നാഷണൽ ഹൈവേഃ ഒരു ലഘുവിചാരം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

       ആധുനീകലോകത്തിൻറെ നാഡീഞരമ്പുകളാണത്രെ റോഡുകൾ.ചരക്കുകൈമാറ്റത്തിനും ആളുകൾക്ക് യാത്രചെയ്യാനും റോഡുകൾ കൂടിയേ മതിയാകൂ.എന്നാൽ കാലം മാറുന്നതനുസരിച്ച് റെയിൽ - ജല - വായുമാർഗങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി വരുന്നു.
  കേരളത്തെ സംബന്ധിച്ച് റോഡുഗതാഗതത്തിനാണ് പ്രാധാന്യം.കേരളത്തിലെ ആകെ റോഡുകളുടെ നീളം 205545.616 കിമിയാണ് 2015-16ൽ.ഇതിൽ എല്ലാ റോഡുകളും ഉൾപ്പെടും.കേരളത്തിലെ റോഡുസാന്ദ്രത 100 ച.കിമിയ്ക്ക് 528.8 കിമിയാണ്.എന്നാൽ ഇന്ത്യയിലെ ആകെ സാന്ദ്രത ച.കിമിയ്ക്ക് 387 കിമിയേയുള്ളു.ഭൂവിസ്തൃതിയുമായി കണക്കാക്കിയാൽ ഇന്ത്യയിൽ ഒരു ചതുരശ്രകിലോമീറ്ററിന് 1.7 കി.മീറ്റർ റോഡുള്ളപ്പോൾ വികസിതരാജ്യങ്ങളായ ജപ്പാനിൽ 0.91 കിമിയും അമേരിക്കയിൽ 0.98ഉം ചൈനയിൽ 0.46 കിമിയേ റോഡുകളുള്ളു.ഇതിൻറെ അർത്ഥം അവരൊക്കെ റോഡ് ഗതാഗതത്തിൽ ഇന്ത്യയേക്കാൾ പിന്നിലാണെന്നല്ല,പകരം റോഡിനേക്കാൾ മറ്റുമാർഗങ്ങളവർ ഉപയോഗിക്കുന്നു എന്നാണ്.ഇന്ത്യൻ ശരാശരിയിൽ 1000 പേർക്ക് 4.63 കി.മീ ഉം കേരളത്തിൽ 4.62 കിമിയുംറോഡുണ്ട്.
        ഇതാണ് റോഡ്ഗതാഗതത്തിൽ ഇന്ത്യയുടേയും കേരളത്തിൻറേയുമുള്ള പൊതുസ്ഥിതി.എന്നാൽ കേരളത്തിനു മാത്രമായി റോഡ് ഗതാഗതത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളുമുണ്ട്.കേരളത്തിലെ ജനസാന്ദ്രത വളരെ കൂടുതലാണ്.860ഽച.കി.മീ.ശരാശരി 36000 ച.കിലോമീറ്റർ വിസ്തീർണമുള്ള ഭൂഭാഗത്ത് 3.5 കോടി ജനങ്ങളും അവരുടെ വീടടക്കമുള്ള ജീവനോപാധികളും.ചുരുക്കിപറഞ്ഞാൽ കേരളത്തിൽ ഭൂമിയുടെ മേലുള്ള സമ്മർദ്ദം വളരെ കൂടുതലാണ്.ഇത് ഓരോ ഇഞ്ച് ഭൂമിയും വളരെ സൂക്ഷിച്ച്,കരുതലോടെ കൈകാര്യം ചെയ്യണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.ഇതിലൂന്നി നിന്നുകോണ്ടുവേണം കേരളത്തിൻറെ ഗതാഗതത്തെക്കുറിച്ചാലോചിക്കാൻ.
                     2015ൽ അഖിലേന്ത്യാ കണക്ക് പ്രകാരം 1000 പേർക്ക് 167 വാഹനങ്ങളാണുള്ളത്.കേരളത്തിലാണെങ്കിലോ ഇത് 2016 ലെ കണക്ക് പ്രകാരം 305 ആണ്.(കേരള സംസ്ഥാന പ്ളാനിങ്ങ് ബോർഡിൻറെ എക്കണോമിക് റിവ്യൂ 2016).ഇന്ത്യൻ ശരാശരിയുടെ ഏതാണ്ട് ഇരട്ടി വാഹനങ്ങളാണ് ഈ കൊച്ചുസംസ്ഥാനത്ത് ഓടുന്നത്.അപ്പോൾ നമ്മുടെ നിരത്തുകളിലുണ്ടാവുന്ന തിരക്കിൻറേയും ബ്ളോക്കിൻറേയും കാരണം മനസ്സിലായില്ലേ.2016 ഫെബ്രുവരിയിലെ ഹിന്ദു റിപ്പോർട്ട് പ്രകാരം 8,73,279 വാഹനങ്ങൾ 2014-15 ൽ രജിസ്റ്റർ  ചെയ്തതടക്കം 2015 ലെ ആകെ വാഹനങ്ങൾ 94,21, 245 ആയി.ഇതിൽ 62 ശതമാനം വാഹനങ്ങളും മോട്ടോർ സൈക്കിളുകളും 21 ശതമാനം കാറുകളുമായിരുന്നു.എന്നുവച്ചാൽ കേരളത്തിൽ സ്വകാര്യവാഹനങ്ങൾ പെരുകുന്നു എന്നർത്ഥം.2015 ഒക്ടോബർ 22 ന് മാതൃഭൂമി അവരുടെ ഡിജിറ്റൽ പതിപ്പിൽ പറയുന്നത് (സെൻറർ ഫോർ പബ്ളിക്ക്പോളിസി റിസർച്ച് റിപ്പോർട്ട് പ്രകാരം) അഖിലേന്ത്യാ തലത്തിൽ 6040 തോതിലാണ് ഗതാഗതമെങ്കിൽ (60 ശതമാനം പൊതുവെങ്കിൽ 40 ശതമാനം സ്വകാര്യം)കേരളത്തിലത് നേരെ തിരിച്ചാണ്.
      അപ്പോൾ റോഡ് ഗതാഗതം മെച്ചപ്പെടുത്താനാലോചിക്കുന്നുണ്ടെങ്കിൽ നമ്മളാദ്യം ചെയ്യേണ്ടത് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയാണ്.പല രീതിയിലതു ചെയ്യാം.സ്വകാര്യവാഹനങ്ങളുടെ നികുതി കുത്തനെ വർദ്ധിപ്പിക്കാം,നിശ്ചിത വരുമാനപരിധിയ്ക്ക് മുകളിലുള്ളവർക്കേ സ്വകാര്യവാഹനം വാങ്ങിക്കാൻ അനുവാദംനൽകൂ എന്ന് തീരുമാനിക്കാം.റോഡുകളിലെ പ്രശ്നങ്ങളിൽ പൊതുവാഹനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുക.ഉദാഹരണം ബ്ളോക്കുകൾ ഉണ്ടാകുമ്പോൾ പൊതുവാഹനങ്ങളെ ആദ്യം കടത്തിവിടുക പോലെ നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്.എപ്പോഴും നിയമമനുസരിക്കാതെയുള്ള ഡ്രൈവിങ്ങ് രീതികളാണ് അപകടമുണ്ടാക്കുന്നതെന്നോർക്കുക.        
      ഇത്രയും ചെയ്തതിനുശേഷമേ റോഡ് വികസനത്തിനു തുനിയേണ്ടതുള്ളു.അപ്പോഴും കേരളത്തിൻറെ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസനമായിരിക്കും അഭികാമ്യം.കേരളത്തിൻറെ ഭൂപ്രകൃതിയിൽ പടിഞ്ഞാറുവശം മിക്കവാറും കടലും കായലുമാണ്.ഇവയിലേയ്ക്കൊഴുകിയെത്തുന്ന നിരവധിപുഴകളും പുഴകളേ പരസ്പരവും കായലുകളും വലിയ ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്ന തോടുകളും സമൃദ്ധമാണ് കേരളത്തിൽ.ഇവ വലിയൊരു ജലഗതാഗതസാധ്യതയാണ് നമുക്ക് തുറന്നുതരുന്നത്.ജലത്തിലൂടെയുള്ള ചരക്ക്കടത്താണ് ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ മാർഗം.കഴിയാവുന്നത്ര ചരക്കുകൾ ജലഗതാഗതത്തിൂടെയാക്കാൻ നമുക്ക് കഴിയണം.അപ്പോൾ അമിതഭാരവും കയറ്റി റോഡിലൂടെ ഇഴഞ്ഞുപോകുന്ന ട്രക്കുകളെ ഒഴിവാക്കാൻ നമുക്കാകും.
         ഇപ്പോൾ ഡബിൾലൈനായ നമ്മുടെ റയിൽവേ ഫോർ ലൈനാക്കിയാൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നമുക്കാകും.ഇതിനുശേഷമാകണം നമ്മുടെ റോഡുകളുടെ വികസനത്തെക്കുറിച്ചാലോചിക്കാൻ.
           കുറഞ്ഞ സ്ഥലവും കൂടിയ ജനസംഖ്യയും എന്ന ഘടകത്തെ കണക്കിലെടുത്തുകൊണ്ടേ റോഡ് വികസനത്തെക്കുറിച്ച് ആലോചിക്കാവൂ.കേന്ദ്രഗവൺമെൻറിൻറെ പോളിസി പ്രകാരം നാഷണൽ ഹൈവേകൾക്ക് വേണ്ടത് 60 മീറ്റർ വീതിയാണ്.ഇത്തരം ഹൈവേകൾ നിർമ്മിക്കൻ പണമിറക്കുകയും ആ പണം തിരിച്ചുപിടിക്കാൻ ടോൾ പിരിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രഗവൺമെൻറ് പോളിസി.റോഡ് നിർമ്മിക്കാനും ടോൾ പിരിക്കാനും സ്വകാര്യ ഏജൻസികളെ ഏർപ്പെടുത്തുക വഴി നാഷണൽ ഹൈവേകളെ അവർ സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു.
       സ്വന്തം നാട്ടിലെ പ്രശ്നങ്ങളുയർത്തിക്കാട്ടി ഇതിനെ എതിർക്കാൻ തയ്യാറായത് കേരളവും ഗോവയും മാത്രമാണ്. ഏതായാലും കേരളത്തിലെ നാഷണൽ ഹൈവേയുടെം വീതി 60 മീറ്ററിൽനിന്ന് 45 മീറ്ററായി കുറപ്പിക്കാൻ നമുക്ക് കഴിഞ്ഞു.പക്ഷെ അപ്പോഴും പ്രശ്നം ബാക്കിയാണ്.വർഷങ്ങൾക്കു മുമ്പ് നാഷണൽ ഹൈവേ 17ൽ മിക്കവാറും ഇടങ്ങളിൽ 30 മീറ്റർ വീതിയിൽ സ്ഥലമെടുത്ത് ഇട്ടിരുന്നു.പലകാരണങ്ങൾകൊണ്ടും റോഡ് പണി നടന്നില്ലെന്ന് മാത്രം.അന്ന് സ്ഥലം വിട്ടുകൊടുത്ത് കഷ്ടനഷ്ടങ്ങളനുഭവിച്ചവർ ഇവിടെ ധാരാളമായിട്ടുണ്ട്.വീട് ഭാഗീകമായി നഷ്ടപ്പെട്ട് പുതുക്കിപ്പണിഞ്ഞവർ,വീടേ നഷ്ടപ്പെട്ടവർ,വീട് ഭാഗികമായി നഷ്ടപ്പെട്ടപ്പോൾ പിന്നെ മാറ്റിപ്പണിയാനിടമില്ലാതായവർ ഒക്കെയുണ്ട്.അവരൊക്കെയൊന്ന് സെറ്റിലായപ്പൊഴേയ്ക്കും വീണ്ടും 15 മീറ്റർ കൂടി എടുക്കുക എന്നാൽ പതിനായിരക്കണക്കിനാളുകളെ തെരുവിലേയ്ക്ക് തള്ളുക എന്നുതന്നെയാണർത്ഥം.ഒരിക്കൽ ദുരിതത്തിലാണ്ടവനെ വീണ്ടും വീണ്ടും ദുരിതത്തിലാഴ്ത്തുന്നു.
          എന്നാൽ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ റോഡ് 30 മീറ്ററിൽ പണിയാവുന്നതേയുള്ളു.പക്ഷെ അതാവുമ്പോൾ സ്വകാര്യ കോൺട്രാക്ടർമാർക്ക് ടോൾ പിരിക്കാൻ താൽപര്യമില്ല എന്ന ഒരൊറ്റക്കാരണത്താൽ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ആരും തയ്യാറാവുന്നില്ല.പരിഷത്ത് നേരത്തേ മുതൽ പറയുന്നത് കേരളത്തിൻറെ പ്രത്യേകസാഹചര്യം കണക്കിലെടുത്താൽ എലിവേറ്റഡ് ഹൈവേകളാണഭികാമ്യം.ഭൂമി ഏറ്റെടുക്കാനുള്ള ഫണ്ടും റോഡ് ഫണ്ടും ഉപയോഗിച്ചാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ റോഡ് നിർമ്മാണം പൂർത്തിയാക്കാവുന്നതാണ്.
      ഇപ്പോൾ ഭൂമിയേറ്റെടുക്കുന്നതിനെതിരെ ജനങ്ങൾ സമരരംഗത്താണ്.ആ സമരം അടിച്ചമർത്താനും അല്ലെങ്കിൽ കൂടുതൽ നഷ്ടപരിഹാരം നൽകിയോ ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു കഴിഞ്ഞേക്കും.അപ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുക ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാനുള്ള പണം കുത്തനെ ഉയരുക എന്നതാണ്.അതായത് നമ്മുടെ ഹൈവേകൾ സ്വർണ്ണവീഥികളാവുന്നു എന്നർത്ഥം.തീർന്നില്ല, ഈ റോഡുകളൊക്കെ ടോൾ പിരിക്കലിൻറെ പേരിൽ സ്വകാര്യ കുത്തകകളുടെ കയ്യിലെത്തുകയും ചെയ്യും.ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം വൻതോതിൽ സ്വകാര്യമുതലാളിയുടെ ഭണ്ഡാരത്തിലെത്തുകയാണുണ്ടാവുക.കിഫ്ബി വഴി റോഡുകൾ ചെയ്യുന്നതിനു തടസ്സമുണ്ടാവുമെന്ന് തോന്നുന്നില്ല.
 

     

1 comment :

  1. എൻ എച്ച് 17ലെ റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനേക്കുറിച്ച്.

    ReplyDelete