മതനിന്ദാവാദത്തിന്റെ മന:ശാസ്ത്രം 4

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ 3 ദിവസങ്ങളിലായി പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ദേശാഭിമാനി ലേഖനത്തിന്റെ 4 )0 ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.വായിക്കുക സ്വന്തം അഭിപ്രായം നിര്‍‌ലോഭം കമന്റ് ചെയ്യുക.മറ്റു 3 ഭാഗങ്ങള്‍ ഇവിടെ:-ഒന്നാം ഭാഗം ഇവിടെ, ഇത് രണ്ടാം ഭാഗം, ഇതു മൂന്നാം ഭാഗവും.
          ഇതൊക്കെ കൂട്ടിചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് എത്തിചേരാവുന്ന ശരിയയൊരു നിഗമനമുണ്ട്.ആദികാല ക്രൈസ്തവസമൂഹത്തിന്റെ മൂല്യബോധം പിന്നീട് നഷ്ടപ്പെടുകയാണുണ്ടായത്.ഇടയന്‍ പുരോഹിതനാണെന്നും മനുഷ്യവര്‍ഗം കുഞ്ഞാടുകളാണെന്നുമുള്ള ജനാധിപത്യവിരുദ്ധ പരികല്‍പ്പന ‘വിശുദ്ധം’ എന്ന പേരില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത് എന്നതിന് മറ്റു ചില തെളിവുകളും ഇപ്പോള്‍ ലഭ്യമാണ്.പില്‍ക്കാല ക്രൈസ്തവസഭ ഒരിക്കലും വെളിച്ചം കാണാന്‍ അനുവദിക്കാതെ തമസ്കരിച്ചു കളഞ്ഞ ചില സുവിശേഷങ്ങള്‍ ഈ അടുത്ത കാലത്തായി പുറത്തുവന്നിട്ടുണ്ട്.ക്രിസ്തുമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെന്ന് ഇന്ന് അംഗീകരിച്ചു പോരുന്ന യാഥാസ്ഥിതിക വിശ്വാസങ്ങളെയെല്ലാം സമൂലം വിമര്‍ശിക്കുന്ന ആശയങ്ങളാണ് ഈ സുവിശേഷങ്ങളിലുള്ളത്.52 രേഖകള്‍ അടങ്ങിയ 13 തുകല്‍ ഗ്രന്ഥങ്ങള്‍ ഈജിപ്തിലെ കയ്‌റോക്കു 300 മൈല്‍ തെക്ക് നൈല്‍ നദീതീരത്തുള്ള നാഗഹമ്മാദി എന്ന ഗ്രാമത്തില്‍ നിന്നാണ് യാദൃശ്ചികമായി കണ്ടെടുക്കപ്പെട്ടത്.യേശു തന്റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി നല്‍കിയ ഉപദേശങ്ങളായിരുന്നു ഈ ഗ്രന്ഥങ്ങളിലേറേയും.ക്രിസ്തുവര്‍ഷാരംഭം മുതലെ വ്യാപകമായി പ്രചരിച്ചിരുന്ന ഇത്തരം ഗ്രന്ഥങ്ങളെ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഓര്‍ത്തഡോക്സ് ക്രിസ്തുമതം ‘മതനിന്ദ’യായി മുദ്രകുത്തി.പ്രബലരായി മാറിയ ഓര്‍ത്തഡോക്സ് സഭയുടെ മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ Gnostic വിഭാഗം സന്യാസിമാരുടെ ആശയപ്രചരണത്തിനു കഴിഞ്ഞില്ല.ഈ ഗ്രന്ഥങ്ങള്‍ കണ്ടുകെട്ടി നശിപ്പിക്കപ്പെടും മുന്‍പ് അപ്പര്‍ ഈജിപ്തിലെ പച്ചേമിയസിന്റെ ആശ്രമത്തിലെ സന്യാസിമാര്‍ കുഴിച്ചുമൂടുകയാണത്രെ ഉണ്ടായത്.1700 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സുവിശേഷങ്ങള്‍ ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്.നൂറ്റാണ്ടുകളായി നിശബ്ദരാക്കപ്പെട്ടിരിക്കുന്ന ഒരു വിഭാഗത്തിനു ശബ്ദം തിരിച്ചുകിട്ടിയതിനു തുല്യമായി നഷ്ടപ്പെട്ട ഈ സുവിശേഷങ്ങളുടെ വീണ്ടെടുക്കല്‍.ഇവയില്‍ ഏറെ ചിന്തോദ്ദീപകമാണ് തോമസിന്റെ സുവിശേഷം.ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യരെ തെളിച്ചുകൊണ്ടു പോകുന്ന ഒരു നല്ല ഇടയനായി യേശുവിനെ ഈ സുവിശേഷം വായിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയില്ല.തോമസിന്റെ സുവിശേഷത്തില്‍ നിന്നും ഏതാനും വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.
                             “ നിങ്ങള്‍ എപ്പോള്‍ നിങ്ങളെത്തന്നെ അറിയുന്നുവോ അന്ന് നിങ്ങള്‍ അറിയപ്പെടുന്നവരാവുകയും ജീവിക്കുന്ന പിതാവിന്റെ പുത്രന്മാര്‍ നിങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.( വചനം 3)“
                               “ നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ നിങ്ങളുടെ ഉള്ളില്‍നിന്നും പുറത്തുകൊണ്ടുവന്നാല്‍ അത് നിങ്ങളെ രക്ഷിക്കും ( വചനം 70)“
                                “ എന്റെ വായയില്‍നിന്ന് കുടിക്കുന്നവന്‍ ആരോ അവന്‍ എന്നെപ്പോലെ ആയിരിക്കും.ഞാന്‍ സ്വയം അവനായിത്തീരും.മറഞ്ഞിരിക്കുന്ന അവന് സ്വയം വെളിപ്പെടുത്തുകയും ചെയ്യും (വചനം 108)“
                               ഈ ക്രിസ്തു വചനങ്ങളൊക്കെ എല്ലാ മനുഷ്യരേയും തന്നേപ്പോലെ മാനസീക ഔന്നത്യം ഉള്ളവരാക്കി വളര്‍ത്താന്‍ വ്യഗ്രത കാട്ടുന്ന ഒരു ശ്രേഷ്ഠ ഗുരുവിന്റെ മഹനീയ മനോഭാവമാണ് പ്രകടമാകുന്നത്.വിശേഷബുദ്ധിയില്ലാത്ത ആട്ടിന്‍പറ്റത്തേപ്പോലെ മനുഷ്യസമൂഹത്തെ തരംതാഴ്ത്തിക്കാണിക്കുന്ന സൂചനകളേ ഇല്ല.
                             ക്ഷയോന്മുഖ ഏകാധിപത്യത്തിന്റേയും ശിഥില മതാധിപത്യത്തിന്റേയും കൊള്ളക്കൊടുക്കലുകളില്‍ നിന്നാണ് ക്രൈസ്തവസഭ അതിന്റെ ശക്തി സംഭരിച്ചത് എന്ന് പഴയകാല ചരിത്രം പറയുന്നു.റോമിലെ ഏകാധിപതിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ക്രൈസ്തവസഭാനേതൃത്വവും സഭാനേതൃത്വത്തെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും കലവറയില്ലാതെ സഹായിച്ചതിലൂടെ ഇരുകൂട്ടരും അപാരമായ ശക്തി സംഭരിക്കുകയായിരുന്നു.ക്ഷയോന്മുഖമായ റോമാസാമ്രാജ്യം ശക്തി പ്രാപിച്ച അതേ അളവില്‍ ശിഥിലമായിക്കൊണ്ടിരുന്ന സഭാനേതൃത്വവും ശക്തി പ്രാപിച്ചു.രണ്ടിനും ഏകാധിപത്യമുഖമാണുണ്ടായിരുന്നത്.ഈ മുഖഭാവത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഈ ജനാധിപത്യയുഗത്തിലും സഭ തയ്യാറല്ല.’ഇടയനും ആട്ടിന്‍പറ്റവും’ സഭക്ക് അനുയോജ്യമായ മതബിംബകല്‍പ്പനയാകുന്നത് അതുകൊണ്ടാണ്.പഴയകാല ചക്രവര്‍ത്തിമാരോടെന്നപോലെ പുതുകാലത്ത് വലതുപക്ഷരാഷ്ട്രീയ നേതൃത്വത്തോട് സഭ കാട്ടുന്ന ആഭിമുഖ്യത്തിനു പിന്നില്‍ തികഞ്ഞ നിക്ഷിപ്ത താല്പര്യങ്ങള്‍ തന്നെയാണുള്ളത്.ഇതിന്റെ ഫലമായി വിശകലനവിധേയമാക്കാന്‍ അനുവാദമില്ലാത്ത ‘വിശുദ്ധ’ കല്പനകള്‍ ഇടയലേഖനങ്ങളായി പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.ആട്ടിന്‍പറ്റമനോഭാവത്തിന്റെ അന്ധമായ അനുസരണശീലത്തെ മുതലെടുക്കുന്ന മതപൌരോഹിത്യവും അതിനെ വോട്ട് ബാങ്ക് ആക്കിമാറ്റുന്ന വലതുപക്ഷ രാഷ്ട്രീയ കൌശലവും ഒത്തുചേര്‍ന്ന് മതേതരമാനവികതക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് അടുത്തകാലത്ത് തുടരെ തുടരെ ഉയര്‍ന്നുവരുന്ന ‘മതനിന്ദാ’ കോലാഹലം.ഇതിനെ നമുക്ക് ‘ഗോത്രവര്‍ഗകാല വിശ്വാസസംരക്ഷണത്തില്‍ അധിഷ്ഠിതമായ വിശുദ്ധയുക്തിരാഹിത്യം’ എന്ന് വിശേഷിപ്പിക്കാം.
                                 നവോത്ഥാന പരിരക്ഷയിലൂടെയും ജനാധിപത്യ ഭരണവികസനമാതൃകകളിലൂടേയും  ഇത്രമേല്‍ പുരോഗതി നേടിയ കേരള സമൂഹത്തിലും മേല്‍പ്പറഞ്ഞ തരം യുക്തിരാഹിത്യം എന്തുകൊണ്ട് മേല്‍ക്കൈ നേടുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് സൂക്ഷ്മതലത്തില്‍തന്നെ വിശകലനവിധേയമാക്കേണ്ട ചില മന:ശാസ്ത്ര യാഥാര്‍ഥ്യങ്ങളിലേക്കാണ്. ‘ആശയങ്ങളുടെ പാരസ്പര്യം അസാധ്യമാകുന്നിടത്ത് യുക്തിവിചാരവും അസാദ്ധ്യമാകുന്നു’ എന്നത് ഒരു മന:ശാസ്ത്ര നിരീക്ഷണമാണ്.ആശയങ്ങളുടെ പാരസ്പര്യം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സംവാദസാധ്യതകളെ നിരാകരിക്കലാണ്.ഇപ്പോള്‍ കേരളത്തില്‍ ആശയരംഗത്ത് ഏറേയും നടക്കുന്നത് ഈ സംവാദസാധ്യതകളുടെ നിഷേധമാണ്.പകരം നടക്കുന്നത് അസഹിഷ്ണുതമുറ്റിയ വിവാദങ്ങളുടെ വിഴുപ്പലക്കലും. അത് പാഠപുസ്തകനിഷേധ പ്രസ്താവനകളായാലും ഇടയലേഖന വിളംബരങ്ങളായാലും വിശ്വാസസംരക്ഷണറാലികളായും ആശയങ്ങളുടെ പാരസ്പര്യത്തിനെതിരെ മതനിന്ദാവാദത്തിന്റെ ഇരുമ്പുമറകള്‍ തീര്‍ക്കുന്നു.മുന്‍പില്ലാത്തവിധം അസഹിഷ്ണുത മുറ്റിയ മതസ്വത്വബോധത്തിന്റെ യുക്തിരഹിത കാര്‍ക്കശ്യമായി അത് രൂപാന്തരപ്പെടുന്നു. ‘ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ത്തന്നെ പഠിക്കണം‘ എന്ന വാദം നമ്മെ കൊണ്ടെത്തിക്കുക ‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുക’ എന്ന ഭയാനകവും മനുഷ്യത്വരഹിതവുമായ ചിന്താധാരയിലേക്കായിരിക്കും.
                   ആശയങ്ങളുടെ പാരസ്പര്യമില്ലായ്മ സൃഷ്ടിക്കുന്ന മാനസിക അസന്തുലിതാവസ്ഥ മനുഷ്യമസ്തിഷ്കത്തിന്റെ ഒരു ഭാഗത്തെ മാത്രം ആവശ്യത്തിലധികം സജീവമാക്കുകയും ബൌദ്ധികപ്രവര്‍ത്തനകേന്ദ്രമായ സെറിബ്രത്തിന്റെ പ്രവര്‍ത്തനത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് മനശാസ്ത്രജ്ഞന്‍‌മാര്‍ പറയുന്നു.ഇത്തരം സാഹചര്യങ്ങളില്‍ മാനസികപ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിന്റെ അടിത്തറയായ തലാമസില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിത്തിരുന്നു.അതിന്റെ ഫലമായി യുക്തിയുടേയും ബുദ്ധിയുടേയും പ്രവര്‍ത്തനം മന്ദീഭവിക്കുകയും അതിവൈകാരീകതയുടെ പ്രാഥമീകതലം മാത്രം ഏറേ പ്രവര്‍ത്തനസജ്ജമാവുകയും ചെയ്യുന്നു. അമിതമായ മതാനുഭൂതിയും വിശ്വാസങ്ങളും ഉണര്‍ന്ന് ശക്തമാകാന്‍ ഇതാണ് കാരണമെന്നാണ് മന:ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
(ശേഷം നാളെ തുടരും) 

1 comment :