ശാസ്ത്രം, യുക്തിവാദം, രാഷ്ട്രീയം

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
            
 ശ്രീ വൈശാഖൻ തമ്പി എഴുതിയ കുറിപ്പ്.

         ആധുനികശാസ്ത്രം എന്താണെന്നതിന് സാർവത്രികമായ ഒരു നിർവചനം ഉള്ളതായി അറിയില്ല. അത് നമ്മളേയും നമ്മളുൾപ്പെടുന്ന ഈ പ്രപഞ്ചത്തേയും കുറിച്ച് അറിയുന്നതിനുള്ള ഒരു മാർഗമാണെന്ന് പൊതുവേ പറയാറുണ്ട്. ആ മാർഗത്തിലൂടെ കണ്ടെത്തിയ അറിവിനേയും ശാസ്ത്രം എന്ന് തന്നെ വിളിക്കാറുമുണ്ട്. എന്തായാലും ശാസ്ത്രരീതിയും ശാസ്ത്രീയ അറിവും മനുഷ്യരാശിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു എന്നതിൽ ഒരു തർക്കത്തിനും സാധ്യതയില്ല. ഇന്നീ കാണുന്ന സുഖസൗകര്യങ്ങളെല്ലാം അതിൽ നിന്ന് വന്നത് തന്നെ.
          എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യയും (Science and Technology) തമ്മിലുള്ള വ്യത്യാസം കൂടി മനസിലാക്കേണ്ടതുണ്ട്. ശാസ്ത്രത്തിൽ നിന്നുള്ള അറിവ്, ഒരു പ്രയോഗത്തിലേയ്ക്ക് എത്തുമ്പോഴാണ് സാങ്കേതികവിദ്യ ആകുന്നത്. പലരും കരുതുന്നത് പോലെ ഫോണും വാഷിങ് മെഷീനും മാത്രമൊന്നുമല്ല സാങ്കേതികവിദ്യ. ഒരു ഇരുമ്പാണി പോലും, ചില പ്രത്യേക ശാസ്ത്രതത്വങ്ങളെ മനുഷ്യോപയോഗത്തിലേക്കായി പ്രയോജനപ്പെടുത്തുന്ന ഒരു സാങ്കേതിക വിദ്യയാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും പരസ്പരം കൊണ്ടും കൊടുത്തുമാണ് വളരുന്നത്. മനുഷ്യന്റെ കൗതുകങ്ങളെ ശാസ്ത്രം പിൻതുടരുന്നു. എന്നാൽ ചില അന്വേഷണങ്ങൾക്ക്, അതിന് മുന്നത്തെ അന്വേഷണങ്ങളുടെ ഫലമായി വെളിപ്പെട്ട അറിവുപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങൾ വേണ്ടിവരും. ഉദാഹരണത്തിന്, ഹബിൾ ടെലിസ്കോപ്പ് ഈ പ്രപഞ്ചത്തെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തന്നിട്ടുണ്ട്. ഗുരുത്വാകർഷണത്തെ സംബന്ധിച്ച ശാസ്ത്ര അറിവാണ് അതിനെ ബഹിരാകാശത്ത് നിർത്താൻ സഹായിക്കുന്നത്. പ്രകാശത്തിനെ സംബന്ധിച്ച വേറെ ചില അറിവുകളാണ് അതിന്റെ നിർമ്മിതിയ്ക്ക് ഉപയോഗപ്പെട്ടിരിക്കുന്നത്. അങ്ങനെ നിരവധി മുന്നറിവുകൾ പല രൂപത്തിൽ അതിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
            ശാസ്ത്ര പശ്ചാത്തലത്തിൽ രണ്ട് തരം പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. പ്രായോഗികതലത്തിൽ പരിഹാരം ആവശ്യപ്പെടുന്ന പ്രശ്നങ്ങളാണ് ഒന്ന് (problems to be solved). രണ്ടാമത്തേത് ഉത്തരം കിട്ടേണ്ട ചോദ്യങ്ങളും (questions to be answered). സാധാരണ ഗതിയിൽ 'ശാസ്ത്രപ്രശ്നം' എന്നുദ്ദേശിക്കപ്പെടുന്നത് ഇതിൽ രണ്ടാമത്തേതാണ്. ആദ്യത്തേതിന് 'എഞ്ചിനീയറിങ് പ്രശ്നം' എന്ന വിശേഷണമാണ് കൂടുതൽ യോജിക്കുക. നക്ഷത്രങ്ങളുടെ ജനനമരണങ്ങൾ എങ്ങനെയാണ് എന്നത് ഒരു ശാസ്ത്ര പ്രശ്നമാണ്. അതിന് ഉത്തരം കിട്ടാൻ, നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം നഷ്ടപ്പെട്ട് പോകാതെ, കൃത്യതയോടെ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. എന്നാൽ നക്ഷത്രപ്രകാശത്തിന്റെ നല്ലൊരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്താൽ ആഗിരണം ചെയ്യപ്പെടുന്നു. മാത്രമല്ല അന്തരീക്ഷത്തിന്റെ പല ഭാഗങ്ങളിലെ സ്വാഭാവിക ഇളക്കം കാരണം നക്ഷത്രപ്രകാശത്തിന് തെന്നിത്തെറിച്ച് മാത്രമേ ഇങ്ങെത്താൻ സാധിയ്ക്കുകയുമുള്ളൂ. അവിടെ ഒരു എഞ്ചിനിയറിങ് പ്രശ്നം ഉയരുന്നു. ഇതിനുള്ള ഒരു പരിഹാരം പ്രകാശം സ്വീകരിക്കുന്ന ടെലിസ്കോപ്പ് അന്തരീക്ഷത്തിന് വെളിയിൽ വെക്കുക എന്നതാണ്. അതിന്റെ ഫലമാണ് ഹബിൾ എന്ന സ്പെയ്സ് ടെലിസ്കോപ്പ്. എന്നാൽ ഭൂമിയിലെ ടെലിസ്കോപ്പിൽ തന്നെ ഇത്തരം പ്രശ്നപരിഹാരങ്ങൾ ഉൾപ്പെടുത്താൻ Adaptive optics പോലുള്ള രീതികളും സാധ്യമാണ്. ഇനി, ഇതിലേതാണ് ശരിയായ പരിഹാരം എന്നൊരു ചോദ്യം ഉന്നയിക്കാനാകും. എന്നാൽ അവിടെ 'ശരിയായ പരിഹാരം' എന്നതല്ല 'ഉചിതമായ പരിഹാരം' എന്ന ചോദ്യത്തിനേ സാധുതയുള്ളൂ. ചില ഗവേഷകർ സ്പെയ്സ് ടെലിസ്കോപ്പും മറ്റ് ചിലർ അഡാപ്റ്റിവ് ഒപ്റ്റിക്സും തെരെഞ്ഞെടുക്കും. മൂലധനം, ആവശ്യമായ കൃത്യത, ലക്ഷ്യം വെക്കുന്ന വിവരം എന്നിങ്ങനെ പല ഘടകങ്ങൾ അതിന് പിന്നിലുണ്ടാകും. എന്നാൽ ഈ രണ്ട് പരിഹാരങ്ങൾക്കും പിന്നിൽ ചില ശാസ്ത്രതത്വങ്ങൾ ഉണ്ട്. അവയുടെ കാര്യത്തിൽ 'ഉചിതമായ' തത്വം ഇല്ല, 'ശരിയായ' തത്വം മാത്രമേ ഉള്ളൂ. കാരണം അവ ശാസ്ത്രപ്രശ്നങ്ങളുടെ ഉത്തരങ്ങളാണ്. അതിന് വസ്തുനിഷ്ഠമായ ഉത്തരങ്ങളുണ്ട്. ഔചിത്യം നോക്കിയുള്ള തെരെഞ്ഞടുക്കലിന് അവിടെ പ്രസക്തിയില്ല. ശാസ്ത്രപ്രശ്നവും എഞ്ചിനീയറിങ് പ്രശ്നവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവിടെയാണ്. അനേകം ശാസ്ത്ര ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചേർത്താലാകും ഒരു എഞ്ചിനീയറിങ് പ്രശ്നത്തിന്റെ ഉത്തരമാകുക.
                        ഇനി യുക്തിവാദത്തിലേയ്ക്ക് വരാം. സമീപകാലത്ത് നമ്മുടെ സമൂഹത്തിൽ, ശാസ്ത്രാധിഷ്ഠിതമായ യുക്തിവാദ പ്രചരണത്തിന് അഭൂതപൂർവമായ പ്രചാരം കിട്ടിയിട്ടുണ്ട്. ദൈവനിഷേധത്തിലും മതവിമർശനത്തിലും അന്ധവിശ്വാസവിരുദ്ധതയിലുമൊക്കെ ഒതുങ്ങിക്കിടന്ന യുക്തിവാദത്തെ, അശാസ്ത്രീയമായ എന്തിനേയും വസ്തുനിഷ്ഠമായി ചോദ്യം ചെയ്യുക എന്ന വിശാല അർത്ഥത്തിലേയ്ക്ക് പടർത്താൻ ഈ തലമുറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹോമിയോപ്പതി പോലുള്ള ഇതരചികിത്സാരീതികളെയും വാസ്തു ഉൾപ്പെടെയുള്ള മറ്റ് മതേതര അന്ധവിശ്വാസങ്ങളേയും തുറന്നുകാട്ടാൻ ഈ മൂവ്മെന്റിന് സാധിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ചുവടുപിടിച്ച് ശാസ്ത്ര അറിവിനപ്പുറം 'ശാസ്ത്രബോധ'ത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങൾ പരക്കെ കാണാനാകും. യുക്തിചിന്ത എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ എന്തോ പ്രത്യയശാസ്ത്ര ആവശ്യമാണെന്ന് ധരിച്ചിരുന്ന ഒരു സമൂഹത്തിൽ യുക്തിചിന്ത എന്നാൽ ശാസ്ത്രീയചിന്തയാണെന്ന് സ്ഥാപിച്ചെടുക്കാൻ കുറച്ചെങ്കിലും സാധിച്ചു എന്നത് ചെറിയ കാര്യമല്ല. നേരിട്ടോ അല്ലാതെയോ ആധുനികതയ്ക്ക് വേണ്ടി വാദിക്കുന്നു എന്നതുകൊണ്ട് കൂടിയാകണം, പുതുതലമുറയിലെ ചെറുപ്പക്കാരെ ധാരാളമായി ആകർഷിക്കാനും ഇത്തരം ശാസ്ത്രീയ യുക്തിചിന്താ മൂവ്മെന്റുകൾക്ക് സാധിക്കുന്നു.
ശാസ്ത്രാധിഷ്ഠിത യുക്തിവാദസ്വരത്തിന് വക്താക്കൾ കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രകടമാകുന്ന ഒരു പ്രശ്നം, നേരത്തേ പറഞ്ഞ ശാസ്ത്രപ്രശ്നവും എഞ്ചിനീയറിങ്ങ് പ്രശ്നവും തമ്മിലുള്ള വ്യത്യാസം പലരും തിരിച്ചറിയുന്നില്ല എന്നതാണ്. അക്കാര്യത്തിൽ വ്യക്തതയില്ലാതെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഇടപെടുമ്പോൾ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാകുക. ആ ഒരു പ്രവണതയിലെ അസ്വസ്ഥതയാണ് ഈ എഴുത്തിന് പ്രചോദനവും. വ്യക്തികൾക്കപ്പുറം, ജനക്കൂട്ടങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയം (politics) എന്ന് പറയാം. നമ്മുടെ സമൂഹത്തിൽ ആ പ്രക്രിയ ജനാധിപത്യം എന്ന രീതിയിലൂടെയാണ് നടത്തപ്പെടുന്നത്. അതിനുള്ളിൽ നമുക്ക് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. അവിടേയ്ക്ക് ശാസ്ത്രചിന്ത പ്രയോഗിക്കുന്നതിന് മുൻപ് നാം തിരിച്ചറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഒന്ന്, ഇതൊരു എഞ്ചിനീയറിങ്ങ് പ്രശ്നമാണ്, ശാസ്ത്രപ്രശ്നമല്ല. ഇവിടെ വസ്തുനിഷ്ഠമായി 'ശരിയായ പരിഹാരം' കണ്ടെത്തൽ സാധ്യമാകില്ല. അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി 'ഉചിതമായ പരിഹാരം' കണ്ടെത്തലാണ് മുന്നിലുള്ളത്. ഇനി, എന്തൊക്കെയാണ് ഇവിടത്തെ അടിസ്ഥാനതത്വങ്ങൾ? ടെലിസ്കോപ്പിന്റെ കാര്യത്തിലെ പോലെ ലളിതമല്ല ഇവിടത്തെ വിഷയം. കാരണം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ മിക്കതും വസ്തുനിഷ്ഠമല്ല! നിയമത്തിന് മുന്നിൽ രണ്ട് മനുഷ്യർ തുല്യരാണെന്ന് എങ്ങനെ തെളിയിക്കും? മുകേഷ് അംബാനിയുടെ വോട്ടിന് എന്റെ വോട്ടിന്റെ പത്ത് മടങ്ങ് ബലം കിട്ടണം എന്നയാൾ വാദിച്ചാൽ, എന്തടിസ്ഥാനത്തിൽ ഞാനത് പ്രതിരോധിയ്ക്കും? വേണമെങ്കിൽ ഭരണഘടന എടുത്ത് കാണിക്കാം. പക്ഷേ അത് ഗുരുത്വാകർഷണ നിയമം പോലെ ഒരു സ്വാഭാവിക പ്രകൃതിയുൽപ്പന്നമല്ല, കുറേ മനുഷ്യരുടെ ഒരു പരസ്പരധാരണ മാത്രമാണ്. അത് പോലെ തന്നെയാണ് നീതിയും. മൈക് ടൈസൻ ഒരാളെ തല്ലിക്കൊന്ന് സ്വത്ത് കൈക്കലാക്കിയിട്ട്, 'ഞാൻ തെറ്റൊന്നും ചെയ്തില്ല, എന്നെ തോൽപ്പിക്കുന്നവർക്ക് എന്റെ സ്വത്തും സ്വന്തമാക്കാം' എന്ന് വാദിച്ചാലോ? അവിടെ നീതിയെ എങ്ങനെ പ്രതിരോധിയ്ക്കും? ചുരുക്കത്തിൽ സമത്വവും വ്യക്തിസ്വാതന്ത്ര്യവും നീതിന്യായവ്യവസ്ഥകളും ഉൾപ്പെട്ട ജനാധിപത്യം വസ്തുനിഷ്ഠമല്ല. അത് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പണിതുണ്ടാക്കിയ ഒരു ആർബിട്രറി സെറ്റപ്പാണ്. അതുകൊണ്ട് ആത്യന്തികമായി തന്നെ വ്യത്യസ്തമായ ഫൂട്ടിങ്ങിൽ നിൽക്കുന്ന ശാസ്ത്രത്തേയും രാഷ്ട്രീയത്തേയും, ഒരുമിച്ച് പ്രയോഗിക്കുമ്പോൾ പോലും രണ്ടായി തന്നെ പരിഗണിക്കണം.
                        ഇത്രയും കാര്യങ്ങൾക്കൊപ്പം വ്യക്തിപരമായ ഒരു നിലപാടുവ്യക്തമാക്കൽ കൂടി വേണമെന്ന് തോന്നുന്നു. ഒരു ജനാധിപത്യവാദി എന്ന നിലയിൽ, സമത്വത്തിന് വേണ്ടി വാദിക്കുന്ന ഞാൻ തീർത്തും പൊളിട്ടിക്കലായ ഒരു ശാസ്ത്രവാദിയാണ്. ശാസ്ത്രവാദി എന്നതിനോടൊപ്പം 'പൊളിട്ടിക്കൽ' എന്ന് വേറെ തന്നെയായി പറഞ്ഞതിന്റെ കാരണമാണ് മുൻപ് വ്യക്തമാക്കിയത്. നമ്മുടെ സമൂഹനിർമ്മാണ പ്രക്രിയയുടെ അടിസ്ഥാനമായ ജനാധിപത്യത്തിന്റെ പ്രമാണങ്ങൾ ശാസ്ത്രത്തിനുള്ളിലില്ല. അത് വേറെ കൊണ്ടുവരേണ്ടതുണ്ട്. അതുപോലെ തന്നെ ശാസ്ത്രരീതിയെ പൊളിട്ടിക്സിലേയ്ക്കും കൊണ്ടുവരേണ്ടതുണ്ട്. ശാസ്ത്രപ്രശ്നങ്ങളല്ല, എഞ്ചിനീയറിങ് പ്രശ്നങ്ങളാണ് മുന്നിലുള്ളത് എന്ന് തിരിച്ചറിയണം എന്നേയുള്ളൂ. പൊളിട്ടിക്സിൽ ചിലപ്പോൾ 'അനുഭവങ്ങൾ' പോലും ഡേറ്റയായിരിക്കും. 'നിങ്ങൾക്ക് മാത്രമെന്താ വിവേചനം കാണുന്നത്? ഞങ്ങൾക്കൊന്നും കാണുന്നില്ലല്ലോ!' എന്നൊക്കെ ഉറക്കെ ചോദിക്കുന്നവർ എന്നെ അലോസരപ്പെടുത്തുന്നുണ്ട്. ജാതിഭേദം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വിവേചനം എന്നത് അനുഭവനിഷ്ഠമായിരിക്കും. കാണാത്തവർ കാണുന്നില്ല എന്നത് ആർക്കും കാണില്ല എന്നതിന്റെ തെളിവല്ല. ജാതിവ്യവസ്ഥയ്ക്ക് ആധാരമായ മിത്തിൽ വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ് ചില ജാതിക്കാർക്ക് വിവേചനം അനുഭവപ്പെടുന്നത് എന്ന് വരെ കണ്ടെത്തിയവരുണ്ട്. എന്താ പറയുക! ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ, ആദ്യം അതിനെ അതിന്റെ സങ്കീർണതകളോടെ അംഗീകരിക്കണം. എല്ലാവരും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോളണം എന്നൊന്നുമില്ലല്ലോ. If you can't solve a problem, it is always better to try not to be a part of the problem.
2

1 comment :

  1. If you can't solve a problem, it is always better to try not to be a part of the problem.

    ReplyDelete