിഹ്യകഥകള്‍ പരിശോധിച്ചാല്‍ തന്ത്രിമാര്‍ ഓര്‍ക്കാന്‍ കൊതിക്കാത്ത പലതും ഉയര്‍ന്നുവരും. എന്തിനധികം പറയുന്നു, അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ വിഗ്രഹത്തെ പ്രതിഷ്ഠിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത്യാചാരിയായ നാറാണത്ത് ഭ്രാന്തനാണത്രെ പ്രതിഷ്ഠിച്ചത്. അതൊന്നും ഇപ്പോള്‍ ബ്രാഹ്മണ്യത്തിനു വലിയ പാതകമായി തോന്നുന്നുണ്ടാവില്ല. തന്ത്രിമാര്‍ ജ്യോതിഷികളെ ശരണം പ്രാപിക്കുന്നത് ശാസ്ത്രത്തിലുള്ള അജ്ഞതകൊണ്ടാണെന്നു നേരത്തെ സൂചിപ്പിച്ചു. സത്യത്തില്‍ തന്ത്രിമാര്‍ നാം പുറമെക്കാണുന്നതുപോലെ തന്ത്രശാസ്ത്ര വിശാരദന്മാരാണോ? തന്ത്രിമാരുടെ പാണ്ഡിത്യം അടിസ്ഥാനമില്ലാത്ത നിയമങ്ങള്‍ ആചാരമെന്ന നിലയില്‍ അഷ്ടബന്ധമിട്ടുറപ്പിക്കുന്നത് വിശ്വാസിസമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. ക്ഷേത്ര പൂജാവിധാനങ്ങളില്‍ തന്ത്രിയാണ് അവസാനവാക്കെന്നാണ് ഭക്തരുടെ വിശ്വാസം. അതിനു കാരണവുമുണ്ട്. സാധാരണക്കാര്‍ക്കു മനസ്സിലാകാത്തതും അപ്രാപ്യവുമായ തന്ത്രവിധികളും പൂജാവിശേഷങ്ങളുമാണ് ക്ഷേത്രാരാധനാപദ്ധതിയിലുള്ളത്. അതാവട്ടെ ദുര്‍ഗ്രഹവും സംഭ്രാന്തിജനകവുമാണ്’, ‘രഹസ്യവും സങ്കേതജടിലവുമാണ്’. അപ്പോള്‍ പൂജകന്റെ ആധ്യാത്മികോന്നതിയും സ്ഥൈര്യവും എത്രമാത്രം ബലവത്തും ഫലവത്തുമാകണം ക്ഷേത്രചൈതന്യത്തെ ആവഹിക്കാന്‍ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കണ്ഠരര് മോഹനര് കണ്ഠരര് മോഹനര് ആ നിലയ്ക്ക് ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചും അവിടുത്തെ പൂജകളെ സംബന്ധിച്ചും ഭക്തനുണ്ടാവുന്ന ബഹമാനവും ബഹുമതിയും നിസ്സീമമാണ്. അതില്‍ നിന്നുണ്ടാകുന്ന ആദരവും ഭയഭക്തിയും വാക്കുകള്‍ക്കതീതമാണ്. അതാണ് എന്തൊക്കെപ്പറഞ്ഞാലും പൗരോഹിത്യത്തെക്കുറിച്ച് മറുത്തൊരു വാക്കു ചിന്തിക്കാന്‍ സാധാരണക്കാരനു കഴിയാത്തത്. എന്നാല്‍, പറഞ്ഞുകേട്ടപോലെയും എഴുതിവെച്ചതുപോലെയമാണോ കാര്യങ്ങള്‍? നാം കാണുന്ന ചില പുരോഹിതരെങ്കിലും കള്ളനാണയങ്ങളല്ലേ? ആ ചോദ്യത്തിനും ഉത്തരം തരുന്നത് ശബരിമല താഴമണ്‍ തന്ത്രി തന്നെയാണെന്നതാണ് സങ്കടകരം. ഒരേ സമയം നൈഷ്ഠിക ബ്രഹ്മചാരിക്കു പൂജചെയ്യുകയും ഇടനേരങ്ങളില്‍ ഫ്‌ളാറ്റുകളിലെ ദേവദാസികളിലേക്കു തന്റെ വിയര്‍പ്പും വിഴുപ്പും കുത്തിവെക്കുകയും ചെയ്ത കഥകള്‍ വായനക്കാരാരും മറന്നുകാണാനിടയില്ല. ശബരിമല സോപാനത്തില്‍ സിനിമാ നടി ജയമാലയെ കയറാന്‍ അനുവദിച്ചു എന്നതടക്കമുള്ള വിവാദങ്ങളില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര് മോഹനരെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ചോദ്യം ചെയ്തത് ഇത്തരുണത്തില്‍ ഒരു പുനര്‍വായനക്കു വിധേയമാക്കുന്നത് നന്നായിരിക്കും. ശ്രദ്ധിക്കുക, നാം കൊട്ടിഘോഷിക്കുന്ന പരിജ്ഞാനമൊന്നും ഇത്തരക്കാര്‍ക്കില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അന്ന് പുറത്തറിഞ്ഞത്. കമ്മീഷന്റെ ചോദ്യവും അതിനു തന്ത്രി കണ്ഠരര് മോഹനര് നല്‍കിയ മറുപടിയും:കമ്മീഷന്‍: ശബരിമല ക്ഷേത്രത്തിലെ പൂജകളെല്ലാം വിധിപോലെ നടക്കുന്നുണ്ടോ? തന്ത്രി: അതെല്ലാം മുറപോലെ നടക്കുന്നുണ്ട്. കമ്മീഷന്‍: താങ്കള്‍ക്ക് സംസ്‌കൃതം അറിയമോ? തന്ത്രി: ഇല്ല. കമ്മീഷന്‍: പിന്നെ താങ്കളെങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യു ബോര്‍ഡിലെ പ്രധാന അംഗമായി? തന്ത്രി: ഞാന്‍ ഉദ്യോഗാര്‍ത്ഥികളുടെ പൂജകള്‍ക്കു മാത്രമാണ് മാര്‍ക്ക് ഇടുന്നത്. കമ്മീഷന്‍: താങ്കള്‍ തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോ തന്ത്രി: ഞങ്ങള്‍ പാരമ്പര്യമായി താന്ത്രിക കുടുംബമാണ്. കമ്മീഷന്‍: പാരമ്പര്യമൊക്കെ ശരി. പക്ഷെ അച്ഛന്‍ ആനപ്പുറത്തുകയറി എന്നതിനാല്‍ മകനു ആസനത്തില്‍ തഴമ്പു കാണണമെന്നില്ലല്ലോ. താങ്കള്‍ വേദങ്ങള്‍ പഠിച്ചിട്ടുണ്ടോ? തന്ത്രി: ഇല്ല കമ്മീഷന്‍: താങ്കള്‍ക്ക് വേദമന്ത്രങ്ങള്‍ അറിയുമോ? തന്ത്രി: ഇല്ല കമ്മീഷന്‍: താങ്കള്‍ക്ക് ഭാഗ്യസൂക്തം അറിയാമോ? തന്ത്രി: ഇല്ല. കമ്മീഷന്‍: പിന്നെങ്ങിനെയാണ് താങ്കള്‍ ശബരിമലയില്‍ പൂജകള്‍ ചെയ്യുന്നത്? തന്ത്രി: ഞങ്ങള്‍ പൂജ നടത്താന്‍ ഈ മന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല. കമ്മീഷന്‍: അവിടെ നിങ്ങള്‍ ഗണപതിഹോമവും മറ്റു പൂജകളും ചെയ്യാറില്ലേ? തന്ത്രി: മറ്റു ചില മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ പൂജകള്‍ ചെയ്യാറുള്ളത്. കമ്മീഷന്‍: പക്ഷേ, ഗണപതിഹോമം നടത്താന്‍ ഭാഗ്യസൂക്തം അനിവാര്യമാണല്ലോ. ശരി. അതുവിട്ടേക്കൂ. ഗണപതി ഭഗവാന്റെ ജന്മനക്ഷത്രം അറിയാമോ? തന്ത്രി: ഇല്ല കമ്മീഷന്‍: ഇത് അതിശയമായിരിക്കുന്നു. ഈ കാര്യങ്ങള്‍ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഈശ്വരനും വിശ്വാസികളും തമ്മിലുള്ള അഭേദ്യബന്ധത്തെ ബാധിക്കുമല്ലോ. ഞങ്ങള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് താങ്കളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ല. ശരിക്കും പറഞ്ഞാല്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ താങ്കളോടു ചോദിക്കണമെന്നു മനപ്പൂര്‍വം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം ഞങ്ങളെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു.’24 നോക്കൂ, അത്രയും കാലം ഞാനും നിങ്ങളുമടങ്ങിയ വിശ്വാസിസമൂഹം നെഞ്ചേറ്റി നടന്ന പൂജകന്റെ വായില്‍നിന്നുമുതിര്‍ന്നുവീണ കാര്യങ്ങളാണ് നാം കേട്ടത്? സത്യത്തില്‍ ഇക്കണ്ട കാലമത്രയും ആര് ആരെയാണ് പറ്റിച്ചത്? സത്യപരാക്രമനും ശിഷ്ടസംരക്ഷകനുമായ അയ്യപ്പസ്വാമിയുടെ ശിക്ഷയല്ലേ ഈ തന്ത്രിക്കു ലഭിച്ചതെന്നു പറഞ്ഞാല്‍ അതു അതിശയോക്തിയല്ല തന്നെ. സന്നിധാനത്തു നിന്നു യുവതികളെ അകറ്റി നിര്‍ത്തുന്നത് പൂജകന്റെ കണ്‍ട്രോള്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തിന്റെ പുറത്തുനിന്നാവണം. എന്നാല്‍ താന്ത്രികവിധിപ്രകാരമാണ് കാര്യങ്ങളുടെ പോക്കെന്നു പറഞ്ഞു നേരംകളയുന്നവര്‍ക്കറിയാമായിരിക്കാമോ തന്ത്രി എന്നാല്‍ ആരായിരിക്കണമെന്ന്? ഇല്ലെങ്കില്‍ അതിനുള്ള ഉത്തരം തന്ത്രസമുച്ചയത്തിലുണ്ട്.വിപ്രഃ കുലീനഃ കൃതസംസ്‌ക്രിയൗഘഃ സ്വധീതവേദാഗമതത്ത്വവേത്താ വര്‍ണാശ്രമാചാരപരോളധിദീക്ഷോ ദക്ഷസ്തപസ്വീ ഗുരുരാസ്തികോളസ്തു (തന്ത്രസമുച്ചയം, ഒന്നാം പടലം, ശ്ലേകം -5) ശരിയായ തന്ത്രി വിപ്രനും കുലപാരമ്പര്യമുള്ളവനും ഷോഡശാദി സംസ്‌കാരക്രിയകള്‍ കഴിഞ്ഞവനും പഠിച്ചവനും വേദാഗമങ്ങളുടെ പൊരുള്‍ അറിഞ്ഞവനും വര്‍ണാശ്രമാചാരങ്ങളില്‍ നിഷ്ഠയുള്ളവനും അധിദീക്ഷിതനും സമര്‍ത്ഥനും തപസ്വിയും ഈശ്വരവിശ്വാസിയുമായിരിക്കണമത്രെ.’25 എന്തായാലും ഇത്തരം ഡക്കറേഷനുകള്‍ ഉള്ളവരെ കാണുക എന്നത് ഇന്നത്തെക്കാലത്ത് അപൂര്‍വമാണെന്നതാണ് ദുഃഖം. രാഹുല്‍ ഈശ്വറിനെപ്പോലെ എപ്പോഴും തന്ത്രം, തന്ത്രം എന്നു വായ്ക്കുരവയിട്ടു നടക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും ഇത്തരം ഗ്രന്ഥങ്ങള്‍ ഒന്നു വായിക്കുന്നതു നല്ലതാണ്. സംസ്‌കൃതം കൈയ്ക്കുമെന്ന പേടിവേണ്ട. കുഴിക്കാട്ടില്ലത്ത് മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മലയാള വ്യാഖ്യാനമുണ്ട്. ഇനി അതും കിട്ടിയില്ലെങ്കില്‍ കുന്നംകുളത്തെ പഞ്ചാംഗം പുസ്തകശാല പുറത്തിറക്കിയ കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാടിന്റെ വ്യാഖ്യാനം കിട്ടും. താഴമണ്‍ കുടുംബത്തിന്റെ ഋതുമതീ പൂജ താഴമണ്‍ കുടുംബക്കാര്‍ക്ക് തന്ത്രാധികാരമുള്ള മറ്റൊരു ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. പ്രധാനപ്രതിഷ്ഠ ശിവനാണെങ്കിലും പ്രാധാന്യം ദേവിക്കാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുന്നരുളുന്ന ദേവാലയത്തില്‍ ഭാര്യ മേല്‍ക്കൈ നേടി വിരാജിക്കുന്ന സ്ഥിതി. ചെങ്ങന്നൂര്‍ ദേവീക്ഷേത്രം എന്നു പറഞ്ഞാലേ ഭക്തര്‍ക്കു മനസ്സിലാവുകയുള്ളു. ഇതേ അവസ്ഥയാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തിലും. പ്രധാനദേവന്‍ ശിവനാണെങ്കിലും പ്രാധാന്യംമുഴുവന്‍ ദേവിയ്ക്കാണ്. ഈ കാരണംകൊണ്ടുതന്നെ, ഭാര്യമാര്‍ ഭരണം നടത്തുകയും ഭര്‍ത്താവ് നോക്കുകുത്തിയാവുകയും ചെയ്യുന്ന വീട്ടിലെ പുരുഷന്മാരെ കളിയാക്കുന്ന ഒരു പഴഞ്ചൊല്ല് കൊടുങ്ങല്ലൂരിലുണ്ട്: തട്ടകത്തിലെ ശിവന്‍ പോലെഎന്നാണത്. എന്നാല്‍, കൊട്ടാരക്കരയില്‍ അച്ഛനെ തോല്‍പ്പിച്ച് മകന്‍ മേല്‍ക്കൈ നേടിയിരിക്കുന്നതാണ് നാം കാണുന്നത്. പറഞ്ഞുവന്നത്, ദേവന്മാര്‍ക്കുളളില്‍പ്പോലും തരംതിരിവും സ്ഥാനവലിപ്പവും സ്ഥാനച്ചെറുപ്പവും ഉണ്ടാകുന്നു. പിന്നെയാണോ മനുഷ്യന്റെ കാര്യം? ചെങ്ങന്നൂര്‍ ദേവീക്ഷേത്രത്തില്‍ അത്യപൂര്‍വമായൊരു ചടങ്ങുണ്ട്. അതാവട്ടെ ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ല താനും! തൃപ്പുത്ത്അഥവാ ദേവി രജസ്വലയാകുന്നതാണ് ഈ ഉല്‍സവം. വിധിയുടെ വൈപരീത്യം നോക്കൂ. ഇല്ലാത്ത തന്ത്രത്തിന്റെയും മറ്റു മുട്ടാപ്പോക്കും പറഞ്ഞ് ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന്റെ ഒരേയൊരു കാരണം ആര്‍ത്തവമാണെങ്കില്‍, അതേ ആര്‍ത്തവത്തിന്റെ പേരില്‍ ഉല്‍സവം കൊണ്ടാടാന്‍് വിധിക്കപ്പെട്ടവരാണ് താഴമണ്‍ തന്ത്രികുടുംബക്കാര്‍. ഏതൊന്നില്‍ നിന്നാണോ തങ്ങള്‍ ഒളിച്ചോടുന്നത്, അതേ കാരണം വിടാതെ പിന്തുടരുക എന്ന വിധിവൈപരീത്യം. അതുമാത്രമല്ല, ദേവി രജസ്വലയായാല്‍ കാരാണ്മശാന്തിക്കാരന്‍ പൂജകളോടു ഗുഡ്‌ബൈ പറയും. പിന്നീട്, ദേവിയുടെ ആര്‍ത്തവം നിലയ്ക്കുന്നതുവരെ പൂജചെയ്യേണ്ടത് താഴമണ്‍ തന്ത്രിയാണ്! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന അവസ്ഥ. ശബരിമല വിഷയത്തില്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ചെങ്ങന്നൂര്‍ ദേവിയെയാണ്. ദേവി രജസ്വലയാകുമ്പോള്‍ വിഗ്രഹം ക്ഷേത്രത്തില്‍നിന്നു മാറ്റും എന്നാണ്. വിഗ്രഹം മാറ്റുകയും പിടിക്കുകയുമൊന്നും ചെയ്യുന്നില്ല. മൂലബിംബത്തില്‍ നിന്നും ചൈതന്യത്തെ ബലിബിംബത്തിലേക്കു ആവാഹിച്ച് മാലിപ്പുരയില്‍ വെക്കുന്നു. ഈയവസരങ്ങളില്‍ അഭിഷേകം ഇല്ലെന്നേയുള്ളൂ. പൂജകള്‍ നടക്കുന്നുണ്ട്. ഏതൊരു പാപപരിഹാരാര്‍ത്ഥമായിരിക്കണം താഴമണ്‍ തന്ത്രിമാര്‍ക്കു ഒരു രജസ്വലയെ പൂജിക്കേണ്ടി വരുന്നത്? നൈഷ്ഠികബ്രഹ്മചാരിയെ പൂജിച്ച അംഗുലീമുദ്രകൊണ്ട് ഋതുമതിയ്ക്കും മുദ്രചാര്‍ത്തുന്നത് ഏതൊരു കാവ്യനീതിയാണ്? പാമ്പിന്‍മാളത്തില്‍ കൈയിട്ട് സത്യപരീക്ഷ നടത്തുന്ന ഒരു ചടങ്ങുണ്ടായിരുന്നു പണ്ടുകാലത്ത് ചെങ്ങന്നൂര്‍ ദേവീക്ഷേത്രത്തില്‍. പുതിയ കാലത്തും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്. ശബരിമല വിഷയത്തില്‍ കളവുപറയുന്നത് ദേവസ്വമോ ബ്രഹ്മസ്വമോ എന്നൊന്നു കണ്ടുപിടിക്കാന്‍. വിലപ്പോകാത്ത സ്ത്രീ വിലക്കുകള്‍ ചോരപൊടിഞ്ഞ കേരളത്തിന്റെ ചരിത്രരേഖകളില്‍ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ചില സ്ത്രീ വിലക്കുകളുണ്ട്. ബ്രാഹ്മണ്യം പരാജയപ്പെട്ടവ. സ്ത്രീത്വം വിജയം കണ്ടവ. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനവിലക്ക് കേരളത്തില്‍ നടാടെയല്ല എന്ന വിഷയത്തിലേക്കു ഞാന്‍ ശ്രദ്ധക്ഷണിക്കട്ടെ. പ്രസിദ്ധിപെറ്റതും സവിശേഷതകളാല്‍ സമ്പന്നമായതുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ പണ്ടുകാലത്ത് നാലമ്പലത്തിനകത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നതിനു കടുത്ത വിലക്കുണ്ടായിരുന്നു. ഇതാവട്ടെ, സ്ത്രീവര്‍ഗത്തിനു മൊത്തമായാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കുടുംബസമേതം ദേവനെ തൊഴാനെത്തിയാല്‍ പുരുഷന്മാര്‍ക്ക് നാലമ്പലത്തില്‍ പ്രവേശിക്കാം. സ്ത്രീകള്‍ തലയും താഴ്ത്തി തങ്ങളുടെ ജന്മത്തെത്തന്നെ ശപിച്ച് ചുറ്റമ്പലത്തിനു പുറത്തെ നിര്‍വികാരതയില്‍ ലയിച്ചിരിക്കണംപോലും! നാലമ്പലത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനു പറയുന്ന ഐതിഹ്യത്തിന്റെ മൂലകാരണം കേള്‍ക്കുക. സര്‍വാംഗഭൂഷണനായ ശ്രീവല്ലഭനെക്കണ്ട് ഒരിക്കല്‍ ഒരു സ്ത്രീ മോഹിച്ചത്രെ! തുടര്‍ന്ന് പ്രതിഷ്ഠയ്ക്ക് എന്തോ വൈകല്യം ഭവിച്ചെന്നും അന്നുമുതല്‍ക്കാണ് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതെന്നും പറയുന്നു! ആലങ്കാരികവും ആധികാരികവുമായ കാരണം എന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ നാലമ്പലത്തിലെ ഈ സ്ത്രീ പ്രവേശനനിഷേധത്തിന്റെ പിന്നാമ്പുറമെന്തായിരുന്നു? ചുരുക്കിപ്പറഞ്ഞാല്‍, തികച്ചും സ്വാര്‍ത്ഥവും ജീവിച്ചിരുന്നവരുടെ കാമതൃഷ്ണയെ പ്രകോപിപ്പിക്കാതിരിക്കാനും വേണ്ടിയായിരുന്നു ഈ കാരണം ചമച്ചതെന്നറിയുമ്പോള്‍ ഇത്തരം ആചാരങ്ങളിലൂടെ പൗരോഹിത്യം പാവപ്പെട്ട ഭക്തനുമേല്‍ ചുമത്തിയ പാപഭാരങ്ങള്‍ ദേവന്‍പോലും പൊറുത്തെന്നു വരില്ല. ശ്രീവല്ലഭക്ഷേത്രത്തിലെ നാലമ്പലത്തില്‍ സ്ത്രീകളെ വിലക്കിയ കാലത്ത് ഇവിടെ നിത്യവും ഒരു നേരം ഏതോ സ്വാമിയാരായിരുന്നത്രെ പൂജ ചെയ്തിരുന്നത്. സ്വാമിയാര്‍ പൂജ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. അതുമാത്രമോ, ഇവിടെയുള്ള ശാന്തിക്കാരും കടുത്ത ബ്രഹ്മചര്യനിഷ്ഠ പാലിക്കണമെന്നു നിയമം ഉണ്ടായിരുന്നു. അവര്‍ക്കും സ്ത്രീകളെ ദര്‍ശിച്ചുകൂട. അന്നത്തെക്കാലത്തു സോപാനത്തിലും നമസ്‌കാരമണ്ഡപത്തിലും പരശ്ശതം ബ്രഹ്മചാരികളും ബ്രാഹ്മണരും പെരുമാറിയിരുന്നതിനാല്‍ അവിടെ സ്ത്രീകള്‍ വരുന്നത് തടയാന്‍ തന്ത്രശാലികള്‍ കണ്ടുപിടിച്ച മറയായിരുന്നു വിഗ്രഹത്തിലെ വൈകല്യം!നാലമ്പലത്തിനകത്തിരിക്കുന്നവരുടെ അനിയന്ത്രിതമായ കാമച്ചൊരുക്ക് ഇല്ലാതാക്കാന്‍ കണ്ടുപിടിച്ച ദേവമാര്‍ഗമാണ് നാം കണ്ടത്. അതിനു കരുവാക്കിയതോ ശ്രീകോവിലിലെ ദേവനേയും. സമൂഹത്തിനോടു പ്രതിബദ്ധതയില്ലാത്ത പൗരോഹിത്യമേലാളന്മാര്‍ എല്ലാക്കാലത്തും കുതിരകയറാന്‍ ഉപയോഗിച്ച ഉപകരണമാണ് ശ്രീകോവിലിലെ ഭക്തവല്‍സലനായ ദേവന്‍. ആ ചൈതന്യത്തില്‍ പിതൃത്വമാരോപിച്ച് തന്ത്രി, ദേവന്റെ അവകാശത്തിലുള്ള തന്റെ പവര്‍ ഓഫ് അറ്റോര്‍ണി സ്ഥാപിക്കുകയും ചെയ്യും. ഈ കൊടിയ അനാചാരംമൂലം എത്രയെത്ര സ്ത്രീ ആത്മാവുകള്‍ ഭഗവാന്റെ ഇരിപ്പിടത്തിനിപ്പുറം നിന്ന് ഉള്ളുനൊന്തു കരഞ്ഞുവിളിച്ചുണ്ടാവണം? ശ്രീവല്ലഭക്ഷേത്രത്തില്‍ സ്ത്രീകളുടെ നാലമ്പല പ്രവേശനവുമായി ബന്ധപ്പെട്ടു കൊല്ലവര്‍ഷം 1016ലെ ഗ്രന്ഥവരിയില്‍ നിന്നും മനസ്സിലാക്കാവുന്ന വസ്തുത, എത്രമാത്രം കര്‍ശനമായിട്ടായിരുന്നു ഈ ആചാരം ഇവിടെ പാലിച്ചിരുന്നതെന്നാണ്. ഗ്രന്ഥവരി ഇപ്രകാരമാണ്: മതിലകത്തെ പുണ്ണിയാഹം 1016-ാമാണ്ട തുലാമാസം 22നു വ്യാഴാഴ്ചയും ദെശമിയും പൂരൂരുട്ടാതിയും കൂടിയ ദിവസം തിരുവല്ലാ മതിലകത്തു ഉച്ചപ്പൂജ കഴിഞ്ഞ ശിവെലിക്ക മാതൃക്കല്ലുങ്കല്‍ തൂവിത്തുടങ്ങിയപ്പോള്‍ കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി മതിലകത്തു കെറിവന്ന നാലമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ കൂടെ അകത്തുകടന്ന കിഴക്കെനടയില്‍ച്ചെന്ന തിരുവെല്ലാഴപ്പനെ (പണ്ടുകാലത്ത് തിരുവല്ല വാഴപ്പന്‍ എന്നായിരുന്നു ദേവന്‍ അറിയപ്പെട്ടിരുന്നത്. ശ്രീവല്ലഭന്‍ എന്ന പേരു വന്നതു പിന്നീടാണ്). തൊഴുതുനിക്കുമ്പോള്‍ ആളുകള്‍ കണ്ടപിടിച്ചിറക്കി കൊയിമ്മയിങ്കല്‍ ഏള്‍പ്പിച്ച പിന്നെത്തെതില്‍ ഞങ്ങള്‍ മതിലകത്തു ചെന്ന കുളിച്ച അകത്തുചെന്ന പതിനൊന്ന കലിയന്‍ മെടിച്ച ഒര പശുദ്ദാനവും ചൈയ്ത എഴരകലി മെടിച്ച പതിവുപ്രകാരം തിരുവല്ല വാഴപ്പന്നു പുണ്യാഹവും കഴിച്ച ശീവെലി മുതലായതും കഴിക്കെണമെന്നും പൊരികയും ചൈയ്തു ശുഭം.’26 മാറിയ കാലത്തിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ശ്രീകോവിലിലെ ദേവതകള്‍ക്കാവില്ലല്ലോ. ആ വിലക്കു നീങ്ങുക തന്നെ ചെയ്തു. അനാചാരത്തിന്റെ ആടയലങ്കാരങ്ങള്‍ വെകിളിപിടിപ്പിച്ച ശ്രീവല്ലഭന്റെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാന്‍ പൗരോഹിത്യം നിര്‍ബന്ധിതമായി. 1960നുശേഷം സ്ത്രീകള്‍ശ്രീവല്ലഭനെ നാലമ്പലത്തില്‍ കയറി ദര്‍ശനം നടത്തി. പ്രവേശനം അനുവദിച്ചുകൊണ്ട് ആചാര്യന്മാര്‍ പറഞ്ഞതിനു ഭൂമിമലയാളം ഉണ്ടായിരിക്കുന്നിടത്തോളം കാലം സാംഗത്യമുണ്ട്. തറയില്‍ കുഴിക്കാട്ടു രേഖയില്‍ പ്രതിപാദിച്ച ആചാര്യമതം ഇങ്ങനെയായിരുന്നു: ഏതുകാലത്തും ക്ഷേത്രനിര്‍മാണത്തിന്റെയും ദേവാരാധനക്രമങ്ങളുടേയും പ്രധാനമായ ഉദ്ദേശം കൂടുതല്‍ക്കൂടുതല്‍ ജനതയെ ആസ്തികത്വത്തിലേക്കും ഈശ്വരാരാധനയിലേക്കും ആകര്‍ഷിക്കുകയാണ്. ഏതു കാരണത്താലായാലും ഒരു പ്രത്യേകവിഭാഗത്തില്‍പ്പെട്ടവരെ മാത്രം ഒഴിച്ചുനിര്‍ത്തുന്നതുകൊണ്ട് മേല്‍പ്പറഞ്ഞ പ്രയോജനങ്ങള്‍ ഉണ്ടാകുന്നുമില്ല. പ്രത്യേകിച്ചും അടിസ്ഥാനം ക്ഷേത്രസങ്കേതങ്ങള്‍ വേദാധ്യായനങ്ങളോ സന്ന്യാസിമാരുടെ വേദാന്തചിന്തകളോ മാത്രമായിട്ടല്ലാതെ ആര്‍ഭാടങ്ങളായ ആഘോഷങ്ങളും വികാരോത്തേജകങ്ങളായ വിവധവിഷയങ്ങളേയും അ്ത്രത്തോളം പരിവര്‍ജിക്കുന്നുമില്ല. ആകയാല്‍ തല്‍ക്കാലം പ്രസക്തങ്ങളല്ലാത്തതും ഒഴിച്ചുകൂടാന്‍ വയ്യാത്തവയും ആയ ഭക്തജനങ്ങളായ സ്ത്രീജനങ്ങളുടെ നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനത്തെ അനുവദിക്കുന്നതുകൊണ്ട് ശാസ്ത്രവിരോധത്തിനോ ദവചൈതന്യഹാനിയ്‌ക്കോ ഇടവരുന്നതല്ല.’27 സ്ത്രീവിലക്കറിയാതെ, ശ്രീവല്ലഭ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് പ്രവേശിച്ച കണ്ണഞ്ചിറ വേളുത്തേടത്തെ ഒരുത്തിഎന്തായാലും ആധുനികകാലത്തെ തൃപ്തിദേശായിമാരുടെ പൂര്‍വമാതൃക അല്ലതന്നെ. ഭക്തിയുടെ ഒടുങ്ങാത്ത ആത്മദാഹവുമായി ജീവിച്ച ഒരു പാവപ്പെട്ട നാട്ടുമ്പുറത്തുകാരി.കാത്തിരിപ്പിനും’ ‘ബലംപ്രയോഗിച്ചു കയറാനുംതയ്യാറാകാതെ, അനുവദിക്കുകയാണെങ്കില്‍ ഇന്നും ഇതുപോലെ കലിയുഗവരദനെ കാണാന്‍ കാത്തിരിക്കുന്ന ഒരുത്തിമാര്‍ പരശ്ശതമായിരിക്കുമെന്ന കാര്യം ആരും കാണാതെ പോകരുത്. തിരുവല്ല ക്ഷേത്രത്തിലെ സ്ത്രീവിലക്കും പിന്നീടുള്ള അനുവാദവും ശബരിമല വിഷയവുമായി കൂട്ടിയോജിപ്പിച്ചു നോക്കുമ്പോള്‍ ചില സാമാന്യധര്‍മങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. വളരെ സുവ്യക്തമാണ്, ശ്രീവല്ലഭക്ഷേത്രത്തിലെ നാലമ്പലത്തില്‍ സ്ത്രീകളെ വിലക്കിയതിനു കാരണം തന്ത്രശാസ്ത്രമോ, ശ്രുതി-സ്മൃതി നിയമങ്ങളോ അല്ല. അമ്പലത്തിനകത്ത് വിരാജിക്കുന്നവര്‍ക്ക്, തൊഴാന്‍ വരുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ ഉണ്ടാകുന്നഅസ്‌കിതയ്ക്കുള്ള മരുമരുന്നായിരുന്നു വിലക്കും നിരോധനവും. അടിസ്ഥാനമില്ലാത്ത, ശ്രീശബരീശ സന്നിധിയി ലെ യുവതീവിലക്കിനെക്കുറിച്ചു മിണ്ടാന്‍ തുനിയാത്ത ആചാര്യ-തന്ത്രി വിഭാഗങ്ങളുടെ കണ്ണുതുറക്കാന്‍ ശ്രീവല്ലഭക്ഷേത്രത്തിലെ ഈ മാതൃക ഉപകാരപ്പെടേണ്ടതല്ലേ? ശബരിമലയില്‍ സാധാരണയുക്തിക്കു നിരക്കാത്ത എത്രയോ വികലാചാരങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതമെടുത്തുമാത്രമേ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താവൂ എന്നാണ് ഇപ്പോഴത്തെ ആചാരം. മണ്ഡലകാലം തുടങ്ങുന്നത് വൃശ്ചികം ഒന്നിനും. എന്നാല്‍ മണ്ഡലകാല പൂജകള്‍ക്കുവേണ്ടി ശബരിമല നടതുറക്കുന്നതു വൃശ്ചികം ഒന്നിനു തന്നെയാണ്. അതായത് ഒരു ഭക്തന്‍ മണ്ഡലം തുടങ്ങുന്ന വൃശ്ചികം ഒന്നിനു മാലയിട്ടാല്‍ വ്രതം പൂര്‍ത്തിയാകുന്നത് ധനുമാസം 11-ാം തീയതിയാണ്. അങ്ങനെയെങ്കില്‍ ധനു 11 -ാം തീയതിയല്ലേ ശബരിമല നട തുറക്കേണ്ടതുള്ളൂ. എന്തിനാണ് വൃശ്ചികം ഒന്നിനു തന്നെ നടതുറക്കുന്നത്? വൃശ്ചികം ഒന്നിനു മാലയിട്ടു സന്നിധാനത്തെത്തുന്ന ഭക്തന്‍ അതിനു പിറകിലോട്ടു മാറി കന്നിമാസം 19നു നോയ്‌മ്പെടുക്കണം! എങ്കിലേ മണ്ഡലം ഒന്നാം തീയതി 41 തികയുകയുള്ളൂ. ഇങ്ങനെ പതിവുണ്ടോ? പണത്തിന്മേലുള്ള കണ്ണുകൊണ്ടുമാത്രമല്ലേ ഇത്തരം കള്ളക്കളികള്‍ക്കു ശബരിമല ദേവസ്ഥാനത്തെ കരുവാക്കുന്നത്? ശബരിമല ശ്രീകോവിലിന്റെ അടിസ്ഥാനം തകര്‍ത്ത് കണ്‍വെയര്‍ ബെല്‍റ്റ് സ്ഥാപിച്ച് പണം വാരുന്നതിനെ തന്ത്രശാസ്ത്രമോ, മനുഷ്യാലയചന്ദ്രികയോ, കുഴിക്കാട്ടു പച്ചയോ, തന്ത്രികളോ തടസ്സം പറഞ്ഞില്ല. പണത്തിനു മേലെ ഒരു തന്ത്രവും ഇല്ലെന്നാണോ? ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണ ദേവന്റെ പ്രസാദമാണല്ലോ. യന്ത്രങ്ങള്‍ വെച്ച് ഫാക്റ്ററിയില്‍ എന്ന പോലെ ഉല്‍പ്പാദിപ്പിക്കുന്ന അരവണ ഏതു സന്ദര്‍ഭത്തിലാണു പ്രസാദമായി മാറുന്നത്? അതിനെ ദേവപ്രസാദമാക്കി മാറ്റുന്ന വല്ല ചടങ്ങുകളും അവിടെയുണ്ടോ? ശബരിമലയില്‍ കാലങ്ങളായി നടന്നു വന്ന ശയനപ്രദക്ഷിണം മാറ്റിയത് ദേവപ്രശ്‌നം വെച്ചതുകൊണ്ടോ, ദേവനു അഹിതകരമായി തോന്നിയതു കൊണ്ടോ ആണോ? സ്ഥലസൗകര്യം ഇല്ലാത്തതു കൊണ്ടല്ലേ? അവിടെ തന്ത്രശാസ്ത്രത്തിനു പ്രശ്‌നമൊന്നും വന്നില്ലല്ലോ? തന്ത്രശാസ്ത്രത്തിലെ ഏതു പടലപ്രമാണമനുസരിച്ചാണ് തുലുക്കനായ വാവര്‍ക്ക് ശബരിമലയില്‍ സ്ഥാനം കൊടുത്തിരിക്കുന്നത്? തന്ത്രശാസ്ത്രവിശാരദനായ കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടിന്റെ വാക്കുകള്‍ ഈയവസരത്തില്‍ ഉദ്ധരിക്കുന്നത് ഉചിതമാവും. ക്ഷേത്രകാര്യങ്ങള്‍ ദേവന്റെ കാര്യം മാത്രമായിട്ടു കാണുന്ന സങ്കുചിതബുദ്ധി നമ്മെ അമ്പലങ്ങളില്‍ നിന്നു അത്യധികം അകറ്റിയിട്ടുണ്ട് എന്ന സത്യം എത്ര ആവര്‍ത്തിച്ചാലും അധികമാവില്ല. ക്ഷേത്രാചാരങ്ങളില്‍ എല്ലാം തന്നെ നാട്ടുകാര്‍ക്കു വേണ്ടിയുള്ളതാണ്.’28 ശബരിമലയിലെ വിലക്കിനെസംബന്ധിച്ച് വിവേകികളുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളെ ഈ വിധം ക്രോഡീകരിക്കാം. എന്താണ് ശബരിമലയിലെ സത്യം? യുവതീവിലക്കിനു എന്തെങ്കിലും പ്രമാണമുണ്ടോ? അയ്യപ്പന്‍ ശ്രൗതസ്മാര്‍ത്താന്തര്‍ഗതമായ ദേവതയോ ചരിത്രപുരുഷനോ? നൈഷ്ഠികബ്രഹ്മചാരിയോ വീരപുരുഷനോ? തന്ത്രസമുച്ചയത്തില്‍ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പനു പൂജാവിധാനങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ടോ? പുഷ്പിണികളായവര്‍ക്കു താന്ത്രികാന്തര്‍ഗതമായ സാധനയ്ക്ക് ശബരിമലയില്‍ ഇടമില്ലേ? യുവതീവിലക്ക് കപോലകല്‍പ്പിതമോ? അയ്യപ്പന്‍ തീയാട്ടുപാട്ടില്‍, അയ്യപ്പന്‍ മലനാടിന്റെ കുലദേവതയായി കുടിയിരിക്കുന്നത് തന്റെ ഭക്തര്‍ക്ക് സന്തതിയും സമ്പത്തും കല്‍പ്പിച്ചരുളിക്കൊണ്ടാണ്. സന്തതിയുണ്ടാവാനും സമ്പത്തുണ്ടാവാനും ശബരിമല കവിഞ്ഞ് കേരളത്തില്‍ മറ്റൊരു ക്ഷേത്രമില്ലത്രെ. അതുകൊണ്ടാണല്ലോ അന്യസംസ്ഥാനങ്ങളിലെ ഭക്തര്‍ അയ്യപ്പനെ തങ്ങളുടെ ബിസിനസ്സ് പാര്‍ട്ണര്‍വരെ ആക്കുന്നത്. മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികാദേവി യുടെ മകള്‍ക്കു വിവാഹം കഴിഞ്ഞ് കാലങ്ങളോളം കുഞ്ഞുണ്ടാവാതിരുന്നതിനാലാണത്രെ അയ്യപ്പനെ കരളുരുകി പ്രാര്‍ഥിച്ച് കുഞ്ഞുണ്ടായാല്‍ ആ സന്നിധിയില്‍ വെച്ച് ചോറൂണ്‍ നടത്താമെന്നു നേര്‍ന്നത്. ആ ചോറൂണ്‍ സംഭവമാണ് യുവതീവിലക്കിന്റെ കോടതിനടപടികളിലേക്കു ശബരിമലയെ വലിച്ചിഴച്ചത്. കുടുംബത്തിനു സന്തതിയുണ്ടാവാനും സമ്പത്തുണ്ടാവാനും ഏറ്റവുമധികം പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും സ്ത്രീകളാണ്. അങ്ങനെയുള്ള നമ്മുടെ അമ്മയേയും പെങ്ങളേയും തടഞ്ഞുനിര്‍ത്തിയാണോ നാം ആധ്യാത്മികത പ്രസരിപ്പിക്കാന്‍ മെനക്കെടുന്നതെന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഒരു സുഹൃത്ത് വളരെ സ്വകാര്യമായി ഈ ലേഖകനോടു ചോദിച്ച കാര്യം ഇവിടെ കുറിക്കുന്നതു അനൗചിത്യമാവില്ലെന്നു കരുതുന്നു. അതിങ്ങനെയായിരുന്നു:ഒന്നുമില്ലെങ്കിലും കാര്യസാധ്യത്തിനായി ഹിന്ദുയുവതികളെ മറ്റു മതദേവാലയങ്ങളുടെ മുന്നിലേക്കാനയിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ശബരിമലസന്നിധാനത്ത് അവര്‍ക്കു ആരാധിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നത്?’ ചോദ്യത്തില്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയത ദര്‍ശിക്കാമെങ്കിലും എനിക്കു അതിനു സമാധാനം പറയാനുണ്ടായിരുന്നില്ല. ചോദ്യം ചോദിക്കുന്നവരും ഉത്തരം ആഗ്രഹിക്കുന്നവരും താമസപ്രകൃതികളാണെന്നും അവര്‍ക്കു വേദം, യജ്ഞം, തന്ത്രം, ക്ഷേത്രം എന്നിവ പറഞ്ഞാല്‍ മനസ്സിലാകില്ലെന്നുമുള്ള സാമാന്യവല്‍ക്കരണത്തിലേക്കു ഈയവസരത്തില്‍ തന്ത്രിവര്യന്മാരേ, നിങ്ങളുടെ മനോവിചാരങ്ങളെ നയിക്കരുതെന്നു അപേക്ഷിക്കുന്നു. പരീക്ഷിത്തിന്റെ മകനായ ജനമേജയന്‍ തന്റെ സര്‍പ്പസത്രം നടത്തിയതിനുശേഷം അശ്വമേധയാഗത്തിനു ഒരുങ്ങുമ്പോള്‍ അവിടേക്കു മന്ത്രദ്രഷ്ടാവായ സാക്ഷാല്‍ വ്യാസമഹര്‍ഷി കടന്നുവന്നു. അപ്പോള്‍ ജനമേജയന്‍ വ്യാസനോടു ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ദുരന്തയജ്ഞാംഗമായ രാജസൂയയാഗം നടത്താന്‍ ധര്‍മപുത്രര്‍ ആഗ്രഹിച്ചപ്പോള്‍ ഭൂതഭവിഷ്യല്‍ജ്ഞാനവിശാരദനായ അങ്ങ് എന്താണ് മിണ്ടാതിരുന്നത്? രാജസൂയയാഗം നടത്തിയാല്‍ നടത്തുന്നവരുടെ കുലം മുടിയും എന്നുറപ്പുണ്ടായിരുന്ന അങ്ങേയ്‌ക്കെങ്കിലും ധര്‍മപുത്രരെ തല്‍കൃത്യത്തില്‍ നിന്നും തടയാമായിരുന്നില്ലേ? എന്തുകൊണ്ടാണ് അങ്ങ് കുറ്റകരമായ മൗനം പാലിച്ചത്?’ നാശം വിതയ്ക്കുന്നതായിരുന്നത്രെ രാജസൂയം! പണ്ടാരാരൊക്കെ രാജസൂയം നടത്തിയോ അവരെല്ലാം മുച്ചൂടും നശിച്ച കഥയും ജനമേജയന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചോദ്യത്തിനുത്തരമായി വ്യാസന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞത് ഭാരതവര്‍ഷത്തിന്റെ ധര്‍മചിന്തയിലേക്കുള്ള സൗമ്യമായ ചൂണ്ടുപലകയാണ്. വ്യാസന്‍ പറഞ്ഞു: കുഞ്ഞേ, കാലപാശമടുത്തവന്‍ തന്റെ കര്‍മങ്ങളുടെ ന്യായാന്യായങ്ങള്‍ വിചിന്തനം ചെയ്യുന്നില്ല. അവരെന്നോടു ഒരിക്കല്‍പ്പോലും യാഗത്തിന്റെ ധര്‍മാധര്‍മങ്ങളെക്കുറിച്ചു ചോദിച്ചില്ല. ചോദിക്കാത്തവരോടു ഞാനൊട്ടു പറയുകയുമില്ല.സാധാരണക്കാര്‍ സംശയങ്ങള്‍ ചോദിക്കുമ്പോള്‍ ആചാര്യര്‍ ഉത്തരം പറയുകതന്നെ വേണം.
സഹായകഗ്രന്ഥങ്ങള്‍: 1. പി.ഭാസ്‌കരനുണ്ണി , സ്മാര്‍ത്തവിചാരം
 2. ശാംകരസ്മൃതി, തൃശ്ശിവപേരൂര്‍ ഭാരതവിലാസം അച്ചുകൂടത്തില്‍ അടിച്ചത് – 1081
3. പി. ഭാസ്‌കരനുണ്ണി , സ്മാര്‍ത്തവിചാരം
4. പി.ജി. രാജേന്ദ്രന്‍, ക്ഷേത്രവിജ്ഞാനകോശം,
5. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ തൃശൂര്‍ ജില്ല
 6. ശബരിമല തീവെയ്പ്പുകേസ്: അന്വേഷണറിപ്പോര്‍ട്ട്, http://www.haindavam.org)
7. ആര്‍. ഹരി, ക്ഷേത്രാരാധനയിലെ ലിംഗസമത്വവും ഹിന്ദുത്വവും. കേസരി വാരിക, പുസ്തകം 65, ലക്കം 37
8. Ibid 9. എം.ജി.ശശിഭൂഷണ്‍, കേരളീയരുടെ ദേവതാസങ്കല്‍പ്പം
 10. ഡോ. വി. രാജീവ്, ആര്യാധിനിവേശവും നമ്പൂതിരി സംസ്‌കാരവും 11. വി.വി.കെ. വാലത്ത്, സ്ഥലനാമചരിത്രങ്ങള്‍ തൃശൂര്‍ ജില്ല
12. തിയ്യാടി രാമന്‍ നമ്പ്യാര്‍, അയ്യപ്പന്‍ തീയാട്ട്
13. Ibid 14. എം.ജി.ശശിഭൂഷണ്‍, അയ്യപ്പന്‍ തീയാട്ട് വിജ്ഞാനകൈരളി
15. കെ.ചന്ദ്രഹരി, അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011
16. തിയ്യാടി രാമന്‍ നമ്പ്യാര്‍, അയ്യപ്പന്‍ തീയാട്ട്
 17. എന്‍. വി. കൃഷ്ണവാരിയര്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍
18. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍
 19. ഡോ. വി. രാജീവ്, ആര്യാധിനിവേശവും നമ്പൂതിരി സംസ്‌കാരവും 20. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, കേരളചരിത്രധാരകള്‍
21. Ibid 22. Ibid 23. പി. മാധവന്‍, ക്ഷേത്രചൈതന്യരഹസ്യം
 24. പത്രവാര്‍ത്ത
25. പി. മാധവന്‍, ക്ഷേത്രചൈതന്യരഹസ്യം
26. പി.ഉണ്ണികൃഷ്ണന്‍ നായര്‍, ശ്രീവല്ലഭ ക്ഷേത്രചരിത്രം
27. Ibid 28. ഡോ. കെ. എച്ച്. സുബ്രഹ്മണ്യന്‍, ക്ഷേത്രം: താന്ത്രികം, സ്മൃതി, ഉപാസന (മഹസ്സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Post a Comment