# ആ പതിനഞ്ചു പേരോടൊപ്പം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:





          
              
                 

                    കഴിഞ്ഞ വർഷമാണ് ഞാൻ "33" എന്ന ഇംഗ്ളീഷ് സിനിമ കണ്ടത്.ചിലിയിലെ ഒരു കനിയിലുണ്ടായ മണ്ണിടിച്ചിലിൽ 33 പേർ ഖനിയിൽ പെട്ടുപോവുകയും ആദ്യം ഉദാസീനത കാണിച്ച ഭരണാധികാരികൾ ജനരോഷത്തെ തുടർന്ന് നാളുകൾക്ക്ശേഷം അപകടത്തിൽ പെട്ടവർ ജീവിച്ചിരിക്കുന്നുണ്ടെന്നു മനസ്സിലാക്കി വളരെ ഉയർന്ന നിലയിൽ രക്ഷാപ്രവർത്തനം നടത്തി മുഴുവനാളുകളേയും രക്ഷിക്കുന്നതാണ് ചിത്രം.ിത് യഥാർത്ഥത്തിൽ നടന്ന ഒന്നിൻറെ ചലച്ചിത്രരൂപമാണെന്നവർ പറയുന്നു.
                 പലപ്പോഴും വികാരവിക്ഷുബ്ധനായാണ് ആ ചിത്രം കണ്ടിരുന്നത്.അത് ഹോളീവുഡ് സിനിമാനിർമാതാക്കളുടെ കഴിവ്.ഞാൻ ഏറ്റവുമധികം വികാത്തിനടിമപ്പെട്ട രംഗം ഇതാണ്.എത്രയോ അടി താഴ്ചയിൽ തൊഴിലാളികൾ ജീവനോടെയുണ്ടെന്ന് അറിയുന്നു.തുടർന്ന് ലൂസായ മണ്ണിലൂടെ കിണർ കുഴിച്ച് രക്ഷപ്പെടുത്താൻ നിരവധി ഓപ്ഷനുകൾ പരിഗണിച്ചശേഷം പ്രവൃത്തിയാരംഭിക്കുന്നു.അങ്ങനെ ചെറിയൊരു വണ്ണം കുറഞ്ഞ ഒരു തുള താഴെവരെ ഉണ്ടാക്കുന്നതിൽ വിജയിക്കുന്നു.അതിലൂടെ ഭക്ഷണം,വെള്ളം,മരുന്ന് സർവോപരി സാന്ത്വനം എന്നിവ നൽകുന്നു.
                 ഇതോടൊപ്പം ഹോൾ വലുതാക്കി ചെറിയൊരു ലിഫ്റ്റ് ഇറക്കാൻ പാകത്തിലാക്കുന്നു.അതിലൂടെ വളരെ സാവധാനം ലിഫ്റ്റ് താഴേക്കിറക്കി ഓരോരുത്തരെയായി രക്ഷിക്കുന്നു.ഇളകിയ മണ്ണായതിനാൽ എപ്പൊ വേണമെങ്കിലും മണ്ണിടിഞ്ഞു വീഴാം,മറ്റെന്തെങ്കിലും കാരണത്താൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചേക്കാം.അവസാനത്തേതിനു തൊട്ടുമുമ്പുള്ളയാളുടെ ഊഴമെത്തി.അയാൾ കയറുന്നതിനുമുമ്പ് അവസാനക്കാരനെ കെട്ടിപ്പിടിച്ച് യാത്രയും പറഞ്ഞ് മുകളിലേയ്ക്ക് പോയി.അവസാന ഊഴക്കാരൻ മുകളിലേയ്ക്ക് നോക്കി നിൽക്കുന്ന ആ നിൽപ്പ് കണ്ട് ഞാൻ പൊട്ടിപ്പോയി.ആ നിമിഷം വരെ തല്ലുകൂടിയും ആശ്വസിപ്പിച്ചും സഹജീവികൾ ഒപ്പമുണ്ടായിരുന്നു.എന്നാലിപ്പോൾ എല്ലാം ഏറ്റുവാങ്ങാൻ അയാൾ മാത്രമായി.മുകളിലേയ്ക്കുപോയ ലിഫ്റ്റ് തിരിയെ വരാതിരിക്കാം,മണ്ണിടിഞ്ഞുവീണ് കിണറടഞ്ഞേക്കാം.അൽപ്പം മുമ്പ് വരെ വിഷമം പങ്ക് വയ്ക്കാൻ കൂടെയുണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ടു.ജീവിക്കാനുള്ള ആശയോടെ മുകളിലേയ്ക്ക് നോക്കി നിൽക്കുന്ന അയാളെക്കണ്ട് ഞാൻ പൊട്ടിപ്പോയി.കാരണം എനിക്കും ജീവിക്കാൻ വല്ലാത്ത ആശയാണ്.
                           ഇതിപ്പോൾ ഓർക്കാൻ കാരണം മേഘാലയയിലെ ഖനിയിൽ കുടുങ്ങിക്കിടക്കുന്ന ആ 15 പേരെ ഓർത്താണ്.2018 ഡിസംബർ 13ന് ആണ് അവരവിടെ കുടുങ്ങിയത്,മണ്ണിടിഞ്ഞുവീണ്.ഒരുമാസവും നാലു ദിവസവും തികയുന്ന ഇന്ന് (17 01 2019)ഒരാളുടെ മൃതദേഹം 200 അടി താഴ്ചയിൽ കണ്ടെത്തിയെന്നത് ദൃശ്യമാധ്യമങ്ങൾ സ്ക്രോൾ കാണിക്കുന്നു.ജനവികാരം ഉയർന്നിരുന്നെങ്കിൽ ഒരുപക്ഷെ മുഴുവൻ പേരേയും രക്ഷപ്പെടുത്താനായേനെ.പക്ഷെ നമ്മുടെ ജനാധിപത്യബോധം തൽക്കാലം യുവതികളെ ശബരിമല കയറുന്നതിനെ തടയുന്നതുവരെ മാത്രമേ വളർന്നിട്ടുള്ളു.
              മാപ്പ്!.ആ പതിനഞ്ചുപേരോടും ഇന്നത്തെ ഇൻഡ്യൻ ഭൂമികയിൽ തീർച്ചയായിട്ടും ഛിന്നഭിന്നമായിപ്പോകുന്ന അവരുടെ കുടുംബങ്ങളോടും മാപ്പ്!!.

                 എല്ലാ ദിവസവും ഇന്ത്യ എൻറെ രാജ്യമാണെന്നും എല്ലാ ഇന്ത്യാക്കാരും എൻറെ സഹോദരീ സഹോദരൻമാരാണെന്നും പണ്ട് നമ്മൾ  പ്രതിജ്ഞ ചൊല്ലാറുണ്ടായിരുന്നു,അതു പിന്നെ പണ്ടായിരുന്നല്ലോയല്ലേ.അതൊക്കെയന്നേ നമ്മൾ മറന്നല്ലോ ഇന്ന് നമ്മൾ ഇന്ത്യാക്കാരൻ എന്ന് വിളിക്കുന്ന നമ്മുടെ സഹോദരനെ എങ്ങനെ നമ്മൾ കൈകാര്യം ചെയ്യുന്നു എന്ന് നോക്കുന്നത് കൗതുകകരമായിരിക്കും.
         ആ സഹോദരൻ എൻറെ പാർട്ടിക്കാരനാണെങ്കിൽ ഉറപ്പാണ് പാർട്ടിയിലെ എൻറെ സ്ഥാനം തട്ടിയെടുക്കാനുള്ള  ശ്രമം.ഇനി മറ്റുപാർട്ടിക്കാരനാണെങ്കിൽ ഉറപ്പാണ് അവൻ വധിക്കപ്പേടേണ്ടവൻ തന്നെ.ഇനി പാർട്ടിയില്ലെങ്കിലോ,ഉടനെ ജാതിയന്വേഷിക്കും.വല്ല ദളിതനോ മറ്റോ ആയാൽ ഞാൻ ഹാപ്പി.വല്ല സവർണ്ണനോ മറ്റോ ആയിപ്പോയാൽ ഉള്ളിൽ വെറുപ്പും വച്ചുകൊണ്ട് ഞാൻ തലയൊന്നുകുനിയ്ക്കും.
          ഇതിപ്പോ തൊഴിലാളികളായതുകൊണ്ട് ദളിതരാവാനാണ് സാധ്യത.അതുകൊണ്ട് വല്യ സഹതാപം വേണ്ട എന്ന് തീരുമാനിച്തുകൊണ്ടായിരിക്കണം ഒരു പശു ചത്ത ദുഃഖം പോലും എങ്ങും കണ്ടില്ല.


1 comment :

  1. പക്ഷെ നമ്മുടെ ജനാധിപത്യബോധം തൽക്കാലം യുവതികളെ ശബരിമല കയറുന്നതിനെ തടയുന്നതുവരെ മാത്രമേ വളർന്നിട്ടുള്ളു.
    മാപ്പ്!.ആ പതിനഞ്ചുപേരോടും ഇന്നത്തെ ഇൻഡ്യൻ ഭൂമികയിൽ തീർച്ചയായിട്ടും ഛിന്നഭിന്നമായിപ്പോകുന്ന അവരുടെ കുടുംബങ്ങളോടും മാപ്പ്!!.

    ReplyDelete